Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ മാ ഉമിയ ധാം വികസന പദ്ധതിയുടെ ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ഗുജറാത്തിലെ മാ ഉമിയ ധാം വികസന പദ്ധതിയുടെ ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ  പൂർണ്ണരൂപം


നമസ്‌തേ,
എല്ലാവര്‍ക്കും സുഖമാണോ?

ഞാന്‍ വ്യക്തിപരമായി തന്നെ സന്ദര്‍ശിക്കേണ്ടതായിരുന്നു. എനിക്ക് വ്യക്തിപരമായി വരാന്‍ കഴിയുമായിരുന്നെങ്കില്‍, എനിക്ക് നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും, സമയക്കുറവ് കാരണം, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ, ഇന്ന്, ഈ മംഗളകരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ കാഴ്ചപ്പാടില്‍, ഈ ദൗത്യത്തിന് ബഹുമുഖ പ്രാധാന്യമുണ്ട് – എല്ലാവരുടെയും പ്രയത്‌നത്താല്‍ നടക്കുന്ന ബൃഹദ് സേവാ മന്ദിര്‍ പദ്ധതി.

ഞാന്‍ ചുവപ്പു കോട്ടയുടെ  കൊത്തളത്തില്‍ നിന്ന് , എല്ലാവരുടെയും പരിശ്രമം (സബ്ക പ്രയാസ് ) എന്ന് പറഞ്ഞു. മാ ഉമിയ സേവാ സങ്കുലുമായി ബന്ധപ്പെട്ട് മാ ഉമിയ ധാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒത്തുചേരണം. ഇത് മതപരമായ കാര്യങ്ങള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും അതിലുപരി സാമൂഹിക സേവനത്തിനും ഒരു പുതിയ ലക്ഷ്യം നിശ്ചയിക്കും. ഇതാണ് യഥാര്‍ത്ഥ പാത. ”നര്‍ കര്‍ണി കരേ തോ നാരായണ്‍ ഹോ ജായേ” (കര്‍മ്മത്താല്‍ മനുഷ്യന് ദൈവികത കൈവരിക്കാന്‍ കഴിയും) എന്നാണ് നമ്മുടെ നാട്ടില്‍ പറയപ്പെടുന്നത്. ”ജന്‍ സേവ ഇജെ ജഗ് സേവ” (ജനങ്ങളെ സേവിക്കുന്നത് ലോകത്തെ സേവിക്കുന്നതുപോലെ തന്നെ നല്ലതാണ്) എന്നും നമ്മുടെ നാട്ടില്‍ പറയാറുണ്ട്. എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണുന്നവരാണ് നമ്മള്‍. അതിനാല്‍, സമുഹത്തിന്റെ പിന്തുണയോടെയുവതലമുറയെയും ഭാവി തലമുറയെയും തയ്യാറാക്കുന്നതിനായി ഇവിടെ നടത്തുന്ന ആസൂത്രണം വളരെ പ്രശംസനീയവും സ്വാഗതാര്‍ഹവുമാണ്. ”മാ ഉമിയ ശരണം മമ” (മാ ഉമിയയ്ക്ക് സ്വയം സമര്‍പ്പിക്കല്‍) എന്ന മന്ത്രം 51 കോടി തവണ ജപിക്കാനും എഴുതാനും നിങ്ങള്‍ ഒരു സംഘടിതപ്രവര്‍ത്തനം ആരംഭിച്ചതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. അത് തന്നെ ഊര്‍ജജത്തിന്റെ ഒരു സ്രോതസ്സായി മാറുന്നു. മാ ഉമിയയ്ക്ക് സ്വയം അര്‍പ്പിച്ചുക്കൊണ്ട് നിങ്ങള്‍ വലിയതോതില്‍ പൊതുജന സേവനത്തിന്റെ പാത തെരഞ്ഞെടുത്തു. ഇന്ന്, സേവനത്തിന്റെ ബൃഹത്തായ പല ദൗത്യങ്ങളും ഇവിടെ ആരംഭിക്കുകയാണ്. സേവനത്തിന്റെ വിപുലമായ സംഘടിതപ്രവര്‍ത്തനമായ മാ ഉമിയ ധാം വികസന പദ്ധതി വരും തലമുറകള്‍ക്ക് വളരെ ഉപകാരപ്രദമാകും. അതിനാല്‍, നിങ്ങള്‍ ഓരോരുത്തരും ഒരു അഭിനന്ദനം അര്‍ഹിക്കുന്നു.
എന്നാലും നിങ്ങള്‍ യുവാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുകയും അവര്‍ക്കായി നിരവധി സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോള്‍, ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനുളള കാരണം, ഇന്നത്തെ കാലഘട്ടം നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം തെളിയിക്കുന്നതാണ് എന്നതാണ്. നിങ്ങളുടെ സംഘടനയുടെ എല്ലാ വശങ്ങളുമായും നിങ്ങള്‍ നൈപുണ്യ വികസനത്തെ ബന്ധപ്പെടുത്തണം. നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചിരിക്കണം. എങ്കിലും വൈദഗ്ധ്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ പഴയ കാലത്ത്, അടുത്ത തലമുറയിലേക്ക് വൈദഗ്ദ്ധ്യം പൈതൃകമായി കൈമാറുന്ന ഒരു കുടുംബ ഘടനയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സാമൂഹിക ഇഴകള്‍ ഒരുപാട് മാറിയിരിക്കുന്നു. അതിനാല്‍ അതിനാവശ്യമായ സംവിധാനം സജ്ജീകരിച്ചുകൊണ്ട് നമുക്ക് ഇത് ചെയ്യേണ്ടിവരും.
രാജ്യം ആസാദി കാ അമൃത് മഹോത്സവം (സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം) ആഘോഷിക്കുമ്പോള്‍; ഗുജറാത്തില്‍ നിങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നത് വരെ; ഇപ്പോള്‍ രാഷ്ട്രത്തെ സേവിക്കാന്‍ നിങ്ങളെല്ലാവരും എനിക്ക് അവസരം നല്‍കിയപ്പോഴും, ആസാദി കാ അമൃത് മഹോത്സവ വേളയില്‍ (സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയില്‍) പോലും, ഈ സ്ഥലം വിടുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയില്‍ രാജ്യം കെട്ടിപ്പടുക്കുന്നതിന് നാം എന്ത് സംഭാവന നല്‍കണം എന്നതില്‍ നാം ഒരു ഉറച്ച പ്രതിജ്ഞയെടുക്കണം എന്ന എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ നിങ്ങളുടെ അടുത്ത് വന്നപ്പോഴെല്ലാം നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പല കാര്യങ്ങളിലും ഞാന്‍ നിങ്ങളുടെ സഹകരണവും കൂട്ടുകെട്ടും തേടിയിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും അതു തരികയും ചെയ്തിട്ടുണ്ട്.
ബേട്ടി ബച്ചാവോ (പെണ്‍കുട്ടിയെ രക്ഷിക്കുക) എന്ന പ്രചാരണം നടത്തികൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഉന്‍ചായില്‍ വന്നിരുന്നതും, നിങ്ങളുമായി ഒരുപാട് കാര്യങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നതും ഞാന്‍ ശരിയായി ഓര്‍ക്കുന്നു. പെണ്‍കുട്ടികളുടെ ജനനിരക്കില്‍ വലിയ ഇടിവുകണ്ട മാ ഉമിയ ധാമിന്റെ പ്രതിഷ്ഠാസ്ഥാനമായ ഉന്‍ചാ നമുക്ക് കളങ്കമായിരിക്കുമെന്നും ഞാന്‍ വിശദീകരിച്ചു. ആസമയത്ത്, ഈ സ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ ഉറപ്പുകള്‍ ഞാന്‍ നിങ്ങളോടെല്ലാവരോടും ചോദിച്ചു. ഇന്ന്, പതുക്കെയാണെങ്കിലും ക്രമേണ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടേതിന് ഏകദേശം തുല്യമാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിനായി ആ വെല്ലുവിളി സ്വീകരിച്ചതിന് എല്ലാവരോടും നന്ദി പറയാന്‍ കൂടിയാണ് ഞാന്‍ ഇവിടെയുള്ളത്. സമൂഹത്തില്‍ ഈ മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്കും തോന്നിയിരിക്കണം. നിങ്ങള്‍ അത് നന്നായി ചെയ്തു.
അതുപോലെ, സുജലം സുഫലം പദ്ധതിക്ക് കീഴില്‍ നര്‍മ്മദാ നദിയിലെ ജലവിതരണം ആരംഭിച്ചപ്പോള്‍, വടക്കന്‍ ഗുജറാത്തിലെയും സൗരാഷ്ട്ര മേഖലയിലെയും കര്‍ഷകരോടും മാ ഉമിയയുടെ ഭക്തരോടും വെള്ളം എത്തിച്ചേര്‍ന്നെങ്കിലും. ഈ ജലത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണമെന്ന് ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബാക്കിയുള്ള ആളുകള്‍ക്ക്, ”ജല്‍ ഇജെ ജീവന്‍ ഛേ’ദ (ജലം ജീവനാണ്) എന്നത് മറ്റൊരു മുദ്രാവാക്യമായിരിക്കാം. എന്നാല്‍, വെള്ളമില്ലാതെ നമ്മള്‍ എങ്ങനെ ബുദ്ധിമുട്ടിയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. മഴയുടെ കാലതാമസം കാരണം ദിവസങ്ങളോ ഒരു വര്‍ഷമോപോലും പാഴാക്കുന്നതിന്റെ വേദന നമുക്കറിയാമായിരുന്നു. അതിനാല്‍, വെള്ളം സംരക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞയെടുത്തു. വടക്കന്‍ ഗുജറാത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചു, അത് നിങ്ങളെല്ലാവരും സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. നിരവധി പ്രദേശങ്ങളില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം നടപ്പിലാക്കിയതിനാല്‍ വെള്ളം ലാഭിക്കുന്നതിനും നല്ല വിളകള്‍ ലഭിക്കുന്നതിനും കാരണമായി.

അതുപോലെ, നമ്മുടെ മാതൃഭൂമിയെക്കുറിച്ചുള്ള നമ്മുടെ ആശങ്കയും നമ്മള്‍ ചര്‍ച്ച ചെയ്തു. ഇപ്പോള്‍ രാജ്യത്തുടനീളം പിന്തുടരുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ്  സംവിധാനം ആദ്യമായി ആരംഭിച്ചത് ഗുജറാത്താണ്. എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ ഉറവിടമായ നമ്മുടെ മാതൃഭൂമിയുടെ ആരോഗ്യം പരിശോധിക്കുന്നതായിരുന്നു അത്.   സോയില്‍ ഹെല്‍ത്ത് കാര്‍ഡ് മണ്ണിന്റെ ആരോഗ്യം പരിശോധിക്കാന്‍ നാം ഉപയോഗിച്ചു, അത് മണ്ണിന്റെ വൈകല്യങ്ങള്‍, രോഗങ്ങള്‍, ആവശ്യകതകള്‍ എന്നിവ വെളിപ്പെടുത്തി. നമ്മള്‍ ഇതെല്ലാം ചെയ്തു. എന്നിരുന്നാലും, വിളകളോടുള്ള അത്യാഗ്രഹവും, പെട്ടെന്നുള്ള ഫലം തേടലുമൊക്കെ മനുഷ്യ സ്വഭാവത്തിന്റെ ഭാഗമാണ്. അതിനാല്‍, മാതൃഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് ആകുലപ്പെടുകപോലും ചെയ്യാതെ നമ്മള്‍ വിവിധതരം രാസവസ്തുക്കളും രാസവളങ്ങളും മരുന്നുകളും ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ന് ഞാന്‍ ഒരു അഭ്യര്‍ത്ഥനയുമായാണ് നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്. മാ ഉമിയയെ സേവിക്കാന്‍ നമ്മള്‍ തീരുമാനിക്കുമ്പോള്‍, ഈ മാതൃഭൂമിയെ നമുക്ക് മറക്കാന്‍ കഴിയില്ല. മാ ഉമിയയുടെ മക്കള്‍ക്ക് മാതൃഭൂമി മറക്കാന്‍ ഒരു അവകാശവുമില്ല. രണ്ടും നമുക്ക് തുല്യമാണ്. മാതൃഭൂമി നമ്മുടെ ജീവനും, മാ ഉമിയ നമ്മുടെ ആത്മീയ വഴികാട്ടിയുമാണ്. അതിനാല്‍, വടക്കന്‍ ഗുജറാത്ത് ജൈവകൃഷിയിലേക്ക് മാറുമെന്ന കാലാനുസൃതമായ ഒരു പ്രതിജ്ഞ മാ ഉമിയയുടെ സാന്നിദ്ധ്യത്തില്‍ നമ്മള്‍ എടുക്കണമെന്ന് ഞാന്‍ എല്ലാവരേയും നിര്‍ബന്ധിക്കുന്നു.
ജൈവകൃഷിയെ സീറോ ബജറ്റ് ഫാമിംഗ് എന്നും വിളിക്കാം. മോദിജിക്ക് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അദ്ദേഹം ഉപദേശിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് നമ്മളില്‍ പലരും വിചാരിച്ചേക്കാം. ശരി, എന്റെ അഭ്യര്‍ത്ഥന നിങ്ങള്‍ക്ക് അനുയോജ്യമലെന്നുണ്ടെങ്കില്‍ ഞാന്‍ ഒരു ബദല്‍ നിര്‍ദ്ദേശിക്കുന്നു കുറഞ്ഞപക്ഷം, നിങ്ങള്‍ക്ക് 2 ഏക്കര്‍ കൃഷിയിടമുണ്ടെങ്കില്‍, അതില്‍ കുറഞ്ഞത് 1 ഏക്കറിലെങ്കിലും ജൈവകൃഷി ചെയ്യാന്‍ ശ്രമിക്കുക, ബാക്കിയുള്ള 1 ഏക്കറില്‍ പതിവുപോലെയുള്ളതും ചെയ്യുക. ഒരു വര്‍ഷത്തേയ്ക്കുകൂടി ഇത് തന്നെ പരീക്ഷിക്കുക. ഇത് പ്രയോജനകരമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക്  2 ഏക്കറില്‍ മുഴുവനിലും ജൈവകൃഷിയിലേക്ക് മാറാം. ഇത് ചെലവ് കുറയ്ക്കുകയും നമ്മുടെ മണ്ണിന് പുതിയ ജീവരക്തം നല്‍കികൊണ്ട് നമ്മുടെ മാതൃഭൂമിയുടെ പുനരുജ്ജീവനത്തിന് കാരണമാവുകയും ചെയ്യും. വരാനിരിക്കുന്ന പല തലമുറകള്‍ക്കും വേണ്ടി നിങ്ങള്‍ ഒരു മഹത്തായ ജോലിയായിരിക്കും ചെയ്യുകയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഡിസംബര്‍ 16-ന് അമുല്‍ ഡയറി സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ ഒരു സമ്മേളനത്തെ എനിക്ക് അഭിസംബോധന ചെയ്യാനുണ്ട്. അവിടെ ജൈവകൃഷിയെക്കുറിച്ച് ഞാന്‍ വിശദമായി ചര്‍ച്ച ചെയ്യും. ജൈവകൃഷി എന്താണെന്ന് മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും അംഗീകരിക്കുകയും മാ ഉമിയയുടെ അനുഗ്രഹത്തോടെ അതിനെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യണമെന്ന് ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഒരേയൊരു ആശങ്ക സബ്ക പ്രയാസ് (എല്ലാവരുടെയും പരിശ്രമം) ആണ്. ”സബ്ക സാത്ത് (എല്ലാവര്‍ക്കുമൊപ്പം), സബ്ക വികാസ് (എല്ലാവരുടെയും വികസനം), സബ്ക വിശ്വാസ് (എല്ലാവരുടെയും വിശ്വാസം), ഇപ്പോള്‍, സബ്ക പ്രയാസ് (എല്ലാവരുടെയും പരിശ്രമം)”.
അതുപോലെ, പ്രത്യേകിച്ച് ബനസ്‌കന്തയില്‍ വിളകളുടെ രീതിയിലും ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി നിങ്ങള്‍ നിരീക്ഷിച്ചിരിക്കണം. നിരവധി പുതിയ കാര്‍ഷിക വിളകള്‍ സ്വീകരിച്ചു. കച്ച് ജില്ല നോക്കൂ. കച്ചില്‍ വെള്ളം ലഭിക്കുകയും ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കച്ചിലെ പഴങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. നമുക്കും ഇത് ചെയ്യാനാകും. നാം അതിനെ കുറിച്ച് ചിന്തിക്കണം. അതിനാല്‍, ഇന്ന് നിങ്ങളെല്ലാവരും മാ ഉമിയയുടെ സേവനത്തില്‍ നിരവധി ദൗത്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിക്കുന്നു; നമ്മള്‍ മാ ഉമിയയെ സ്വര്‍ഗ്ഗീയ സാമ്രാജ്യത്തിനായി ആരാധിക്കുന്നുവെന്നത് ഒരു വസ്തുതയാണ്; എന്നിരുന്നാലും, നിങ്ങള്‍ ഈ സേവനത്തെ മാ ഉമിയയോടുള്ള ഭക്തിയുമായി ബന്ധപ്പെടുത്തുകയാണ്; അതിനാല്‍, സ്വര്‍ഗ്ഗീയ മണ്ഡലത്തോടുള്ള പരിഗണനയ്‌ക്കൊപ്പം, ഈ ലോകത്തെക്കുറിച്ചും നിങ്ങള്‍ ആശങ്കപ്പെടണം
മാ ഉമിയയുടെ അനുഗ്രഹത്തോടും ഇന്നത്തെ തലമുറയെ കഴിവുള്ളവരാക്കാനും അവരുടെ ജീവിതം സമ്പന്നമാക്കാനും ഇന്ന് ആരംഭിക്കുന്ന പുതിയ പരിശ്രമങ്ങളും പദ്ധതികളും തീര്‍ച്ചയായും ഗുജറാത്തിന്റെയും അതോടൊപ്പം രാജ്യത്തിന്റെയും വികസനത്തിന് ശ്രദ്ധേയമായ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
രാഷ്ട്രം ”ആസാദി കാ അമൃത് മഹോത്സവവും” (സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം) അതോടൊപ്പം മാ ഉമിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണവും ആഘോഷിക്കുന്ന വേളയില്‍, നാമെല്ലാവരും ഒരുമിച്ച് ഒരുപാട് പുതിയ പ്രതിജ്ഞകളുമായി മുന്നോട്ട് പോകേണ്ടതുണ്ട്.
ഒരിക്കല്‍ കൂടി, നിങ്ങള്‍ ഓരോരുത്തര്‍ക്കും നിരവധി അഭിനന്ദനങ്ങള്‍. വ്യക്തിപരമായി കണ്ടുമുട്ടാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം, പ്രവര്‍ത്തിയുടെ പുരോഗതിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യും. എല്ലാവരെയും കാണാം.

ജയ് ഉമിയാ മാ.