ആദരണീയനായ പ്രസിഡന്റ് ടിനുബു,
നൈജീരിയയുടെ ദേശീയ പുരസ്കാരമായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകി എന്നെ ആദരിച്ചതിന് താങ്കളോടും നൈജീരിയ ഗവൺമെന്റിനോടും ജനങ്ങളോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു. കൂടാതെ, ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഈ ബഹുമതി നമ്മെ പ്രചോദിപ്പിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം പരസ്പരസഹകരണം, ഐക്യം, പരസ്പരബഹുമാനം എന്നിവയിൽ അധിഷ്ഠിതമാണ്. രണ്ട് ഊർജസ്വലമായ ജനാധിപത്യരാജ്യങ്ങളും ചലനാത്മക സമ്പദ്വ്യവസ്ഥകളും എന്ന നിലയിൽ, നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ സ്ഥിരമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ ഇരു രാജ്യങ്ങളിലെയും സാമൂഹിക സാംസ്കാരിക വൈവിധ്യമാണ് നമ്മുടെ സ്വത്വവും ശക്തിയും. നൈജീരിയയുടെ ‘റിന്യൂഡ് ഹോപ്പ് അജണ്ട’യ്ക്കും ഇന്ത്യയുടെ ‘വികസിത ഭാരതം 2047’നും പൊതുവായ നിരവധി കാര്യങ്ങളുണ്ട്. കഴിഞ്ഞ വർഷം പ്രസിഡന്റ് ടിനുബുവിന്റെ ഇന്ത്യാ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ പുതിയ അധ്യായം ചേർത്തു. നമ്മുടെ പരസ്പരസഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ന് ഞങ്ങൾ ആഴത്തിലുള്ള ചർച്ച നടത്തി. സമ്പദ്വ്യവസ്ഥ, ഊർജം, കൃഷി, സുരക്ഷ, ഫിൻടെക്, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ ഞങ്ങൾ കണ്ടെത്തി. നൈജീരിയയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നൈപുണ്യവികസനത്തിനും ശേഷിവികസനത്തിനും അടുത്ത വിശ്വസ്ത പങ്കാളി എന്ന നിലയിൽ പ്രത്യേക ഊന്നൽ നൽകും. നൈജീരിയയിൽ താമസിക്കുന്ന 60,000-ത്തിലധികം വരുന്ന ഇന്ത്യൻ സമൂഹം നമ്മുടെ ബന്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. അവരെ സംരക്ഷിക്കുന്നതിന് പ്രസിഡന്റ് ടിനുബുവിനും അദ്ദേഹത്തിന്റെ ഗവണ്മെന്റിനും ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ആഫ്രിക്കയിൽ നൈജീരിയ സുപ്രധാനവും ക്രിയാത്മകവുമായ പങ്ക് വഹിക്കുന്നു. കൂടാതെ, ആഫ്രിക്കയുമായുള്ള അടുത്ത ബന്ധം ഇന്ത്യയുടെ മുൻഗണനയാണ്. ഞങ്ങളുടെ എല്ലാ ദൗത്യങ്ങളിലും, നൈജീരിയ പോലെയുള്ള സൗഹൃദ രാജ്യവുമായി തോളോട് തോൾ ചേർന്ന് ഞങ്ങൾ മുന്നോട്ട് പോയി.
ആഫ്രിക്കൻ ചൊല്ലിൽ ‘നിങ്ങൾ വഴി പങ്കിടുന്ന ഒരാളാണ് സുഹൃത്ത്’ എന്ന് പറയുന്നതുപോലെ ഇന്ത്യയും നൈജീരിയയും ഒരുമിച്ച് ജനങ്ങളുടെയും മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും അഭിവൃദ്ധിക്കായി മുന്നോട്ട് പോകും.
വളരെ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിലൂടെ, ഗ്ലോബൽ സൗത്തിന്റെ താൽപ്പര്യങ്ങൾക്കും മുൻഗണനകൾക്കും ഞങ്ങൾ പ്രാധാന്യം നൽകും.
ബഹുമാന്യനായ പ്രസിഡന്റ്,
ഒരിക്കൽ കൂടി, 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, ഈ ബഹുമതിക്ക് ഞാൻ എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.
***
SK