Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ അദാലജില്‍ ശ്രീ അന്നപൂര്‍ണധാം ട്രസ്റ്റ് ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു; ജനസഹായക് ട്രസ്റ്റിന്റെ ഹിരാമണി ആരോഗ്യധാമിന്റെ ഭൂമിപൂജയും നിര്‍വഹിച്ചു

ഗുജറാത്തിലെ അദാലജില്‍ ശ്രീ അന്നപൂര്‍ണധാം ട്രസ്റ്റ് ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു; ജനസഹായക് ട്രസ്റ്റിന്റെ ഹിരാമണി ആരോഗ്യധാമിന്റെ ഭൂമിപൂജയും നിര്‍വഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ അദാലജില്‍ ശ്രീ അന്നപൂര്‍ണധാം ട്രസ്റ്റ് ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്തു. ജനസഹായക് ട്രസ്റ്റിന്റെ ഹിരാമനി ആരോഗ്യധാമിന്റെ ഭൂമിപൂജയും അദ്ദേഹം നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശ്രീ അന്നപൂര്‍ണധാമിന്റെ പവിത്രവും ആത്മീയവും സാമൂഹ്യവുമായ സംരംഭങ്ങളുമായി വളരെനാളായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നീ മേഖലകളില്‍ സംഭാവനയേകുന്നതു ഗുജറാത്തിന്റെ പ്രകൃതമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഴിവിനനുസരിച്ച് എല്ലാ സമുദായങ്ങളും അവരുടെ ഭാഗം പൂര്‍ത്തിയാക്കുന്നു. സമൂഹത്തോടുള്ള കടമ നിറവേറ്റുന്നതില്‍ പാട്ടീദാര്‍ സമൂഹവും ഒട്ടും പിന്നിലല്ല.

ഐശ്വര്യദേവതയായ മാതാ അന്നപൂര്‍ണയെ എല്ലാവരും ആരാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ദൈനംദിന ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന പാട്ടീദാര്‍ വിഭാഗം. അടുത്തിടെയാണു മാതാ അന്നപൂര്‍ണയുടെ പ്രതിമ കനഡയില്‍നിന്നു കാശിയിലേക്കു കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ”നമ്മുടെ സംസ്‌കാരത്തെ പ്രതിനിധാനംചെയ്യുന്ന അത്തരത്തിലുള്ള നിരവധി വസ്തുക്കളാണു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദേശത്തുനിന്നു തിരികെകൊണ്ടുവരുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കു നമ്മുടെ സംസ്‌കാരം എന്നും വലിയ പ്രാധാന്യമാണു നല്‍കുന്നതെന്നും ഇന്നു ശ്രീ അന്നപൂര്‍ണാധം ഈ ഘടകങ്ങള്‍ വിപുലമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന പുതിയ സൗകര്യങ്ങള്‍ ഗുജറാത്തിലെ സാധാരണക്കാര്‍ക്കു വളരെയേറെ പ്രയോജനംചെയ്യും. പ്രത്യേകിച്ച് 14 പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തബാങ്ക് എന്നിവ വലിയതോതില്‍ പ്രയോജനപ്പെടും. ജില്ലാ ആശുപത്രികളില്‍ സൗജന്യഡയാലിസിസിനുള്ള സൗകര്യം കേന്ദ്രഗവണ്‍മെന്റ് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തി ഭാഷയില്‍ സംഭാഷണം തുടര്‍ന്ന പ്രധാനമന്ത്രി, ട്രസ്റ്റിനെയും അതിന്റെ നേതൃത്വത്തെയും അവരുടെ മികച്ച പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുമായി ജനമുന്നേറ്റത്തെ (ആന്ദോളന്‍) സമന്വയിപ്പിച്ചതാണ് ഈ വിശിഷ്ടവ്യക്തികളുടെ മഹത്തായ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ‘സൗമ്യനായ നിശ്ചയദാര്‍ഢ്യമുള്ള’ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ നേതൃപാടവത്തിനും പ്രകൃതിദത്തകൃഷിക്ക് ഊന്നല്‍ നല്‍കിയതിനും പ്രധാനമന്ത്രി ശ്ലാഘിച്ചു. സാധ്യമാകുന്നിടത്തെല്ലാം പ്രകൃതികൃഷിക്ക് ഊന്നല്‍ നല്‍കണമെന്ന് ഏവരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിലെ വികസനത്തിന്റെ സമ്പന്നമായ പാരമ്പര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങളാണ് അവിടെ സ്ഥാപിച്ചിട്ടുള്ളതെന്നു പറഞ്ഞു. വികസനത്തിന്റെ ഈ പാരമ്പര്യം മുഖ്യമന്ത്രി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും അറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന് ഏകതാപ്രതിമയിലൂടെ രാജ്യം മഹത്തായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

മാതാ അന്നപൂര്‍ണയുടെ നാടായ ഗുജറാത്തില്‍ പോഷകാഹാരക്കുറവിനു സ്ഥാനമുണ്ടാകരുതെന്നു പ്രധാനമന്ത്രി പറഞ്ഞു. അറിവില്ലായ്മയാണു പലപ്പോഴും പോഷകാഹാരക്കുറവിനു കാരണമാകുന്നത്. സമീകൃതാഹാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തെ ആരോഗ്യത്തിന്റെ ദിശയിലെ ആദ്യപടിയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആഹാരം ലഭിക്കാത്ത അവസ്ഥയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണു പലപ്പോഴും പോഷകാഹാരക്കുറവിന് ഇടയാക്കുന്നതെന്നും പറഞ്ഞു. മഹാമാരിക്കാലത്ത് 80 കോടിയിലധികം ജനങ്ങള്‍ക്ക് ഗവണ്‍മെന്റ് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കിയ കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഡബ്ല്യുടിഒ ചട്ടങ്ങളില്‍ ഇളവുവരുത്തിയാല്‍, മറ്റു രാജ്യങ്ങളിലേക്ക് അയക്കാന്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാമെന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ച് ശ്രീ മോദി പറഞ്ഞു. മാതാ അന്നപൂര്‍ണയുടെ അനുഗ്രഹമുള്ളതിനാല്‍ രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ പരിപാലിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തിലെ പ്രതിരോധകുത്തിവയ്പുപരിപാടിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. വ്യാവസായിക വികസനത്തിന്റെ ഏറ്റവും പുതിയ പ്രവണതകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു നൈപുണ്യവികസനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഫാര്‍മസി കോളേജ് തുടങ്ങിയത് ഔഷധവ്യവസായത്തില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിക്കുന്നതിനു കാരണമായി. നൈപുണ്യവികസനത്തില്‍ സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും ശ്രമങ്ങള്‍ക്കു ഗുണകരമായ ഫലമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം 4.0 നിലവാരം കൈവരിക്കുന്നതിനായി രാജ്യത്തെ നയിക്കേണ്ടതു ഗുജറാത്താണ്. അതിനുള്ള കഴിവും ഗുണവിശേഷവും ഗുജറാത്തിനുണ്ട്.- അദ്ദേഹം പറഞ്ഞു.

രോഗികളുടെ സാമ്പത്തികസ്ഥിതിയെ ഡയാലിസിസ് പ്രതികൂലമായി ബാധിക്കുന്നതു ചൂണ്ടിക്കാട്ടി, രാജ്യത്തെ എല്ലാ ജില്ലകളിലും സൗജന്യ ഡയാലിസിസ് സൗകര്യം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ജന്‍ ഔഷധി കേന്ദ്രം മിതമായ നിരക്കില്‍ മരുന്നു നല്‍കി രോഗികളുടെ ചെലവു കുറയ്ക്കുന്നു. സ്വച്ഛത, പോഷണ്‍, ജന്‍ ഔഷധി പദ്ധതികളും ഡയാലിസിസ് കാമ്പയിനും സ്റ്റെന്റ്- കാല്‍മുട്ട് മാറ്റിവയ്ക്കല്‍ എന്നിവയുടെ ചെലവുകുറയ്ക്കലും സാധാരണക്കാരുടെ ഭാരം കുറച്ചു. അതുപോലെ, ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവര്‍ക്കും സാധാരണക്കാരായ രോഗികള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സഹായകമായിട്ടുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോസ്റ്റലും വിദ്യാഭ്യാസ സമുച്ചയവും 600 വിദ്യാര്‍ത്ഥികള്‍ക്ക് 150 മുറികളുള്ള താമസസൗകര്യം ഒരുക്കുന്നതാണ്.  ജിപിഎസ്സി, യുപിഎസ്സി പരീക്ഷകള്‍ക്കായുള്ള പരിശീലന കേന്ദ്രം, ഇ-ലൈബ്രറി, കോണ്‍ഫറന്‍സ് റൂം, സ്പോര്‍ട്സ് റൂം, ടിവി റൂം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.

ജനസഹായക് ട്രസ്റ്റ് ഹിരാമണി  ആരോഗ്യധാമിനെ വികസിപ്പിക്കും. ഒരേസമയം 14 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തബാങ്ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍, ആധുനിക പാത്തോളജി ലബോറട്ടറി, ആരോഗ്യ പരിശോധനയ്ക്കുള്ള മികച്ച ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ആയുര്‍വേദം, ഹോമിയോപ്പതി, അക്യുപങ്ചര്‍, യോഗ തെറാപ്പി തുടങ്ങി വിപുലമായ സൗകര്യങ്ങളുള്ള ഒരു ഡേ-കെയര്‍ സെന്റര്‍ ആയിരിക്കും ഇത്. പ്രഥമശുശ്രൂഷാപരിശീലനം, ടെക്‌നീഷ്യന്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള പരിശീലനം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.

 

-ND-