നമസ്‌തേ!
ഗുജറാത്തിലെ യുവാക്കള്‍ക്കായി ലാഭ പഞ്ചമി ദിനത്തില്‍ ഇത്തരമൊരു ബൃഹത്തായ ‘റോസ്ഗര്‍ മേള’ അല്ലെങ്കില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത് തൊഴില്‍രംഗം മെച്ചപ്പെടുത്താനുള്ളതാണ്. ഇന്ന് ഗുജറാത്തിലെ ആയിരക്കണക്കിനു മക്കള്‍ക്കു സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്നു. നിയമന ഉത്തരവുകളും ജോലിക്കു തെരഞ്ഞെടുത്തതായുള്ള അറിയിപ്പുകളും വിതരണം ചെയ്യുന്നു. എല്ലാ ചെറുപ്പക്കാര്‍ക്കും മക്കള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു!
ധന്‍തേരാസ് ദിനത്തില്‍ ഞാന്‍ ഡല്‍ഹിയില്‍ നിന്ന് ദേശീയ തലത്തില്‍ ‘റോസ്ഗര്‍ മേള’ തുടങ്ങിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ സംരംഭത്തെ കുറിച്ച് പഠിച്ച് വിവിധ സംസ്ഥാന ഗവണ്‍മെന്റുകളും ഇത് പിന്തുടര്‍ന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ സംരംഭം ഇരട്ടി ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്! അതിനാല്‍, ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്നു!
ഗുജറാത്തിലെ പഞ്ചായത്ത് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡില്‍ നിന്ന് ഇന്ന് 5000-ലധികം സുഹൃത്തുക്കള്‍ക്കു നിയമന ഉത്തരവു ലഭിക്കുന്നുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അതുപോലെ, ഗുജറാത്തിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ നിന്നും ലോകരക്ഷാക് റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ നിന്നും 8000-ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നിയമന കത്തുകള്‍ ലഭിക്കാന്‍ പോകുന്നു. ഭുപേന്ദ്രഭായിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും ദ്രുതഗതിയിലുള്ള ഈ നടപടിക്കും ഇത്രയും വലിയ പരിപാടിക്കും ഞാന്‍ അഭിനന്ദിക്കുന്നു. മാത്രമല്ല, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏകദേശം 10,000 യുവാക്കള്‍ക്ക് വിവിധ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ നിയമന ഉത്തരവുകള്‍ നല്‍കിയതായി ഞാന്‍ കേട്ടിട്ടുണ്ട്. 35,000 പേരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അവര്‍ വലിയ കുതിച്ചുചാട്ടം നടത്തിയെന്നാണ് ഇതിനര്‍ത്ഥം.
സുഹൃത്തുക്കളെ,
വികസനത്തിന്റെ ഉന്നതിയിലെത്താന്‍ ഗുജറാത്ത് അതിവേഗം മുന്നേറുകയാണ്. ഭൂപേന്ദ്രഭായിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഒരു പുതിയ വ്യാവസായിക നയം കൊണ്ടുവന്നു, അതിന് നല്ല സ്വീകാര്യത ലഭിച്ചു! ഗുജറാത്തിന്റെ വ്യാവസായിക നയത്തിന് രാജ്യത്തുടനീളം അഭിനന്ദനങ്ങള്‍ ലഭിച്ചു. കൂടാതെ, വ്യാവസായിക നയം കാരണം ഇവിടെ വ്യവസായങ്ങള്‍ വളരുകയും രാജ്യത്തിനകത്തും പുറത്തും നിക്ഷേപം വരുകയും മാത്രമല്ല, തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും. ഒപ്പം പുതിയ തൊഴില്‍മേഖലകള്‍ തുറക്കപ്പെടുന്നു. മാത്രമല്ല, ഇതുമൂലം സ്വയംതൊഴിലിനുള്ള വലിയ അവസരമാണ് ഉണ്ടാകാന്‍ പോകുന്നത്. ഗുജറാത്ത് ഗവണ്‍മെന്റ് ‘ഓജസ്’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് തസ്തികകളിലേക്കുള്ള ‘ഇന്റര്‍വ്യൂ പ്രക്രിയ’ ഒഴിവാക്കി, റിക്രൂട്ട്മെന്റ് പ്രക്രിയ തികച്ചും ലളിതവും സുതാര്യവുമാക്കി. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഗുജറാത്ത് ഗവണ്‍മെന്റ് ഒരു മൊബൈല്‍ ആപ്പും ‘അനുബന്ധം’ എന്ന വെബ് പോര്‍ട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് സുതാര്യതയും പ്രാപ്യതയും വര്‍ദ്ധിപ്പിക്കുക വഴി ഗുജറാത്തിലെ യുവാക്കള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ്. നവ നൈപുണ്യവും ഒപ്പം യുവ പ്രതിഭക ളെയും അന്വേഷിക്കുന്ന റിക്രൂട്ടര്‍മാര്‍ക്കും തൊഴിലവസരങ്ങള്‍ തേടുന്ന തൊഴിലന്വേഷകര്‍ക്കും ഇത് സഹായകമാകുന്നു. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമുള്ള് ഒരു വേദിയായി ഇതു മാറിയിരിക്കുന്നു.
ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസൂത്രിതവും അതിവേഗമുള്ളതുമായ റിക്രൂട്ട്മെന്റിനായി വികസിപ്പിച്ച മാതൃകാ നിയമന പ്രക്രിയ, എല്ലാ സംസ്ഥാനങ്ങളും അവരുടെ ആവശ്യാനുസരണം പരിഷ്‌കാങ്ങളോടെ ഈ മാതൃക ഉപയോഗപ്പെടുത്തുമെന്നും ഒടുവില്‍ രാജ്യത്തിന് ശക്തമായ ഒരു സംവിധാനം കൊണ്ടുവരുമെന്നും എനിക്ക് 100% ആത്മവിശ്വാസമുണ്ട്. . അതിനാല്‍, ഗുജറാത്ത് ഗവണ്‍മെന്റിനെയും ഭൂപേന്ദ്രഭായിയുടെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളെ,
വരുംദിവസങ്ങളില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ചുവടുപിടിച്ച് ഗുജറാത്തിനെപ്പോലെ മറ്റ് സംസ്ഥാനങ്ങളും ‘റോസ്ഗര്‍ മേള’ സംഘടിപ്പിക്കും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് വരുന്നതായി എന്നെ അറിയിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങള്‍ പോലും ഈ ഉദ്യമത്തില്‍ ചേരുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെയാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ കൂടി പങ്കാളിത്തം വഹിക്കുന്നതോടെ ഈ കണക്ക് ലക്ഷ്യത്തെ മറികടക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതിനര്‍ത്ഥം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ അത്തരം ഒരു തലമുറയെയാണ് ഇന്ന് ഭരണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ്. അതുവഴി 100% പ്രാവര്‍ത്തികമാക്കുകയെന്ന കേന്ദ്രത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയാണ്. അവസാനഘട്ട സേവന ലഭ്യത ഉറപ്പു വരുത്താനും ഇത് സഹായിക്കുന്നു. വളരെ ആവേശത്തോടെ ജോലിയില്‍ ചേരുന്ന ചെറുപ്പക്കാരായ ഈ മക്കള്‍ ജോലി വേഗം പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ആ പുതിയ യുവാക്കളായ തൊഴിലന്വേഷകര്‍ ആവരുടെ ആവേശത്തോടും സമൂഹത്തിനും സംസ്ഥാനത്തിനും ഗ്രാമത്തിനും പ്രദേശത്തിനും സേവനം ചെയ്യാനുള്ള പ്രതിബദ്ധതയോടുംകൂടി ഗവണ്‍മെന്റിന്റെ മുഴുവന്‍ സംവിധാനത്തിന്റെയും പുതിയ ജീവശക്തിയായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി, സുഹൃത്തുക്കളേ, ഇന്ന് ഇന്ത്യ ‘അമൃത്കാല’ത്തിലേക്ക് പ്രവേശിച്ചു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പൂര്‍ത്തിയായി. 2047 ഓടെ, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും, അതായത്, 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകുമെന്ന് നാം പ്രതിജ്ഞയെടുക്കണം. ഈ കാലഘട്ടം നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ‘അമൃതകാലം’ കൂടിയാണ് എന്നതാണ് രസകരമായ കാര്യം. നിങ്ങളുടെ സ്വപ്‌നങ്ങളുടെയും ദൃഢനിശ്ചയങ്ങളുടെയും അഭിലാഷങ്ങളുടെയും കാര്യത്തില്‍ എന്നതുപോലെ വരാനിരിക്കുന്ന 25 വര്‍ഷങ്ങള്‍ നിങ്ങളുടെ വ്യക്തിജീവിതത്തിലും പ്രധാനമാണ്. ഇത് 2047-ല്‍ ഇന്ത്യയെ വലിയ ഉയരത്തിലെത്തിക്കും. ആ കുതിപ്പില്‍ നിങ്ങളായിരിക്കും ഏറ്റവും വലിയ പങ്കാളിയും ഗുണഭോക്താവും.
ഇതൊരു സുവര്‍ണ്ണാവസരമാണ്! ഈ വേളയില്‍, ഈ അവസരത്തിന് എല്ലാ യുവാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ അവസരത്തിന് ശേഷം വളരുന്നത് നിര്‍ത്തരുത് സുഹൃത്തുക്കളേ. നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകളുണ്ട്. നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നത് തുടരുക, വളരുക. നിര്‍ത്തരുത്. കോളേജില്‍ പ്യൂണ്‍ ആയി ജോലി തുടങ്ങിയേക്കാവുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ജോലി ചെയ്യുന്നതിനിടയില്‍ അവര്‍ കഷ്ടപ്പെട്ട് പഠിച്ച് അതേ കോളേജില്‍ പ്രൊഫസര്‍മാരായി. വളരുന്നത് നിര്‍ത്തരുത്. പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് തുടരുക. നിങ്ങളുടെ ഉള്ളിലെ വിദ്യാര്‍ത്ഥി ഒരിക്കലും മരിക്കരുത്. നിങ്ങള്‍ ഭരണ സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണ്, എന്നാല്‍ നിങ്ങളുടെ തീരുമാനങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള വാതിലാണ് ഇത്. നിങ്ങള്‍ മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മള്‍ ഓരോരുത്തരും മുന്നോട്ട് പോകുകയും മറ്റുള്ളവരെ മുന്നോട്ട് കൊണ്ടുപോകുകയും വേണം. സമൂഹത്തിലെ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ നാം കഠിനാധ്വാനം ചെയ്യുമ്പോള്‍, ജീവിതത്തില്‍ സംതൃപ്തി ലഭിക്കും. നാം ഒരു ദൗത്യം ഉത്സാഹത്തോടെ ഏറ്റെടുക്കുമ്പോള്‍, അതില്‍നിന്ന് ഉണ്ടാകുന്ന ആഹ്ലാദം പുരോഗതിയുടെ വാതിലുകള്‍ തുറക്കുന്നു. ഇന്ത്യയുടെ ‘അമൃതകാല’ത്തെ അടയാളപ്പെടുത്തുന്ന വരാനിരിക്കുന്ന 25 വര്‍ഷം ലോകത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ ദീപശിഖാ വാഹകരാകാന്‍ പോകുന്നത് ഗുജറാത്തിലെ നമ്മുടെ മക്കളായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്തൊരു അത്ഭുതകരമായ യാദൃച്ഛികത! എന്തൊരു മഹത്തായ അവസരം! നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! മുന്നോട്ട് പോയിക്കൊണ്ട് നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ നിറവേറ്റുക!
നന്ദി, സുഹൃത്തുക്കളെ!
ND
My remarks at the Gujarat Rozgar Mela. Congratulations to the newly inducted appointees. https://t.co/IGwKXdwnRP
— Narendra Modi (@narendramodi) October 29, 2022