Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു


ഗുജറാത്തിലെ ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. നഗരവികസന വകുപ്പ്, ജലവിതരണ വകുപ്പ്, റോഡ്, ഗതാഗത വകുപ്പ്, ഖനി ധാതു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട  2450 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതികള്‍. പരിപാടിയില്‍ 1950 കോടി രൂപയുടെ പി.എംഎ.വൈ (ഗ്രാമ- നഗര) പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി, പദ്ധതി പ്രകാരം നിര്‍മ്മിച്ച 19,000 ത്തോളം വീടുകളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുകയും ചെയ്തു. വീഡിയോ ലിങ്ക് വഴി അദ്ദേഹം ഗുണഭോക്താക്കളുമായി സംവദിക്കുകയും ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം ഗുണഭോക്താക്കളെ അഭിനന്ദിച്ചു. രാഷ്ട്രനിര്‍മ്മാണം എന്നത് തനിക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മഹായാഗം ആണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കപ്പെട്ട ഗവണ്‍മെന്റിന്റെ കീഴിലുള്ള ഗുജറാത്തിന്റെ വികസനവേഗതയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. അടുത്ത കാലത്തായി അവതരിപ്പിച്ച 3 ലക്ഷം കോടി രൂപയുടെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ഗുജറാത്ത് ബജറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ‘നിര്‍ദ്ധനര്‍ക്ക് മുന്‍ഗണന’ എന്ന മനോഭാവത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ അദ്ദേഹം പ്രശംസിച്ചു.
25 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍, പ്രധാനമന്ത്രി മാതൃ വന്ദന പദ്ധതിയിലൂടെ 2 ലക്ഷം അമ്മമാര്‍ക്ക് സഹായം, 4 പുതിയ മെഡിക്കല്‍ കോളേജുകള്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് അടുത്തിടെ നടന്ന ചില മുന്‍കൈകളുടെ പട്ടികയും പ്രധാനമന്ത്രി ഉദാഹരിച്ചു. ഗുജറാത്തിലെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഇരട്ടി വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇത് കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ മുൻപൊന്നും ഉണ്ടായിട്ടില്ലാത്ത വികസനമാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അപൂര്‍വമായിരുന്ന ഒരു കാലഘട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. ആ നിരാശയില്‍ നിന്ന്  രാജ്യം കരകയറുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരിലേക്കും എത്താനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പരിപൂര്‍ണ്ണമായി 100 ശതമാനവും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ”നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ വികസനം ഒരു ദൃഢവിശ്വാസവും പ്രതിബദ്ധതയുമാണ്”, എല്ലാ ഗവണ്‍മെന്റ് പദ്ധതികളുടെയും പരിപൂര്‍ണ്ണതയ്ക്കായി ഗവണ്‍മെന്റ് പരിശ്രമിക്കുന്നുവെന്നതിന് അടിവരയിട്ടുകൊണ്ടും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റിന്റെ ഈ സമീപനം അഴിമതിക്കും വിവേചനത്തിനും അറുതി വരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ”വിവേചനം ഒട്ടും ഇല്ലാതിരിക്കുന്നതാണ് മതേതരത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം” സമൂഹത്തിലെ എല്ലാവരുടെയും പ്രയോജനത്തിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുമ്പോഴാണ് സാമൂഹികനീതി ഉണ്ടാകുന്നതെന്ന് വ്യക്തമാക്കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏകദേശം 32,000 വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയതായി അറിയിച്ച പ്രധാനമന്ത്രി, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് വളരെക്കുറിച്ച് മാത്രം ആശങ്കപ്പെടേണ്ടിവരുമ്പോള്‍ പാവപ്പെട്ടവരുടെ ആത്മവിശ്വാസത്തിന് വലിയ ഉത്തേജനം ലഭിക്കുമെന്നതിനും അടിവരയിട്ടു.

”പരാജയപ്പെട്ട നയങ്ങളുടെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലൂടെ രാജ്യത്തിന് അതിന്റെ വിധി മാറ്റാനും വികസിത രാഷ്ട്രമായി മാറാനും കഴിയില്ല,” നിലവിലെ ഗവണ്‍മെന്റിന്റേയും മുന്‍കാല ഗവണ്‍മെന്റുകളുടേയും തൊഴില്‍ സംസ്‌കാരം തമ്മിലുള്ള വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. നയങ്ങള്‍ നിലവിലുണ്ടായിട്ടും ഗ്രാമപ്രദേശങ്ങളിലെ ഏകദേശം 75 ശതമാനം വീടുകളിലും ശൗച്യാലയങ്ങളുടെ സൗകര്യം ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദശകത്തിലെ സ്ഥിതിവിവരക്കണക്കുകളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ന് ശേഷം പാവപ്പെട്ടവര്‍ക്ക് ഒരു മേല്‍ക്കൂര നല്‍കുന്നതില്‍ മാത്രം ഒതുങ്ങാതെ, പാര്‍പ്പിടങ്ങളെ ദാരിദ്ര്യത്തെ നേരിടാനുള്ള അടിത്തറയും അവരുടെ അന്തസ്സ് ശക്തിപ്പെടുത്തുന്നതിനുള്ള മാധ്യമവുമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ”പി.എം.എ.വൈക്ക് കീഴില്‍ ഗവണ്‍മെന്റ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ധനസഹായം കൈമാറുന്നതുകൊണ്ട് വീടുകളുടെ നിര്‍മ്മാണത്തില്‍ അവര്‍ക്കും അഭിപ്രായമുണ്ട്”, അത്തരം വീടുകളുടെ ജിയോടാഗിംഗിനെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

പി.എം.എ.വൈയുടെ കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ നിരവധി പദ്ധതികളുടെ ഒരു പാക്കേജാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വീടിന് സ്വച്ഛ് ഭാരത് അഭിയാന് കീഴില്‍ ഒരു ശൗചാലയം, സൗഭാഗ്യ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷന്‍, ഉജ്ജ്വല പദ്ധതി പ്രകാരം സൗജന്യ എല്‍.പി.ജി കണക്ഷന്‍, ജല്‍ ജീവന മിഷന് കീഴില്‍ കുടിവെള്ള പൈപ്പ് സൗകര്യം എന്നിവയുണ്ട്. ഈ കാര്യങ്ങള്‍ക്ക് പുറമേ, പാവപ്പെട്ടവര്‍ക്ക് സുരക്ഷാ കവചമായ സൗജന്യ ചികിത്സയും സൗജന്യ റേഷനും പ്രവര്‍ത്തിക്കുന്നുവെണ്ടന്നും അദ്ദേഹം പറഞ്ഞു.
പി.എം.എ.വൈയുടെ കീഴിലെ സ്ത്രീ ശാക്തീകരണത്തിലും പ്രധാനമന്ത്രി സ്പര്‍ശിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 4 കോടിയോളം വീടുകള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഇതില്‍ 70 ശതമാനവും സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി.എം.എ.വൈ പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന് നിരവധി ലക്ഷങ്ങളാണ് ചെലവ് വരുന്നതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് സ്ത്രീ ഗുണഭോക്താക്കള്‍ ഇപ്പോള്‍ ലക്ഷാധിപതികളായി മാറിയെന്ന് പറഞ്ഞു. ഈ കോടിക്കണക്കിന് സ്ത്രീകള്‍ ആദ്യമായാണ് ഏതെങ്കിലും സ്വത്ത് സ്വന്തമാക്കുന്നത്. ‘ലക്ഷാധിപതി ദീദിമാരെ’ അദ്ദേഹം അഭിനന്ദിച്ചു.

ഭാവിയിലെ വെല്ലുവിളികളും രാജ്യത്ത് വളരുന്ന നഗരവല്‍ക്കരണവും കണക്കിലെടുത്താണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്‌കോട്ടില്‍ ആയിരത്തിലധികം വീടുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും അതുവഴി സമയവും ചെലവഴിക്കുന്ന പണവും കുറയ്ക്കുന്നതിന് സാധിച്ചുവെന്നും അതുപോലെ അവ സുരക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിലുള്ള ചെലവുകുറഞ്ഞ വീടുകളുടെ ഈ നിര്‍മ്മാണ പരീക്ഷണം ആറു നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കിയെന്നും ഇവിടെ ചെലവുകുറഞ്ഞ ആധുനിക വീടുകള്‍ നിര്‍മ്മിക്കുന്നതിന് സാങ്കേതികവിദ്യ സഹായിച്ചുവെന്നും അദ്ദേഹം അറിയിച്ചു. വരും കാലങ്ങളില്‍ ഇത്തരം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പാവപ്പെട്ടവരും ഇടത്തരം കുടുംബങ്ങളും ഏറെ ബുദ്ധിമുട്ടിലായ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അധമപ്രവര്‍ത്തനങ്ങളേയും വഞ്ചനയും ഇല്ലാതാക്കുന്നതിനുള്ള നടപടികളേക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഇടത്തരം കുടുംബങ്ങള്‍ക്ക് വീട് വാങ്ങുമ്പോള്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിക്കുന്നതിന് നിയമപരമായ സുരക്ഷ ആര്‍.ഇ.ആര്‍.എ നിയമം നല്‍കുന്നു. ഇടത്തരം കുടുംബങ്ങളുടെ ഭവനവായ്പകള്‍ക്ക് മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തില്‍ ബജറ്റ് സബ്‌സിഡി നല്‍കുന്നതും അദ്ദേഹം അറിയിച്ചു. ഗുജറാത്തില്‍ 5 ലക്ഷം കുടുംബങ്ങള്‍ക്ക് 11,000 കോടിയുടെ സഹായം ലഭിച്ചു.

അമൃത് കാലിന്റെ 25 വര്‍ഷങ്ങളില്‍ പ്രത്യേച്ച് ടയര്‍-2, ടയര്‍-3 യുമായിരിക്കും സമ്പദ്‌വ്യവസ്ഥയ്ക്ക് വേഗത നല്‍കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പല നഗരങ്ങളിലെയും സംവിധാനങ്ങള്‍ ഭാവിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അമൃത് മിഷനു കീഴില്‍ 500 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല 100 നഗരങ്ങളില്‍ സ്മാര്‍ട്ട് സൗകര്യങ്ങളും ലഭിക്കുന്നു.

”ജീവിതം സുഗമമാക്കുന്നതിനും നഗരാസൂത്രണത്തില്‍ ജീവിതഗുണനിലവാരത്തിനും ഇന്ന് നാം ഊന്നല്‍ നല്‍കുന്നു” പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ ജനങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരരുത് എന്ന ആശയത്തിലാണ് രാജ്യത്തെ മെട്രോ ശൃംഖല വിപുലീകരിക്കുന്നതെന്നതിന് അദ്ദേഹം അടിവരയിട്ടു. രാജ്യത്തെ 20 നഗരങ്ങളില്‍ മെട്രോ ഓടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2014-ന് മുമ്പുള്ള 250 കിലോമീറ്ററില്‍ നിന്ന് കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ ശൃംഖല 600 കിലോമീറ്ററായി വളര്‍ന്നുവെന്നും പറഞ്ഞു. ”ഇന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് പോലെയുള്ള ട്രെയിനുകളിലൂടെ, ഇരട്ട നഗരങ്ങളായ അഹമ്മദാബാദും ഗാന്ധിനഗറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് മാത്രമല്ല, ഗുജറാത്തിലെ പല നഗരങ്ങളിലും ഇലക്ര്ടിക് ബസുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ടണ്‍ കണക്കിന് മുനിസിപ്പല്‍ മാലിന്യത്തിന് വേണ്ടത്ര ഗൗരവം നല്‍കാത്തതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്ത് മാലിന്യ സംസ്‌കരണം 2014-ലെ 14-15 ശതമാനത്തില്‍ നിന്ന് ഇന്ന് 75 ശതമാനമായി വര്‍ദ്ധിച്ചതായും അറിയിച്ചു. ”ഇത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍, ഇന്ന് നമ്മുടെ നഗരങ്ങളില്‍ മാലിന്യ മലകള്‍ നില്‍ക്കില്ലായിരുന്നു”, ശ്രീ മോദി പറഞ്ഞു, നമ്മുടെ നഗരങ്ങളിലെ മാലിന്യക്കൂമ്പാരം ഇല്ലാതാക്കാന്‍ ദൗത്യമാതൃകയില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ശുദ്ധമായ അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കുമ്പോള്‍ മാത്രമേ നമ്മുടെ നഗരങ്ങളില്‍ ജീവിതഗുണനിലവാരം സാധ്യമാകൂ”, പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിന്റെ ജലപരിപാലനത്തെയും ജലവിതരണ മാതൃകയെയും പ്രധാനമന്ത്രി പ്രശംസിച്ചു. 15,000 ഗ്രാമങ്ങളിലേക്കും 250 നഗരങ്ങളിലേക്കും വെള്ളം എത്തിക്കുന്ന 3,000 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെയിന്‍ ലൈനുകളേയും 1.25 ലക്ഷം കിലോമീറ്ററുള്ള വിതരണ ലൈനുകളേയും അദ്ദേഹം പരാമര്‍ശിച്ചു. അമൃത് സരോവരത്തിനായുള്ള ഗുജറാത്തിന്റെ ആവേശത്തെയം അദ്ദേഹം പ്രശംസിച്ചു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, വികസനത്തിന്റെ ഈ വേഗത നിലനിര്‍ത്താന്‍ പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ”അമൃത് കാലിലെ നമ്മുടെ പ്രതിജ്ഞകള്‍ എല്ലാവരുടെയും പ്രയത്‌നത്തിലൂടെ സാക്ഷാത്കരിക്കും”, ശ്രീ മോദി ഉപസംഹരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ സി.ആര്‍ പാട്ടീല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

മറ്റുള്ളവയ്‌ക്കൊപ്പം ബനസ്‌കന്ത ജില്ലയിലെ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതികളുടെ അനുബന്ധം, അഹമ്മദാബാദിലെ നദി മേല്‍പ്പാലം, നരോദ ജി.ഐ.ഡി.സി.യിലെ ഡ്രെയിനേജ് ശേഖരണ ശൃംഖല, മെഹ്‌സാന, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മലിനജല സംസ്‌കരണ പ്ലാന്റുകള്‍, ദഹേഗാമിലെ ഓഡിറ്റോറിയം എന്നിവയും ഉദ്ഘാടനം ചെയ്ത  പദ്ധതികളില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവയ്‌ക്കൊപ്പം ജുനഗഡ് ജില്ലയിലെ ബള്‍ക്ക് പൈപ്പ് ലൈന്‍ പദ്ധതികള്‍, ഗാന്ധിനഗര്‍ ജില്ലയിലെ ജലവിതരണ പദ്ധതികളുടെ വര്‍ദ്ധന, മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം, പുതിയ ജലവിതരണ സ്‌റ്റേഷന്‍, വിവിധ നഗരാസൂത്രണ റോഡുകള്‍ എന്നിവയും തറക്കല്ലിട്ട  പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി പി.എം.എ.വൈ (ഗ്രാമം-നഗരം) പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുകയും പദ്ധതി പ്രകാരം നിര്‍മ്മിച്ച 19,000 വീടുകളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും ചെയ്തു. പരിപാടിയില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് താക്കോലുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഈ പദ്ധതികളുടെ ആകെ അടങ്കല്‍ ഏകദേശം 1950 കോടി രൂപയാണ്.

 

-ND-