Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗംഗാനദി (പുനരുജ്ജീവിപ്പിക്കല്‍, സംരക്ഷിക്കല്‍, പരിപാലിക്കല്‍) അധികാരപ്പെടുത്തല്‍ ഉത്തരവ്, 2016ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഗംഗാനദി (പുനരുജ്ജീവിപ്പിക്കല്‍, സംരക്ഷിക്കല്‍, പരിപാലിക്കല്‍) അധികാരപ്പെടുത്തല്‍ ഉത്തരവ്, 2016ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഫാസ്റ്റ് ട്രാക്ക് മാതൃകയില്‍ നയപരമായ തീരുമാനം കൈക്കൊള്ളാനും തീരുമാനങ്ങള്‍ നടപ്പാക്കാനുമുള്ള വ്യവസ്ഥകള്‍ ഉത്തരവിലുണ്ട്. ഇതോടെ ശുദ്ധമായ ഗംഗയ്ക്കുള്ള ദേശീയ ദൗത്യ(എന്‍.എം.സി.ജി.)ത്തിനു ഉത്തരവാദിത്തപൂര്‍വം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. പരിസ്ഥിതി(സംരക്ഷണ) നിയമം, 1986 പ്രകാരമുള്ള അധികാരങ്ങളോടെ പദ്ധതിക്ക് ഒരു പ്രത്യേക ദൗത്യമെന്ന പദവി നല്‍കാനും തീരുമാനിച്ചു. ഗംഗ പുനരുജ്ജീവിപ്പിക്കല്‍ പദ്ധതിയുടെ നടത്തിപ്പിന്റെ വേഗം കൂട്ടാന്‍ സാധിക്കുംവിധം സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങളുടെ വികേന്ദ്രീകരണവും സാധ്യമാക്കിയിട്ടുണ്ട്.

സവിശേഷതകള്‍:

ഉത്തരവ് താഴെ പറയുന്ന ഉദ്ദേശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

1. നിലവിലുള്ള എന്‍.ജി.ആര്‍.ബി.യുടെ സ്ഥാനത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഗംഗാനദിക്കായുള്ള ദേശീയ കൗണ്‍സില്‍ (പുനരുജ്ജീവിപ്പിക്കല്‍, സംരക്ഷിക്കല്‍, പരിപാലിക്കല്‍) സ്ഥാപിക്കുക. ഗംഗാനദീതടം പുനരുജ്ജീവിപ്പിക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം കൗണ്‍സിലിന് ആയിരിക്കും.

2. പ്രവര്‍ത്തനം ഫലപ്രദമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ബഹുമാനപ്പെട്ട ജലവിഭവ, നദീവികസന, ഗംഗ പുനരുജ്ജീവന മന്ത്രി അധ്യക്ഷസ്ഥാനത്തുള്ള ശാക്തീകരിക്കപ്പെട്ട ദൗത്യസംഘം രൂപീകരിക്കുക. ഈ സംഘം ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന മന്ത്രിസഭകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കും.

3. പരിസ്ഥിതി (സംരക്ഷണ) നിയമം, 1986 പ്രകാരമുള്ള അധികാരങ്ങള്‍ എന്‍.എം.സി.ജിക്കു നല്‍കുക

4. തങ്ങളുടെ അധികാര പരിധിയിലുള്ള ജില്ലാതല ഗംഗാ സംരക്ഷണ സമിതികളെ നിയന്ത്രിക്കുന്നതിനും അതതു സംസ്ഥാനതലത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനുമായി സംസ്ഥാനതല ഗംഗാ സമിതികള്‍ രൂപീകരിക്കുക.

5. പ്രാദേശികമായി ഗംഗ നേരിടുന്ന നാശഭീഷണികള്‍ക്കു പരിഹാരം കാണാനും ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്താനും ഗംഗയുടെ തീരം ഉള്‍പ്പെടുന്ന എല്ലാ ജില്ലകളിലും ജില്ലാതല ഗംഗാ സമിതികള്‍ രൂപീകരിക്കുക.
പുതിയ പരിഷ്‌കാരം ഗംഗാശുചീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.