ഡെലവെയറിലെ വില്മിംഗ്ടണില് നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ജോസഫ് ബൈഡന് ആതിഥേയത്വം വഹിച്ച ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനും, കണ്ടെത്തുന്നതിനും, ചികിത്സിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ബൈഡന്റെ ഈ ചിന്തനീയ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്തോ-പസഫിക് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതും പ്രാപ്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ-പരിചരണം നല്കുന്നതില് ഈ പരിപാടി വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയും രാജ്യത്ത് ഒരു ബൃഹത് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിപാടി ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിന് വികസിപ്പിച്ചിട്ടുണ്ടെന്നും രോഗത്തിനുള്ള നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ മാനദണ്ഡങ്ങളിൽ രാജ്യം പ്രവര്‍ത്തിക്കുകയാണെന്നും ഇന്ത്യയുടെ ആരോഗ്യ സുരക്ഷാ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവേ, അദ്ദേഹം പരാമര്‍ശിച്ചു.
ക്യാന്‍സര്‍ മൂണ്‍ഷോട്ട് സംരംഭത്തിന് ഇന്ത്യയുടെ സംഭാവന എന്ന നിലയില്‍, ഒരു ലോകം, ഒരു ആരോഗ്യം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഇന്‍ഡോ-പസഫിക് മേഖലയിലെ ക്യാന്‍സര്‍ പരിശോധന, രോഗനിര്‍ണയം എന്നിവയ്ക്കായി 7.5 മില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായം സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഡോ-പസഫിക് മേഖലയിലെ ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള റേഡിയോ തെറാപ്പി ചികിത്സയ്ക്കും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. GAVI, QUAD കൂട്ടായ്മയ്ക്ക് കീഴില്‍ ഇന്ത്യയില്‍ നിന്ന് 40 ദശലക്ഷം ഡോസ് വാക്സിന് വിതരണം ചെയ്യുന്നത് ഇന്തോ-പസഫിക് രാജ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്വാഡ് പ്രവര്‍ത്തിക്കുമ്പോള്‍ അത് രാജ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും അത് മനുഷ്യ കേന്ദ്രീകൃത സമീപനത്തിന്റെ യഥാര്‍ത്ഥ സത്തയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റല്‍ ഹെല്‍ത്തിലെ ആഗോള സംരംഭത്തിന് 10 മില്യണ്‍ യുഎസ് ഡോളറിന്റെ സംഭാവന നല്‍കിക്കൊണ്ട്, ഇന്‍ഡോ-പസഫിക് മേഖലയിലെ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ക്ക് ക്യാന്‍സര്‍ പരിശോധനയ്ക്കും പരിചരണത്തിനും തുടര്‍ച്ചയ്ക്കും വേണ്ടിയുള്ള സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്യും.
ക്യാന്‍സര്‍ മൂണ്‍ഷോട്ട് സംരംഭത്തിലൂടെ, ഇന്‍ഡോ-പസഫിക് രാജ്യങ്ങളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിചരണത്തിലും ചികിത്സാ രംഗത്തുമുള്ള വിടവുകള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ക്വാഡ് നേതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു സംയുക്ത കാന്‍സര്‍ മൂണ്‍ഷോട്ട് വസ്തുതാ രേഖയും തദവസരത്തില്‍ പ്രകാശനം ചെയ്തു.
***
India fully supports this initiative. Let’s collectively work to strengthen the fight against cancer! https://t.co/54oxFoPSl9
— Narendra Modi (@narendramodi) September 22, 2024