Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉന്നതതല യോഗത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉന്നതതല യോഗത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി


ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗവും നടന്നു. മുഖ്യമന്ത്രി വിജയ് രൂപാനി, മുതിര്‍ന്ന മന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും ദുരന്തനിവാരണ ഏജന്‍സികളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശനഷ്ടത്തെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചു പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിടുള്ള ഇന്ത്യന്‍ വ്യോമസേന ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് അടിയന്തര സഹായമെത്തിക്കാന്‍ പരമാവധി യത്‌നിക്കണെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും പ്രസക്തി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്ന് ഓര്‍മിപ്പിച്ചു.

കാര്‍ഷിക വിള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വത്തുക്കള്‍ക്കും കൃഷിക്കും സംഭവിച്ചിട്ടുള്ള നാശനഷ്ടം വിലയിരുത്തി അര്‍ഹമായ തുക ലഭ്യമാക്കാന്‍ അതിവേഗം നടപടി കൈക്കൊള്ളുകവഴി ജനങ്ങള്‍ക്കു സഹായം ഉടന്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജലവിതരണം, വൈദ്യുതി, വാര്‍ത്താവിനിമയ ഉപാധികള്‍ എന്നിവ എത്രയും പെട്ടെന്നു പുനഃസ്ഥാപിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

തകര്‍ന്ന റോഡുകള്‍ നന്നാക്കാനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും ആരോഗ്യകാര്യങ്ങളില്‍ സഹായം നല്‍കാനും പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരാഴ്ചയായി ഗുജറാത്തില്‍ കനത്ത മഴ പെയ്യുകയാണെന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍വെച്ചു പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നാളെ മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഗ്രാമ, നഗര പ്രദേശങ്ങളില്‍ ഉണ്ടായിട്ടുള്ള നഷ്ടം കണക്കാക്കുമെന്നും പരിഹാരമായി ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രളയദുരിതങ്ങളെ നേരിടുന്നതിനു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന ഗവണ്‍മെന്റിനെയും മറ്റെല്ലാ ഏജന്‍സികളെയും അദ്ദേഹം അഭിനന്ദിച്ചു.

വെള്ളപ്പൊക്കത്തില്‍ മരിക്കാനിടയായവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എസ്.ഡി.എര്‍.എഫില്‍ പെടുത്തി 500 കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാനത്തിന് ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വെള്ളപ്പൊക്കം ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിച്ച് ഗുജറാത്തിലെ ജനതയും ഗവണ്‍മെന്റും കൂടുതല്‍ കരുത്തോടെ സജീവമാകുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബുദ്ധിമുട്ടുകളെ നേരിടാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര ഗവണ്‍മെന്റ് നിലകൊള്ളുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.