Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ചെന്നൈ കണക്റ്റ്’ ഇന്ത്യ-ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയ യുഗത്തിനു തുടക്കമിടുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി


തമിഴ്‌നാട് ചെന്നൈ മാമല്ലപുരത്തു നടന്ന രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മില്‍ ‘സഹകരണത്തിന്റെ പുതു യുഗം’ ആരംഭിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മാമല്ലപുരത്തു നടക്കുന്ന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങും അധ്യക്ഷത വഹിച്ച പ്രതിനിധിതല ചര്‍ച്ചകളുടെ ഉദ്ഘാടന പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം വുഹാനില്‍ നടന്ന, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രഥമ അനൗദ്യോഗിക ഉച്ചകോടിയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, അത് ‘നാം തമ്മിലുള്ള ബന്ധത്തില്‍ വര്‍ധിതമായ സ്ഥിരതയും നവ ജീവനും പകര്‍ന്നതായി’ വെളിപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ആശയവിനിമയം വര്‍ധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഭിന്നതകള്‍ തര്‍ക്കത്തിലേക്കു നീങ്ങാത്തവിധം വിവേകപൂര്‍വം മുന്നോട്ടുപോകാന്‍ നാം തീരുമാനിച്ചു. ഇരു വിഭാഗത്തിന്റെയും ആശങ്കകള്‍ക്കു പരസ്പരം വില കല്‍പിക്കും. ഇതുവഴി നാം തമ്മിലുള്ള ബന്ധം ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുണകരമായിത്തീരും.’, പ്രധാനമന്ത്രി വിശദീകരിച്ചു.

മാമല്ലപുരത്തു നടന്ന രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു: ‘ചെന്നൈ ഉച്ചകോടിയില്‍ നാം ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ സംബന്ധിച്ചു വലിയ തോതില്‍ ചര്‍ച്ച ചെയ്തു. വുഹാന്‍ ഉച്ചകോടി നാം തമ്മിലുള്ള ബന്ധത്തിനു നവജീവന്‍ പകര്‍ന്നു നല്‍കിയെങ്കില്‍ ഇന്നു നടന്ന ചെന്നൈ ഉച്ചകോടിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സഹകരണത്തിന്റെ പുതുയുഗം പിറന്നിരിക്കുകയാണ്.’

‘രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിക്കായി ഇന്ത്യയില്‍ എത്തിയതിനു പ്രസിഡന്റ് സീ പിങ്ങിനെ ഞാന്‍ നന്ദി അറിയിക്കുന്നു. ‘ചെന്നൈ കണക്ട്’ ഇന്ത്യ-ചൈന ബന്ധത്തിനു വലിയ ഊര്‍ജം പകരും. ഇത് ഇരു രാജ്യങ്ങളിലെ മാത്രമല്ല, ലോകത്താകമാനമുള്ള ജനങ്ങള്‍ക്കു ഗുണകരമാകും.’