Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ബനാസ്കാണ്ഠയിലെ ഥരാദിൽ 8000 കോടിയിലധികംരൂപയുടെ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു 

ഗുജറാത്തിലെ ബനാസ്കാണ്ഠയിലെ ഥരാദിൽ 8000 കോടിയിലധികംരൂപയുടെ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു 


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ബനാസ്കാണ്ഠയിലെ ഥരാദിൽ 8000 കോടിയിലധികംരൂപയുടെ പദ്ധതികൾക്കു തറക്കല്ലിട്ടു.

ഇന്നലെ മോർബിയിലുണ്ടായ ദുരന്തത്തിൽ നിരവധിപേർക്കു ജീവൻ നഷ്ടമായതിന്റെ ദുഃഖം ഗുജറാത്തിനെയും രാജ്യത്തെയാകെയും ബാധിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ദുഃഖകരമായ ഈ സന്ദർഭത്തിൽ നാമെല്ലാം അതിനിരയായവരുടെ കുടുംബത്തോടൊപ്പമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയും സംഘവും ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഇന്നലെ രാത്രി ഭൂപേന്ദ്രഭായ് കേവഡിയയിൽനിന്നു നേരിട്ടു മോർബിയിലെത്തി ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. അദ്ദേഹവുമായും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുമായും ഞാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എൻഡിആർഎഫ് സംഘവും സായുധസേനാംഗങ്ങളും എത്തിയിട്ടുണ്ട്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ അലംഭാവമേതുമുണ്ടാകില്ലെന്ന് അംബാജിയിൽനിന്നുള്ള ഗുജറാത്തിലെ ജനങ്ങൾക്കു ഞാൻ ഉറപ്പ് നൽകുന്നു”- അദ്ദേഹം പറഞ്ഞു. 

ഈ പരിപാടി റദ്ദാക്കണോ വേണ്ടയോ എന്നതിൽ തനിക്കു രണ്ടുമനസായിരുന്നെന്നും എന്നാൽ ബനാസ്കാണ്ഠയിലെ ജലവിതരണപദ്ധതികളുടെ പ്രാധാന്യവും ജനങ്ങളുടെ സ്നേഹവുമറിഞ്ഞ്, ധൈര്യം സംഭരിച്ച് 8000 കോടിയിലധ‌ികംരൂപയുടെ ഈ പദ്ധതികൾ ഉദ്ഘാടനംചെയ്യാൻ വരികയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ബനാസ്കാണ്ഠ, പാടൺ, മെഹ്‌സാന എന്നിവയുൾപ്പെടെ ആറിലധികം ജില്ലകളിലെ ജലസേചനസൗകര്യങ്ങൾക്ക് ഈ പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം മുൻകാലങ്ങളിൽ നേരിട്ട ദുഷ്കരമായ സമയങ്ങളെ അനുസ്മരിച്ച്, ഗുജറാത്തിലെ ജനങ്ങളുടെ അചഞ്ചലമായ ചൈതന്യമാണ് അവർക്കുള്ള ഏതു പ്രതിസന്ധിയെയും നേരിടാനുള്ള കരുത്തുനൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “ബനസ്കാണ്ഠ ഇതിന്റെ ജീവസുറ്റ ഉദാഹരണമാണ്”- ജില്ലയെ മാറ്റിമറിച്ച വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ശ്രീ മോദി പറഞ്ഞു. 

വടക്കൻ ഗുജറാത്തിലെ ആയിരക്കണക്കിനു ജില്ലകളിൽ ഫ്ലൂറൈഡ് കലർന്ന വെള്ളത്തിന്റെ പ്രശ്നമുണ്ടായ സാഹചര്യം അനുസ്മരിച്ച്, വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മേഖലയിലെ കാർഷികജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും ഭൂവുടമ ഭൂമി വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാങ്ങുന്നയാളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളതെന്ന് അദ്ദേഹം അറിയിച്ചു. “ഞാൻ നാടിന്റെ ‘സേവകൻ’ ആയിത്തീർന്ന കാലംമുതൽ, ഞങ്ങളുടെ ഗവണ്മെന്റാണ് ഈ പ്രദേശത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പൂർത്തീകരിക്കാൻ അങ്ങേയറ്റം അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു.  “ഞങ്ങൾ ജലസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെക്ക് ഡാമുകളും കുളങ്ങളും നിർമിച്ചു”- ശ്രീ മോദി പറഞ്ഞു. സുജലാം-സുഫലാം യോജന, വാസ്മോ യോജന, ജലസമിതികൾ എന്നിവ ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കച്ച് ഉൾപ്പെടെയുള്ള വടക്കൻ ഗുജറാത്ത് പ്രദേശം മുഴുവൻ തുള്ളിനനസംവിധാനവും ‘ഓരോതുള്ളിയിലും കൂടുതൽ വിള’ മാതൃകയുംകൊണ്ട് അഭിവൃദ്ധിപ്രാപിച്ചതിൽ സ്ത്രീകൾവഹിച്ച നിർണായകപങ്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ കൃഷി, തോട്ടക്കൃഷി, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇതുത്തേജനംപകർന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഒരുഭാഗത്തു നമുക്കു ബനാസ് ക്ഷീരോൽപ്പാദനശാലയുണ്ട്. മറുവശത്ത് 100 മെഗാവാട്ട് സൗരോർജപ്ലാന്റും. മേഖലയിലെ എല്ലാ വീട്ടിലും പൈപ്പിലൂടെ വെള്ളം എത്തിക്കുക എന്ന ലക്ഷ്യം ഞങ്ങൾ പൂർത്തിയാക്കി”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തുള്ളിനന സംവിധാനവും കണികാജലസേചന സാങ്കേതികവിദ്യകളും രാജ്യത്തിന്റെയാകെ ശ്രദ്ധ ബനാസ്കാണ്ഠയിലേക്കു കൊണ്ടുവന്നു. ലോകമെമ്പാടുമുള്ള അംഗീകാരത്തിന് ഇതു കാരണമാകുകയും ചെയ്തെന്നു ശ്രീ മോദി പറഞ്ഞു. വികസനചരിത്രത്തിൽ ബനാസ്കാണ്ഠ ഇന്നു തനതായ അധ്യായം രചിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബനാസ്കാണ്ഠയിലെ 4 ലക്ഷം ഹെക്ടർ ഭൂമി തുള്ളിനന-കണികാജലസേചനം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതു ജലനിരപ്പിൽ അധികം ഇടിവുവരാതിരിക്കാൻ കാരണമായെന്നും അദ്ദേഹം അറിയിച്ചു. “ഇതു നിങ്ങൾക്കു പ്രയോജനപ്പെടുക മാത്രമല്ല, ഭാവിതലമുറയുടെ ജീവിതം സുരക്ഷിതമാക്കുകയുംചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. സുജലാം-സുഫലാം യോജനയെക്കുറിച്ചുപറയവേ, തങ്ങളുടെ പരിശ്രമവും അർപ്പണബോധവുംകൊണ്ട് വിമർശകരെ നിശബ്ദരാക്കുകയും സുജലാം-സുഫലാം യോജന വൻ വിജയമാക്കുകയുംചെയ്ത മേഖലയിലെ ജനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

കഴിഞ്ഞ 19-20 വർഷങ്ങളിലെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ്, സുജലാം-സുഫലാം പദ്ധതിക്കുകീഴിൽ നൂറുകണക്കിനു കിലോമീറ്റർ നീളത്തിൽ റീചാർജ് കനാലുകൾ നിർമിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പൈപ്പ്‌ലൈൻ സ്ഥാപിച്ചതും ഭൂഗർഭജലത്തിന്റെ തോതു വർധിച്ചതും ഗ്രാമത്തിലെ കുളങ്ങൾ പുനരുജ്ജീവിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമാണത്തിനൊരുങ്ങുന്ന രണ്ടു പൈപ്പ്‌ലൈനുകൾ ഗ്രാമങ്ങളിലെ ആയിരത്തിലധികം കുളങ്ങൾക്കു പ്രയോജനംചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുക്തേശ്വർ അണക്കെട്ടിലേക്കും കർമാവത് തടാകത്തിലേക്കും പൈപ്പ്‌ലൈൻ നീട്ടുന്നുണ്ടെന്നും ഉയരംകൂടിയ സ്ഥലങ്ങളിൽ വൈദ്യുതപമ്പുകൾ ഉപയോഗിച്ചു വെള്ളം ഉയർത്തുന്നുണ്ടെന്നും പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഥരാദ്, വാവ്, സുയ‌ിഗാം  താലൂക്കുകളിലെ ഡസൻകണക്കിനു ഗ്രാമങ്ങൾക്കു പ്രയോജനംചെയ്യുന്ന വിതരണക്കനാൽ നർമദയിലെ പ്രധാന കനാലിൽനിന്നു നിർമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “പാടൺ, ബനാസ്കാണ്ഠ എന്നിവിടങ്ങളിലെ 6 താലൂക്കുകളിലെ നിരവധി ഗ്രാമങ്ങൾക്കും കസറ-ദാന്തിവാഡ പൈപ്പ്‌ലൈനിന്റെ പ്രയോജനം ലഭിക്കും. നർമദാനദിയിൽനിന്നുള്ള വെള്ളം മുക്തേശ്വർ അണക്കെട്ടിലേക്കും കർമാവത് തടാകത്തിലേക്കും വരുംകാലങ്ങളിൽ എത്തും. ബനാസ്കാണ്ഠയിലെ വഡ്ഗാം, പാടണിലെ സിദ്ധ്പുർ, മെഹ്സാനയിലെ ഖെരാലു താലൂക്ക് എന്നിവയ്ക്ക് ഇതു ഗുണംചെയ്യും”- പ്രധാനമന്ത്രി പറഞ്ഞു. 

“ആർക്കെങ്കിലും വെള്ളം നൽകുന്നതു പുണ്യമായ പ്രവൃത്തിയായാണു കണക്കാക്കപ്പെടുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. “ജലം ലഭിക്കുന്നവൻ അമൃതത്തിന്റെ വാഹകനാണ്. ആ അമൃതം ഒരാളെ അജയ്യനാക്കുന്നു. ജനങ്ങൾ ആ വ്യക്തിക്ക് അവരുടെ അനുഗ്രഹങ്ങൾ നൽകുന്നു. അതാണു നമ്മുടെ ജീവിതത്തിലെ ജലത്തിന്റെ പ്രാധാന്യം”. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലേക്കു വെളിച്ചംവീശി, കാർഷിക-മൃഗസംരക്ഷണമേഖലകളിലെ പുതിയ സാധ്യതകളുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയുടെ വർധിച്ച ഫലഭൂയിഷ്ഠതയാൽ അഭിവൃദ്ധിപ്രാപിക്കുന്ന ഭക്ഷ്യ-സംസ്കരണ വ്യവസായത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് ഉരുളക്കിഴങ്ങു സംസ്കരണപ്ലാന്റിന്റെ തറക്കല്ലിട്ടതും ശ്രീ മോദി അനുസ്മരിച്ചു. “ഭക്ഷ്യസംസ്കരണവ്യവസായത്തിന്റെ വ്യാപ്തി കേന്ദ്രഗവണ്മെന്റ് വിപുലീകരിക്കുകയാണ്. കർഷകർ ഉൽപ്പാദക യൂണിയനുകളെയും സഖിമണ്ഡലങ്ങളെയും ഈ മേഖലയുമായി ബന്ധിപ്പിക്കുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ശീതസംഭരണപ്ലാന്റോ ഭക്ഷ്യസംസ്കരണപ്ലാന്റോ നിർമിക്കുന്നതിനു കോടിക്കണക്കിനു രൂപയാണു ഗവണ്മെന്റ് ഈ സ്ഥാപനങ്ങൾക്കു നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. കർഷകൻ മാതളമരത്തിന്റെ ഉടമ മാത്രമല്ല, പഴച്ചാർ നിർമാണയൂണിറ്റിലും പങ്കാളിയാണെന്ന കാഴ്ചപ്പാടോടെയാണു നാം മുന്നോട്ടുപോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പഴങ്ങളും പച്ചക്കറികളും മുതൽ അച്ചാറുകൾ, പഴസത്തുകൾ, ചട്ണികൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സഖിമണ്ഡലങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായം കൂടുതൽ വികസിപ്പിക്കുന്നതിനായി സഖിമണ്ഡലങ്ങൾക്കു ലഭ്യമാകുന്ന ബാങ്ക് വായ്പയുടെ പരിധി ഗവണ്മെന്റ് ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഗിരിവർഗമേഖലകളിൽ വൻധൻ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അതിലൂടെ ഗിരിവർഗസ്ത്രീകളുടെ സഖിമണ്ഡലിനു വനവിഭവങ്ങളിൽനിന്നു മികച്ച ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിയും”- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കർഷകർക്കു വലിയ നേട്ടമുണ്ടാക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. കർഷകരിലെ ആശയക്കുഴപ്പം ഇല്ലാതാക്കി, കർഷകർക്കുള്ള രാസവളങ്ങൾക്കായി അഖിലേന്ത്യാതലത്തിൽ പൊതു ബ്രാൻഡ് നാമമായ ‘ഭാരത്’ പുറത്തിറക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അന്താരാഷ്ട്ര വില 2000 രൂപയിലധികം ഉള്ളപ്പോഴും യൂറിയയുടെ ചാക്ക് 260 രൂപയ്ക്കു കർഷകർക്കു ലഭ്യമാക്കുകയാണു ഗവണ്മെന്റ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. അതുപോലെ, ബനാസ് ക്ഷീരോൽപ്പാദനശാലയുടെ പാദമുദ്രകൾ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഒഡിഷ, ആന്ധ്രാപ്രദേശ്, ‌ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്കും വ്യാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഗോബർധൻ, ജൈവ ഇന്ധനം തുടങ്ങിയ പദ്ധതികൾ കന്നുകാലികളിൽനിന്നുള്ള പ്രയോജനം വർധിപ്പിക്കുന്നു. “ക്ഷീരമേഖലയെ ശക്തിപ്പെടുത്താൻ ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്തിന്റെ സുരക്ഷയിൽ ബനാസ്കാണ്ഠപോലുള്ള പ്രദേശങ്ങളുടെ വർധിച്ചുവരുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഡീസയിലെ വ്യോമസേനാ വിമാനത്താവളവും നഡാബേട്ടിലെ ‘സീമ-ദർശനും’ ഈ മേഖലയിലെ ജീവിതനിലവാരമുയർത്തുന്നു. അതിർത്തിജില്ലയിൽ എൻസിസിയുടെ വിപുലീകരണത്തെക്കുറിച്ചും വൈബ്രന്റ് ബോർഡർ വില്ലേജ് പരിപാടിക്കുകീഴിൽ അതിർത്തിഗ്രാമങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 

കച്ച് ഭൂകമ്പത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായുള്ള സ്മൃതിവനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്മാരകം സന്ദർശിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കണമെന്നു ജനങ്ങളോടും ബനാസ് ക്ഷീരോൽപ്പാദനശാല അധികൃതരോടും അഭ്യർഥിച്ചു. “രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന, ഗുജറാത്തിന്റെ അഭിമാനം വർധിപ്പിക്കുന്ന അത്തരം ഓരോ പ്രവൃത്തിയും ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ്. ‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്നിവയിലാണു ഞങ്ങളുടെ ശക്തി”- അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റംഗങ്ങളായ പ്രഭാത്ഭായ് പട്ടേൽ, ഭരത്സിങ് ധാബി, ദിനേശ്ഭായ് അനവൈദ്യ, ഗുജറാത്ത് മന്ത്രി ഋഷികേശ് പട്ടേൽ, ജിതുഭായ് ചൗധരി, കിരിത്‌സിൻഹ് വഘേല, ഗജേന്ദ്രസിങ് പർമാർ എന്നിവർ പങ്കെടുത്തു. 

പശ്ചാത്തലം :

പ്രധാനമന്ത്രി നരേന്ദ്രമോദി ബനാസ്കാണ്ഠയിലെ ഥരാദ് സന്ദർശിക്കുകയും 8000 കോടിയിലധികം രൂപയുടെ ജലവിതരണപദ്ധതികളുടെ പ്രവൃത്തികൾക്കു തുടക്കംകുറിക്കുകയും ചെയ്തു. 1560 കോടിരൂപ ചെലവുവരുന്ന, പ്രധാനപ്പെട്ട നർമദ കനാലിൽനിന്നു കസറമുതൽ ദാന്തിവാഡവരെയുള്ള പൈപ്പ്‌ലൈനുൾപ്പെടെ, നിരവധി പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതി ജലവിതരണം വർധിപ്പിക്കുകയും മേഖലയിലെ കർഷകർക്കു പ്രയോജനപ്പെടുകയും ചെയ്യും. സുജലാം സുഫലാം കനാൽ ബലപ്പെടുത്തൽ, മൊഢേര-മോടീ ദൗ പൈപ്പ്‌ലൈൻ മുക്തേശ്വർ അണക്കെട്ട്-കർമാവത് തടാകത്തിലേക്കു നീട്ടൽ, സാന്തൽപുർ താലൂക്കിലെ 11 ഗ്രാമങ്ങൾക്കുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങി നിരവധി പദ്ധതികളുടെ പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി.

–ND– 

 

*****