ഗോരഖ്പൂര്‍, സിന്ധ്രി, ബറൗണി എന്നിവിടങ്ങളിലെ നിഷ്‌ക്രിയമായ രാസവള നിര്‍മാണ യൂണിറ്റുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ.എല്‍) കീഴില്‍ ജാര്‍ഖണ്ഡിലെ സിന്ധ്രിയിലും, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലും പ്രവര്‍ത്തിച്ചിരുന്ന രണ്ട് യൂറിയ യൂണിറ്റുകള്‍, ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസേര്‍സ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്. എഫ്.സി.എല്‍) ബീഹാറിലെ ബറൗണിയില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് എന്നിവയാണ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമായത്.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, എഫ്.സി.ഐ.എല്‍/എച്ച്. എഫ്.സി.എല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ ചേര്‍ത്ത് രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ്യ സംവിധാനം (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) വഴിയാണ് ഈ യൂണിറ്റുകളുടെ പുനരുജ്ജീവനം സാധ്യമാക്കുക.
ബീഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലെ യൂറിയയുടെ വര്‍ദ്ധിച്ച ആവശ്യം പരിഹരിക്കാന്‍ ഇതോടെ സാധ്യമാകും. നിലവില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്നും മധ്യ ഭാഗങ്ങളില്‍നിന്നും ആണ് ഇവിടേയ്ക്ക് യൂറിയ എത്തിക്കുന്നത്. ഈ യൂണിറ്റുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാവുന്നതോടെ ചരക്കുകൂലി സബ്‌സിഡി ഇനത്തില്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന തുക ലാഭിക്കാനുമാകും.