Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോഹട്ടിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗോഹട്ടിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗോഹട്ടിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗോഹട്ടിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


അയല്‍രാഷ്ട്രങ്ങളിലെ കായികതാരങ്ങള്‍ക്കും സാര്‍ക്ക് രാഷ്ട്രങ്ങളിലെ സഹോദരീസഹോദരന്മാര്‍ക്കുമൊപ്പം ഇവിടെയെത്താന്‍ കഴിഞ്ഞത് ആദരവായും അതേസമയം അനുഗ്രഹമായും ഞാന്‍ കരുതുന്നു.

അതിഥി ദേവോ ഭവഃ എന്ന സംസ്‌കാരത്തിന്റെ പേരില്‍ പ്രശസ്തമായ രാഷ്ട്രമായ ഇന്ത്യയിലേക്കും ആതിഥ്യമര്യാദയ്ക്കും കായികസ്‌നേഹത്തിനും പേരുകേട്ട, സുന്ദരമായ ഗുവഹത്തി നഗരത്തിലേക്കും ഞാന്‍ നിങ്ങളെ സ്വാഗതംചെയ്യുന്നു.

കരുത്തുറ്റ ബ്രഹ്മപുത്രയുടെ തീരത്ത് ഈ പ്രധാന രാജ്യാന്തര കായികോല്‍സവത്തിനെത്തിയ നിങ്ങളുടെ ഊര്‍ജം നിറഞ്ഞ സാന്നിധ്യവും ആവേശവും ഉന്മേഷവുമാണ് എന്നെ ഇന്ന് ഉല്‍സാഹ ഭരിതനാക്കുന്നത്.

പൗരാണിക ഇന്ത്യയിലെ പ്രഗ്‌ജ്യോതിഷ്പൂരില്‍നിന്ന് ഗുവഹത്തി എത്രയോ മാറിയിരിക്കുന്നു.

അതിപ്പോള്‍ ആധുനികവും ചലനാത്മകവുമായ നഗരം മാത്രമല്ല, വടക്കുകിഴക്കന്‍ ഇന്ത്യയിലെ എല്ലാ സാമ്പത്തികപ്രക്രിയകളുടെയും കേന്ദ്രംകൂടിയാണ്.

വടക്കുകിഴക്കന്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് ആസാമിലെ യുവാക്കള്‍ ഒരു നല്ല ഫുട്‌ബോള്‍ മല്‍സരം കാണാനുള്ള അവസരം ഒരിക്കലും പാഴാക്കാറില്ല.

ഈ പ്രശസ്തി അത്രത്തോളം വ്യാപകമായതിന്റെ ഫലമായി, 2017ല്‍ ആദ്യമായി ഇന്ത്യ ഫിഫ ലോകകപ്പ് അണ്ടര്‍-17ന് ആതിഥ്യമരുളുമ്പോള്‍ പ്രധാന വേദിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ഗോഹട്ടിയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കായിക സമാഗമം ടാലന്റ് (പ്രതിഭ), ടീം വര്‍ക്ക് (യോജിച്ച പ്രവര്‍ത്തനം), ടുഗെതര്‍നെസ് (ഐക്യം) എന്നിവയുടെ സമഞ്ജസ സമ്മേളനത്തെ കുറിക്കുന്നു.

ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ചതും യുവത്വമാര്‍ന്നതുമായ പ്രതിഭകള്‍ നമുക്കൊപ്പമുണ്ട്.

നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ ടീമിലെ മതിപ്പുള്ള അംഗങ്ങളാണ്- അതു നിങ്ങള്‍ മല്‍സരിക്കുന്ന ഇനത്തിലെ ടീമംഗമന്ന നിലയിലാവാം, നിങ്ങള്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രത്തിലെ വലിയ ടീമിലെ അംഗമെന്ന നിലയിലുമാവാം.

അതേസമയം, ഈ മേള എല്ലാ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെയും ഒരുമയുടെ ആഘോഷവുമാവാം.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക- ഏതു രാജ്യത്തില്‍നിന്ന് ഉള്ളവരോ ആകട്ടെ, നാമെല്ലാം ദക്ഷിണേഷ്യയെ നമ്മുടെ വീടായി കരുതുന്നു.

സ്‌പോര്‍ട്‌സ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീരേണ്ടതാണ്.

ഒരു നല്ല ഗെയിം ആരോഗ്യം പകരുന്നതും ഉണര്‍വേകുന്നതുമാണ്.

സ്‌പോര്‍ട്‌സ് ഇല്ലാതെ വ്യക്തിത്വത്തിന്റെ സര്‍വതോന്മുഖമായ വികാസം യാഥാര്‍ഥ്യമാകില്ല.

ഏറ്റവും പ്രധാനം, സ്‌പോര്‍ട്‌സാണ് ഏറ്റവും അത്യന്താപേക്ഷിതമായ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അടിസ്ഥാനം എന്നതാണ്.

ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കളിക്കളത്തില്‍ മാത്രമല്ല നിങ്ങളെ സഹായിക്കുക; മറിച്ചു ജീവിതത്തിന്റെ മറ്റു പല മേഖലകളില്‍ കൂടിയാണ്.

കളിക്കളത്തില്‍ പഠിച്ചതെന്തും ഏറ്റവും വിലപ്പെട്ടതായി ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും.

ഞാനെപ്പോഴും പറയാറുണ്ട്, ജോ ഖേലേ, വോ ഖിലേ എന്ന്.

എന്നു വച്ചാല്‍, ആരാണോ കളിക്കുന്നത് അവന്‍ ശോഭിക്കും.

ഈ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘ടിഖോര്‍’ ബുദ്ധികൂര്‍മയും കണിശതയുമുള്ള ഒരു കുഞ്ഞു റൈനോയെയാണു പ്രതിനിധാനം ചെയ്യുന്നത്.

കായിക താരങ്ങളുടെയും യുവ കായിക സ്‌നേഹികളുടെയും വികാരമാണ് അതു പ്രതിഫലിപ്പിക്കുന്നത്.

സംഗീതത്തിലെ ഇതിഹാസമായ അനശ്വര കലാകാരന്‍ ഡോ. ഭൂപന്‍ സഹാരിക പാടിയ ഒരു പ്രശസ്ത ഗാനമാണ് ഈ മേളയുടെ തീം സോങ്.

മാസ്മരികശബ്ദത്തിലൂടെ ജനപ്രീതിയാര്‍ജിച്ച ഗായകന്റെ ഗാനം സുന്ദരമായി ഏഷ്യന്‍ ഗെയിംസിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അഭിവൃദ്ധിയുടെയും സന്ദേശം പകരുന്നു.

എട്ടു സാര്‍ക്ക് രാഷ്ട്രങ്ങളില്‍നിന്നുമുള്ള ജലം ഇവിടെ എത്തിച്ചിട്ടുണ്ടെന്നും അംഗരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ഇവയെല്ലാം ഒരുമിച്ചു ചേര്‍ക്കുമെന്നുമാണ് സംഘാടകസമിതിയില്‍ പെട്ട ശ്രീ. ശര്‍ബനന്ദ സോനോവാല്‍ജി എന്നോടു പറഞ്ഞത്.

നിങ്ങള്‍ ഉടനെ കേള്‍ക്കാന്‍ പോകുന്ന നാമെല്ലാം ഒരേ വള്ളത്തിലാണ്, സഹോദരാ എന്നു തുടങ്ങുന്ന ഡോ. ഭൂപന്‍ ഹസാരികെയുടെ ഗാനം സാര്‍ക്ക് രാജ്യങ്ങളെക്കുറിച്ചുള്ളതാണ്.

ഒരു കുടുംബത്തിലെന്നപോലെ കൈകള്‍ കോര്‍ക്കാന്‍ നമുക്കു സാധിക്കണം.

സൗഹാര്‍ദത്തിന്റെ ഈ സന്ദേശം നമുക്ക് ദക്ഷിണേഷന്‍ ഗെയിംസിലൂടെ പകരാം.

ദക്ഷിണേഷ്യയെക്കുറിച്ച് എന്റെ കാഴ്ചപ്പാട് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനു തുല്യമാണ്- സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം).

വികസനത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ എല്ലാ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളും പങ്കാളികളാണ്.

ലോകജനസംഖ്യയുടെ 21 ശതമാനം പേര്‍ കഴിയുന്നത് സാര്‍ക്ക് രാഷ്ട്രങ്ങളിലാണ്.

ആഗോളസമ്പദ്‌വ്യവസ്ഥയുടെ 9 ശതമാനം സംഭാവന ചെയ്യുന്നത് ഈ രാഷ്ട്രങ്ങളാണ്.

പുരുഷന്മാരും സ്ത്രീകളും മാറ്റുരയ്ക്കുന്ന 23 കായിക ഇനങ്ങള്‍ നടക്കാനിരിക്കുന്ന, 12-ാമത് സൗത്ത് ഏഷ്യന്‍ ഗെയിംസിനായി നാം ഇന്നിവിടെ കൂടിച്ചേരുമ്പോള്‍ സാര്‍ക്ക് രാഷ്ട്രങ്ങളിലെ കായിക പ്രതിഭകള്‍ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പരമുള്ള തിരിച്ചറിവിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കായുള്ള ഈ മഹത്തായ നഗരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

ഈ മേള പുരോഗമിക്കവേ, സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പരസ്പരമുള്ള തിരിച്ചറിവിന്റെയും ഈ വികാരം കേവലം കായിക മേഖലയിലെ അവസരങ്ങള്‍ വര്‍ധിക്കാന്‍ മാത്രമല്ല, മറിച്ച് ബിസിനസ്, ടൂറിസം മേഖലകളിലും അവസരങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാകുമെന്ന് എനിക്കുറപ്പാണ്.

ബിസിനസിലൂടെയും പരസ്പരം ഇടപഴകുന്നതിലൂടെയും കായികമല്‍സങ്ങളിലൂടെയും സമാധാനവും സമൃദ്ധിയും സുസാധ്യമാക്കുന്നതിനു പ്രേരകശക്തിയായിത്തീരാന്‍ ഈ മേളയ്ക്കു സാധിക്കട്ടെ.

ഇതു സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കു തങ്ങളുടെ കഴിവു തിരിച്ചറിയാനുള്ള അവസരമാകട്ടെ.

ജീവിതത്തില്‍ സഹിഷ്ണുത, ഇച്ഛാശക്തി, ചിന്ത എന്നീ സവിശേഷതകളെ സമീകൃതമായ പൂര്‍ണതയിലേക്കു നയിക്കുന്ന തത്വശാസ്ത്രമാണു കായികാഭ്യാസ പ്രാവീണ്യം.

പ്രകടനത്തിലെ വെല്ലുവിളികള്‍, തയ്യാറെടുപ്പിന്റെ ആഹ്ലാദം, വിജയത്തിന്റെ ഹര്‍ഷാരവം, സൗഹൃദത്തിന്റെ പ്രസരിപ്പ്, കായികവേദിയിലെ സത്യസന്ധത എന്നിവ സംസ്‌കാരവും വിദ്യാഭ്യാസവും ധാര്‍മികതയും മാന്യതയും സമൂഹവും എത്രത്തോളം പരസ്പരം ഇഴചേര്‍ന്നുകിടക്കുന്നുവെന്ന് ഉറക്കെ ഉദ്‌ഘോഷിക്കുന്നു.

നമ്മെ അകറ്റുന്നതെന്താണോ അതു മറക്കാനും കായിക ആവേശത്തിന്റെയും സാഹസികതയുടെയും അടിസ്ഥാനത്തില്‍ ആത്മാര്‍ഥമായി അടുക്കാനും കായികലോകത്തു സാധിക്കും.

നമുക്കു വൈവിധ്യങ്ങളെ ആഘോഷിക്കാം; അതേസമയം, കായിക ഇനങ്ങള്‍ക്കായുള്ള പൊതുനിയമങ്ങള്‍ക്കും ആത്മാര്‍ഥതയുടെ മൂല്യങ്ങള്‍ക്കും നീതിയുക്തതയ്ക്കുമായി ഒന്നിക്കാം.

നമുക്കു സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി കളിക്കാം.

മേള കഴിഞ്ഞാലും ഓര്‍മകള്‍ നിലനില്‍ക്കുംവിധം നിറഞ്ഞ ഊര്‍ജത്തോടും ആവേശത്തോടുംകൂടി നമുക്കു കളിക്കാം.

ഈ 12 ദിവസങ്ങള്‍കൊണ്ട് നിങ്ങള്‍ നേടിയെടുക്കുന്ന സൗഹൃദങ്ങളും തിരികെ കൊണ്ടുപോകുന്ന ഓര്‍മകളും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും.

ഈ സ്‌നേഹബന്ധത്തെ നിങ്ങള്‍ ഉണര്‍ത്തുമെന്നും അതുവഴി സ്വയം രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും അംബാസഡര്‍മാരായിത്തീരുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്.

മെഡലുകള്‍ നേടാനും മറ്റുള്ളവര്‍ക്കു കടുത്ത മല്‍സരം പ്രദാനം ചെയ്യാനുമായി താരങ്ങള്‍ ഇറങ്ങുമ്പോള്‍, തിരക്കിട്ട ജോലികളില്‍നിന്ന് അല്‍പം ഇടവേള കണ്ടെത്തി സമീപസ്ഥലങ്ങളിലൂള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വന്യജീവിസങ്കേതങ്ങളും സന്ദര്‍ശിക്കാന്‍ കായികപ്രതിഭകളെയും സന്ദര്‍ശകരെയും ഞാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ്.

സാര്‍ക്ക് രാഷ്ട്രങ്ങളില്‍നിന്നുള്ള നമ്മുടെ സുഹൃത്തുക്കളെ ഞാന്‍ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുന്നു.

കായികരംഗത്തുള്ളവര്‍ അവരുടെ മികവ് പരസ്പരം പങ്കുവെക്കുന്നതിലൂടെയും ഉല്‍സാഹവും സവിശേഷമായ അനുഭവവും ആര്‍ജിക്കുകയും ചെയ്യുകവഴി രണ്ടാഴ്ചക്കാലം ഗോഹട്ടിയില്‍ ഗുരുകുലത്തിന്റെ ആവേശം നിലനില്‍ക്കട്ടെ.

യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ അടിസ്ഥാനത്തിലാവട്ടെ മല്‍സരങ്ങള്‍.

ഏറ്റവും കഴിവുള്ളയാള്‍ വിജയിക്കട്ടെ.

12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.

നന്ദി.