Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ചന്ദ്രശേഖര്‍- ദ് ലാസ്റ്റ് ഐക്കണ്‍ ഓഫ് ഐഡിയോളജിക്കല്‍ പൊളിറ്റിക്‌സ്’ എന്ന ഗ്രന്ഥം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു


‘ചന്ദ്രശേഖര്‍- ദ് ലാസ്റ്റ് ഐക്കണ്‍ ഓഫ് ഐഡിയോളജിക്കല്‍ പൊളിറ്റിക്‌സ്’ എന്ന ഗ്രന്ഥം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ ശ്രീ. ഹരിവന്‍ഷും ശ്രീ. രവി ദത്ത് വാജ്‌പേയിയും ചേര്‍ന്നാണു പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. പാര്‍ലമെന്റ് ലൈബ്രറി ബില്‍ഡിങ്ങിലെ ബാലയോഗി ഓഡിറ്റോറിയത്തിലാണു പ്രകാശനച്ചടങ്ങു നടന്നത്.

ആദ്യ പ്രതി ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡുവിനു പ്രധാനമന്ത്രി കൈമാറി.
ചടങ്ങില്‍ പ്രസംഗിക്കവേ, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ജി നമ്മെ വിട്ടുപോയിട്ട് 12 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ നമ്മെ നയിക്കുന്നു എന്നതും അദ്ദേഹത്തിന്റെ ചിന്തകള്‍ ഇപ്പോഴും ജീവസ്സുറ്റതായി നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

പുസ്തകം രചിച്ചതിനു ശ്രീ. ഹരിവന്‍ഷിനെ അഭിനന്ദിച്ച അദ്ദേഹം ശ്രീ. ചന്ദ്രശേഖറുമായി ഇടപഴകിയതിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
1977ലാണു ശ്രീ. ചന്ദ്രശേഖര്‍ജിയെ ആദ്യമായി കണ്ടുമുട്ടിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. മുന്‍ ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത് ജിക്കൊപ്പം യാത്ര ചെയ്യവേ ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ചു ശ്രീ. ചന്ദ്രശേഖറിനെ കണ്ട കാര്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരെങ്കിലും ഇരു നേതാക്കളും വളരെ അടുപ്പമുള്ളവരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ജിയെ ശ്രീ. ചന്ദ്രശേഖര്‍ ജി വിളിച്ചിരുന്നത് ‘ഗുരുജി’ എന്നായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന സംസ്‌കാരവും ആദര്‍ശങ്ങളും കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ചന്ദ്രശേഖര്‍ ജിയെന്നും തനിക്ക് എതിര്‍പ്പുള്ള അക്കാലത്തെ ഏറ്റവും വലിയ പാര്‍ട്ടിയെ എതിര്‍ക്കാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ലെന്നും ശ്രീ. മോദി വെളിപ്പെടുത്തി.

മോഹന്‍ ധാരിയ ജി, ജോര്‍ജ് ഫെര്‍ണാണ്ടസ് ജി തുടങ്ങി ചന്ദ്രശേഖര്‍ ജിയെക്കുറിച്ചു ബഹുമാനപൂര്‍വം സംസാരിച്ചിരുന്ന നേതാക്കളെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ചന്ദ്രശേഖര്‍ ജിയുമായി അവസാനം നടത്തിയ കൂടിക്കാഴ്ച ശ്രീ. മോദി അനുസ്മരിച്ചു. അസുഖബാധിതനായിരിക്കുന്ന സമയത്ത് അദ്ദേഹം തന്നെ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു എന്നും ഡെല്‍ഹിയില്‍ എത്തുന്ന സമയത്തൊക്കെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായി തന്നെ ക്ഷണിക്കാറുണ്ടായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. അത്തരം കൂടിക്കാഴ്ചകളില്‍ ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് അന്വേഷിക്കുകയും പല ദേശീയ വിഷയങ്ങളെക്കുറിച്ചും തനിക്കുള്ള കാഴ്ചപ്പാട് വിശദീകരിക്കുകയും ചെയ്യാറുണ്ടെന്നും ശ്രീ. മോദി വ്യക്തമാക്കി.

ചന്ദ്രശേഖറിന്റെ തെളിഞ്ഞ ചിന്ത, ജനങ്ങളോടുള്ള പ്രതിബദ്ധത, ജനാധിപത്യ ആശയങ്ങളോടുള്ള കടപ്പാട് എന്നീ സവിശേഷതകളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കുമായി ശ്രീ. ചന്ദ്രശേഖര്‍ ജി നടത്തിയ ചരിത്രപരമായ പദയാത്രയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ആ സമയത്ത് അര്‍ഹമായ ബഹുമാനം അദ്ദേഹത്തിനു നല്‍കാന്‍ നമുക്കു സാധിച്ചില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഡോ. അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹാന്‍മാരായ ദേശീയ നേതാക്കളെക്കുറിച്ചു വിപരീത പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരുകൂട്ടം നേതാക്കള്‍ ഉണ്ടെന്നു ശ്രീ. മോദി കുറ്റപ്പെടുത്തി. എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കുമായും ഉള്ള മ്യൂസിയം ഉടന്‍ ഡെല്‍ഹിയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുന്‍ പ്രധാനമന്ത്രിമാരുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ അവരുടെ ബന്ധുക്കളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാഷ്ട്രീയ അസ്പൃശ്യതയ്ക്കപ്പുറമുള്ള നവ രാഷ്ട്രീയ സംസ്‌കാരം രാജ്യത്ത് ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അസ്പൃശ്യതയ്ക്കപ്പുറമുള്ള നവീന രാഷ്ട്രീയ സംസ്‌കാരം രാജ്യത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ശ്രീ. ഹരിവന്‍ഷ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ. ഗുലാം നബി ആസാദ് എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.

**********