ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായുള്ള ഇന്ത്യ-മൗറീഷ്യസ് ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അനുമതി നല്കി.
ധാരണാപത്രം ഒപ്പിടുന്നതോടെ മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഓഫീസിലെ നാഷണല്‍ ഡെവല്പമെന്റ് യൂണിറ്റും ഇന്ത്യയുടെ ഗ്രാമീണ വികസനമന്ത്രാലയവും ഗ്രാമീണ വികസന കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചട്ടക്കൂടൊരുങ്ങും. ഗ്രാമവികസനത്തിലുള്ള സഹകരണവും ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുംവിധം പ്രവര്‍ത്തനശേഷി വികസിപ്പിക്കലും പ്രോല്‍സാഹിപ്പിക്കുന്നതായിരിക്കും കരാര്‍.
ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയിലെ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുക, ഗ്രാമവികസനം സംബന്ധിച്ചു പ്രസക്തമായ വിവരങ്ങള്‍ കൈമാറുക, ഗ്രാമവികസനത്തിന് ആക്കം കൂട്ടാന്‍ നയങ്ങളില്‍ ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുക, പ്രവൃത്തിപരിചയവും അനുഭവജ്ഞാനവും കൈമാറുന്നതിന് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ പരസ്പരം സന്ദര്‍ശിക്കുക, മൗറീഷ്യസിലെ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാന്‍ ഓരോ മേഖലകളിലായി പരിശീലനം നല്‍കുക, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രത്യേക പദ്ധതികളെക്കുറിച്ചു പരിശീലനം നല്‍കുക, നല്ല പ്രവര്‍ത്തന മാതൃകകള്‍ പങ്കുവെക്കുക തുടങ്ങിയ മേഖലകളില്‍ സഹകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.