Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്രയാൻ-3 നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിക്കും: പ്രധാനമന്ത്രി


ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ന്റെ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“ഇന്ത്യയുടെ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 എപ്പോഴും സുവർണ ലിപികളിൽ പതിഞ്ഞിരിക്കും. നമ്മുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 അതിന്റെ യാത്ര ആരംഭിക്കും. ഈ ശ്രദ്ധേയമായ ദൗത്യം നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും വഹിക്കും.
ഭ്രമണപഥം ഉയർത്തലുകൾക്ക്   ശേഷം ,  ചന്ദ്രയാൻ-3നെ  ചാന്ദ്ര ഭ്രമണപഥത്തിൽ  എത്തിക്കും.   300,000 കിലോമീറ്റർ പിന്നിട്ട ശേഷം  ഇത് വരും ആഴ്ചകളിൽ ചന്ദ്രനിലെത്തും. പേടകത്തിലുള്ള   ശാസ്ത്രീയ ഉപകരണങ്ങൾ ചന്ദ്രന്റെ ഉപരിതലത്തെ പഠിക്കുകയും നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യും.

.നമ്മുടെ ശാസ്ത്രജ്ഞരുടെ  ശ്രമഫലമായി , ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ ചരിത്രമുണ്ട്. ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ആഗോള ചാന്ദ്ര ദൗത്യങ്ങളിൽ ഒരു സവിശേഷ ദൗത്യമായി ചന്ദ്രയാൻ -1 കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള 200-ലധികം ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഇത് പരാമർശിക്കപ്പെട്ടു . 

ചന്ദ്രയാൻ-1 വരെ, ചന്ദ്രൻ , ഭൂമിശാസ്ത്രപരമായി നിർജ്ജീവവും,നിർജ്ജലവും,  വാസയോഗ്യമല്ലാത്തതുമായ ആകാശഗോളമാണെന്നാണ് വിശ്വസിച്ചിരുന്നത്. ഇപ്പോൾ, ജലത്തിന്റെയും  ഉപരിതല പാളികൾക്കിടയിൽ ഹിമത്തിന്റെയും സാന്നിധ്യമുള്ള ചലനാത്മകവും ഭൂമിശാസ്ത്രപരമായി സജീവവുമായ ഒരു ഗ്രഹമായി  ഇത് കണക്കാക്കപ്പെടുന്നു. ഒരുപക്ഷേ ഭാവിയിൽ, അത് ജനവാസത്തിന്  വരെ സാധ്യതയുള്ളതും !

ചന്ദ്രയാൻ-2ഉം  ഇത് പോലെ തന്നെ വഴിത്തിരിവുള്ളതായിരുന്നു, കാരണം അതുമായി ബന്ധപ്പെട്ട ഓർബിറ്ററിൽ നിന്ന്  റിമോട്ട് സെൻസിംഗിലൂടെ ലഭിച്ച  ഡാറ്റ  ആദ്യമായി ക്രോമിയം, മാംഗനീസ്, സോഡിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് ചന്ദ്രന്റെ ദ്രവശിലാ  പരിണാമത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകി.

ചന്ദ്രയാൻ 2-ൽ നിന്നുള്ള പ്രധാന ശാസ്ത്രീയ ഫലങ്ങൾ, ചാന്ദ്ര ലവണത്തിനായുള്ള ആദ്യത്തെ ആഗോള ഭൂപടം, ഗർത്തത്തിന്റെ വലുപ്പ വിതരണത്തെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കൽ, ഐഐആർഎസ് ഉപകരണം ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതല ജലത്തിന്റെ മഞ്ഞ് വ്യക്തമായി കണ്ടെത്തൽ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. ഈ ദൗത്യം ഏകദേശം 50 പ്രസിദ്ധീകരണങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് .

ചന്ദ്രയാൻ-3 ദൗത്യത്തിന് ആശംസകൾ! ഈ ദൗത്യത്തെക്കുറിച്ചും ബഹിരാകാശം, ശാസ്ത്രം, നവീനാശയങ്ങൾ  എന്നിവയിൽ നാം കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് നിങ്ങൾക്കെല്ലാവർക്കും വളരെ അഭിമാനമേകും.”

***

ND