Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രാമീണമേഖലയില്‍ ഭവനനിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കു മന്ത്രിസഭ അനുമതി നല്‍കി


രാജ്യത്ത് ഗ്രാമീണമേഖലയിലെ ഭവനനിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പദ്ധതിപ്രകാരം ഗവണ്‍മെന്റ് പലിശയിളവു നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) (പി.എം.എ.വൈ.-ജി) പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഗ്രാമീണര്‍ക്കാണ് പലിശസബ്‌സിഡി ലഭ്യമാക്കുക.

പുതിയ വീട് ഉണ്ടാക്കുന്നതിനും നിലവിലുള്ള വീടുകള്‍ വലുതാക്കുന്നതിനും ഈ ആനുകൂല്യം ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് പലിശയിളിവ് അനുവദിക്കുക.

നാഷണല്‍ ഹൗസിങ് ബാങ്കാണു പദ്ധതി നടപ്പാക്കുക. മൂന്നു ശതമാനം പലിശത്തുക ഗവണ്‍മെന്റ് നാഷണല്‍ ഹൗസിങ് ബാങ്കിനു നല്‍കും. ഈ തുക ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു കൈമാറപ്പെടും. ഇതോടെ വായ്പയെടുക്കുന്നവര്‍ പ്രതിമാസം തിരിച്ചടയ്‌ക്കേണ്ട തുകയില്‍ കുറവുണ്ടാകും.

ഗുണഭോക്താക്കള്‍ക്കു സാങ്കേതിക സഹായം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പി.എം.എ.വൈ.-ജിയുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും സൗകര്യമൊരുക്കും. ഗ്രാമീണമേഖലയില്‍ കൂടുതല്‍ പാര്‍പ്പിടങ്ങള്‍ യാഥാര്‍ഥ്യമാകാനും ഗ്രാമീണ ഭവനമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതി സഹായകമാകും.

*****