Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുള്ള വി.ബി.എസ്.വൈ ഗുണഭോക്താവായ ഐ.ടി.ഐ അംഗീകൃത കര്‍ഷകൻ ശ്രീ അല്‍പേഷ്ഭായ് ചന്ദുഭായ് നിസാമയുമായി പ്രധാനമന്ത്രി സംവദിച്ചു


വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് സംവദിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികളുടെ പ്രയോജനങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണ്ണത കൈവരിക്കുന്നതിനാണ് രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്നത്.

ഗുജറാത്തിലെ ബറൂച്ചില്‍ നിന്നുള്ള വി.ബി.എസ്.വൈ ഗുണഭോക്താവും ഐ.ടി.ഐ അംഗീകൃത കര്‍ഷകനും ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുള്ളയാളുമായ ശ്രീ അല്‍പേഷ്ഭായ് ചന്ദുഭായ് നിസാമയുമായി സംവദിച്ച പ്രധാനമന്ത്രി കാര്‍ഷിക മേഖലയില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ച് ആരാഞ്ഞു. ജോലി ഉപേക്ഷിച്ച് 40 ഏക്കറുള്ള തന്റെ തറവാട്ടുഭൂമിയില്‍ കര്‍ഷകനാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അല്‍പേഷ്ഭായ് മറുപടി നല്‍കി. സബ്‌സിഡി വിലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ആനുകൂല്യങ്ങള്‍ താന്‍ പ്രയോജനപ്പെടുത്തിയതായി അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഡ്രിപ്പ് ഇറിഗേഷന്‍ സാങ്കേതിവിദ്യകളില്‍ മൂന്ന് ലക്ഷം രൂപയുടെ സബ്‌സിഡി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നിങ്ങളുടെ പ്രായത്തില്‍ ലക്ഷം രൂപ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, നിങ്ങള്‍ ലക്ഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതാണ് മാറ്റം” പ്രധാനമന്ത്രി പറഞ്ഞു.

അല്‍പേഷ്ഭായിക്ക് ലഭിച്ച സബ്‌സിഡിയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഏറ്റവും പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക ഉപകരണങ്ങളെക്കുറിച്ചും തന്റെ സഹ കര്‍ഷകരെ ഉപദേശിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി) പദ്ധതികളുമായി 2008 മുതൽ തനിക്കുള്ള ബന്ധത്തെക്കുറിച്ച് ശ്രീ അല്‍പേഷ്ഭായ് സംസാരിച്ചു. അതുവഴിയാണ് മറ്റ് പ്രദേശങ്ങളിലെയും സംസ്ഥാനങ്ങളിലെയും കൃഷിരീതികളെക്കുറിച്ച് അറിവ് നേടിയതെന്നും വ്യക്തമാക്കി. ബറൂച്ചില്‍ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ആത്മയുടെ മികച്ച കര്‍ഷക അവാര്‍ഡ് തനിക്ക് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

പശ്ചാത്തലത്തില്‍ അദ്ദേഹത്തിൻ്റെ മകളുടെ ചിരിക്കുന്ന മുഖം ശ്രദ്ധിച്ച പ്രധാനമന്ത്രി അവളുമായി സംവദിക്കുകയും ‘ഭാരത് മാതാ കീ ജയ്’ എന്ന ഉരുവിടുന്നതിന് നേതൃത്വം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, മുഴുവന്‍ ജനക്കൂട്ടവും കരഘോഷം മുഴക്കിയത് പ്രധാനമന്ത്രിയെ അത്യധികം ആഹ്‌ളാദവാനാക്കി.

കൃഷിയിലേക്ക് തിരിയുന്ന യുവജനങ്ങള്‍ക്ക് ശ്രീ അല്‍പേഷ്ഭായിയെപ്പോലുള്ളവര്‍ പ്രചോദനമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പുതിയ ചിന്തകളും ഉപയോഗിച്ച് വയലുകള്‍ മുതല്‍ വിപണികള്‍ വരെ (ബീജ് സെ ബസാര്‍ തക്) മെച്ചപ്പെട്ട അന്തരീക്ഷം ലഭ്യമാക്കുമെന്ന് അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. ”വിദ്യാസമ്പന്നരായ യുവജനങ്ങളുടെ കൃഷിയിലേക്കുള്ള പ്രവേശനം ഈ ദൃഢനിശ്ചയത്തിന് കരുത്ത് പകരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിയില്‍ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധിക്കാന്‍ പ്രധാനമന്ത്രി കര്‍ഷകരെ സ് ചെയ്തു. അടുത്ത 5 ഗ്രാമങ്ങളില്‍ ‘മോദി കി ഗ്യാരന്റി’ വാഹനത്തിന്റെ ഗംഭീരമായ വരവേല്‍പ്പിന് തയ്യാറെടുക്കണമെന്നും ശ്രീ മോദി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

SK