Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘കൗശല്‍ ദീക്ഷാന്ത് സമാരോഹ് 2023’നെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

‘കൗശല്‍ ദീക്ഷാന്ത് സമാരോഹ് 2023’നെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൗശല്‍ ദീക്ഷാന്ത് സമാരോഹിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. നൈപുണ്യ വികസനത്തിന്റെ ഈ ഉത്സവം തനതായ സ്വഭാവമുള്ളതാണെന്നും രാജ്യത്തുടനീളമുള്ള നൈപുണ്യ വികസന സ്ഥാപനങ്ങളുടെ ഇന്നത്തെ സംയുക്ത ബിരുദദാന ചടങ്ങ് പ്രശംസനീയമായ  സംരംഭമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നത്തെ ഇന്ത്യയുടെ മുന്‍ഗണനകളെയാണ് കൗശല്‍ ദീക്ഷാന്ത് സമരോഹ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് യുവാക്കളുടെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട്, എല്ലാ യുവജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.

ഏതൊരു രാജ്യത്തിന്റെയും പ്രകൃതി, ധാതു വിഭവങ്ങള്‍, അല്ലെങ്കില്‍ നീണ്ട തീരപ്രദേശങ്ങള്‍ എന്നിങ്ങനെയുള്ള ശക്തികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ യുവാക്കളുടെ ശക്തിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, യുവതയുടെ ശക്തി ഉപയോഗിച്ച് രാജ്യം കൂടുതല്‍ വികസിക്കുമെന്നും അതുവഴി രാജ്യത്തിന്റെ വിഭവങ്ങളോട് നീതി പുലര്‍ത്തുമെന്നും പറഞ്ഞു. സമാനമായ ചിന്ത ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നു, അതിനാല്‍ മുഴുവന്‍ ആവാസവ്യവസ്ഥയിലും അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 4 ദശകങ്ങള്‍ക്ക് ശേഷം സ്ഥാപിതമായ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പിന്‍ബലത്തില്‍ നൈപുണ്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യ യുവാക്കളെ സജ്ജമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് ഇന്ന് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങളായ ഐഐടി, ഐഐഎമ്മുകള്‍,  ഐടിഐ എന്നിവ സ്ഥാപിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം കോടിക്കണക്കിന് യുവാക്കളെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ പരിശീലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗതമായി തൊഴില്‍ സൃഷ്ടിച്ചിരുന്ന മേഖലകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴില്‍, സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കുന്നവയേയും ഗവണ്മെന്റ് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് കയറ്റുമതി, മൊബൈല്‍ കയറ്റുമതി, ഇലക്ട്രോണിക് കയറ്റുമതി, സേവന കയറ്റുമതി, പ്രതിരോധ കയറ്റുമതി, ഉല്‍പ്പാദനം എന്നിവയില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും, ബഹിരാകാശം, സ്റ്റാര്‍ട്ടപ്പുകള്‍, ഡ്രോണുകള്‍, ആനിമേഷന്‍, വൈദ്യുത വാഹനങ്ങള്‍, തുടങ്ങി നിരവധി മേഖലകളില്‍ യുവാക്കള്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

‘ഇന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്നത് ഈ നൂറ്റാണ്ട് ഇന്ത്യുടേതായിരിക്കുമെന്നാണ്’- ഈ നേട്ടത്തിന് കാരണക്കാരായ യുവാക്കളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ വയോജനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം വര്‍ധിക്കുകയും രാജ്യം കൂടുതല്‍ ചെറുപ്പമാവുകയും ചെയ്യുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ നൈപുണ്യ രേഖപ്പെടുത്തൽ സംബന്ധിച്ച ഇന്ത്യയുടെ നിർദേശം അടുത്തിടെ ജി 20 ഉച്ചകോടിയില്‍ അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇത് വരും കാലങ്ങളില്‍ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളൊന്നും പാഴാക്കരുതെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന ഉറപ്പുംനല്‍കി. മുന്‍ ഗവണ്‍മെന്റുകളുടെ നൈപുണ്യ വികസനത്തോടുള്ള അവഗണന ചൂണ്ടിക്കാട്ടിയ ശ്രീ മോദി ”ഞങ്ങളുടെ ഗവണ്‍മെന്റ് വൈദഗ്ധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും പ്രത്യേക ബജറ്റ് അനുവദിക്കുകയും ചെയ്തു” എന്നും പറഞ്ഞു. യുവജനങ്ങളുടെ വൈദഗ്ധ്യത്തില്‍ ഇന്ത്യ മുമ്പെന്നത്തേക്കാളും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെന്നതിന് അടിവരയിട്ട അദ്ദേഹം, യുവജനങ്ങളെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തിയ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജനയുടെ ഉദാഹരണം നല്‍കുകയും ചെയ്തു. ഈ പദ്ധതിക്ക് കീഴില്‍ ഇതിനകം ഏകദേശം 1.5 കോടി യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. വ്യാവസായിക ക്ലസ്റ്ററുകള്‍ക്ക് സമീപം പുതിയ നൈപുണ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വ്യവസായത്തിന് അതിന്റെ ആവശ്യകതകള്‍ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി പങ്കിടാനും അതുവഴി മികച്ച തൊഴിലവസരങ്ങള്‍ക്കായി യുവജനങ്ങളില്‍ ആവശ്യമായ നൈപുണ്യവും കഴിവുകളും വികസിപ്പിക്കാന്‍ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈപുണ്യം, നൈപുണ്യം ഉയര്‍ത്തല്‍, പുനര്‍ നൈപുണ്യം എന്നിവയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെ ആവശ്യങ്ങളും സ്വഭാവവും ചൂണ്ടിക്കാട്ടുകയും അതിനനുസരിച്ച് വൈദഗ്ധ്യം നവീകരിക്കണമെന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്തു. അതുകൊണ്ട് ഇന്നത്തെ കാലഘട്ടവുമായി വ്യവസായം, ഗവേഷണം, നൈപുണ്യ വികസന സ്ഥാപനങ്ങള്‍ എന്നിവ ഇണങ്ങിച്ചേരേണ്ടത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നൈപുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്ത് 4 ലക്ഷത്തിലധികം പുതിയ ഐ.ടി.ഐ സീറ്റുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അയ്യായിരത്തോളം പുതിയ ഐ.ടി.ഐകള്‍ സ്ഥാപിച്ചതായും അറിയിച്ചു. മികച്ച പ്രയോഗങ്ങള്‍ക്കൊപ്പം കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ മാതൃകാ ഐ.ടി.ഐകളായി ഉയര്‍ത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

”നൈപുണ്യ വികസനത്തിന്റെ സാദ്ധ്യത തുടര്‍ച്ചയായി ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മെക്കാനിക്കുകള്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതികവിദ്യ, അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനങ്ങള്‍ എന്നിവയില്‍ മാത്രം ഞങ്ങള്‍ ഒതുങ്ങുന്നില്ല”, ഡ്രോണ്‍ സാങ്കേതികവിദ്യയ്ക്കായി വനിതാ സ്വയം സഹായ സംഘങ്ങളെ തയ്യാറെടുപ്പിക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിശ്വകര്‍മ്മജരുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമായി തങ്ങളുടെ പരമ്പരാഗത കഴിവുകളെ ബന്ധിപ്പിക്കാന്‍ വിശ്വകര്‍മ്മജരെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി വിശ്വകര്‍മ യോജനയെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വികസിക്കുമ്പോള്‍ യുവജനള്‍ക്ക് പുതിയ സാദ്ധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ ഒരു പുതിയ ഉയരത്തിലെത്തിക്കഴിഞ്ഞുവെന്നും അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലായ്മ അതിവേഗം കുറയുന്നതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിന്റെ നേട്ടങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തുന്നുണ്ടെന്നും അതിന്റെ ഫലമായി പുതിയ അവസരങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ വര്‍ദ്ധിക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ തൊഴില്‍ സേനയില്‍ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്തതരത്തിലുള്ള വര്‍ദ്ധന സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഉണ്ടായത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിന്റെ നേട്ടം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സമാരംഭം കുറിച്ച പദ്ധതികള്‍ക്കും സംഘടനപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുകയും ചെയ്തു.

അന്താരാഷ്ട്ര നാണയ നിധി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വരും വര്‍ഷങ്ങളിലും ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയെ എത്തിക്കാനുള്ള തന്റെ പ്രതിജ്ഞ അനുസ്മരിച്ച അദ്ദേഹം, അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറുമെന്ന ആത്മവിശ്വാസം ഐ.എം.എഫും പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. അത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നതിനും അദ്ദേഹം അടിവരയിട്ടു.

സാമര്‍ത്ഥ്യവും നൈപുണ്യവുമുള്ള മനുഷ്യശക്തി പരിഹാരങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ കേന്ദ്രമാക്കി മാറ്റണമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”പഠനം, പഠിപ്പിക്കല്‍, മുന്നോട്ട് പോകല്‍ എന്നീ പ്രക്രിയ തുടരണം. ജീവിതത്തിലെ ഓരോ ചുവടിലും നിങ്ങള്‍ വിജയിക്കട്ടെ”, പ്രധാനമന്ത്രി ഉപസംഹരിച്ചു.

***

 

***

–NS–