Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ, ‘അശ്വമേധയജ്ഞ’വുമായി ബന്ധപ്പെടുന്നതിലുള്ള ആശയക്കുഴപ്പത്തോടെയാണു പ്രധാനമന്ത്രി ആരംഭിച്ചത്. “എന്നാൽ, ആചാര്യ ശ്രീറാം ശർമയുടെ വികാരങ്ങൾ ഉയർത്തിപ്പിടിച്ച്, പുതിയ അർഥം പകരുന്ന അശ്വമേധയജ്ഞം കണ്ടപ്പോൾ എന്റെ സംശയങ്ങൾ അലിഞ്ഞുപോയി” – പ്രധാനമന്ത്രി പറഞ്ഞു.

“ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞം വലിയ സാമൂഹ്യയജ്ഞമായി മാറിയിരിക്കുന്നു”- ദശലക്ഷക്കണക്കിനു യുവാക്കളെ ലഹരിയിൽനിന്നു രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിലേക്കു നയിക്കുന്നതിൽ യജ്ഞത്തിന്റെ പങ്കു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. “യുവാക്കൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്”- ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്തുന്നതിലും രാഷ്ട്രവികസനത്തിനു സംഭാവനയേകുന്നതിലും അവരുടെ നിർണായകപങ്കു തിരിച്ചറിഞ്ഞു പ്രധാനമന്ത്രി പറഞ്ഞു. ഈ മഹത്തായ ഉദ്യമത്തോടുള്ള ഗായത്രി പരിവാറിന്റെ പ്രതിബദ്ധതയ്ക്ക് അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആചാര്യ ശ്രീറാം ശർമയുടെയും ഭഗവതിമാതാവിന്റെയും ശിക്ഷണങ്ങളിലൂടെ വ്യക്തികളെ പ്രചോദിപ്പിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഗായത്രി പരിവാറിലെ നിരവധി അംഗങ്ങളുമായുള്ള വ്യക്തിപരമായ ബന്ധം അനുസ്മരിച്ചു.

യുവാക്കളെ ലഹരിയുടെ പിടിയിൽനിന്നു സംരക്ഷിക്കേണ്ടതിന്റെയും ഇതിനകം അതിനടിമയായവർക്കു പിന്തുണ നൽകേണ്ടതിന്റെയും അനിവാര്യത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ലഹരിയോടുള്ള ആസക്തി വ്യക്തികൾക്കും സമൂഹങ്ങൾക്കും നാശം വിതയ്ക്കുന്നു; അതു വലിയ നാശത്തിനു കാരണമാകുന്നു” –  മൂന്നു നാലു വർഷം മുമ്പ് 11 കോടിയിലധികം പേരെ ഉൾപ്പെടുത്തി ആരംഭിച്ച, ലഹരിമുക്ത ഇന്ത്യക്കായുള്ള രാജ്യവ്യാപകസംരംഭത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു. ബൈക്ക് റാലികൾ, പ്രതിജ്ഞകൾ, സാമൂഹ്യ-മത സംഘടനകളുടെ സഹകരണത്തോടെ നടത്തിയ തെരുവുനാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലഹരിക്കെതിരായ പ്രതിരോധനടപടികളുടെ പ്രാധാന്യം പ്രധാനമന്ത്രി ‘മൻ കീ ബാത്തി’ലും വ്യക്തമാക്കുന്നുണ്ട്.

“ബൃഹത്തായ ദേശീയ-ആഗോള സംരംഭങ്ങളുമായുള്ള സംയോജനം നമ്മുടെ യുവാക്കളെ ചെറിയ പ്രശ്നങ്ങളിൽനിന്ന് അകറ്റിനിർത്തും” – വികസിത-സ്വയംപര്യാപ്ത ഇന്ത്യ സൃഷ്ടിക്കുന്നതിൽ യുവാക്കളുടെ സുപ്രധാന പങ്കു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി-20 ഉച്ചകോടിയുടെ ചിന്താവിഷയമായ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതു നാ പങ്കിടുന്ന മാനുഷിക മൂല്യങ്ങളുടെയും അഭിലാഷങ്ങളുടെയും ഉദാഹരണമാണ്” – ‘ഏകസൂര്യൻ, ഏകലോകം, ഏക ഊർജശൃംഖല’, ‘ഏക ലോകം ഏകാരോഗ്യം’ തുടങ്ങി‌യ ആഗോള സംരംഭങ്ങളിലെ കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. “ഇത്തരത്തിലുള്ള ദേശീയ-ആഗോള യജ്ഞങ്ങളിൽ നമ്മുടെ യുവാക്കളെ നാം എത്രത്തോളം ഉൾപ്പെടുത്തുന്നുവോ അത്രയധികം അവർ തെറ്റായ പാതയിൽനിന്ന് അകന്നുനിൽക്കും”- പ്രധാനമന്ത്രി പറഞ്ഞു.

കായികരംഗത്തും ശാസ്ത്രത്തിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, “ചന്ദ്രയാന്റെ വിജയം യുവാക്കൾക്കിടയിൽ സാങ്കേതികവിദ്യയോടുള്ള പുതിയ താൽപ്പര്യത്തിനു കാരണമായി” എന്നു പറഞ്ഞു. യുവാക്കളുടെ ഊർജം ശരിയായ ദിശയിലേക്കു നയിക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പരിവർത്തനപരമായ സ്വാധീനത്തിനു പ്രധാനമന്ത്രി ഊന്നൽനൽകി. ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, ഖേലോ ഇന്ത്യ തുടങ്ങിയ സംരംഭങ്ങൾ യുവാക്കളെ പ്രചോദിപ്പിക്കുമെന്നും പ്രചോദിതരായ യുവാക്കൾക്കു ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്കു തിരിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മേരാ യുവ ഭാരത് (MY ഭാരത്)’ എന്ന പുതിയ സംഘടനയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, രാഷ്ട്രനിർമാണത്തിനായി യുവശക്തിയുടെ ശരിയായ വിനിയോഗത്തിന് ഊന്നൽ നൽകുന്ന ഈ പോർട്ടലിൽ 1.5 കോടിയിലധികം യുവാക്കൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.

ലഹരിവസ്തുക്കളോടുള്ള ആസക്തിയുടെ വിനാശകരമായ ഫലങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, താഴേത്തട്ടിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇല്ലാതാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽനൽകി. ലഹരിവസ്തുക്കളുടെ ദുരുപയോഗം ഫലപ്രദമായി ചെറുക്കുന്നതിനു കരുത്തുറ്റ കുടുംബപിന്തുണാസംവിധാനങ്ങളുടെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “അതിനാൽ, ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, കുടുംബങ്ങൾ സ്ഥാപനങ്ങളെന്ന നിലയിൽ കരുത്താർജിക്കേണ്ടത് അത്യന്താപേക്ഷിതമാണ്”- പ്രധാനമന്ത്രി പറഞ്ഞു.

“രാമക്ഷേത്ര വിഗ്രഹപ്രതിഷ്ഠാചടങ്ങിൽ, ഇന്ത്യ ആയിരം വർഷത്തെ പുതിയ യാത്ര ആരംഭിക്കുകയാണെന്നു ഞാൻ പറഞ്ഞിരുന്നു”- ശ്രീ മോദി അനുസ്മരിച്ചു. രാജ്യത്തിന്റെ മഹത്തായ ഭാവിയിലേക്കുള്ള പാതയിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഈ അമൃതകാലത്ത്, ഈ പുതിയ യുഗത്തിന്റെ ഉദയത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്”- വ്യക്തിഗത വികസനശ്രമങ്ങളിലൂടെയും ദേശീയ വികസനത്തിലൂടെയും ആഗോളതലത്തിൽ മുൻനിരയിലെത്താനുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.

 

 

***

–NK–