Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍ ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗംഗാനദിയെ ശുദ്ധവും നിര്‍മ്മലവുമായി സൂക്ഷിക്കുന്നതിന് ഉത്തരാഖണ്ഡില്‍  ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഉത്തരാഖണ്ഡില്‍  നമാമിഗംഗ  പദ്ധതിയുടെ കീഴിലുള്ള ആറ് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഹരിദ്വാറില്‍  ഗംഗാനദിയെ പറ്റിയുള്ള പ്രഥമ മ്യൂസിയം- ‘ഗംഗ അവലോകന്‍ ‘ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജല്‍ ജീവന്‍ മിഷന്റെ പുതിയ ലോഗോയും ‘റോവിങ് ഡൗണ്‍ ദി ഗംഗ’ എന്ന പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. ജല്‍ ജീവന്‍  മിഷന് കീഴില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും  ജല സമിതികള്‍ക്കുo വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം പുറത്തിറക്കി.

 രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് ജല്‍  ജീവന്‍  പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചടങ്ങില്‍ പറഞ്ഞു. ഓരോ തുള്ളി വെള്ളവും  സംരക്ഷിക്കുന്നതിന് ജല്‍ ജീവന്‍  മിഷന്റെ  പുതിയ ലോഗോ  പ്രചോദനമാകും എന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍  മിഷന്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖ ഗ്രാമപഞ്ചായത്തുകള്‍ക്കും  ഗ്രാമീണര്‍ക്കും എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരം,  പൈതൃകം,  വിശ്വാസം എന്നിവയുടെ തിളങ്ങുന്ന പ്രതീകമായി ഗംഗാനദി നിലകൊള്ളുന്ന വിധം ‘റോവിംഗ്  ഡൗണ്‍ ദി  ഗംഗ’ എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ശ്രീ  മോദി പറഞ്ഞു.

 ഗംഗയുടെ ഉത്ഭവസ്ഥാനമായ ഉത്തരാഖണ്ഡില്‍ നിന്ന് പശ്ചിമബംഗാളില്‍ എത്തുന്നതുവരെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ 50 ശതമാനത്തോളം ജനസംഖ്യയുടെ നിലനില്‍പ്പിന് ഗംഗാനദി ശുചിത്വ പൂര്‍ണമായിരിക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി എടുത്തുപറഞ്ഞു.
 ഏറ്റവും ബൃഹത്തായ സംയോജിത നദീസംരക്ഷണ പദ്ധതിയായ നമാമി ഗംഗ, ഗംഗാനദിയുടെ ശുചീകരണത്തോടൊപ്പം പരിപാലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഈ  പുതു ചിന്തയും സമീപനവും  ഗംഗാനദിക്ക് നവചൈതന്യം തിരികെ കൊണ്ടുവന്നു. പൊതുജന പങ്കാളിത്തവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ  പഴയ രീതി തിരഞ്ഞെടുത്തിരുന്നു എങ്കില്‍  സ്ഥിതി ഇപ്പോഴത്തെതേതിലും മോശമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 ലക്ഷ്യ സാക്ഷാത്കാരത്തിന് ഗവണ്‍മെന്റ് നാല് നയങ്ങളില്‍ ഊന്നിയാണ് മുന്നോട്ട്  പോകുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി
ഒന്ന് -മലിനജലം ഗംഗയിലേക്ക് ഒഴുകുന്നത്  തടയാന്‍ മാലിന്യ ജല സംസ്‌കരണ ശൃംഖല രൂപീകരിക്കും.

 രണ്ട് – അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ ശൃംഖല രൂപീകരിക്കുന്നത്.
 മൂന്ന്- ഗംഗാ നദിയുടെ തീരത്തുള്ള 100 വന്‍നഗരങ്ങളും  അയ്യായിരത്തോളം ഗ്രാമങ്ങളും വെളിയിട വിസര്‍ജന മുക്തമാക്കും.  

നാല് -ഗംഗയുടെ പോഷക നദികളില്‍ മലിനീകരണം കുറയ്ക്കാന്‍ ഉള്ള എല്ലാ നടപടികളും സ്വീകരിക്കും.

 നമാമി ഗംഗയുടെ കീഴില്‍ മുപ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയോ പുരോഗമിക്കുകയോ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നടപടികളിലൂടെ കഴിഞ്ഞ ആറുവര്‍ഷമായി ഉത്തരാഖണ്ഡിലെ മലിനജലസംസ്‌കരണ ശേഷി നാലുമടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

 ഗംഗയിലേക്ക് ഒഴുകിയിരുന്ന 130ഓളം മലിനജല ഓടകള്‍ അടയ്ക്കാന്‍ ഉള്ള ശ്രമങ്ങളെ പറ്റി അദ്ദേഹം വിശദീകരിച്ചു. ഋഷികേശിലെ മുനീ കി  റേതിയില്‍ സന്ദര്‍ശകര്‍ക്കും തുഴച്ചില്‍കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന ചന്ദ്രേശ്വര്‍  നഗര്‍  എന്ന ഓട അടയ്ക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ഓട അടച്ചതിനെ  അഭിനന്ദിച്ച ശ്രീ മോദി മുനീ കി  രേതിയില്‍  നാലു നിലകളുള്ള മലിന ജല സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിച്ചതായി പറഞ്ഞു.

 പ്രയാഗ് രാജ്  കുംഭമേളക്ക്  എത്തുന്ന തീര്‍ത്ഥാടകരെ പോലെ ഉത്തരാഖണ്ഡിലെത്തുന്ന ഹരിദ്വാര്‍ കുംഭമേള  തീര്‍ഥാടകര്‍ക്കും നിര്‍മ്മലമായ ഗംഗാനദി അനുഭവവേദ്യമാകണം എന്ന് അദ്ദേഹം പറഞ്ഞു. ഗംഗാനദിയിലെ നൂറുകണക്കിന് കടവുകളുടെ സൗന്ദര്യവല്‍കരണവും ഹരിദ്വാറില്‍  ആധുനിക നദീതട വികസനവും  നടപ്പാക്കും.
 ഗംഗ അവലോകന്‍  മ്യൂസിയം, തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നതോടൊപ്പം ഗംഗാനദിയുടെ പൈതൃകത്തെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും ശ്രീ മോദി പറഞ്ഞു.

 ഗംഗാ നദിയുടെ ശുചീകരണത്തോടൊപ്പം ഗംഗാതടത്തിലെ  മുഴുവന്‍ സാമ്പത്തികവും പാരിസ്ഥിതികപരവുമായ വികസനത്തിന് നമാമി ഗംഗ ലക്ഷ്യമിടുന്നു. ജൈവ കൃഷിയും ആയുര്‍വേദ കൃഷിയും  പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് സമഗ്രപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ച മിഷന്‍ ഡോള്‍ഫിന്‍ പദ്ധതിയെ ഇത് സഹായിക്കും.

 ജലംപോലെ,  പ്രധാന വിഷയങ്ങളില്‍ തൊഴില്‍ വിഭജനം പല വകുപ്പുകളിലും മന്ത്രാലയങ്ങളുമായി ചിതറി പോകുന്നത് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏകോപനവും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും. തല്‍ഫലമായി കുടിവെള്ളം,  ജലസേചനം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. സ്വാതന്ത്ര്യാനന്തരം ഇനിയും 15 കോടിയോളം കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഈ വെല്ലുവിളികളെയെല്ലാം പരിഹരിക്കുന്നതിനും പോരായ്മകള്‍ നികത്തുന്നതിനും ആണ് ജല്‍ശക്തി മന്ത്രാലയം രൂപീകരിച്ചത് എന്ന് ശ്രീ. മോദി പറഞ്ഞു. രാജ്യത്തെ എല്ലാ വീടുകള്‍ക്കും കുടിവെള്ള പൈപ്പ്കണക്ഷന്‍ നല്‍കാനാണ് മന്ത്രാലയം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
 നിലവില്‍ ജല്‍  ജീവന്‍ പദ്ധതിയിലൂടെ പ്രതിദിനം ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നുണ്ട്,
 ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടിയോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള പൈപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു.

 ഉത്തരാഖണ്ഡില്‍ കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് 50,000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയ ഗവണ്‍മെന്റിനെ ശ്രീ മോദി അഭിനന്ദിച്ചു
.
 മുന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ ജല സമിതികളും ഉപയോക്താക്കളും പദ്ധതിയുടെ അടിസ്ഥാന തലം മുതലുള്ള നിര്‍വഹണ പുരോഗതിയില്‍ ഇടപെടുന്നുണ്ട്. ജല സമിതികളില്‍  50 ശതമാനമെങ്കിലും വനിതകള്‍ ആയിരിക്കണമെന്നും പദ്ധതിയില്‍  നിര്‍ദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം  ജല സമിതികള്‍ക്കും  ഗ്രാമ പഞ്ചായത്തുകള്‍ക്കും ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും ജല്‍  ജീവന്‍ പദ്ധതിയുടെ  കീഴില്‍ കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്നതിന് നൂറുദിന പ്രചാരണ പരിപാടിക്ക് ഒക്ടോബര്‍  2 മുതല്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കര്‍ഷകര്‍, വ്യവസായ തൊഴിലാളികള്‍,  ആരോഗ്യ മേഖല എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് അടുത്തിടെ നവീകരണങ്ങള്‍ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കരണ നടപടികളെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കാന്‍ വേണ്ടി മാത്രം ഇതിനെ എതിര്‍ക്കുന്നത് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിരുന്ന അവര്‍ രാജ്യത്തെ യുവാക്കള്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ ശാക്തീകരണത്തിനായി യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ, ആര്‍ക്കുവേണമെങ്കിലും ലാഭകരമായി വില്‍ക്കുന്നതിനെ  ആണ് ഇവര്‍ എതിര്‍ക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു. ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കിയ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്,  ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടി, അന്താരാഷ്ട്ര യോഗ ദിനം തുടങ്ങിയ പദ്ധതികളെ  പ്രതിപക്ഷം എതിര്‍ത്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമസേനയുടെ നവീകരണത്തെയും ആധുനിക യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ എത്തുന്നതിനെയും  ഇവര്‍ എതിര്‍ക്കുന്നു. ഇതേ ആള്‍ക്കാരാണ് ഗവണ്‍മെന്റിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ഇതിനോടകം സായുധസേനയിലെ പെന്‍ഷന്‍കാര്‍ക്ക് 11,000 കോടി രൂപ കുടിശ്ശിക ഇനത്തില്‍ നല്‍കിക്കഴിഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു.

 ഇതേ ആള്‍ക്കാരാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ  വിമര്‍ശിച്ചതും  സൈനികരോട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ടതും. ഇതിലൂടെ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് രാജ്യത്തിനു മുഴുവന്‍ മനസ്സിലായി കഴിഞ്ഞു. ഇവരുടെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ട് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PM India
***