Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ മാ ഉമിയ ധാം വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഗുജറാത്തിലെ മാ ഉമിയ ധാം വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഗുജറാത്തിലെ ഉമിയ മാതാ ധാം ക്ഷേത്രവും ക്ഷേത്ര പരിസരവും ഉള്‍പ്പെടുന്ന മാ ഉമിയ ധാം വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചു.

എല്ലാവരുടെയും പ്രയത്‌നത്താല്‍ ഈ മംഗളകരമായ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്നതിനാല്‍ ”സബ്കപ്രയാസ്” എന്ന ആശയത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളെ സേവിക്കുന്നത് ഏറ്റവും വലിയ ആരാധനയായതിനാല്‍ ആത്മീയ ലക്ഷ്യത്തോടെയും സാമൂഹിക സേവന ലക്ഷ്യത്തോടെയുമാണ് ഭക്തര്‍ സംരംഭത്തില്‍ പങ്കെടുക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംഘടനയുടെ എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ ഘടകം ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. ”നമ്മുടെ പഴയ കാലത്ത്, വൈദഗ്ദ്ധ്യം പൈതൃകമായി അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള ഘടനയാണ് കുടുംബങ്ങള്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ സാമൂഹിക ഇഴകള്‍ വളരെയധികം മാറിയിരിക്കുന്നു, അതിനാല്‍ അതിനാവശ്യമായ സംവിധാനം സജ്ജീകരിച്ചുകൊണ്ട് നമുക്ക് ഇത് ചെയ്യേണ്ടിവരും”, അദ്ദേഹം പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (പെണ്‍കുട്ടികളെ സംരക്ഷിക്കുക, പെണ്‍കുട്ടികളെ  പഠിപ്പിക്കുക ) പ്രചാരണ വേളയിലുള്ള തന്റെ ഉന്‍ജാ സന്ദര്‍ശനത്തെ ശ്രീ മോദി അനുസ്മരിച്ചു. സ്ത്രീ ജനനനിരക്കിലെ കുത്തനെയുള്ള ഇടിവ് ഒരു കളങ്കമാണെന്ന് ആ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. വെല്ലുവിളി സ്വീകരിച്ചതിനും, ക്രമേണ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികള്‍ക്ക് തുല്യമാകുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരുന്നതിനും അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. അതുപോലെ, മേഖലയിലെ വെള്ളത്തിന്റെ സ്ഥിതി കൈകാര്യം ചെയ്യുന്നതിലുള്ള മാ ഉമിയയുടെ അനുഗ്രഹവും ഭക്തരുടെ പങ്കാളിത്തവും അദ്ദേഹം അനുസ്മരിച്ചു. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം വലിയ രീതിയില്‍ സ്വീകരിച്ചതിന് അദ്ദേഹം അവരോട് നന്ദി പറഞ്ഞു.
മാ ഉമിയ ആത്മീയ വഴികാട്ടിയാണെങ്കില്‍ നമ്മുടെ ഭൂമി നമ്മുടെ ജീവിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മേഖലയില്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്വീകരിച്ചതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. വടക്കന്‍ ഗുജറാത്ത് മേഖലയിലെ ജനങ്ങളോട് ജൈവകൃഷിയിലേക്ക് മാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജൈവകൃഷിയെ സീറോ ബജറ്റ് ഫാമിംഗ് എന്നും വിളിക്കാം. ”ശരി, എന്റെ അഭ്യര്‍ത്ഥന നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് തോന്നുന്നില്ലെങ്കില്‍, ഞാന്‍ ഒരു ബദല്‍ നിര്‍ദ്ദേശിക്കാം. നിങ്ങള്‍ക്ക് 2 ഏക്കര്‍ കൃഷിയിടമുണ്ടെങ്കില്‍, കുറഞ്ഞത് 1 ഏക്കറിലെങ്കിലും ജൈവകൃഷി ചെയ്യാന്‍ ശ്രമിക്കുക, ബാക്കിയുള്ള 1 ഏക്കറില്‍, പതിവുപോലെയുള്ള കൃഷി ചെയ്യുക. . ഒരു വര്‍ഷത്തേക്ക് കൂടി ഇത് തന്നെ പരീക്ഷിക്കുക. ഇത് ഗുണകരമാണെന്ന് തോന്നുകയാണെങ്കില്‍, നിങ്ങള്‍ക്ക് 2 ഏക്കര്‍ മുഴുവനിലും ജൈവകൃഷിയിലേക്ക് മാറാം. ഇത് ചെലവ് ലാഭിക്കുകയും നമ്മുടെ ഭൂമിയുടെ പുനരുജ്ജീവനത്തിന് കാരണമാവുകയും ചെയ്യും”, അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഡിസംബര്‍ 16ന് നടക്കുന്ന ജൈവകൃഷി പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം അവരെ ക്ഷണിച്ചു. പുതിയ കൃഷിരീതികളും വിളകളും സ്വീകരിക്കാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.