Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​​ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി

​​ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.

തുറന്ന മനസ്സോടെ ചർച്ചകൾക്കായി ടീം ഇന്ത്യ ഒത്തുചേരുകയും വികസിത ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.

ജനോപകാരപ്രദമായ പ്രോ-ആക്ടീവ് ഗുഡ് ഗവേണൻസ് (P2G2) ആണ് വികസിത ഭാരതമെന്ന കാഴ്ചപ്പാട് കൈവരിക്കാൻ കഴിയുന്ന നമ്മുടെ പ്രവർത്തനത്തിന്റെ കാതലെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു.

‘സംരംഭകത്വവും തൊഴിലും നൈപുണ്യവും പ്രോത്സാഹിപ്പിക്കൽ – ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തൽ’ എന്ന സമഗ്രമായ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമ്മേളനത്തിൽ നടന്നു.

പ്രത്യേകിച്ച് രണ്ടാംനിര-മൂന്നാം നിര  നഗരങ്ങളിൽ സ്റ്റാർട്ടപ്പുകളുടെ ആവിർഭാവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷം പ്രദാനം ചെയ്യാനും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചെറിയ നഗരങ്ങളിലെ സംരംഭകർക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവരെ ബാങ്കിങ് സംവിധാനവുമായി കൂട്ടിയിണക്കുന്നതിനും ലോജിസ്റ്റിക്സ് നൽകുന്നതിനും അവർക്ക് സൗകര്യമൊരുക്കുന്നതിനും മുൻകൈയെടുക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

പലപ്പോഴും പൗരന്മാർക്ക് ഉപദ്രവമാകുന്ന നിബന്ധനകൾ പാലിക്കൽ ലളിതമാക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജനകീയ പങ്കാളിത്തം അഥവാ ‘ജൻഭാഗീദാരി’ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സംസ്ഥാനങ്ങൾ ഭരണമാതൃക പരിഷ്കരിക്കണമെന്ന് അദ്ദേഹം പങ്കാളികളോട് അഭ്യർത്ഥിച്ചു. പരിഷ്‌കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടതും പ്രാധാന്യമർഹിക്കുന്നെന്നു ചൂണ്ടിക്കാട്ടി.

ചാക്രിക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവേ, ഗോബർധൻ പദ്ധതി ഇപ്പോൾ വലിയ ഊർജസ്രോതസായി കാണുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ സംരംഭം മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിനൊപ്പം പ്രായമായ കന്നുകാലികളെ ബാധ്യത എന്നതിലുപരി സ്വത്താക്കി മാറ്റുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇ-മാലിന്യങ്ങളുടെ പുനരുപയോഗത്തിനായി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിന്റെ ആശയങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് നിർദേശിച്ചു. വിവരങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ അധിഷ്‌ഠിതമായ സമൂഹം വർധിക്കുന്നതിനാൽ ഡിജിറ്റൽ മാലിന്യങ്ങൾ ഇനിയും വർധിക്കും എന്നതിനാൽ ഇത് വളരെ പ്രധാനമാണ്. ഇ-മാലിന്യത്തെ ഉപയോഗപ്രദമായ വിഭവമാക്കി മാറ്റുന്നത് അത്തരം വസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും.

ആരോഗ്യ മേഖലയിൽ, ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് കീഴിൽ അമിതവണ്ണം ഇന്ത്യയിൽ വലിയ വെല്ലുവിളിയായി എടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ആരോഗ്യകരമായ രാഷ്ട്രത്തിനു മാത്രമേ വികസിത ഭാരതമാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. 2025 അവസാനത്തോടെ ഭാരതത്തെ ക്ഷയരോഗമുക്തമാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ആശ-അങ്കണവാടി പ്രവർത്തകർക്കു വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഴയ കൈയെഴുത്തുപ്രതികൾ ഭാരതത്തിന്റെ നിധിയാണെന്നും അത് ഡിജിറ്റൽ രൂപത്തിലാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. സംസ്ഥാനങ്ങൾ അതിനുള്ള നടപടികൾ സ്വീകരിക്കണം. പിഎം ഗതിശക്തി സദ്ഭരണത്തിന് സുപ്രധാന സഹായമേകുന്നുവെന്ന് അഭിനന്ദിച്ച അദ്ദേഹം, പിഎം ഗതിശക്തിയിലെ വിവരങ്ങൾ പതിവായി പുതുക്കേണ്ടതുണ്ടെന്നും പാരിസ്ഥിതിക ആഘാതങ്ങളുടെ സൂചകങ്ങളു​ം, ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളും അതിൽ ഉൾപ്പെടുത്തണമെന്നും പറഞ്ഞു.

വികസനം കാംക്ഷിക്കുന്ന ജില്ലകളെയും ബ്ലോക്കുകളെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഈ ബ്ലോക്കുകളിലും ജില്ലകളിലും നിയോഗിക്കപ്പെട്ട കഴിവുള്ള ഉദ്യോഗസ്ഥർക്ക് താഴേത്തട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് പറഞ്ഞു. അത് വലിയ സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങളിലേക്കും നയിക്കും.

നഗരങ്ങളുടെ വികസനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, നഗരങ്ങളെ സാമ്പത്തിക വളർച്ചയുടെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് മാനവ വിഭവശേഷി വികസനത്തെ വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചു. നഗര ഭരണം, ജലം, പരിസ്ഥിതി പരിപാലനം എന്നിവയിൽ സ്പെഷ്യലൈസേഷനായി സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം ഊന്നൽ നൽകി. നഗര ചലനക്ഷമത വർധിക്കുന്നതിനൊപ്പം, പുതിയ വ്യവസായ കേന്ദ്രങ്ങളിൽ ഉൽപ്പാദന മേഖലയിൽ മികച്ച ഉൽപ്പാദനക്ഷമത കൈവരിക്കുന്നതിന് ആവശ്യമായ നഗര താമസസൗകര്യം നൽകാനും അദ്ദേഹം ഊന്നൽ നൽകി.

സർദാർ വല്ലഭ്ഭായ് പട്ടേൽ എല്ലാ സിവിൽ സർവീസുകാർക്കും പ്രചോദനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ചരമവാർഷികമാണെന്നും ഈ വർഷം അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികമാണെന്നും ചൂണ്ടിക്കാട്ടി, അടുത്ത രണ്ട് വർഷം ആഘോഷമാക്കണമെന്നും ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാം പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത് ഭാരതിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിൽ ഓരോ ഇന്ത്യക്കാരനെയും സജീവ പങ്കാളിയാക്കുന്നതിനായി, സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ  മാതൃക പിന്തുടരാൻ അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. വ്യത്യസ്ത സാഹചര്യങ്ങളും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും വ്യത്യസ്ത സമ്പ്രദായങ്ങളും അവഗണിച്ച് സമൂഹത്തിൻ്റെ നാനാതുറകളിലുള്ള പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതുപോലെ 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കുന്നതിനായി ഓരോ ഇന്ത്യക്കാരനും പ്രവർത്തിക്കണം. സ്വാതന്ത്ര്യ സമര കാലത്തെ ഒരു വലിയ വിപ്ലവമായിരുന്ന ദണ്ഡി മാർച്ച്  കഴിഞ്ഞ് 25 വർഷത്തിനുശേഷം ഇന്ത്യ സ്വതന്ത്രയായതുപോലെ  2047-ഓടെ നമ്മൾ വികസിത് ഭാരത് ആകുമെന്ന് തീരുമാനിച്ചാൽ, തീർച്ചയായും നമ്മൾ അത് നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മൂന്നു ദിവസത്തെ സമ്മേളനത്തിൽ  ഉൽപ്പാദനം, സേവനങ്ങൾ, ഗ്രാമീണ കാർഷികേതര, നഗര, പുനരുപയോഗ ഊർജം, ചാക്രികസമ്പദ്‌വ്യവസ്ഥ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേകവിഷയങ്ങൾക്ക് ഊന്നൽ നൽകി. സമ്മേളനത്തിനിടെ നടന്ന ചർച്ചകൾ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ സംരംഭങ്ങൾ വർധിപ്പിക്കുന്നതിനും ഗ്രാമത്തിലെയും നഗരത്തിലെയും  ജനങ്ങൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി ഇന്ത്യയെ ഇടത്തരം വരുമാനത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള രാജ്യമാക്കി മാറ്റുന്നതിനും സഹകരിച്ച് പ്രവർത്തിക്കാൻ ഉതകുന്ന വിഷയങ്ങൾ സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്തു. സ്ത്രീകൾ നയിക്കുന്ന വികസനം അടിത്തറയാക്കി സമ്പദ്‌വ്യവസ്ഥയുടെ ചാലക ശക്തിയായി ഈ ഉദ്യമങ്ങൾക്ക് ഉയർന്നുവരാനാകും.

ഇന്ത്യയുടെ സേവന മേഖലയുടെ സാധ്യതകൾ പ്രത്യേകിച്ച് ചെറിയ നഗരങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന് ഒരു ബഹുമുഖ സമീപനത്തിന്റെ ആവശ്യകത സമ്മേളനം ചർച്ച ചെയ്തു. ഇതിൽ നയപരമായ ഇടപെടലുകൾ, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഉൾപ്പെടുന്നു. നൈപുണ്യത്തിനും അനൗപചാരിക മേഖലയുടെ ഔപചാരികവൽക്കരണത്തിനും ഊന്നൽ നൽകുന്ന കാര്യവും ചർച്ചാ വിഷയമായി . അതുപോലെ ഗ്രാമീണ കാർഷികേതര മേഖലയിൽ, പ്രത്യേക നൈപുണ്യ കോഴ്സുകളിലൂടെ ഗ്രാമീണ സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നതും ചർച്ച ചെയ്തു. കാർഷികേതര തൊഴിലുകളിൽ സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും പങ്കാളിത്തം പ്രത്യേക പദ്ധതികളിലൂടെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായമുയർന്നു. വ്യവസ്ഥാപിതമായ മാറ്റത്തിന് ആത്യന്തികമായി ലക്ഷ്യമിടുന്ന പ്രഗതി പ്ലാറ്റ്‌ഫോമിനെക്കുറിച്ചും, കർശനമായ അവലോകനങ്ങളിലൂടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനത്തിൽ വിവിധ മേഖലകളുടെ സംയോജനത്തെ പ്രതിനിധീകരിക്കുകയും ആഗോള വെല്ലുവിളികൾക്ക് പരിഹാരം നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്ന അതിർത്തി സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഒരു പ്രത്യേക വിഭാഗവും ഉണ്ടായിരുന്നു. ഈ രംഗത്ത് ഇന്ത്യക്ക് നേതൃത്വം നൽകാനും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയുടെ പാത കൈവരിക്കാനും രാജ്യത്തിന് അവസരമൊരുക്കും. കർമ്മയോഗി പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള മറ്റൊരു പ്രത്യേക സെഷനിൽ, പഠനത്തിൻ്റെ ജനാധിപത്യവൽക്കരണത്തിനും പൗര കേന്ദ്രീകൃത പരിപാടികൾക്കും സംസ്ഥാനങ്ങളെ സഹായിക്കാനും അതുവഴി ശേഷി വർദ്ധിപ്പിക്കുന്ന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ പ്ലാറ്റ്‌ഫോമിന് കഴിയുമെന്ന് നിരീക്ഷിച്ചു.

കോൺഫറൻസിൽ എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഡൊമെയ്ൻ വിദഗ്ധർ, കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

-NK-