Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ഭവ്‌നഗറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ ഭവ്‌നഗറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഭാവ്‌നഗറിലെ എല്ലാ ജനങ്ങള്‍ക്കും നവരാത്രി ആശംസകള്‍ നേരുന്നു! ഇവിടെ വന്നിട്ട് ഏറെ ആയി. ഇത്രയും വലിയ ഇടവേള എടുത്തതിന് ആദ്യമായി ഭാവ്‌നഗറിനോട് മാപ്പ് പറയണം. ഇതാദ്യമായാണ് ഇത് സംഭവിക്കുന്നത്. എനിക്ക് മുമ്പ് വരാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ എന്നില്‍ വര്‍ഷിച്ച അനുഗ്രഹങ്ങളും നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹവും ഞാന്‍ ഒരിക്കലും മറക്കില്ല. ദൂരെനിന്നും, അതും ഒരു ചുട്ടുപൊള്ളുന്ന ദിവസത്തില്‍, ഇത്രയധികം ആളുകളെ എനിക്ക് കാണാന്‍ കഴിയുന്നു. നിങ്ങളെ എല്ലാവരെയും ഞാന്‍ നമിക്കുന്നു.

ഭാവ്നഗറിലെ ഇന്നത്തെ ഈ കൂടിക്കാഴ്ച സവിശേഷമാണ്. ഒരു വശത്ത്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഭാവ്നഗര്‍ അതിന്റെ സ്ഥാപക ദിനത്തിന്റെ 300 വര്‍ഷം ഇക്കൊല്ലം പൂര്‍ത്തിയാക്കാന്‍ പോകുന്നു. 300 വര്‍ഷത്തെ ഈ യാത്രയില്‍, സൗരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനം എന്നതിലുപരി, ഭാവ്‌നഗര്‍ അതിന്റെ സ്ഥിരമായ വളര്‍ച്ചയും അടയാളപ്പെടുത്തി. ഈ വികസനയാത്രക്ക് പുതിയ മാനം നല്‍കാന്‍ കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തിരിക്കുന്നു. ഈ പദ്ധതികള്‍ ഭാവ്നഗറിന്റെ സ്വത്വത്തെ ശാക്തീകരിക്കുകയും സൗരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ജലസേചനത്തിന്റെ ഒരു പുതിയ സമ്മാനം നല്‍കുകയും ‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രചരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. റീജിയണല്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതോടെ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും നഗരമെന്ന നിലയില്‍ ഭാവ്നഗറിന്റെ സ്വത്വം കൂടുതല്‍ സമ്പന്നമാകും. ഈ പദ്ധതികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍.

സഹോദരീ സഹോദരന്‍മാരേ,
ഭാവ്നഗറില്‍ വരുമ്പോഴെല്ലാം ഞാന്‍ ഒരു കാര്യം ഊന്നിപ്പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി സൂററ്റിലും വഡോദരയിലും അഹമ്മദാബാദിലും ഉണ്ടായിട്ടുള്ളതു തന്നെ ഇപ്പോള്‍ രാജ്കോട്ടിലും ജാംനഗറിലും ഭാവ്നഗറിലും ആവര്‍ത്തിക്കാന്‍ പോകുന്നു. വ്യവസായം, കൃഷി, വിനോദസഞ്ചാരം എന്നിവയ്ക്ക് അഭൂതപൂര്‍വമായ സാധ്യതയുള്ളതിനാല്‍ സൗരാഷ്ട്രയുടെ അഭിവൃദ്ധിയില്‍ എനിക്ക് ശക്തമായ വിശ്വാസമുണ്ട്. ഈ ദിശയില്‍ അതിവേഗം നീങ്ങുന്ന ഇരട്ട എന്‍ജിനോടു കൂടിയ ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ജീവിക്കുന്ന തെളിവാണ് ഇന്നത്തെ പരിപാടി. കടല്‍ത്തീരത്താണ് ഭാവ്നഗര്‍ ജില്ല സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും നീളം കൂടിയ തീരപ്രദേശമാണ് ഗുജറാത്ത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നിരവധി പതിറ്റാണ്ടുകളായി തീരദേശ വികസനത്തില്‍ ശ്രദ്ധയില്ലായ്മ കാരണം ഈ വിശാലമായ തീരപ്രദേശം ജനങ്ങള്‍ക്ക് ഒരുതരം വലിയ വെല്ലുവിളിയായി മാറിയിരുന്നു. കടലിലെ ഉപ്പുവെള്ളം ഈ നാടിന് ശാപമായിരുന്നു. കടല്‍ത്തീരത്തെ ഗ്രാമങ്ങള്‍ വിജനമായി. ആളുകള്‍ മറ്റ് നഗരങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. സൂറത്തിലേക്ക് പോകുന്ന യുവാക്കള്‍ 10-15-20 ആള്‍ക്കാരുമായി ഒരു മുറി പങ്കിടാന്‍ നിര്‍ബന്ധിതരായി. വളരെ ദയനീയമായ അവസ്ഥയായിരുന്നു അത്.

സുഹൃത്തുക്കളെ,
ഗുജറാത്തിന്റെ തീരപ്രദേശത്തെ ഇന്ത്യയുടെ സമൃദ്ധിയുടെ കവാടമാക്കി മാറ്റാന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാം ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഗുജറാത്തിലെ നിരവധി തുറമുഖങ്ങള്‍ നാം വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു. ഗുജറാത്തില്‍ ഇന്ന് മൂന്ന് പ്രധാന എല്‍എന്‍ജി ടെര്‍മിനലുകളും പെട്രോകെമിക്കല്‍ ഹബ്ബുകളുമുണ്ട്. ആദ്യത്തെ എല്‍എന്‍ജി ടെര്‍മിനല്‍ നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ നൂറുകണക്കിന് തീരദേശ വ്യവസായങ്ങളും ചെറുതും വലുതുമായ നിരവധി വ്യവസായങ്ങളും നാം വികസിപ്പിച്ചെടുത്തു. വ്യവസായങ്ങളുടെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റുന്നതിനായി നാം കല്‍ക്കരി ടെര്‍മിനലുകളുടെ ഒരു ശൃംഖലയും സൃഷ്ടിച്ചു. ഇന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ഗുജറാത്തിലേക്കു മാത്രമല്ല, രാജ്യത്തെ പല സംസ്ഥാനങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്ന നിരവധി വൈദ്യുത നിലയങ്ങളുണ്ട്.

മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി നാം മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിച്ചു, മത്സ്യ വായ്പാ കേന്ദ്രങ്ങളും മത്സ്യ സംസ്‌കരണവും പ്രോത്സാഹിപ്പിച്ചു. നാം നിര്‍മ്മിച്ച മത്സ്യബന്ധന തുറമുഖങ്ങളുടെ ശക്തമായ ശൃംഖല തുടര്‍ച്ചയായി വികസിപ്പിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു. ഗുജറാത്തിന്റെ തീരപ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ വികസിപ്പിച്ച് തീരദേശ ആവാസവ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതവും ശക്തവുമാക്കിയിട്ടുണ്ട്. കണ്ടല്‍ക്കാടുകള്‍ എങ്ങനെ വികസിപ്പിക്കാമെന്ന് ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങള്‍ ഗുജറാത്തില്‍ നിന്ന് പഠിക്കണമെന്ന് അന്നത്തെ കേന്ദ്ര മന്ത്രി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സഹകരണം കൊണ്ടാണ് ഗുജറാത്തില്‍ ഇത് സാധ്യമായത്.

നാം തുടര്‍ച്ചയായി മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കടല്‍പ്പായല്‍ കൃഷിക്ക് വലിയ ശ്രമങ്ങള്‍ നടത്തിയ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇന്ന്, ഗുജറാത്തിന്റെ തീരപ്രദേശം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മാധ്യമമായി മാറിയിരിക്കുന്നു. കൂടാതെ രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും വലിയ പങ്ക് വഹിക്കുന്നു. ഇന്ന്, ഗുജറാത്തിന്റെ തീരപ്രദേശം പുനരുപയോഗ ഊര്‍ജത്തിന്റെയും ഹൈഡ്രജന്‍ ആവാസവ്യവസ്ഥയുടെയും പര്യായമായി ഉയര്‍ന്നുവരുന്നു. സൗരാഷ്ട്രയെ ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രമാക്കാനും നാം ശ്രമിച്ചിട്ടുണ്ട്. ഗുജറാത്തിന്റെയും രാജ്യത്തിന്റെയും ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഏറ്റവും വലിയ കേന്ദ്രമായി ഈ പ്രദേശം മാറുകയാണ്. ഇപ്പോള്‍ ഈ മേഖലയില്‍ സൗരോര്‍ജ്ജത്തിന്റെ നിരവധി പദ്ധതികള്‍ സ്ഥാപിക്കുന്നുണ്ട്. ഇന്ന് പാലിത്താനയില്‍ ഉദ്ഘാടനം ചെയ്ത സൗരോര്‍ജ പദ്ധതി ഈ മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്കു മതിയായ അളവു വൈദ്യുതി ലഭ്യമാക്കും. അത്താഴസമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ആളുകള്‍ ആഹ്ലാദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഗുജറാത്തില്‍. ഇന്ന് 20-22 വയസ്സ് പ്രായമുള്ള പലര്‍ക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ല. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍, അത്താഴസമയത്തെങ്കിലും വൈദ്യുതി ഉറപ്പാക്കണമെന്ന് ആദ്യ ദിവസം മുതല്‍ ആളുകള്‍ എന്നോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു. ആ ദയനീയ ദിനങ്ങളെല്ലാം ഇപ്പോള്‍ കടന്നുപോയി, സുഹൃത്തുക്കളേ.

ഇന്ന്, പുതിയ ബിസിനസ്സ് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ആവശ്യത്തിനു വൈദ്യുതി ലഭ്യമാണെന്നതിനാല്‍ വ്യവസായങ്ങളും ബിസിനസ്സുകളും അഭിവൃദ്ധി പ്രാപിക്കുന്നു. പുനരുപയോഗ ഊര്‍ജവും ബഹിരാകാശ, അര്‍ദ്ധചാലക വ്യവസായങ്ങള്‍ക്കായി ധോലേരയില്‍ നടത്തുന്ന നിക്ഷേപവും ഭാവ്നഗറിന് പ്രയോജനപ്പെടാന്‍ പോകുന്നു. ഭാവ്നഗറിന്റെ ഒരു അയല്‍ പ്രദേശം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ ഈ പ്രദേശം മുഴുവനും ഒപ്പം ധോലേരയും ഭാവ്നഗറും വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കുന്ന ദിവസം വിദൂരമല്ല.

സഹോദരീ സഹോദരന്മാരേ,
ഇന്ന് ഭാവ്‌നഗര്‍ തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി വികസിച്ചുകൊണ്ടിരിക്കുന്നു. ഈ തുറമുഖം രാജ്യത്തുടനീളമുള്ള വിവിധ വ്യവസായ മേഖലകളുമായി ബഹുതല കണക്റ്റിവിറ്റി ഉറപ്പാക്കും. ഈ തുറമുഖം ഗുഡ്സ് ട്രെയിനുകള്‍ക്കായി സ്ഥാപിക്കുന്ന പ്രത്യേക ട്രാക്കുമായി ബന്ധിപ്പിക്കുകയും മറ്റ് ഹൈവേകളുമായും റെയില്‍വേ ശൃംഖലകളുമായും മികച്ച കണക്റ്റിവിറ്റി ഉണ്ടായിരിക്കുകയും ചെയ്യും. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ ഈ കണക്റ്റിവിറ്റി പദ്ധതികള്‍ക്ക് പുതിയ ഊന്നല്‍ നല്‍കാന്‍ പോകുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ഈ ഭാവ്‌നഗര്‍ തുറമുഖം ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. വെയര്‍ഹൗസിംഗ്, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് വിപുലീകരിക്കാന്‍ പോകുന്നു. വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ്, കണ്ടെയ്നര്‍ നിര്‍മ്മാണം, ധോലേര പ്രത്യേക നിക്ഷേപ മേഖല തുടങ്ങിയ വലിയ പദ്ധതികള്‍ക്കും തുറമുഖം സഹായകമാകും. തല്‍ഫലമായി, ഇവിടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സ്വയം തൊഴില്‍ അവസരങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ കേന്ദ്രങ്ങളിലൊന്നാണ് അലങ്ങിനുള്ളത്. അലങ്ങിനെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പഴയ വാഹനങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക നിങ്ങള്‍ക്കാണ് എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാന്‍ പറയുന്നു. പൊളിക്കുന്നതു സംബന്ധിച്ച വൈദഗ്ധ്യവും വലിയ കപ്പലുകള്‍ പൊളിക്കാനുള്ള അറിവും അലങ്ങിനുണ്ടെന്നതാണ് കാരണം. അത്തരമൊരു സാഹചര്യത്തില്‍, കപ്പലുകള്‍ക്കൊപ്പം മറ്റ് ചെറുവാഹനങ്ങളും പൊളിക്കുന്ന ഒരു വലിയ കേന്ദ്രമായി ഇത് മാറും. വിദേശത്ത് നിന്ന് ചെറിയ വാഹനങ്ങള്‍ കൊണ്ടുവന്ന് ഇവിടെ പൊളിക്കാന്‍ തുടങ്ങുമെന്ന് ഭാവ്നഗറിലെ  എന്റെ മികച്ച സംരംഭകരെ ഓര്‍മ്മിപ്പിക്കേണ്ടതില്ല.

സുഹൃത്തുക്കളെ,
കപ്പലുകള്‍ പൊളിക്കുന്നതില്‍നിന്നു ലഭിക്കുന്ന ഇരുമ്പ് നിര്‍മ്മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കുന്നു. കണ്ടെയ്നറുകള്‍ക്കായി ഒരൊറ്റ രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് എങ്ങനെ ഒരു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അടുത്തിടെ നമ്മള്‍ കണ്ടു. ഭാവ്നഗറിന് ഇതൊരു പുതിയ അവസരവും വലിയ അവസരവുമാണ്. ഒരു വശത്ത്, ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് വര്‍ദ്ധിക്കുന്നു. മറുവശത്ത്, ലോകം വിശ്വസനീയമായ കണ്ടെയ്‌നര്‍ വിതരണക്കാരെ തിരയുന്നു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കണ്ടെയ്‌നറുകള്‍ ആവശ്യമാണ്. ഭാവ്നഗറില്‍ നിര്‍മിക്കുന്ന കണ്ടെയ്നറുകള്‍ സ്വാശ്രയ ഇന്ത്യക്ക് ഊര്‍ജം പകരുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കും.

സുഹൃത്തുക്കളെ,
മനസ്സില്‍ ജനങ്ങളോടുള്ള സേവന ബോധവും മാറ്റം സംബന്ധിച്ചുള്ള ഇച്ഛാശക്തിയുമുണ്ടെങ്കില്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും. സൂറത്തില്‍ നിന്ന് ഭാവ്നഗറിലേക്കുള്ള വാഹനങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. മണിക്കൂറുകളുടെ യാത്ര, റോഡപകടങ്ങള്‍, എല്ലാറ്റിനുമുപരിയായി പെട്രോളിന്റെയും ഡീസലിന്റെയും വില! ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സമ്മര്‍ദം കുറവാണ്, യാത്രാക്കൂലിയും സമയവും ലാഭിക്കുന്നു. നിരവധി തടസ്സങ്ങള്‍ക്കിടയിലും ഘോഘ-ദഹേജ് ഫെറി സര്‍വീസ് എന്ന സ്വപ്‌നം നാം യാഥാര്‍ഥ്യമാക്കി. ഘോഘ-ഹാസിറ റോ-റോ ഫെറി സര്‍വീസ് കാരണം സൗരാഷ്ട്രയും സൂറത്തും തമ്മിലുള്ള ദൂരം 400 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററില്‍ താഴെയായി കുറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തോളം യാത്രക്കാരാണ് ഈ സേവനം ഉപയോഗിച്ചത്. ഈ വര്‍ഷം മാത്രം 80,000 വാഹനങ്ങള്‍ക്കു യാത്രയ്ക്കു വഴിയൊരുക്കുകയും 40 ലക്ഷം ലിറ്റര്‍ പെട്രോളും ഡീസലും ലാഭിക്കുകയും ചെയ്തു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ധാരാളം പണം ലാഭിച്ചു. ഇന്ന് മുതല്‍ ഈ റൂട്ടില്‍ വലിയ കപ്പലുകള്‍ക്ക് പോലും വഴി തെളിഞ്ഞു.

സുഹൃത്തുക്കളെ,
ഈ മേഖലയിലെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വേണ്ടിയുള്ള ഈ മഹത്തായ സേവനം നിങ്ങള്‍ക്ക് മനസ്സിലാക്കാം. എന്നാല്‍ ഈ കാര്യങ്ങളെല്ലാം ഒരു ബഹളവും ഇല്ലാതെയും വമ്പന്‍ പരസ്യങ്ങള്‍ക്കായി പണം പാഴാക്കാതെയുമാണ് നടക്കുന്നത് സുഹൃത്തുക്കളെ. കാരണം, നമ്മുടെ പ്രചോദനവും ലക്ഷ്യവും ഒരിക്കലും അധികാരത്തിനായുള്ള പ്രലോഭനമായിരുന്നില്ല. ഞങ്ങള്‍ എല്ലായ്‌പ്പോഴും അധികാരത്തെ സേവനം ചെയ്യുന്നതിനുള്ള ഒരു മാധ്യമമായി കണക്കാക്കുന്നു. ഇത് ഞങ്ങളുടെ സേവന യജ്ഞമാണ്. ഈ സേവനമനോഭാവം കൊണ്ടാണ് ഞങ്ങള്‍ക്കു ലഭിക്കുന്ന സ്‌നേഹവും അനുഗ്രഹങ്ങളും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്.

സുഹൃത്തുക്കളെ,
ഞങ്ങളുടെ പ്രയത്നങ്ങള്‍ ഗതാഗതം സുഗമമാക്കുക മാത്രമല്ല, വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്തു. സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുമായി ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ലോത്തലില്‍ നിര്‍മ്മിക്കുന്ന മാരിടൈം മ്യൂസിയം ലോകപ്രശസ്തമാകാന്‍ പോകുന്നു എന്ന് നിങ്ങളില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. ഏകതാ പ്രതിമ പോലെ ലോത്തലിലെ മാരിടൈം മ്യൂസിയവും ഇതേ സവിശേഷമായിരിക്കും. അത് നമുക്ക് അഭിമാന പ്രശ്‌നമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖമായ ലോത്തല്‍ നമ്മുടെ ഗുജറാത്തിലെ മണ്ണിലാണ്, അത് നമ്മുടെ ഭാവ്‌നഗറിന്റെ അരികിലാണ്. ലോതല്‍ നമ്മുടെ പൈതൃകത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്, അതിനെ ലോകത്തിന്റെ മുഴുവന്‍ ടൂറിസം ഭൂപടത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ലോത്തലിനൊപ്പം, വേലവാദര്‍ നാഷണല്‍ പാര്‍ക്കിലെ ഇക്കോ ടൂറിസം സര്‍ക്യൂട്ടും ഭാവ്നഗറിന്, പ്രത്യേകിച്ച് ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും, ഗുണം ചെയ്യും.

സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സൗരാഷ്ട്രയിലെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം വളരെയധികം മാറിയിട്ടുണ്ട്. വിവരമില്ലായ്മ മൂലം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പലപ്പോഴും അപകടത്തിലായ ഒരു കാലമുണ്ടായിരുന്നു. ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വ്യത്യസ്ത ബട്ടണുകളുള്ള ചുവന്ന കുട്ട നല്‍കിയിരുന്നു. അപകടമുണ്ടായാല്‍ ബട്ടണില്‍ അമര്‍ത്തുന്നതോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫീസിലേക്ക് നേരിട്ട് അറിയിപ്പു ലഭിക്കുകയും ഉടനടി സഹായം ലഭിക്കുകയും ചെയ്യും. 2014 ന് ശേഷം ഞങ്ങള്‍ ഈ സേവനം രാജ്യമെമ്പാടും വ്യാപിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ബോട്ടുകള്‍ നവീകരിക്കുന്നതിന് നാം സബ്സിഡി നല്‍കുകയും കര്‍ഷകരെപ്പോലെ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

സുഹൃത്തുക്കളെ,
ഇന്ന്, സൗനി യോജന മൂലം സംഭവിക്കുന്ന മാറ്റം കാണുമ്പോള്‍ എനിക്ക് വളരെ സംതൃപ്തി തോന്നുന്നു. രാജ്കോട്ടില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതു ഞാന്‍ ഓര്‍ക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മോദി ജി പദ്ധതി പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങള്‍ എഴുതി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് മറക്കുമെന്നും എഴുതി. എന്നാല്‍ എല്ലാവര്‍ക്കും തെറ്റിയെന്നു ഞാന്‍ തെളിയിച്ചു. സൗനി യോജനയിലൂടെ നമ്മള്‍ വാഗ്ദാനം ചെയ്ത പ്രകാരം എല്ലായിടത്തും ഇന്ന് നര്‍മ്മദാ മാതാവിന്റെ ജലം എത്തുകയാണ്. വാക്കുകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരും സമൂഹത്തിന് വേണ്ടി ജീവിക്കുന്നവരുമാണ് ഞങ്ങള്‍.

സുഹൃത്തുക്കളെ,
സൗനി പദ്ധതിയുടെ ഒരു ഭാഗം ഉദ്ഘാടനം ചെയ്ത ഉടന്‍ മറുഭാഗത്തെ പണി ആരംഭിക്കും. ജോലി നിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ത്തന്നെ ഭാവ്നഗര്‍, അമ്റേലി ജില്ലകളിലെ പല അണക്കെട്ടുകള്‍ക്കും ഗുണകരമായിട്ടുണ്ട്. ഭാവ്നഗറിലെ ഗരിയാധര്‍, ജെസര്‍, മഹുവ താലൂക്കുകളിലെയും അമ്‌റേലി ജില്ലയിലെ റജുല, ഖംഭ താലൂക്കുകളിലെയും കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും. ഭാവ്നഗര്‍, ഗിര്‍ സോമനാഥ്, അമ്രേലി, ബോട്ടാഡ്, ജുനഗഡ്, രാജ്കോട്ട്, പോര്‍ബന്തര്‍ ജില്ലകളിലെ നൂറുകണക്കിന് ഗ്രാമങ്ങളിലും ഡസന്‍ കണക്കിന് നഗരങ്ങളിലും വെള്ളം എത്തിക്കുന്നതിനുള്ള മറ്റൊരു പദ്ധതി ഇന്ന് പുതുക്കിയിട്ടുണ്ട്.

സഹോദരീ സഹോദരന്‍മാരെ,
ദാരിദ്ര്യം തുടച്ചുനീക്കാനും വികസനത്തില്‍ പിന്നാക്കം പോയവരെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഇരട്ടത്താപ്പാണ് ഗവണ്‍മെന്റിന്റെ പ്രതിബദ്ധത. ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ക്ക് വിഭവങ്ങള്‍ ലഭിക്കുമ്പോള്‍, അത് അവരുടെ ജീവിതം മാറ്റിമറിക്കാന്‍ തുടങ്ങുന്നു. അവര്‍ രാവും പകലും കഠിനാധ്വാനം ചെയ്യുകയും ദാരിദ്ര്യത്തെ മറികടക്കുകയും ചെയ്യുന്നു. നാം പലപ്പോഴും ഗുജറാത്തില്‍ ഗരീബ് കല്യാണ്‍ മേളകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. അത്തരമൊരു പരിപാടിക്കിടെ, ഭാവ്നഗറിലെ ഒരു സഹോദരിക്ക് ഞാന്‍ ഒരു മുച്ചക്ര സൈക്കിള്‍ നല്‍കിയിരുന്നു. അവര്‍ ഒരു ദിവ്യാംഗ ആയിരുന്നു, അവര്‍ എന്നോട് എന്താണ് പറഞ്ഞത് എന്നറിയാമോ? ഭാവ്‌നഗറിലെയും ഗുജറാത്തികളിലെയും ജനങ്ങളുടെ ആത്മാവ് നോക്കൂ. ഞാന്‍ അത് വ്യക്തമായി ഓര്‍ക്കുന്നു. തനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെന്നും ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ വേണമെന്നും ആ സഹോദരി പറഞ്ഞു. ഇതാണ് എന്റെ ഗുജറാത്തിന്റെയും ഭാവ്‌നഗറിന്റെയും മാനസികാവസ്ഥ. ആ സഹോദരിയുടെ മനസ്സില്‍ ഉണ്ടായിരുന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത് സഹോദരങ്ങളെ. പാവപ്പെട്ടവരുടെ ഈ സ്വപ്നങ്ങളും ആഗ്രഹങ്ങളും എനിക്ക് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളോടെ ഈ ഊര്‍ജ്ജം തുടരട്ടെ, നിങ്ങളുടെ സ്‌നേഹം വളരട്ടെ. ഇവിടെ വരാന്‍ കുറച്ച് വര്‍ഷമെടുത്ത് വൈകിയാണ് വന്നതെങ്കിലും വെറുംകൈയോടെയല്ല വന്നത്. മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികകളെല്ലാം നല്‍കിയാണ് ഞാന്‍ വന്നത്. എന്തായാലും, ഭാവ്നഗറിന് എന്റെ മേല്‍ എല്ലാ അവകാശവുമുണ്ട്. നര്‍സീബാബയുടെ ‘ഗാന്തിയ’യും ദാസിന്റെ ‘പേഡ’യും ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. ‘ഗാന്തിയ’യെ കുറിച്ച് പറയുമ്പോള്‍ ഹരിസിംഗ് ദാദയെ ഓര്‍മ്മ വരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതെ വളരെ ചെറിയ പ്രവര്‍ത്തകനായിരുന്നപ്പോള്‍, ഹരിസിംഗ് ദാദയാണ് ‘ഗാന്തിയ’ എനിക്ക് പരിചയപ്പെടുത്തിയത്. അഹമ്മദാബാദില്‍ വരുമ്പോഴെല്ലാം അദ്ദേഹം എനിക്കായി ‘ഗാന്തിയ’ കൊണ്ടുവരുമായിരുന്നു. അദ്ദേഹം എനിക്കു കരുതല്‍ നല്‍കിയിരുന്നു. ഇന്ന് ഞാന്‍ ഭാവ്നഗറിലാണെങ്കിലും നവരാത്രി വ്രതങ്ങള്‍ നടക്കുന്നതിനാല്‍ പ്രയോജനമില്ല. പക്ഷേ, ഭാവ്‌നഗറിലെ ‘ഗാന്തിയ’ രാജ്യത്തും ലോകത്തും പ്രസിദ്ധമാണ്. അതൊരു ചെറിയ കാര്യമല്ല സുഹൃത്തുക്കളെ. ഇതാണ് ഭാവ്‌നഗറിന്റെ ശക്തി. സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിരവധി വികസന പദ്ധതികളുമായി എത്തിയിരിക്കുന്നു. ഈ പദ്ധതികള്‍ ഭാവ്നഗറിലെ യുവതലമുറയുടെ ഭാവി നിര്‍ണയിക്കും. ഈ പദ്ധതികള്‍ ഭാവ്‌നഗറിന്റെ ഭാവി ശോഭനമാക്കും. ഈ പദ്ധതികള്‍ ഭാവ്നഗറിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് തുടക്കമിടുമെസങ്കല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍, ഈ പദ്ധതികള്‍ സൗരാഷ്ട്രയ്ക്കും ഗുജറാത്തിനും രാജ്യത്തിനാകെയും ഗുണം ചെയ്യും. സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ ഇത്രയധികം പേരെത്തി എന്നില്‍ ചൊരിഞ്ഞ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നിങ്ങളോട് അഗാധമായ നന്ദിയുള്ളവനാണ്. രണ്ട് കൈകളും ഉയര്‍ത്തി, നിങ്ങളുടെ എല്ലാ കരുത്തോടുംകൂടി എന്നോടൊപ്പം ആവര്‍ത്തിക്കുക:
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വളരെയധികം നന്ദി.

ND