Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോസി റെയില്‍വെ പാലം രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ


 

ബിഹാര്‍ ഗവര്‍ണര്‍ ശ്രീ. ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാര്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. പിയൂഷ് ഗോയല്‍ ജീ, ശ്രീ. രവിശങ്കര്‍ പ്രസാദ് ജീ, ശ്രീ. ഗിരിരാജ് സിങ് ജീ, ശ്രീ. നിത്യാനന്ദ് റായ് ജീ, ശ്രീമതി ദേവശ്രീ ചൗധരി ജീ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീര്‍ കുമാര്‍ മോദി ജീ, മറ്റു മന്ത്രിമാരെ, പാര്‍ലമെന്റംഗങ്ങളെ, നിയമസഭാംഗങ്ങളെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ചടങ്ങില്‍ പങ്കുചേരുന്ന ബിഹാറിലെ സഹോദരീ സഹോദരന്‍മാരെ, 
സുഹൃത്തുക്കളെ, ബിഹാറില്‍ റെയില്‍ ബന്ധത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കോശി മഹാസേതു, കിയുല്‍ പാലം തുടങ്ങി പന്ത്രണ്ടോളം പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമെ, ബിഹാറിലെ റെയില്‍ ബന്ധവും റെയില്‍വെയുടെ വൈദ്യുതീകരണവും മെച്ചപ്പെടുത്തുകയും റെയില്‍വേ രംഗത്തുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്കു പ്രോല്‍സാഹനമായിത്തീരുകയും ചെയ്യും. 3,000 കോടി രൂപ മൂല്യം വരുന്ന ഈ പദ്ധതികള്‍ ബിഹാറിലെ റെയില്‍ ശൃംഖല ശക്തിപ്പെടുത്തുക മാത്രമല്ല, പശ്ചിമ ബംഗാളിലെയും പൗരസ്ത്യ ഇന്ത്യയിലെയും റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പുതിയ സംവിധാനങ്ങള്‍ യാഥാര്‍ഥ്യമായതനു പൗരസ്ത്യ ഇന്ത്യയിലെ കോടിക്കണക്കിനു റെയില്‍ യാത്രികരെ ഞാന്‍ അഭിനന്ദിക്കുന്നു.
ഗംഗ, കോസി, സോണ്‍ നദികള്‍ നിമിത്തം ബിഹാറിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. നദികള്‍ നിമിത്തം വളഞ്ഞുചുറ്റി സഞ്ചരിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ബിഹാറിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ അനുഭവിക്കുന്നുണ്ട്. നിതീഷ് ജിയും പസ്വാന്‍ ജിയും റെയില്‍വേ മന്ത്രിസ്ഥാനത്തിരിക്കെ ഈ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. പിന്നീട്, ഇതു സംബന്ധിച്ച് ഒരു പ്രവര്‍ത്തനവും നടക്കാത്ത നീണ്ട കാലമുണ്ടായി. എന്നാല്‍, ബിഹാറിലെ കോടിക്കണക്കിനു ജനങ്ങളുടെ ഈ പ്രശ്‌നത്തിനു പരിഹരിക്കാനുള്ള പ്രതിജ്ഞയുമായി നാം മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇതിനായി പല നടപടികളും അതിവേഗം കൈക്കൊണ്ടിട്ടുണ്ട്. 
വടക്കു, തെക്കു ബിഹാറുകളെ ബന്ധിപ്പിക്കുന്നതിനായി പട്‌നയിലും മുംഗറിലും വലിയ പാലങ്ങളുടെ നിര്‍മാണം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചതാണ്. ഈ രണ്ടു റെയില്‍ പാലങ്ങള്‍ യാഥാര്‍ഥ്യമായതോടെ തെക്കന്‍ ബിഹാറിനും വടക്കന്‍ ബിഹാറിനും ഇടയിലുള്ള യാത്ര എളുപ്പമായി. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വടക്കന്‍ ബിഹാറില്‍ വികസനത്തിന്റെ വേഗം വര്‍ധിക്കാന്‍ ഇതു സവിശേഷമാം വിധം സഹായകമായി. ഇന്ന് മിഥില, കോസി മേഖലകളെ ബന്ധിപ്പിക്കുന്ന പാലവും സുപൗല്‍-അസന്‍പൂര്‍-കുപഹ റെയില്‍പ്പാളവും ബിഹാര്‍ ജനതയ്ക്കു സമര്‍പ്പിച്ചു. 
സുഹൃത്തുക്കളെ, എട്ടര ദശാബ്ദങ്ങള്‍ക്കു മുന്‍പുണ്ടായ ശക്തിയേറിയ ഭൂകമ്പം മിഥില, കോസി മേഖലകള്‍ ഒറ്റപ്പെടാനിടയാക്കി. ഇപ്പോള്‍ കൊറോണയെന്ന മഹാവ്യാധിക്കാലത്താണ് ഈ രണ്ടു മേഖലകളും പരസ്പരം ബന്ധിപ്പിക്കുന്നത് എന്നതു യാദൃച്ഛികത മാത്രം. നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളും കാര്യമായി പ്രവര്‍ത്തിച്ചതായി അറിയാന്‍ കഴിഞ്ഞു. ബഹുമാനപ്പെട്ട അടല്‍ ജിയുടെയും നിതീഷ് ബാബുവിന്റെയും സ്വപ്‌ന പദ്ധതികളായിരുന്നു ഈ വലിയ പാലവും പദ്ധതിയും. 2003ല്‍ നിതീഷ് ജി റെയില്‍വേ മന്ത്രിയും ബഹുമാനപ്പെട്ട അടല്‍ ജി പ്രധാനമന്ത്രിയും ആയിരിക്കെ, പുതിയ കോസി റെയില്‍ പാതയ്ക്കു പദ്ധതിയിട്ടിരുന്നു. മിഥില, കോസി മേഖലകളിലെ ജനങ്ങളുടെ യാതന അവസാനിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. 2003ല്‍ അടല്‍ ജി പദ്ധതിക്കു തറക്കല്ലിട്ടു. ആ ഗവണ്‍മെന്റിന് അടുത്ത വര്‍ഷം അധികാരം നഷ്ടമായതോടെ കോസി റെയില്‍വേ പദ്ധതി നിര്‍മാണത്തിനു വേഗം കുറഞ്ഞു. 
മിഥിലാഞ്ചലിനെ കുറിച്ചും ബിഹാര്‍ ജനതയുടെ കഷ്ടപ്പാടുകളെ കുറിച്ചും ബോധ്യമുണ്ടായിരുന്നെങ്കില്‍ കോസി റെയില്‍ പദ്ധതി പ്രവര്‍ത്തനം വേഗത്തില്‍ നടത്തുമായിരുന്നു. ആരായിരുന്നു റെയില്‍വേ മന്ത്രി, ആരുടേതായിരുന്നു ഗവണ്‍മെന്റ്? ഞാന്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. 2004നു ശേഷം തുടര്‍ന്ന രീതിയില്‍ പതുക്കെയായിരുന്നു നിര്‍മാണം നടന്നിരുന്നുവെങ്കില്‍ ഈ ദിവസം ഒരിക്കലും യാഥാര്‍ഥ്യമാവുമായിരുന്നില്ല. പദ്ധതി പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോ ദശാബ്ദങ്ങളോ, എന്തിന്, തലമുറകള്‍ തന്നെയോ വേണ്ടിവന്നേക്കാം. എന്നാല്‍, ദൃഢനിശ്ചയവും നിതീഷ് ജിയെ പോലൊരു സഹപ്രവര്‍ത്തകനും ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്.
സുപൗല്‍-അസന്‍പൂര്‍-കുപഹ റൂട്ടിലെ ജോലിക്കിടെ മണ്ണൊലിപ്പ് ഒഴിവാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. 2017ലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ നാശനഷ്ടവും നികത്തപ്പെട്ടു. അങ്ങനെ, കോസി വലിയ പാലവും സുപൗല്‍-അസന്‍പൂര്‍-കുപഹ റൂട്ടും ബിഹാര്‍ ജനതയെ സേവിക്കാനായി ഒരുങ്ങി.
സുഹൃത്തുക്കളേ, കോസി വലിയ പാലം വഴി സുപൗല്‍-അസന്‍പൂര്‍-കുപഹ റൂട്ടില്‍ പുതിയ റെയില്‍ സര്‍വീസ് ആരംഭിക്കുന്നത് സുപൗല്‍, അരാരിയ, സഹര്‍സ ജില്ലകളിലെ ജനങ്ങള്‍ക്ക് ഏറെ ഗുണംചെയ്യും. ഇതുവഴി വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കു പുതിയൊരു പാത കൂടി ലഭിക്കുകയും ചെയ്തു. കോസി, മിഥില മേഖലകളില്‍ ഉള്ളവര്‍ക്ക് ഈ വലിയ പാലം സഹായകമാകുമെന്നു മാത്രമല്ല, ഇത് ഈ മേഖലയിലാകെ വ്യാപാരവും തൊഴിലവസരങ്ങളും വര്‍ധിക്കുന്നതിനു കാരണമായിത്തീരുകയും ചെയ്യും. 
സുഹൃത്തുക്കളേ, നിര്‍മാലിയില്‍നിന്നു സാരയ്ഗഢിലേക്കു റെയില്‍പ്പാത വഴിയുള്ള ദൂരം 300 കിലോമീറ്റര്‍ വരുമെന്നു ബിഹാറുകാര്‍ക്ക് അറിയാം. ദര്‍ഭംഗ, സമസ്തിപ്പൂര്‍, ഖഗാരിയ, മാന്‍സി, സഹര്‍സ വഴി പോകണം. 300 കിലോമീറ്ററില്‍നിന്ന് യാത്രാദൂരം 22 കിലോമീറ്ററിലേക്കും, യാത്രാസമയം എട്ടു മണിക്കൂറില്‍നിന്ന് അര മണിക്കൂറിലേക്കും കുറയുന്ന സമയം വിദൂരമല്ല. എന്നുവെച്ചാല്‍, ബിഹാര്‍ ജനതയ്ക്കു യാത്രയ്ക്കു നീക്കിവെക്കേണ്ടിവരുന്ന സമയം കുറയുകയും അതുവഴി സമയവും പണവും ലാഭിക്കാന്‍ സാധിക്കുകയും ചെയ്യും. 
സുഹൃത്തുക്കളേ, കോസി വലിയ പാലം പോലെ, കിയുല്‍ നദിയില്‍ പുതിയ റെയില്‍ ഇലക്ട്രോണിക് ഇന്റര്‍ ലോക്കിങ് സൗകര്യം ആരംഭിക്കുന്നത് ഈ റൂട്ടില്‍ സൗകര്യവും വേഗവും വര്‍ധിക്കാന്‍ സഹായകമാകും. ഈ റെയില്‍വേ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഝാഝ മുതല്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംങ്ഷന്‍ വരെയുള്ള പ്രധാന പാതയില്‍ തീവണ്ടികള്‍ക്ക് 100 മുതല്‍ 125 വരെ കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധിക്കും. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് ഹൗറ-ഡെല്‍ഹി പ്രധാന പാതയില്‍ തീവണ്ടി ഗതാഗതം എളുപ്പമാക്കുകയും അനാവശ്യമായ താമസം ഇല്ലാതാക്കുകയും യാത്ര സുരക്ഷിതമാക്കുകയും ചെയ്യും. 
സുഹൃത്തുക്കളേ, കഴിഞ്ഞ ആറു വര്‍ഷങ്ങളായി പുതിയ ഇന്ത്യയെ കുറിച്ചും സ്വാശ്രയ ഇന്ത്യയെ കുറിച്ചും ഉള്ള പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ഇന്ത്യന്‍ റെയില്‍വേയെ മാറ്റിയെടുക്കുന്നതിനു ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ മുമ്പെന്നത്തേക്കാളും വൃത്തിയുള്ളതാണ്. ബ്രോഡ്‌ഗേജ് റെയില്‍പ്പാതകളില്‍ ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുക വഴി ഇന്ത്യന്‍ റെയില്‍വേ സുരക്ഷിതമാക്കി. ഇന്ത്യന്‍ റെയില്‍വെയുടെ വേഗം വര്‍ധിച്ചു. വന്ദേഭാരത് പോലുള്ള ഇന്ത്യയില്‍ നിര്‍മിച്ച തീവണ്ടികള്‍ സ്വാശ്രയത്വവും ആധുനിക വല്‍ക്കരണവും ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാകുന്നതിന്റെ അടയാളങ്ങളാണ്. റെയില്‍വേ ശൃംഖലയുടെ ഭാഗമല്ലാതെ തുടരുന്ന രാജ്യത്തെ പ്രദേശങ്ങള്‍ ബന്ധിപ്പിക്കുകയും റെയില്‍പ്പാതകളുടെ വീതി വര്‍ധിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യുന്ന ജോലി അതിവേഗം നടന്നുവരികയാണ്. 
ഇന്ത്യന്‍ റെയില്‍വേ ആധുനികവല്‍ക്കരിക്കുക വഴി ബിഹാറിനും കിഴക്കന്‍ ഇന്ത്യക്കും വലിയ നേട്ടം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വൈദ്യുത ലോക്കോ ഫാക്റ്ററി മധേപുരയിലും ഡീസല്‍ ലോകോ ഫാക്റ്ററി മര്‍ഹോറയിലും സ്ഥാപിച്ചിരിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഇത്. ഈ രണ്ടു പദ്ധതികളിലുമായി 44,000 കോടി രൂപ നിക്ഷേിപിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ, അതായത് 12,000 കുതിരശക്തി കരുത്തുള്ള ലോകോമോട്ടീവ് ബിഹാറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇലക്ട്രിക് ലോകോമോട്ടീവുകളുടെ പരിപാലനത്തിനുള്ള ബിഹാറിലെ ആദ്യത്തെ ലോക്കോ ഷെഡും ബറൂണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിഹാറിലെ റെയില്‍ ശൃംഖലയുടെ 90 ശതമാനത്തിലേറെ വൈദ്യുതീകരിച്ചുകഴിഞ്ഞു എന്നതാണു മറ്റൊരു വലിയ കാര്യം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 3,000 കിലോമീറ്ററിലേറെ റെയില്‍വേ ലൈന്‍ വൈദ്യുതീകരിക്കപ്പെട്ടു. അകെ അഞ്ചു പദ്ധതികള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 
സുഹൃത്തുക്കളെ, ബിഹാറിലെ സാഹചര്യത്തില്‍ ധാരാളം പേര്‍ക്കു യാത്ര ചെയ്യുന്നതിനുള്ള വഴിയാണ് റെയില്‍വേ. ബിഹാറിലെ റെയില്‍വേ സൗകര്യം വര്‍ധിപ്പിക്കുക എന്നതിനു കേന്ദ്ര ഗവണ്‍മെന്റ് വളരെയധികം പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ബിഹാറിലെ റെയില്‍വേ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് വലിയ മുന്‍ഗണന നല്‍കിവരുന്നു. ബിഹാറില്‍ അതിവേഗം നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവവര്‍ത്തനം സംബന്ധിച്ചു ഒരു കാര്യം നിങ്ങളോടു പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നു. 2014നു മുമ്പുള്ള അഞ്ചു വര്‍ഷം ബിഹാറില്‍ പുതുതായി 325 കിലോമീറ്റര്‍ റെയില്‍പ്പാത മാത്രമാണ് ആരംഭിച്ചത്. എന്നാല്‍, 2014നുശേഷമുള്ള അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ചത് 700 കിലോമീറ്റര്‍ റെയില്‍പ്പാതയാണ്. ആയിരം കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മാണം നടന്നുവരികയാണ്. ഹാജിപ്പൂര്‍-ഖോസ്‌വാര്‍-വൈശാലി റെയില്‍പ്പാത യാഥാര്‍ഥ്യമാകുന്നതോടെ വൈശാലിയില്‍നിന്നു ഡെല്‍ഹിയിലേക്കും പറ്റ്‌നയിലേക്കും നേരിട്ടുള്ള റെയില്‍ ഗതാഗതം സാധ്യമാകും. ഇതു വൈശാലിയിലെ വിനോദസഞ്ചാരം വര്‍ധിപ്പിക്കുകയും യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. അതുപോലെ, ഇസ്ലാംപൂര്‍-നടേശര്‍ റെയില്‍പ്പാതയും ജനങ്ങള്‍ക്കു ഗുണംചെയ്യും. വിശേഷിച്ച്, ബുദ്ധമത വിശ്വാസികള്‍ക്കു പുതിയ സംവിധാനം ഏറെ സഹായകമാകും. 
സുഹൃത്തുക്കളേ, ഇപ്പോള്‍ രാജ്യത്തു സമര്‍പ്പിത ചരക്കുഗതാഗത ഇടനാഴി നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇതു ചരക്കുഗതാഗതത്തിനും യാത്രാ വണ്ടികള്‍ക്കും വെവ്വേറെ ട്രാക്കുകള്‍ യാഥാര്‍ഥ്യമാക്കും. സമര്‍പ്പിത റെയില്‍ ഇടനാഴിയില്‍ 250 കിലോമീറ്റര്‍ ബിഹാറിലാണ്. ഇതു വൈകാതെ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതു യാത്രാവണ്ടികളുടെയും ചരക്കുവണ്ടികളുടെയും യാത്ര വൈകുന്ന സാഹചര്യം ഇല്ലാതാക്കും. 
സുഹൃത്തുക്കളേ, കൊറോണ കാലത്തു നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ റെയില്‍വേയിലെ ലക്ഷക്കണക്കിനു ജീവനക്കാര്‍ക്കും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ശ്രമിക് പ്രത്യേക തീവണ്ടികള്‍ വഴി ലക്ഷക്കണക്കിനു പേരെ അന്യനാട്ടുകളില്‍നിന്ന് എത്തിക്കാന്‍ റെയില്‍വേ രാപകലില്ലാതെ പ്രവര്‍ത്തിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് അതതു നാട്ടില്‍ തൊഴില്‍ ലഭ്യമാക്കുന്നതില്‍ റെയില്‍വേ ഗണ്യമായ പങ്കുവഹിച്ചു. കൊറോണ കാലത്ത് യാത്രാ വണ്ടികളുടെ സര്‍വീസ് കുറച്ചു ദിവസം നിര്‍ത്തിവച്ചിരുന്നെങ്കിലും സുരക്ഷയും ആധുനികവല്‍ക്കരണവും സംബന്ധിച്ച ജോലികള്‍ അതിവേഗം തുടര്‍ന്നു. രാജ്യത്തെ ആദ്യ കര്‍ഷക തീവണ്ടി, അതായത്, ചക്രങ്ങളില്‍ ഓടുന്ന ശീത സംഭരണി കൊറോണ കാലത്ത് ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഇടയില്‍ ഓടി. 
സുഹൃത്തുക്കളേ, ഈ ചടങ്ങു സംഘടിപ്പിച്ചതു റെയില്‍വേ ആയിരിക്കാം; എന്നാല്‍ റെയില്‍വേയോടൊപ്പം ഇതു ജനജീവിതം ലളിതവും മെച്ചമാര്‍ന്നതും ആക്കാനുള്ള ശ്രമം കൂടിയാണ്. അതുകൊണ്ടുതന്നെ, ബിഹാര്‍ ജനതയുടെ ആരോഗ്യവുമായും ബന്ധപ്പെട്ട മറ്റൊരു കാര്യംകൂടി നിങ്ങളോടു ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിതീഷ് ജിയുടെ ഗവണ്‍മെന്റ് അധികാരമേല്‍ക്കുംമുന്‍പ് ബിഹാറില്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടായിരുന്നില്ല. അതു ബിഹാറിലെ രോഗികള്‍ക്കു ബുദ്ധിമുട്ടായിരുന്നു എന്നു മാത്രമല്ല, കഴിവുള്ള കുട്ടികള്‍ക്കു വൈദ്യപഠനം നടത്താന്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇപ്പോള്‍ ബിഹാറില്‍ 15ലേറെ മെഡിക്കല്‍ കോളജുകള്‍ ഉണ്ട്. അതില്‍ മിക്കതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിര്‍മിക്കപ്പെട്ടവയാണ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ബിഹാറില്‍ പുതിയ ഒരു എ.ഐ.ഐ.എം.എസ്. കൂടി അനുവദിക്കപ്പെട്ടിട്ടുണ്ട്. അതു ദര്‍ഭംഗയിലാണു തുടങ്ങുക. 750 കിടക്കകളോടുകൂടിയ ആശുപത്രിയില്‍ എം.ബി.ബി.എസ്സിന് 100 സീറ്റും നഴ്‌സിങ്ങിന് 60 സീറ്റും ഉണ്ടായിരിക്കും. ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 
സുഹൃത്തുക്കളേ, കഴിഞ്ഞ ദിവസം രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതായിരുന്നു; കര്‍ഷക ക്ഷേമത്തെ സംബന്ധിച്ചും കാര്‍ഷിക പരിഷ്‌കാരത്തെ സംബന്ധിച്ചും പ്രധാനമായിരുന്നു. വിശ്വകര്‍മ ജയന്തിയായ ഇന്നലെ ചരിത്രപരമായ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ ലോക്‌സഭയില്‍ പാസ്സാക്കപ്പെട്ടു. ഈ ബില്ലുകള്‍ നമ്മുടെ കര്‍ഷകരെ പല നിയന്ത്രണങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം കൃഷിയില്‍ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം ലഭിക്കുകയുമാണ്. അവര്‍ മുക്തരാക്കപ്പെട്ടുകഴിഞ്ഞു. ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനു കൂടുതല്‍ സാധ്യതകള്‍ കര്‍ഷകര്‍ക്കു ലഭിക്കും. ഈ ബില്ലുകള്‍ പാസ്സാക്കപ്പെട്ടതിനു രാജ്യത്തെ കര്‍ഷകരെ ഞാന്‍ അഭിനന്ദിക്കുന്നു. കര്‍ഷകനും ഉപഭോക്താവിനും ഇടയിലുള്ള മധ്യവര്‍ത്തി കര്‍ഷകരുടെ സമ്പാദ്യത്തിന്റെ ഗണ്യമായ പങ്കും കൈക്കലാക്കുകയാണ്. കര്‍ഷകരെ സംരക്ഷിക്കാന്‍ ഈ ബില്ലുകള്‍ അനിവാര്യമായിരുന്നു. ഈ ബില്ലുകള്‍ കര്‍ഷകര്‍ക്കുള്ള പ്രതിരോധ കവചങ്ങളാണ്. എന്നാല്‍, ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചിട്ടുള്ള ചിലര്‍ കര്‍ഷകരില്‍ ഇതേക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും കര്‍ഷകരോടു നുണ പറയുകയുമാണു ചെയ്യുന്നത്. 
സുഹൃത്തുക്കളെ, ഇവര്‍ തെരഞ്ഞെടുപ്പു കാലത്തു കര്‍ഷകരെ ആകര്‍ഷിക്കാനായി വലിയ കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു, അത്തരം കാര്യങ്ങള്‍ എഴുതിവെക്കാറുണ്ടായിരുന്നു, തെരഞ്ഞെടുപ്പു വാഗ്ദാന പത്രികയില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എല്ലാം മറക്കും. എന്നാല്‍ ദശാബ്ദങ്ങളോളം രാജ്യം ഭരിച്ചവരുടെ തെരഞ്ഞെടുപ്പു വാഗ്ദാന പത്രികയില്‍ ഉള്‍പ്പെടുത്തപ്പെട്ട കാര്യങ്ങള്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് നടപ്പാക്കുകയും കര്‍ഷകര്‍ക്കു സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പു വാഗ്ദാന പത്രികയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയവര്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എ.പി.എം.സി. നിയമത്തില്‍ രാഷ്ട്രീയം കളിക്കുകയും കാര്‍ഷിക വിപണി സംബന്ധിച്ച വ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇതേ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പു വാഗ്ദാന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നോര്‍ക്കണം. ഇപ്പോള്‍ എന്‍.ഡി.എ. ഗവണ്‍മെന്റ് നടപ്പാക്കി എന്നതുകൊണ്ടാണ് ഇവര്‍ ശക്തമായി എതിര്‍ക്കുന്നതും നുണകള്‍ പറഞ്ഞു കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതും. പ്രതിപക്ഷത്തിന്റെ നിലനില്‍പിനായി എതിര്‍പ്പ് ഉയര്‍ത്തുന്നതിനുള്ള ഒരു ഉദാഹരണം മാത്രമാണ് ഇത്. രാജ്യത്തെ കര്‍ഷര്‍ക്ക് ഇതൊക്കെ അറിയാമെന്ന് ഇവര്‍ മറന്നുപോവുകയാണ്. മധ്യവര്‍ത്തികള്‍ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്നു കര്‍ഷകന്‍ കാണുന്നുണ്ട്. 
സുഹൃത്തുക്കളെ, ഇവര്‍ എം.എസ്.പിയെ കുറിച്ചു വലുതായി സംസാരിക്കുന്നതല്ലാതെ ഒരിക്കലും ഇതുസംബന്ധിച്ചു നല്‍കിയ വാഗ്ദാനം പാലിച്ചിട്ടില്ല. ഇപ്പോഴത്തെ എന്‍.ഡി.എ. ഗവണ്‍മെന്റ് മാത്രമാണു കര്‍ഷകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയത്. എന്നാല്‍, കര്‍ഷകര്‍ക്കു ഗവണ്‍മെന്റ് എം.എസ്.പിയുടെ ആനൂകൂല്യങ്ങള്‍ നല്‍കില്ലെന്ന തെറ്റായ പ്രചാരണത്തില്‍ അഭയം കണ്ടെത്തുകയാണ് അവര്‍. കര്‍ഷകരില്‍നിന്നു ഗവണ്‍മെന്റ് നെല്ലും ഗോതമ്പും വാങ്ങില്ല എന്നതൊക്കെ കെട്ടിച്ചമച്ച നുണകള്‍ മാത്രമാണ്. ഇതു പൂര്‍ണമായും നുണയാണ്, തെറ്റാണ്, കര്‍ഷകരെ വഞ്ചിക്കലാണ്. നമ്മുടെ ഗവണ്‍മെന്റ് എം.എസ്.പിയിലൂടെ കര്‍ഷകര്‍ക്കു ന്യായവില നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ് എന്നും. ഗവണ്‍മെന്റ നടത്തിവരുന്ന സംഭരണം മുന്‍പത്തേതുപോലെ തുടരും. ഏതൊരാള്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ ലോകത്തെവിടെയും വില്‍ക്കാം. ആഭരണമോ വീട്ടുപകരണങ്ങളോ ചെരുപ്പുകളോ ഉണ്ടാക്കിയാല്‍ എവിടെയും വില്‍ക്കാം. എന്നാല്‍, എന്റെ കര്‍ഷക സഹോദരങ്ങള്‍ക്ക് ആ അവകാശം നിഷേധിക്കപ്പെട്ടിരുന്നു. പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതോടെ കര്‍ഷകനു തന്റെ ഉല്‍പന്നങ്ങള്‍ രാജ്യത്ത് എവിടെയുമുള്ള വിപണിയില്‍ തനിക്ക് ഇഷ്ടമുള്ള വിലയ്ക്കു വില്‍ക്കാം. ഇതു നമ്മുടെ സഹകരണ സ്ഥാപനങ്ങള്‍ക്കും കാര്‍ഷികോല്‍പാദന കേന്ദ്രങ്ങള്‍ക്കും ബിഹാറിലെ സ്വാശ്രയ സംഘങ്ങള്‍ക്കും സുവര്‍ണാവസരമാണ്. 
സുഹൃത്തുക്കളെ, ഈ ചടങ്ങില്‍ നിതീഷ് ജിയും പങ്കെടുക്കുന്നുണ്ട്. എ.പി.എം.സി. നിയമം കര്‍ഷകര്‍ക്കു ചെയ്യുന്ന ദോഷത്തെക്കുറിച്ച് അദ്ദേഹത്തിനും അറിയാം. അതു തിരിച്ചറിഞ്ഞാണു മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഈ നിയമം എടുത്തുകളയാന്‍ അദ്ദേഹം തയ്യാറായത്. ബിഹാര്‍ കാട്ടിയ പാതയാണു രാജ്യം അവലംബമാക്കിയത്. 
സുഹൃത്തുക്കളെ, കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എന്‍.ഡി.എ. ഗവണ്‍മെന്റ് കര്‍ഷകര്‍ക്കായി ചെയ്തിടത്തോളം കാര്യങ്ങള്‍ മുന്‍പൊരിക്കലും ചെയ്തിട്ടില്ല. കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും മനസ്സിലാക്കാനും പരിഹരിക്കാനും നാം സംഘടിതമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ കല്യാണ്‍ യോജന ആരംഭിച്ചതു കര്‍ഷകര്‍ക്കു വിത്തും വളവും വാങ്ങാനും ചെറിയ ആവശ്യങ്ങള്‍ക്കു പോലും പണം കടംവാങ്ങേണ്ടിവരുന്നത് ഒഴിവാക്കാനും സാഹചര്യം ഒരുക്കാനാണ്. ഈ പദ്ധതി പ്രകാരം രാജ്യത്തെ 10 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഒരു ലക്ഷം കോടി രൂപയോളം നേരിട്ടു കൈമാറി. ദശാബ്ദങ്ങളായി നടപ്പാക്കാതെ കിടക്കുന്ന ജലസേചന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനും അതുവഴി കര്‍ഷകര്‍ വെള്ളത്തിനു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്കായി ഒരു ലക്ഷം കോടിയോളം രൂപ ചെലവിടുകയാണ്. ലഭിക്കാന്‍ നീണ്ട ക്യൂ നില്‍ക്കേണ്ടിവരികയും കര്‍ഷകരെക്കാള്‍ വേഗം ഫാക്ടറികള്‍ക്കു ലഭ്യത ഉണ്ടായിരുന്നതുമായ യൂറിയ പൂര്‍ണമായും വേപ്പെണ്ണ ചേര്‍ത്തതാക്കി. രാജ്യത്തു ശീതീകൃത സംഭരണികള്‍ വലിയ തോതില്‍ നിര്‍മിക്കുകയാണ്, ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ വന്‍ നിക്ഷേപം നടത്തുകയാണ്, ഒരു ലക്ഷം കോടി രൂപ വരുന്ന കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് രൂപീകരിക്കുകയാണ്. കന്നുകാലികളെ രോഗങ്ങളില്‍നിന്നു സംരക്ഷിക്കാനായി ദേശീയ തലത്തില്‍ പ്രചരണം ആരംഭിക്കുകയാണ്. മല്‍സ്യോല്‍പാദനം വര്‍ധിപ്പിക്കാനും കോഴിക്കൃഷി പ്രോല്‍സാഹിപ്പിക്കാനും തേന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും ക്ഷീരോല്‍പാദനം മെച്ചപ്പെടുത്താനും കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനായി കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണ്. 
സുഹൃത്തുക്കളെ, എനിക്ക് ഇന്നു രാജ്യത്തെ കര്‍ഷകരോട് ഒരു കാര്യം വിനയത്തോടെ പറയാനുണ്ട്; ഒരു സന്ദേശം വ്യക്തതയോടെ നല്‍കാനുണ്ട്. ആശയക്കുഴപ്പത്തില്‍ പെടരുത്. ഇത്തരക്കാരെ കരുതിയിരിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്കു സാധിക്കണം. രാജ്യം ദശാബ്ദങ്ങളോളം ഭരിക്കുകയും ഇപ്പോള്‍ കര്‍ഷകരോടു നുണ പറയുകയും ചെയ്യുന്നവരെ സൂക്ഷിക്കണം. കര്‍ഷകരുടെ സുരക്ഷ സംബന്ധിച്ചു നാടകം കളിക്കുക മാത്രമാണ് അവര്‍. സത്യത്തില്‍ അവര്‍ക്കാവശ്യം കര്‍ഷകരെ തളയ്ക്കുകയാണ്. കര്‍ഷരുടെ വരുമാനം കൊള്ളയടിക്കുന്ന മധ്യവര്‍ത്തികളെയാണ് അവര്‍ പിന്‍തുണയ്ക്കുന്നത്. രാജ്യത്തെവിടെയും ആര്‍ക്കും ഉല്‍പന്നം വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കു നല്‍കുന്ന ചരിത്രപരമായ ചുവടാണ് ഇത്. 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ കര്‍ഷകനു കെട്ടുപാടുകള്‍ ഉണ്ടാവില്ല, അവന്‍ സ്വതന്ത്രനായി കൃഷി ചെയ്യും, ഇഷ്ടമുള്ളിടത്തും കൂടുതല്‍ വില കിട്ടുന്നിടത്തും തന്റെ ഉല്‍പന്നം വില്‍ക്കും. അവന്‍ മധ്യവര്‍ത്തികളെ ആശ്രയിക്കേണ്ടിവരില്ല. ഉല്‍പാദനവും ലാഭവും വര്‍ധിപ്പിക്കുകയും ചെയ്യും. ഇതു രാജ്യത്തിന്റെയും കാലത്തിന്റെയും ആവശ്യമാണ്. 
സുഹൃത്തുക്കളെ, രാജ്യത്തിന്റെ വികസനത്തില്‍ എല്ലാവരെയും, അതായതു കര്‍ഷകരെ ആയാലും സ്ത്രീകളെ ആയാലും യുവാക്കളെ ആയാലും ശാക്തീകരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. ഈ കടപ്പാടിന്റെ ഭാഗമായാണ് എല്ലാ പദ്ധതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്നു തുടക്കമിട്ട പദ്ധതികള്‍ യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്ന ബിഹാറിലെ ജനങ്ങള്‍ക്കു ഗുണകരമാകുമെന്ന് എനിക്ക് ഉറപ്പാണ്. 
സുഹൃത്തുക്കളെ, കൊറോണയുടെ ഈ പരീക്ഷണ കാലഘട്ടത്തില്‍ നാം വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ചെറിയ അശ്രദ്ധ പോലും നിങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ വളരെയേറെ ദോഷം ചെയ്യാം. അതുകൊണ്ടു ബിഹാറിലെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും ജനങ്ങളോടുള്ള അഭ്യര്‍ഥന ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി മുഖകവചം ശരിയാംവണ്ണം ധരിക്കുക, രണ്ടടി അകലം പാലിക്കാന്‍ സദാ ശ്രദ്ധിക്കുക, ആള്‍ത്തിരക്കുള്ള ഇടങ്ങളിലേക്കു പോകാതിരിക്കുക, കൂട്ടംകൂടുന്നത് ഒഴിവാക്കുക,   പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനായുള്ള പാനീയങ്ങള്‍,   ചൂടുവെള്ളം എന്നിവ കുടിക്കുക, ആരോഗ്യം എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. കരുതിയിരിക്കുക, സുരക്ഷിതരായിരിക്കുക, ആരോഗ്യത്തോടെ ഇരിക്കുക.
നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു. വളരെയധികം നന്ദി.  

****