Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോവിഡ്-19നെ പ്രതിരോധിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തിയ പ്രസംഗം <b


പ്രിയപ്പെട്ട സഹപൗരന്‍മാരേ,
ലോകമാകെ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പ്രകൃതിദുരന്തമുണ്ടായാല്‍ അതു ബാധിക്കുക ഏതാനും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും മാത്രം ആയിരിക്കും. എന്നാല്‍, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ദുരന്തം മാനവരാശിയെ ഒന്നാകെ പ്രതിസന്ധിയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ എത്ര രാജ്യങ്ങളെ ബാധിച്ചുവോ, അതിലേറെ രാജ്യങ്ങളെയാണ് ഇന്നു കൊറോണ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കൊറോണ വൈറസ് സംബന്ധിച്ച ഗൗരവമേറിയ വാര്‍ത്തകളാണു നാം കേള്‍ക്കുന്നത്. ഈ കാലയളവില്‍ 130 കോടി ഇന്ത്യന്‍ പൗരന്‍മാര്‍ കൊറോണ മഹാവ്യാധിയെ ഫലപ്രദമായി നേരിടുകയും രോഗത്തിനെതിരെ ആവശ്യമായ ശ്രദ്ധ നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഏതാനും ദിവസങ്ങളായി നാം പ്രതിസന്ധിയെ മറികടന്നു കഴിഞ്ഞു എന്ന ചിന്ത ഉണ്ടായതായി തോന്നുന്നു. കൊറോണ പോലുള്ള ആഗോള മഹാവ്യാധിയോട് അലംഭാവത്തോടെ പ്രതികരിക്കുന്നതു ശരിയല്ല. അതിനാല്‍, ഓരോ ഇന്ത്യക്കാരനും ജാഗ്രതയും കരുതലും പുലര്‍ത്തണം.
സുഹൃത്തുക്കളേ,
ഞാന്‍ സഹായം ചോദിച്ചപ്പോള്‍ ഒരിക്കലും നിങ്ങള്‍ എന്നെ തള്ളിയിട്ടില്ല. നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലത്തില്‍ മാത്രമേ ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കൂ.

ഇന്നു ഞാന്‍ എല്ലാ സഹപൗരന്‍മാരോടു ഒരു കാര്യം ചോദിക്കുകയാണ്.
വരുന്ന ഏതാനും ആഴ്ചകളിലെ നിങ്ങളുടെ സമയം ഞാന്‍ ചോദിക്കുകയാണ്.
സുഹൃത്തുക്കളേ,

ഇന്നുവരെ കൊറോണ മഹാവ്യാധിക്കു കൃത്യമായ പരിഹാരം കാണാന്‍ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. പ്രതിരോധ കുത്തിവെപ്പും കണ്ടെത്തിയിട്ടില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ആകാംക്ഷയുണ്ടാവുക സ്വാഭാവികം മാത്രമാണ്.
കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളെ കുറിച്ചുള്ള പഠനം വെൡപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്.
രോഗം പ്രത്യക്ഷപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് അവിടങ്ങളിലെല്ലാം രോഗം വ്യാപിച്ചത്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതു പെട്ടെന്നാണ്.
കേന്ദ്ര ഗവണ്‍മെന്റ് സാഹചര്യം സശ്രദ്ധം വീക്ഷിക്കുകയും കൊറോണ പടരുന്നതു നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
പെട്ടെന്നു തീരുമാനം കൈക്കൊള്ളുകയും കൂടുതല്‍ പേരെ ഐസലേറ്റ് ചെയ്യുകയും വഴി രോഗം പടരുന്നതു നിയന്ത്രിച്ച ഏതാനും രാജ്യങ്ങളുണ്ടെങ്കിലും 130 കോടി ജനങ്ങള്‍ ഉള്ളതും വികസനത്തിനായി കഠിനപ്രയത്‌നം നടത്തുന്നതുമായ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിസന്ധി എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല.
ഇപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ പോലും കോവിഡ്-19ന്റെ പ്രത്യാഘാതം വ്യാപകമായി നേരിടുമ്പോള്‍ ഇന്ത്യയെ ഈ രോഗം ബാധിക്കില്ലെന്നു കരുതുന്നതു തെറ്റായ അനുമാനമാണ്.
ഈ സാഹചര്യത്തില്‍ മഹാവ്യാധിയെ നേരിടാന്‍ രണ്ടു പ്രധാന കാര്യങ്ങളാണ് ആവശ്യം- ദൃഢനിശ്ചയവും ക്ഷമയും. പൗരനെന്ന നിലയ്ക്കുള്ള കടമ നിറവേറ്റുകയും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുകയും വഴി ഈ സാഹചര്യത്തെ നേരിടാന്‍ സാധിക്കുമെന്ന നിശ്ചയദാര്‍ഢ്യം 130 കോടി ഇന്ത്യന്‍ പൗരന്‍മാര്‍ ശക്തിപ്പെടുത്തണം.
ഈ രോഗത്തില്‍നിന്നു സ്വയം രക്ഷ നേടുന്നതോടൊപ്പം മറ്റുള്ളവര്‍ക്കു ബാധിക്കുന്നതില്‍നിന്നു പ്രതിരോധിക്കുമെന്നുകൂടി ഇന്നു നാം ദൃഢനിശ്ചയം ചെയ്യണം.
സുഹൃത്തുക്കളേ,
ഈ മഹാവ്യാധി പടരുമ്പോള്‍ ‘നാം ആരോഗ്യവാന്‍മാരെങ്കില്‍ ലോകം ആരോഗ്യപൂര്‍ണമായിരിക്കും’ എന്ന ഒരു മന്ത്രത്തിനു മാത്രമേ നമ്മെ രക്ഷിക്കാന്‍ സാധിക്കൂ.
ഈ രോഗത്തിനു ചികില്‍സ ഇല്ലെന്നിരിക്കെ, രോഗബാധ സംഭവിക്കാതിരിക്കാന്‍ നാം ആരോഗ്യവാന്‍മാര്‍ ആയി നിലകൊള്ളണമെന്നത് അവിതര്‍ക്കിതമാണ്.
ഈ രോഗം ഇല്ലാതാക്കാനും ഒരു വ്യക്തിയെ ആരോഗ്യവാനായി നിലനിര്‍ത്താനും അത്യാവശ്യമായ ബലമാണു ക്ഷമ.
എങ്ങനെയാണ് ഈ കാര്യത്തില്‍ ഒരാള്‍ക്കു ക്ഷമ പാലിക്കാന്‍ സാധിക്കുക? ആള്‍ക്കൂട്ടങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും വീടുകളില്‍നിന്നു പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വഴി.
കോവിഡ്-19 മഹാവ്യാധി പടരുന്നത് ഒഴിവാക്കുന്നതില്‍ സാമൂഹിക അകലം പാലിക്കല്‍ വളരെ പ്രധാനമാണ്.
ഈ പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ നമ്മുടെ ദൃഢനിശ്ചയത്തിനും ക്ഷമയ്ക്കും വലിയ പങ്കാണു വഹിക്കാനുള്ളത്.

അങ്ങാടിയില്‍ പോകുന്നതു തുടരുകയും ആള്‍ക്കൂട്ടങ്ങളുടെ ഭാഗമാകുന്നതു തുടരുകയും ചെയ്താലും കോവിഡ്-19 ബാധിക്കില്ലെന്ന് അനുമാനിക്കുന്നതു ശരിയല്ല. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ നിങ്ങളോടു മാത്രമല്ല, കുടുംബത്തോടുപോലും അനീതി കാട്ടുകയാണ്.

ഇക്കാര്യം മനസ്സില്‍ വെച്ചുകൊണ്ട് വരുന്ന ആഴ്ചകളില്‍ അത്യാവശ്യ ഘട്ടങ്ങൡ മാത്രമേ വീടുകളില്‍നിന്നു പുറത്തു പോകാവൂ എന്നു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
ബിസിനസുമായോ ജോലിയുമായോ ബന്ധപ്പെട്ട സാധ്യമായ പരമാവധി കാര്യങ്ങള്‍ വീട്ടില്‍നിന്നു തന്നെ ചെയ്യാന്‍ ശ്രമിക്കുക.

ഗവണ്‍മെന്റ് ജോലിയുള്ളവര്‍ക്കും ആരോഗ്യസംരക്ഷണ സേവനം ചെയ്യുന്നവര്‍ക്കും ജനപ്രതിനിധികള്‍ക്കും മാധ്യപ്രവര്‍ത്തകര്‍ക്കും പുറത്തിറങ്ങി പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെല്ലാം സ്വയം ഐസൊലേറ്റ് ചെയ്യണം.
മറ്റൊരു അഭ്യര്‍ഥന കൂടി ഞാന്‍ നടത്തുകയാണ്. 65 വയസ്സിനുമീതെ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ ഏതാനും ആഴ്ചത്തേക്കു വീടുവിട്ടു പുറത്തുപോകരുത്.
ഇന്നത്തെ തലമുറയ്ക്ക് ഇതു പരിചിതമല്ലായിരിക്കാം. എന്നാല്‍, മുന്‍കാലങ്ങളില്‍ യുദ്ധകാലത്തു രാത്രികളില്‍ ലൈറ്റുകള്‍ ഓഫാക്കുമായിരുന്നു. ഈ നിയന്ത്രണം ഏറെ കാലം നീണ്ടുനില്‍ക്കുകയും ചെയ്യുമായിരുന്നു. പരീക്ഷണാര്‍ഥം ലൈറ്റുകള്‍ ഓഫാക്കുന്ന രീതിയും നിലനിന്നിരുന്നു.
സുഹൃത്തുക്കളേ,
മറ്റൊരു കാര്യത്തില്‍ കൂടി ഞാന്‍ സഹപൗരന്‍മാരുടെ പിന്തുണ അഭ്യര്‍ഥിക്കുകയാണ്. അതു പൗരന്‍മാര്‍ സ്വയം ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ ആണ്. ഇതു പൗരന്‍മാര്‍ സ്വയം നടപ്പാക്കുന്ന ഒന്നാണ്.

ഈ ഞായറാഴ്ച, അതായത് മാര്‍ച്ച് 22ന്, രാവിലെ ഏഴു മുതല്‍ രാത്രി 9 വരെ കര്‍ഫ്യു നടപ്പാക്കാന്‍ ഓരോ പൗരനും തയ്യാറാകണം. നാം വീടുവിട്ട് നഗരങ്ങളിലേക്കു പോവുകയോ മറ്റിടങ്ങളില്‍ കറങ്ങിനടക്കുകയോ ചെയ്യരുത്.
അവശ്യസേവനങ്ങള്‍ ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മാത്രം വീടിനു പുറത്തിറങ്ങുക.

സുഹൃത്തുക്കളേ,

നമ്മുടെ ശ്രമത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും രാജ്യത്തിനായുള്ള സേവനം നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമായിരിക്കും മാര്‍ച്ച് 22. മാര്‍ച്ച് 22ന്റെ ജനതാ കര്‍ഫ്യൂവിന്റെ വിജയവും അതില്‍നിന്നു ലഭിക്കുന്ന അനുഭവജ്ഞാനവും മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ നമ്മെ സജ്ജരാക്കും.
ജനതാ കര്‍ഫ്യൂ നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു നേതൃത്വം ഏറ്റെടുക്കണമെന്ന് എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും ഞാന്‍ ആഹ്വാനംചെയ്യുകയാണ്.

നമ്മുടെ രാജ്യത്തെ യുവാക്കളോടും എന്‍.സി.സി., എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകളോടും പൗര സമൂഹത്തോടും എല്ലാ തരത്തിലുമുള്ള മറ്റു സംഘടനകളോടും അടുത്ത രണ്ടു ദിവസം ജനതാ കര്‍ഫ്യൂ സംബന്ധിച്ച അവബോധം പകരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

ഓരോ ദിവസവും കുറഞ്ഞതു പത്തു പേരെയെങ്കിലും ഫോണ്‍ ചെയ്ത് എങ്ങനെ വൈറസില്‍നിന്നു രക്ഷ നേടാമെന്നതിനെയും ജനതാ കര്‍ഫ്യൂവിനെയും സംബന്ധിച്ചു വിശദീകരിക്കണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ജനതാ കര്‍ഫ്യൂ നമുക്കും നമ്മുടെ രാജ്യത്തിനും ലിറ്റ്മസ് ടെസ്റ്റായിരിക്കും. കൊറോണ പോലുള്ള ആഗോള മഹാവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ എത്രത്തോളം സജ്ജമാണെന്നു വെൡപ്പെടുത്തുന്ന പരീക്ഷണ കാലഘട്ടവുമായിരിക്കും ഇത്.

സുഹൃത്തുക്കളെ,

മാര്‍ച്ച് 22ന്റെ ജനതാ കര്‍ഫ്യൂ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ ആ ദിവസത്തേക്കു മറ്റൊരു കാര്യത്തില്‍കൂടി ഞാന്‍ നിങ്ങളുടെ പിന്തുണ തേടുന്നു. കഴിഞ്ഞ രണ്ടു മാസമായി നമ്മുടെ ലക്ഷക്കണക്കിനാളുകള്‍ നമ്മുടെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ നഴ്‌സുമാര്‍ വരെയുള്ളവര്‍, ആശുപത്രി ജീവനക്കാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, വിമാനത്താവള ജീവനക്കാര്‍, ഗവണ്‍മെന്റ് ജീവനക്കാര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ട്രെയിന്‍-ബസ്-ഓട്ടോറിക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ടവര്‍, വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന ഏജന്റുമാര്‍ എന്നിവരൊക്കെ തങ്ങളെക്കുറിച്ച് ചിന്തിക്കാതെ നിസ്വാര്‍ത്ഥമായി മറ്റുള്ളവരെ സേവിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഈ സേവനങ്ങള്‍ കേവലം സാധരണമായി പരിഗണിക്കാനാവില്ല. ഇന്ന്, ഇത്തരക്കാര്‍ രോഗബാധിതരാകാമെന്ന അപകട സാധ്യതയുണ്ട്. എന്നിട്ടും അവര്‍ മറ്റുള്ളവരെ സേവിച്ചു കടമകള്‍ നിറവേറ്റുകയാണ്. രാജ്യത്തിന്റെ പ്രതിരോധകര്‍ എന്ന നിലയില്‍ അവര്‍ നമുക്കും കൊറോണാ മഹാമാരിക്കുമിടയില്‍ നില്‍ക്കുകയാണ്. രാജ്യം അവരോടെല്ലാം നന്ദിയുള്ളവരായിരിക്കും.

മാര്‍ച്ച് 22ന് ഞായറാഴ്ച അത്തരം ആള്‍ക്കാരോടുള്ള നമ്മുടെ നന്ദി തുറന്നുകാട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് നമ്മുടെ വീടിന്റെ വാതിലുകളില്‍, ബാല്‍ക്കണികളില്‍, ജനാലകള്‍ക്ക് മുന്നില്‍ എന്നിവിടങ്ങളിലൊക്കെ നിന്നുകൊണ്ട് 5 മിനിറ്റ് കൈയടിച്ച് അവരെ നമുക്ക് അഭിനന്ദിക്കാം. കയ്യടിച്ചും പാത്രങ്ങള്‍ തട്ടിയും മണികള്‍ മുഴക്കിയും അവരുടെ മനോവീര്യം വര്‍ധിപ്പിക്കാം; അവരുടെ സേവനത്തെ വണങ്ങാം.
ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി, മാര്‍ച്ച് 22ന് വൈകിട്ട് അഞ്ചുമണിക്ക് പ്രാദേശിക അധികാരികള്‍ സൈറണ്‍ മുഴക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
‘സേവ പരമോ ധര്‍മ’ എന്ന, സേവനമാണ് ഏറ്റവും വലിയ കര്‍മം എന്ന, നമ്മുടെ മൂല്യവ്യവസ്ഥ അവലംബിച്ചു ജീവിക്കുന്ന സഹപൗരന്മാരോടുള്ള വികാരം നമ്മള്‍ സമ്പൂര്‍ണ ആത്മാര്‍ഥതയോടെ പ്രകടിപ്പിക്കണം.

സുഹൃത്തുക്കളെ,

ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അവശ്യസേവന മേഖലയില്‍പ്പെട്ട നമ്മുടെ ആശുപത്രികളിലെ ജോലിഭാരം തുടര്‍ച്ചയായി വര്‍ധിക്കുന്നതായി ബോധ്യമുണ്ടാവണം.

അതുകൊണ്ട് പ്രതിദിന പരിശോധനയ്ക്കായി ആശുപത്രികളില്‍ പോകുന്നത് കഴിയുന്നതും ഒഴിവാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആവശ്യമെങ്കില്‍ നിങ്ങള്‍ക്കു തൊട്ടടുത്തുള്ള ഡോക്ടര്‍, കുടുംബ ഡോക്ടര്‍, അല്ലെങ്കില്‍ ഡോക്ടര്‍മാരായ ബന്ധുക്കള്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഫോണിലൂടെ നേടാന്‍ കഴിയും. നിങ്ങള്‍ക്ക് അടിയന്തിരമല്ലാത്ത ഒരു ശസ്ത്രക്രിയയ്ക്കു സമയം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് ഒരു മാസത്തേക്കു നീട്ടിവെക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

 

സുഹൃത്തുക്കളെ,

ഈ മഹാമാരി നമ്മുടെ സമ്പദ്ഘടനയിലും വിശാലമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ പോകുകയാണ്. കൊറോണ വൈറസ് നിമിത്തം ഉണ്ടാകുന്ന സാമ്പത്തിക വെല്ലുവിളികളെ കരുതി കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ്-19 സാമ്പത്തിക പ്രതികരണ ദൗത്യസേനയ്ക്കു രൂപം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ സംഘം ബന്ധപ്പെട്ടവരുമായി നിരന്തരമായി ഇടപെട്ടും അവരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയും സാഹചര്യവും മാനവും കണക്കാക്കി സമീപഭാവിയില്‍ തന്നെ അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഈ ദൗത്യസേന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

നമ്മുടെ രാജ്യത്തുള്ള മധ്യവര്‍ഗം, താഴേത്തട്ടിലുള്ള-മധ്യവര്‍ഗം, ദരിദ്രര്‍ എന്നീ വിഭാഗക്കാരുടെ സൗഖ്യത്തിനും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ഈ മഹാമാരി ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിക്കുന്നു എന്നതു വ്യക്തമാണ്. ഈ സാഹചര്യത്തില്‍, വ്യാപാരലോകത്തോടും സമൂഹത്തിലെ ഉന്നത വരുമാനമുള്ള വിഭാഗങ്ങളോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളതു നിങ്ങള്‍ക്കു സേവനം നല്‍കുന്ന ദരിദ്ര വിഭാഗങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക എന്നതാണ്. വരുന്ന കുറച്ചുദിവസങ്ങള്‍ ഈ ആളുകള്‍ക്ക് ഓഫീസിലോ അല്ലെങ്കില്‍ നിങ്ങളുടെ വീടുകളിലോ വരാന്‍ കഴിഞ്ഞില്ലെന്നു വരാം. അത്തരം സാഹചര്യങ്ങളില്‍ സഹാനുഭൂതിപരവും മനുഷ്യത്വപരവുമായ സമീപനം അവരോടു പുലര്‍ത്തണം. അവരുടെ ശമ്പളത്തില്‍ കുറവു വരുത്തരുത്. അവര്‍ക്കും വീടുകള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും അവരുടെ കുടുംബത്തെ അസുഖങ്ങളില്‍നിന്നു സംരക്ഷിക്കേണ്ടതുണ്ടെന്നും ഓര്‍ക്കുക.

പാല്‍, പലചരക്കു സാധനങ്ങള്‍, മരുന്നുകള്‍ പോലുള്ള അവശ്യവസ്തുക്കള്‍ക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിന് അവശ്യ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നു ഞാന്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും വീണ്ടും ഉറപ്പുനല്‍കുന്നു. സാധാരണ രീതിയില്‍ വാങ്ങുക, പരിഭ്രാന്തിനിറഞ്ഞ വാങ്ങലിലൂടെ അവശ്യസാധനങ്ങള്‍ ശേഖരിക്കരുതെന്നു ഞാന്‍ എന്റെ സഹപൗരന്മാരോട് അഭ്യര്‍ഥിക്കുന്നു.

 

സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാരില്‍ ഓരോ പൗരനും ഈ ദേശീയ പ്രതിസന്ധിയെ തങ്ങളുടേതായി ഏറ്റെടുത്തുകൊണ്ട് സമൂഹത്തിനും രാജ്യത്തിനും തങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതേ രീതിയില്‍ തന്നെ നിങ്ങളുടെ ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും വരുംനാളുകളിലും നിര്‍വഹിക്കുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ട്.

അത്തരം അവസരങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ആശങ്കയുടെയും കിംവദന്തികളുടെയും പരിസ്ഥിതി നിലനില്‍ക്കുന്നു എന്നും ഞാന്‍ തിരിച്ചറിയുന്നു. പൗരന്മാര്‍ എന്ന നിലയില്‍ നമ്മിലുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാത്ത നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി വളരെ ഗൗരവമേറിതാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാത്തോടെയും സഹപൗരന്മാര്‍ ഈ വെല്ലുവിളികള്‍ നേരിടണം.

സുഹൃത്തുക്കളെ,

 

കൊറോണ വൈറസില്‍നിന്നു നമ്മെ രക്ഷിക്കുന്നതിനായി നമ്മുടെ എല്ലാ കാര്യശേഷിയും കഴിവും ഉപയോഗിക്കേണ്ടതുണ്ട്. ഈ ആഗോള മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനെതിരെ അതു കേന്ദ്ര ഗവണ്‍മെന്റാകട്ടെ, സംസ്ഥാന ഗവണ്‍മെന്റുകളാകട്ടെ, പ്രാദേശിക അധികാരികളാകട്ടെ, പഞ്ചായത്തുകളാകട്ടെ, ജനകീയ പ്രതിനിധികളാകട്ടെ, അല്ലെങ്കില്‍ പൗരസമൂഹമാകട്ടെ, എല്ലാവരും അവരുടേതായ രീതിയില്‍ വേണ്ട സംഭാവനകള്‍ നല്‍കുന്നുണ്ട്. നിങ്ങളും നിങ്ങളുടെ പൂര്‍ണമായ സംഭാവന നല്‍കണം!
ഈ ആഗോള മഹാമാരിയെ അതിജീവിച്ചു മാനവികത ഉയര്‍ന്നുവരണമെന്നതും ഇന്ത്യ വിജയിക്കണമെന്നതും വളരെ നിര്‍ണായകമാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. ഇത് ‘ശക്തി’യെ ആരാധിക്കുന്ന ഉല്‍സവമാണ്. ഇന്ത്യ പൂര്‍ണശക്തിയോടെ, പൂര്‍ണ കരുത്തോടെയും ഊര്‍ജത്തോടെയും മുന്നോട്ടുപോകും എന്നതാണ് എല്ലാവര്‍ക്കുമുള്ള എന്റെ ഹൃദയംഗമമായ ശുഭാശംസകള്‍.
വളരെ, വളരെ നന്ദി!