Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്ത് ലോത്തലിലെ ദേശീയ നാവിക പാരമ്പര്യ സമുച്ചയം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്ത് ലോത്തലിലെ ദേശീയ നാവിക പാരമ്പര്യ സമുച്ചയം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം!
ചരിത്രപരവും ലോക പൈതൃക മൂല്യമുള്ളതുമായ ലോത്തലില്‍ നിങ്ങളെല്ലാവരും സന്നിഹിതരാണ്. ദൂരെയുള്ള ഡല്‍ഹിയില്‍ നിന്ന് സാങ്കേതിക വിദ്യയിലൂടെയാണു ഞാന്‍ നിങ്ങളുമായി ബന്ധപ്പെടുന്നതെങ്കിലും നിങ്ങളുടെ എല്ലാവരുടെയും ഇടയിലുണ്ടെന്ന തോന്നലാണ് എനിക്കുണ്ടാവുന്നത്. ഇപ്പോള്‍, നാഷണല്‍ നാവിക പാരമ്പര്യ സമുച്ചയത്തിലെ വിവിധ പദ്ധതികള്‍ ഞാന്‍ ഡ്രോണ്‍ വഴി കാണുകയും അവയുടെ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. ഈ പദ്ധതി വളരെ വേഗത്തില്‍ പുരോഗമിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്.

സുഹൃത്തുക്കളെ,
ഈ വര്‍ഷം ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ, ‘പഞ്ചപ്രാണ’ന്റെ (അഞ്ച് പ്രതിജ്ഞകള്‍) ഭാഗമായി നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിനെക്കുറിച്ച് ഞാന്‍ പ്രതിപാദിച്ചിരുന്നു. നമ്മുടെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായി ഇവിടെ അക്കാര്യം പരാമര്‍ശിച്ചു. നമ്മുടെ പൂര്‍വികര്‍ കൈമാറിയ മഹത്തായ ഒരു പൈതൃകമാണ് നമ്മുടെ നാവിക പാരമ്പര്യം. ഏതൊരു സ്ഥലത്തിന്റെയും സമയത്തിന്റെയും ചരിത്രം ഭാവിതലമുറയെ പ്രചോദിപ്പിക്കുക മാത്രമല്ല, ഭാവിയെക്കുറിച്ച് നമുക്കു പറഞ്ഞുതരികയും ചെയ്യുന്നു. നമ്മുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ട നിരവധി കഥകളുണ്ട്. അവ സംരക്ഷിക്കാനും വരും തലമുറകള്‍ക്ക് കൈമാറാനും ഒരു നടപടിയും ഉണ്ടായില്ല. ചരിത്രത്തിലെ ആ സംഭവങ്ങളില്‍ നിന്ന് നമുക്ക് വളരെയധികം പഠിക്കാമായിരുന്നു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാവിക വ്യാപാരത്തിന് പേരുകേട്ട ലോത്തലും ധോലവീരയും പോലുള്ള മഹത്തായ പൈതൃക കേന്ദ്രങ്ങള്‍ നമുക്കുണ്ടായിരുന്നു എന്നതു നാം മറന്നു. സമുദ്രവിഭവങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയുകയും അതിന് അഭൂതപൂര്‍വമായ ഔന്നത്യം നല്‍കുകയും ചെയ്ത ചോള സാമ്രാജ്യവും ചേര രാജവംശവും പാണ്ഡ്യ രാജവംശവും തെക്ക് ഉണ്ടായിരുന്നു. അവര്‍ തങ്ങളുടെ നാവിക ശക്തി വികസിപ്പിക്കുക മാത്രമല്ല, വിദൂര രാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജും ശക്തമായ ഒരു നാവികസേന രൂപീകരിക്കുകയും വിദേശ ആക്രമണകാരികളെ വെല്ലുവിളിക്കുകയും ചെയ്തു.

ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനകരമായ ഒരു അധ്യായമാണ് അവഗണിക്കപ്പെട്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചില്‍ കപ്പല്‍ നിര്‍മ്മാണ വ്യവസായം ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ഇന്ത്യയില്‍ നിര്‍മ്മിച്ച വലിയ കപ്പലുകള്‍ ലോകമെമ്പാടും വിറ്റു. പൈതൃകത്തോടുള്ള ഈ നിസ്സംഗത രാജ്യത്തിന് ഏറെ നാശമുണ്ടാക്കി. ഈ അവസ്ഥ മാറ്റേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ഇന്ത്യയുടെ അഭിമാന കേന്ദ്രങ്ങളായ ധോലവീരയും ലോത്തലും ഒരുകാലത്ത് പ്രശസ്തമായിരുന്ന അതേ രൂപത്തിലേക്കു മാറ്റാന്‍ നാം തീരുമാനിച്ചു. ആ ദൗത്യം അതിവേഗത്തില്‍ പുരോഗമിക്കുന്നത് ഇന്ന് നമുക്ക് കാണാന്‍ കഴിയും.

സുഹൃത്തുക്കളെ,
ഇന്ന് ലോത്തലിനെ കുറിച്ച് പറയുമ്പോള്‍ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യവും ഓര്‍മ്മ വരുന്നു. ഗുജറാത്തിലെ പല പ്രദേശങ്ങളിലും സികോതാര്‍ മാതാവിനെ ആരാധിക്കുന്നു. കടലിന്റെ ദേവതയായി ആരാധിക്കപ്പെടുന്നു. ലോത്തലിനെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധര്‍ വിശ്വസിക്കുന്നത് അക്കാലത്തും സികോതാര്‍ മാതാവിനെ ഏതെങ്കിലും രൂപത്തില്‍ ആരാധിച്ചിരുന്നു എന്നാണ്. കടലില്‍ ഇറങ്ങുന്നതിന് മുമ്പ് ആളുകള്‍ സികോതാര്‍ ദേവിയെ ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ അവരുടെ യാത്രയില്‍ അവര്‍ക്കു സംരക്ഷണം ലഭിക്കുമെന്നും വിശ്വാസമുണ്ട്.   ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, ഇന്ന് ഏദന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന സോകോത്ര ദ്വീപുമായി സിക്കോതര്‍ അമ്മ ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഖംഭട്ട് ഉള്‍ക്കടലില്‍ നിന്ന് വളരെ ദൂരെ കടല്‍ വ്യാപാര പാതകള്‍ തുറന്നിരുന്നുവെന്ന് ഇത് കാണിക്കുന്നു.

സുഹൃത്തുക്കളെ,
അടുത്തിടെ, വഡ്നഗറിനടുത്തുള്ള ഖനനത്തിനിടെ സിക്കോതര്‍ മാതാ ക്ഷേത്രം കണ്ടെത്തി. പുരാതന കാലത്ത് ഇവിടെ നാവിക വ്യാപാരം നിലനിന്നിരുന്നതായി ചില തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, സുരേന്ദ്രനഗറിലെ ജിഞ്ജുവാഡ ഗ്രാമത്തില്‍ ഒരു വിളക്കുമാടം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രിയില്‍ കപ്പലുകള്‍ക്ക് വഴികാട്ടാന്‍ ലൈറ്റ് ഹൗസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും നിങ്ങള്‍ക്കറിയാം. ജിഞ്ജുവാഡ ഗ്രാമത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് കടല്‍ എന്നറിയുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അത്ഭുതപ്പെടും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ഗ്രാമത്തിന് വളരെ തിരക്കുള്ള ഒരു തുറമുഖം ഉണ്ടായിരുന്നുവെന്ന് നിരവധി തെളിവുകള്‍ കാണിക്കുന്നു. പുരാതന കാലം മുതല്‍ ഈ പ്രദേശത്തുടനീളം അഭിവൃദ്ധി പ്രാപിച്ച നാവിക വ്യാപാരത്തെക്കുറിച്ചും ഇത് നമ്മോട് പറയുന്നു.

സുഹൃത്തുക്കളെ,
സിന്ധുനദീതട സംസ്‌കാരത്തിന്റെ ഒരു പ്രധാന വ്യാപാര കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു ലോത്തല്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോത്തല്‍ ഒരു തുറമുഖ നഗരമായി വികസിപ്പിച്ച രീതി ഇപ്പോഴും വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നു. ലോത്തല്‍ ഖനനത്തില്‍ കണ്ടെത്തിയ നഗരം, അങ്ങാടി, തുറമുഖം എന്നിവയുടെ അവശിഷ്ടങ്ങള്‍ ആ കാലഘട്ടത്തിലെ നഗര ആസൂത്രണത്തിന്റെയും വാസ്തുവിദ്യയുടെയും അതിശയകരമായ കാഴ്ചകള്‍ പകരുന്നു. പ്രകൃതിദത്തമായ വെല്ലുവിളികളെ നേരിടാന്‍ ഇവിടെ നിലനിന്നിരുന്ന സംവിധാനത്തില്‍നിന്ന് ഇന്നത്തെ ആസൂത്രണത്തിനും ഏറെ പഠിക്കാനുണ്ട്.

സുഹൃത്തുക്കളെ,
ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ പ്രദേശം ലക്ഷ്മീദേവിയാലും സരസ്വതി ദേവിയാലും അനുഗ്രഹിക്കപ്പെട്ടതാണ്. പല രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മൂലം ലോത്തല്‍ വളരെ സമ്പന്നമായിരുന്നു. ലോത്തല്‍ തുറമുഖത്ത് അക്കാലത്ത് 84 രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. അതുപോലെ, സമീപത്തുള്ള വലഭി സര്‍വകലാശാല ലോകത്തിലെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഈ മേഖലയില്‍ വന്ന ചൈനീസ് തത്ത്വചിന്തകരും വലഭി സര്‍വകലാശാലയില്‍ അക്കാലത്ത് 6,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് എഴുതിയിട്ടുണ്ട്. അതായത്, സരസ്വതി ദേവിയുടെ അനുഗ്രഹവും ഈ പ്രദേശത്തിന് ഉണ്ടായിരുന്നു.

സുഹൃത്തുക്കളെ,
ലോത്തലിലെ നിര്‍ദ്ദിഷ്ട പൈതൃക സമുച്ചയം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് പോലും അതിന്റെ ചരിത്രം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അതേ കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ പ്രതാപവും ശക്തിയും ഈ മണ്ണില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നു.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണ കേന്ദ്രമായി ഇത് മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ദിവസം ആയിരക്കണക്കിന് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനാണ് സമുച്ചയം വികസിപ്പിക്കുന്നത്. ഏകതാ നഗറിലെ ഏകതാ പ്രതിമ ഓരോ ദിവസവും സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നതുപോലെ, ലോത്തലിലെ ഈ പൈതൃക സമുച്ചയം കാണാന്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ വരുന്ന ദിവസം വിദൂരമല്ല. ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കും. അഹമ്മദാബാദില്‍ നിന്ന് അധികം അകലെയല്ല എന്നതും ഈ പ്രദേശത്തിന് ഗുണം ചെയ്യും. ഭാവിയില്‍, മറ്റ് നഗരങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇവിടെയെത്തുകയും ഇവിടെ വിനോദസഞ്ചാരത്തിന് ഉത്തേജനം പകരുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഈ പ്രദേശം കണ്ട ദുഷ്‌കരമായ ദിവസങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരു കാലത്ത് കടല്‍ വളരെയധികം വികസിച്ചതിനാല്‍ വളരെയധികം സ്ഥലത്ത് വിളകള്‍ ഉത്പാദിപ്പിക്കാന്‍ പ്രയാസമായിരുന്നു. 20-25 വര്‍ഷം മുമ്പ്, പ്രതിസന്ധി ഘട്ടത്തില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഉള്ളവര്‍ക്കു പോലും വായ്പ ലഭിക്കുമായിരുന്നില്ല. ഉപയോഗശൂന്യമായ ഭൂമി എന്തു ചെയ്യുമെന്ന് കടം കൊടുത്തയാളും പറയാറുണ്ടായിരുന്നു. ലോത്തലിലും പരിസരങ്ങളിലും ഉണ്ടായിരുന്ന അത്തരമൊരു വിപരീത സാഹചര്യം നാം ഇപ്പോള്‍ പൂര്‍ണമായുംേ മാറ്റിയെടുത്തിരിക്കുകയാണ്.

ഒപ്പം സുഹൃത്തുക്കളെ,

ലോത്തലും ലോത്തല്‍ മേഖലയും അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നമ്മുടെ ശ്രദ്ധ പൈതൃക സമുച്ചയങ്ങളില്‍ ഒതുങ്ങുന്നില്ല. ഇന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ വളരെയധികം നടക്കുകയും തീരപ്രദേശങ്ങളില്‍ വിവിധ വ്യവസായങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നത്.

വൈകാതെ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിതമാകുന്നതോടെ ഇവിടത്തെ പ്രതാപം വര്‍ധിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം എങ്ങനയൊണോ ഉണ്ടായിരുന്നത്, അ സ്ഥിതിയില്‍ എത്തിക്കുന്നതിനായി വീണ്ടും വികസിപ്പിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് മികച്ച കരുത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ചരിത്രത്തിന്റെ പേരില്‍ നമ്മില്‍ അഭിമാനം നിറയ്ക്കുന്ന ലോത്തല്‍ ഇനി വരാനിരിക്കുന്ന തലമുറകളുടെ ഭാവി രൂപപ്പെടുത്തും.

സുഹൃത്തുക്കളെ,
വസ്തുക്കളോ രേഖകളോ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല മ്യൂസിയം. നാം നമ്മുടെ പൈതൃകത്തെ വിലമതിക്കുമ്പോള്‍, അതിനോട് ചേര്‍ന്നുനില്‍ക്കുന്ന വികാരങ്ങളെ നാം സംരക്ഷിക്കുന്നു. രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ മ്യൂസിയങ്ങള്‍ കാണുമ്പോള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ ഗോത്ര നായകന്മാര്‍ എത്രമാത്രം സംഭാവന ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാകും. ദേശീയ യുദ്ധസ്മാരകവും ദേശീയ പോലീസ് സ്മാരകവും കാണുമ്പോള്‍ നമ്മുടെ ധീരരായ പുത്രന്‍മാരും പുത്രിമാരും രാജ്യത്തെ സംരക്ഷിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും എങ്ങനെ ജീവന്‍ ത്യജിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. പ്രധാനമന്ത്രിയുടെ മ്യൂസിയം സന്ദര്‍ശിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ ശക്തിയും നമ്മുടെ രാജ്യത്തിന്റെ 75 വര്‍ഷത്തെ യാത്രയും നമ്മള്‍ മനസ്സിലാക്കുന്നു. കേവാഡിയയിലെ ഏകതാ നഗറിലെ ഏകതാ പ്രതിമ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങളെയും തപസ്സിനെയും അനുസ്മരിപ്പിക്കുന്നു.

നിങ്ങള്‍ക്കറിയാവുന്നതുപോലെ, വലിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ മാതൃകയില്‍, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഇന്ത്യയുമായി ലയിച്ച നാട്ടുരാജ്യങ്ങള്‍ക്കായി നാം ഒരു മ്യൂസിയവും നിര്‍മ്മിക്കുകയാണ്. ഇപ്പോള്‍, രൂകല്‍പന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാട്ടുരാജ്യങ്ങളുടെ ജീവിതശൈലി, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തില്‍ അവരുടെ പങ്ക് എന്നിവ ഗവേഷണത്തില്‍ ഉള്‍പ്പെടുത്തും. ഏകതാ നഗര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് നാട്ടുരാജ്യങ്ങളില്‍ നിന്ന് സര്‍ദാര്‍ സാഹബിന്റെ യാത്രയെക്കുറിച്ചും നാട്ടുരാജ്യങ്ങളെ വിജയകരമായി ഇന്ത്യയിലേക്ക് സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം എങ്ങനെയാണ് ഒരു ഏകീകൃത ഇന്ത്യ രൂപപ്പെടുത്തിയത് എന്നതിനെക്കുറിച്ചും അറിയാന്‍ കഴിയും. സമീപഭാവിയില്‍ തന്നെ മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് രാജ്യത്ത് നാം വളര്‍ത്തിയെടുത്ത പൈതൃകം നമ്മുടെ പൈതൃകത്തിന്റെ വ്യാപ്തി വിളിച്ചോതുന്നുണ്ട്. ലോത്തലില്‍ നിര്‍മ്മിക്കുന്ന ദേശീയ നാവിക മ്യൂസിയം എല്ലാ ഇന്ത്യക്കാരെയും സമുദ്ര പൈതൃകത്തെക്കുറിച്ച് അഭിമാനമുള്ളവരാക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലോത്തല്‍ അതിന്റെ പഴയ പ്രൗഢിയോടെ ഉയര്‍ന്നുവരുമെന്ന വിശ്വാസത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരായിരം നന്ദി! നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍.

ലോത്തലില്‍ എത്തിയിരിക്കുന്ന എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞാന്‍ വളരെ സന്തോഷകരവും സമൃദ്ധവുമായ ദീപാവലി ആശംസിക്കുന്നു. ദീപാവലി കഴിഞ്ഞ് ഗുജറാത്തില്‍ നടക്കുന്ന പുതുവത്സരാഘോഷത്തിനും ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി!

 

ND