Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി, 2024ന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മൊസാംബിക്കിന്റെ പ്രസിഡന്റ് ബഹുമാനപ്പെട്ട ഫിലിപ് ന്യൂസി, തിമോര്‍-ലെസ്റ്റെ പ്രസിഡന്റ് ബഹുമാനപ്പെട്ട റാമോസ്-ഹോര്‍ത്ത, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട പീറ്റര്‍ ഫിയല, ശ്രീ. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി; ജനകീയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; ഭാരതത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികളെ, മറ്റ് പ്രമുഖരെ, മഹതികളെ, മാന്യന്മാരെ,

നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024 വര്‍ഷത്തേക്കുള്ള എന്റെ ഹൃദയംഗമമായ പുതുവല്‍സര ആശംസകള്‍ നേരുന്നു. ഭാരതം ഈയിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തോടെ വികസിത പദവി കൈവരിക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 25 വര്‍ഷത്തേക്ക് അതിന്റെ ലക്ഷ്യങ്ങള്‍ക്കായി ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തെ ഭരണകാലം ഭാരതത്തിന് ‘അമൃത കാല’മാണ്. ഇത് പുതിയ അഭിലാഷങ്ങളുടെയും പുതിയ തീരുമാനങ്ങളുടെയും തുടര്‍ച്ചയായ നേട്ടങ്ങളുടെയും ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു. ‘അമൃത കാല’ത്തില്‍ നടക്കുന്ന ഈ പ്രഥമ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കു  വളരെയധികം പ്രാധാന്യമുണ്ട്. ഈ ഉച്ചകോടിയില്‍ നമ്മളോടൊപ്പം ചേര്‍ന്ന നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരതത്തിന്റെ വികസന യാത്രയിലെ വിലപ്പെട്ട സഖ്യകക്ഷികളാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും അറിയിക്കുന്നു.

സുഹൃത്തുക്കളെ,
ഈ ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ വിശിഷ്ട സാന്നിദ്ധ്യം ഉണ്ടെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തത് ഭാരതവും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ തുടര്‍ച്ചയായ ദൃഢീകരണത്തെ
അടയാളപ്പെടുത്തുന്നു. കുറച്ച് മുമ്പ് നാം അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കേട്ടു. ഭാരതത്തിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തെയും അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയെയും നാം വിലമതിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ – വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി സാമ്പത്തിക വികസനവും നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളും അനുഭവങ്ങളും പങ്കിടുന്നതിനുള്ള ഒരു ആഗോള വേദിയായി മാറിയിരിക്കുന്നു. ഈ ഉച്ചകോടിയില്‍, ഫുഡ് പാര്‍ക്കുകളുടെ വികസനം, പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കല്‍, നൂതന ആരോഗ്യ സംരക്ഷണത്തില്‍ നിക്ഷേപം എന്നിവയ്ക്കായി ഭാരതവും യുഎഇയും നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ഭാരതത്തിന്റെ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയില്‍ യുഎഇ കമ്പനികള്‍ ബില്യണ്‍കണക്കിനു ഡോളറിന്റെ പുതിയ നിക്ഷേപം നടത്താന്‍ സമ്മതിച്ചിട്ടുണ്ട്. യുഎഇയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് മുഖേന ഗിഫ്റ്റ് സിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ട്രാന്‍സ്വേള്‍ഡ് കമ്പനി ഇവിടെ വിമാനവും കപ്പലും വാടകയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ പോവുകയാണ്. ഭാരതവും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് എന്റെ സഹോദരന്‍ ബഹുമാനപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,
ഇന്നലെ മൊസാംബിക്കിന്റെ പ്രസിഡന്റ് ബഹുമാനപ്പെട്ട ന്യൂസിയുമായി ഞാന്‍ വിശദമായി ചര്‍ച്ച നടത്തി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലേക്കുള്ള വരവ് ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. ഐഐഎം അഹമ്മദാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പ്രസിഡന്റ് ന്യൂസി. നമ്മുടെ ജി-20 അധ്യക്ഷതയ്ക്കു കീഴില്‍ ആഫ്രിക്കന്‍ യൂണിയന്‍ ജി-20യില്‍ സ്ഥിരാംഗത്വം നേടിയത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണ്. പ്രസിഡന്റ് ന്യുസിയുടെ സന്ദര്‍ശനം നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഭാരതവും ആഫ്രിക്കയും തമ്മിലുള്ള അടുത്ത ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്തു

സുഹൃത്തുക്കളെ,
ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട പീറ്റര്‍ ഫിയലയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അദ്ദേഹം നേരത്തെ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഭാരത സന്ദര്‍ശനമാണ് ഇത്. ചെക്കും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയും തമ്മിലുള്ള ശാശ്വതമായ ബന്ധം സഹകരണത്തില്‍, പ്രത്യേകിച്ച് സാങ്കേതികവിദ്യയിലും ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തിലും തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ബഹുമാനപ്പെട്ട പീറ്റര്‍ ഫിയാല, നിങ്ങളുടെ സന്ദര്‍ശനം നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ ഒരു പഴഞ്ചൊല്ലുണ്ട്- ‘അതിഥി ദേവോ ഭവ’, പ്രധാനമന്ത്രി എന്ന നിലയില്‍ ഇതാദ്യമായാണ് നിങ്ങള്‍ ഭാരതം സന്ദര്‍ശിക്കുന്നത്, നിങ്ങള്‍ നല്ല ഓര്‍മകളുമായി മടങ്ങുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളെ,
നോബല്‍ സമ്മാന ജേതാവും തിമോര്‍-ലെസ്റ്റെ പ്രസിഡന്റുമായ ബഹുമാനപ്പെട്ട റാമോസ്-ഹോര്‍തയെ ഞാന്‍ ഭാരതത്തിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. മഹാത്മാഗാന്ധിയുടെ അഹിംസാ തത്ത്വത്തെ തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഗാന്ധിനഗര്‍ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആസിയാന്‍, ഇന്തോ-പസഫിക് മേഖലകളില്‍ തിമോര്‍-ലെസ്റ്റെയുമായുള്ള ഞങ്ങളുടെ സഹകരണം നിര്‍ണായകമാണ്.

സുഹൃത്തുക്കളെ,
അടുത്തിടെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം പൂര്‍ത്തിയാക്കി. കഴിഞ്ഞ 20 വര്‍ഷമായി ഈ ഉച്ചകോടി പുതിയ ആശയങ്ങള്‍ക്ക് വേദിയൊരുക്കി. നിക്ഷേപങ്ങള്‍ക്കും വരുമാനത്തിനും പുതിയ പ്രവേശന പാതകള്‍ സൃഷ്ടിച്ചു. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് ഇത്തവണ ഉച്ചകോടിയുടെ പ്രമേയം. 21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ ശോഭനമായ ഭാവി നമ്മുടെ കൂട്ടായ പരിശ്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭാരതം ജി-20 അധ്യക്ഷസ്ഥാനത്ത് ഇക്കുമ്പോള്‍, ആഗോള ഭാവിയിലേക്കുള്ള ഒരു രൂപരേഖ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ ഞങ്ങള്‍ ഈ വീക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നു. ‘ഐ2യു2’ ഉം മറ്റ് ബഹുമുഖ സംഘടനകളുമായുള്ള പങ്കാളിത്തം ഭാരതം തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി’ എന്ന തത്വം ആഗോള ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്.

സുഹൃത്തുക്കളെ,
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകക്രമത്തില്‍, ഭാരതം ഒരു ‘ആഗോള-സഖ്യകക്ഷി’ എന്ന സ്ഥാനത്തു പുരോഗമിക്കുകയാണ്. നമുക്ക് പൊതുവായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും അവ നേടിയെടുക്കാനും കഴിയുമെന്ന് ഇന്ത്യ ഇന്ന് ലോകത്തിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ആഗോള ക്ഷേമത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത, ഇന്ത്യയുടെ വിശ്വസ്തത, ഇന്ത്യയുടെ പരിശ്രമങ്ങള്‍, ഇന്ത്യയുടെ കഠിനാധ്വാനം എന്നിവ ഇന്നത്തെ ലോകത്തെ കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമാക്കുന്നു. ലോകം ഇന്ത്യയെ ഇങ്ങനെയാണ് കാണുന്നത്: സ്ഥിരതയുടെ ഒരു പ്രധാന സ്തംഭം, വിശ്വസിക്കാന്‍ കഴിയുന്ന ഒരു സുഹൃത്ത്; ജനകേന്ദ്രീകൃത വികസനത്തില്‍ വിശ്വസിക്കുന്ന ഒരു പങ്കാളി; ആഗോള നന്മയില്‍ വിശ്വസിക്കുന്ന ശബ്ദം; ആഗോള തെക്കിന്റെ ഒരു ശബ്ദം; ആഗോള സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയുടെ ഒരു യന്ത്രം. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഒരു സാങ്കേതിക കേന്ദ്രം. കഴിവുള്ള യുവാക്കളുടെ ശക്തികേന്ദ്രം. ഒപ്പം, നേട്ടമുണ്ടാക്കുന്ന ജനാധിപത്യവും.

സുഹൃത്തുക്കളെ,
ഭാരതത്തിലെ 1.4 ദശലക്ഷം ജനങ്ങളുടെ മുന്‍ഗണനകളും അഭിലാഷങ്ങളും, മനുഷ്യ കേന്ദ്രീകൃത വികസനത്തോടുള്ള അവരുടെ പ്രതിബദ്ധത, സമര്‍പ്പണത്തിനും സമത്വത്തിനും വേണ്ടിയുള്ള നമ്മുടെ സമര്‍പ്പണം എന്നിവയാണ് ആഗോള അഭിവൃദ്ധിയുടെയും വികസനത്തിന്റെയും അടിസ്ഥാനം. ഇന്ന്, ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി നിലകൊള്ളുന്നു, ഒരു ദശാബ്ദം മുമ്പ് ഉണ്ടായിരുന്ന 11-ാം സ്ഥാനത്ത് നിന്ന് ശ്രദ്ധേയമായ ഒരു കയറ്റം. പ്രധാന അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ ഏകകണ്ഠമായി പ്രവചിക്കുന്നത് ഭാരതം ഉടന്‍ തന്നെ ഏറ്റവും മികച്ച 3 ആഗോള സമ്പദ്വ്യവസ്ഥകളില്‍ ഇടംപിടിക്കുമെന്ന്.  ഈ ലക്ഷ്യം കൈവരിക്കുമെന്ന് ആഗോള വിശകലനങ്ങള്‍ പരിഗണിക്കാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു; അത് എന്റെ ഉറപ്പാണ്. ആഗോള അനിശ്ചിതത്വങ്ങളുടെ കാലത്ത്, ഭാരതം പ്രത്യാശയുടെ വെളിച്ചമായി ഉയര്‍ന്നു. ഭാരതത്തിന്റെ മുന്‍ഗണനകള്‍ വളരെ വ്യക്തമാണ്. ഇന്ന് ഭാരതത്തിന്റെ മുന്‍ഗണന സുസ്ഥിര വ്യവസായം, അടിസ്ഥാന സൗകര്യം, ഉല്‍പ്പാദനം, പുതിയ കാല നൈപുണ്യം, ഭാവി മുന്നില്‍ കണ്ടുള്ള സാങ്കേതികവിദ്യ, എഐ, നൂതനാശയങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജം, അര്‍ദ്ധചാലകങ്ങള്‍ എന്നിവയാണ്. വൈബ്രന്റ് ഗുജറാത്ത് ആഗോള വാണിജ്യ പ്രദര്‍ശനത്തില്‍ ഈ മുഴുവന്‍ ആവാസവ്യവസ്ഥയുടെ ഒരു കാഴ്ചയും നമുക്ക് ലഭിക്കും. അത് പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ നിങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. ഗുജറാത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തണം. ഇന്നലെ നടന്ന വാണിജ്യ പ്രദര്‍ശനത്തില്‍ ബഹുമാനപ്പെട്ട ന്യൂസിക്കും ബഹുമാനപ്പെട്ട റാമോസ്-ഹോര്‍തയ്ക്കുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. ഈ വാണിജ്യ പ്രദര്‍ശനത്തില്‍, കമ്പനികള്‍ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇ-മൊബിലിറ്റി, സ്റ്റാര്‍ട്ട്-അപ്പുകള്‍, സമുദ്ര സമ്പദ്വ്യവസ്ഥ, ഹരിതോര്‍ജം, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ വാണിജ്യ പ്രദര്‍ശനത്തില്‍ വളരെ പ്രധാനമാണ്. പ്രദര്‍ശനം ഈ മേഖലകളില്‍ എണ്ണമറ്റ നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിക്കുന്നുമുണ്ട്.

സുഹൃത്തുക്കളെ,

ആഗോള സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍, കഴിഞ്ഞ ദശാബ്ദക്കാലത്തെ ഘടനാപരമായ പരിഷ്‌കാരങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍, ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ  ഉല്‍പതിഷ്ണുത്വവും വേഗതയും പ്രകടമാക്കുന്നു. ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശേഷിയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഈ പരിഷ്‌കാരങ്ങള്‍ വലിയ പങ്കു വഹിച്ചു.

റീക്യാപിറ്റലൈസേഷനും ഐബിസിയും ഉപയോഗിച്ച് നാം ഭാരതത്തിന്റെ ബാങ്കിംഗ് സംവിധാനത്തെ ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നാക്കി മാറ്റി. ബിസിനസ്സ് ചെയ്യാനുള്ള എളുപ്പത്തിന് ഊന്നല്‍ നല്‍കി, നാം 40,000-ലധികം നിബന്ധനകള്‍ ഒഴിവാക്കി. ജിഎസ്ടി ഭാരതത്തിലെ അനാവശ്യ നികുതിക്കെണികള്‍ ഇല്ലാതാക്കി. ആഗോള വിതരണ ശൃംഖലയുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള മികച്ച അന്തരീക്ഷം ഭാരതത്തില്‍ നാം സൃഷ്ടിച്ചിട്ടുണ്ട്. ഈയിടെ നാം 3 എഫ്ടിഎകളില്‍ ഒപ്പുവെച്ചതിനാല്‍ ആഗോള ബിസിനസിന് കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഭാരതം മാറും. ഈ എഫ്ടിഎകളില്‍ ഒന്ന് യുഎഇയുമായി ഒപ്പുവച്ചു. ഓട്ടോമാറ്റിക് റൂട്ടിലൂടെ എഫ്ഡിഐക്കായി നാം നിരവധി മേഖലകള്‍ തുറന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ന് ഭാരതം റെക്കോര്‍ഡ് നിക്ഷേപം നടത്തുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ കാപെക്സ് 5 മടങ്ങ് വര്‍ദ്ധിച്ചു.

സുഹൃത്തുക്കളെ,
ഹരിത, ബദല്‍ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള ശ്രമങ്ങളുമായി ഭാരതം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയായപ്പോള്‍ സൗരോര്‍ജ്ജ ശേഷി 20 മടങ്ങ് വര്‍ദ്ധിച്ചു. ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ ജീവിതത്തെയും ബിസിനസുകളെയും മാറ്റിമറിച്ചു. കഴിഞ്ഞ 10 വര്‍ഷമായി, വിലകുറഞ്ഞ ഫോണുകളുടെ കുതിച്ചുചാട്ടവും വിലകുറഞ്ഞ ഡാറ്റയുടെ ലഭ്യതയും കൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ വിപ്ലവം ഉണ്ടായിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ നല്‍കാനുള്ള പദ്ധതി, 5ജിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം എന്നിവ ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ഇന്ന് നമ്മള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ്. 10 വര്‍ഷം മുമ്പ് വരെ ഭാരതത്തില്‍ ഏകദേശം 100 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. ഇന്ന് ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്ത 1 ലക്ഷത്തി 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഭാരതത്തിന്റെ മൊത്തത്തിലുള്ള കയറ്റുമതിയിലും റെക്കോര്‍ഡ് വര്‍ധനവുണ്ടായിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഭാരതത്തെ കീഴടക്കുന്ന പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ പൗരന്മാരുടെ ജീവിത സൗകര്യം വര്‍ധിപ്പിക്കുക മാത്രമല്ല അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു. നമ്മുടെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഇടത്തരക്കാരുടെ ശരാശരി വരുമാനം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിലെ സ്ത്രീ തൊഴിലാളി പങ്കാളിത്തം റെക്കോര്‍ഡ് വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. ഇത് ഭാരതത്തിന്റെ ഭാവിയിലേക്കുള്ള നല്ല സൂചനകളാണ്. ഭാരതത്തിന്റെ വികസന യാത്രയില്‍ പങ്കുചേരാനും ഞങ്ങളോടൊപ്പം നടക്കാനും ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
ഗതാഗതം സുഗമമാക്കുന്നതിന് ഭാരതത്തിലെ് നയങ്ങള്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദശകത്തില്‍ ഭാരതത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം 74-ല്‍നിന്ന് 149 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാരതത്തിന്റെ ദേശീയ പാതാ ശൃംഖല ഏതാണ്ട് ഇരട്ടിയായി. നമ്മുടെ മെട്രോ ട്രെയിന്‍ ശൃംഖല 10 വര്‍ഷത്തിനുള്ളില്‍ 3 തവണയിലധികം വികസിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കിഴക്കന്‍ തീരപ്രദേശം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് സമര്‍പ്പിത ചരക്ക് ഇടനാഴികള്‍. ഇതോടൊപ്പം ഭാരതത്തിലെ നിരവധി ദേശീയ ജലപാതകളുടെ പണി പുരോഗമിക്കുന്നു. ഇന്ത്യന്‍ തുറമുഖങ്ങളുടെ ടേണ്‍ എറൗണ്ട് സമയം ഇന്ന് വളരെ മത്സരക്ഷമമായി മാറിയിരിക്കുന്നു. ജി 20 അധ്യക്ഷ പദവിയില്‍ ഇരിക്കവെ് പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നിങ്ങളെപ്പോലുള്ള നിക്ഷേപകര്‍ക്ക് കാര്യമായ ബിസിനസ് അവസരങ്ങള്‍ നല്‍കുന്നു.

സുഹൃത്തുക്കളെ,
ഭാരതത്തിന്റെ എല്ലാ കോണുകളും നിങ്ങള്‍ക്കായി പുതിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ‘ഭാവിയിലേക്കുള്ള പ്രവേശനപാത’യായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ ഭാരതത്തില്‍ നിക്ഷേപിക്കുക മാത്രമല്ല, യുവ സ്രഷ്ടാക്കളുടെയും ഉപഭോക്താക്കളുടെയും ഒരു പുതിയ തലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഭാരതത്തിലെ യുവതലമുറയുമായുള്ള നിങ്ങളുടെ പങ്കാളിത്തം നിങ്ങള്‍ക്ക് അചിന്തനീയമായ ഫലങ്ങള്‍ നല്‍കും. ഈ വിശ്വാസത്തോടെ, വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുത്തതിന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ ഞങ്ങളുടെ തീരുമാനങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ വലുതാകുന്തോറും എന്റെ ദൃഢനിശ്ചയം ശക്തമാകും. വരിക, വലിയ സ്വപ്നം കാണുക; ഈ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരാളം അവസരങ്ങളും മതിയായ കഴിവും ഉണ്ട്.

നിങ്ങള്‍ക്കു വളരെയധികം നന്ദി!

 

NK