Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോവിഡ്-19നെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായ വിവിധ മേഖലയിലുള്ളവരുമായി പ്രധാനമന്ത്രി ആശയവിനിമയം തുടരുന്നു


കോവിഡ്- 19നെതിരായ പോരാട്ടത്തില്‍ പങ്കാളികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകള്‍ തുടരും.

ഇലക്ട്രോണിക് മാധ്യമ പ്രതിനിധികളുമായും വ്യവസായ മേഖലാ പ്രതിനിധികളുമായും ശ്രീ. മോദി ചര്‍ച്ച നടത്തി.

സ്ഥിരമായ ആശയവിനിമയവും കൂടിക്കാഴ്ചയും

കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിനു വഴികള്‍ തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനുവരി മുതല്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള വ്യക്തികളുമായും ഉദ്യോഗസ്ഥരുമായും പല തവണ ചര്‍ച്ചകള്‍ നടത്തി.

നിത്യേന അദ്ദഹം നടത്തുന്ന യോഗങ്ങളില്‍ ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷനായി രൂപീകരിക്കപ്പെട്ട മന്ത്രിതലസംഘവും പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ട്.

മാതൃകയായി നായകത്വം

ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി താന്‍ ഹോളി ആഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജനത കര്‍ഫ്യൂ- രാജ്യത്തോടുള്ള അഭിസംബോധന

കോവിഡ്-19നെ നേരിടുന്നതിനായി രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ച് 19നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 2020 മാര്‍ച്ച് 22നു രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെയുള്ള ജനതാ കര്‍ഫ്യൂവില്‍ സ്വയംസന്നദ്ധരായി പങ്കാളികളാകണമെന്നു ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കൊറോണ വൈറസിനെ നേരിടുന്നതിനായി ‘ദൃഢപ്രതിജ്ഞയും സംയമനവും’ എന്ന രണ്ടു മുനയുള്ള മന്ത്രം ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു നല്‍കി.

ജനങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ പരിഭ്രാന്തരാകേണ്ടെന്നു നിര്‍ദേശിച്ച പ്രധാനമന്ത്രി, അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പുനല്‍കി.

കോവിഡ്-19 ഇക്കണോമിക് റെസ്‌പോണ്‍സ് ദൗത്യസേന

മഹാവ്യാധി ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ്-19 ഇക്കണോമിക് റെസ്‌പോണ്‍സ് ദൗത്യസേന രൂപീകരിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദൗത്യസേന ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയും പ്രതികരണം തേടിയും വെല്ലുവിളികളെ നേരിടുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളും. വെല്ലുവിളികള്‍ നേരിടുന്നതിനായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും.

വരുമാനം കുറഞ്ഞവരുടെ സാമ്പത്തികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഉയര്‍ന്ന വരുമാനക്കാരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജോലിസ്ഥലത്തെത്താന്‍ സാധിക്കാത്തതുകൊണ്ടു സേവനം ചെയ്യാന്‍ പറ്റാത്തതിന്റെ പേരില്‍ ശമ്പളം തടയരുതെന്നും ആഹ്വാനംചെയ്തു. ഇത്തരം അവസരങ്ങളില്‍ മാനുഷികത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഔഷധ മേഖലയുമായുള്ള കൂടിക്കാഴ്ച

മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി മരുന്നു നിര്‍മാണ മേഖലയിലെ പ്രതിനിധികളുമായി 2020 മാര്‍ച്ച് 21നു വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. കോവിഡ്-19നായി ആര്‍.എന്‍.എ. പരിശോധനാ കിറ്റുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഔഷധ വ്യവസായ രംഗത്തുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടു. എ.പി.ഐകള്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പു നല്‍കുകയും ചെയ്തു. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം കരിഞ്ചന്ത വില്‍പനയും പൂഴ്ത്തിവെപ്പും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതു മുഖ്യമാണെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കല്‍

മാര്‍ച്ച് 20ന് എല്ലാ മുഖ്യമന്ത്രിമാരുമായും വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി, വെല്ലുവിളി ഒരുമിച്ചു നേരിടണമെന്ന് ആഹ്വാനംചെയ്തു. നിതാന്ത ജാഗ്രതയും നിരീക്ഷണവും അഭ്യര്‍ഥിച്ച അദ്ദേഹം, മഹാവ്യാധിയെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടു.

രാജ്യം വൈറസ് വ്യാപിക്കുന്നതു പ്രതിരോധിക്കുന്ന നിര്‍ണായക ഘട്ടത്തിലാണെന്നും അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ഭരണ നേതൃത്വങ്ങളെ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

യോഗത്തില്‍, കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രിമാരെ അറിയിക്കുകയും രാജ്യത്താകമാനമുള്ള സ്ഥിതി പ്രധാനമന്ത്രി വ്യക്തിപരമായി എങ്ങനെയാണു നിരീക്ഷിക്കുന്നതെന്നു വിശദീകരിക്കുകയും ചെയ്തു.

പരിശോധനാ സൗകര്യം വര്‍ധിപ്പിക്കുകയും സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്കു കൂടുതല്‍ പിന്‍തുണ നല്‍കുകയും വേണമെന്ന മുഖ്യമന്ത്രിമാരുടെ ആവശ്യത്തോടു പ്രതികരിച്ച പ്രധാനമന്ത്രി, സംസ്ഥാനങ്ങള്‍ക്കു തന്റെ പിന്‍തുണ ഉറപ്പുനല്‍കുകയും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരുടെ ശേഷിയും ആരോഗ്യസംരക്ഷണ അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കുകയെന്ന അടിയന്തര ആവശ്യത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു. കരിഞ്ചന്ത വില്‍പനയും അന്യായമായ വിലക്കയറ്റവും ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിമാര്‍ വ്യാപാരി സംഘടനകളുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേരണ ചെലുത്തുകയും ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സാര്‍ക് മേഖല ഒരുമിക്കുന്നു

ലോകത്തിലെ ജനസംഖ്യയില്‍ ഗണ്യമായ പങ്ക് അധിവസിക്കുന്ന സാര്‍ക് രാജ്യങ്ങളുടെ തലവന്‍മാരുടെ വിഡിയോ കോണ്‍ഫറന്‍സ് നടത്താമെന്ന ആശയം മുന്നോട്ടുവെച്ച പ്രധാനമന്ത്രിയാണ് മേഖലാതല ചര്‍ച്ചകള്‍ നടത്താമെന്ന ആശയവും മുന്നോട്ടുവെച്ച പ്രഥമ നേതാവ്. ഇന്ത്യയുടെ നേതൃത്വത്തില്‍ സാര്‍ക് രാജ്യത്തലവന്‍മാരുടെ യോഗം 2020 മാര്‍ച്ച് 15നു നടത്തിയിരുന്നു.

ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്ന ആശയത്തെ നയിച്ച ശ്രീ. മോദി, എല്ലാ രാജ്യങ്ങളും സ്വമേധയാ വിഹിതം നല്‍കിക്കൊണ്ടുള്ള കോവിഡ്-19 എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. ഫണ്ടിലേക്ക് ഇന്ത്യയുടെ വിഹിതമായി ഒരു കോടി ഡോളര്‍ നല്‍കുകയും ചെയ്തു. അടിയന്തര ആവശ്യങ്ങള്‍ക്കായി അംഗരാഷ്ട്രങ്ങളില്‍ ഏതിനും ഇതില്‍നിന്നുള്ള പണം ഉപയോഗിക്കാം.

മറ്റു സാര്‍ക് രാജ്യങ്ങളായ നേപ്പാല്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയും എമര്‍ജന്‍സി ഫണ്ടിലേക്കു വിഹിതം നല്‍കി.

രാജ്യാന്തര ശ്രമങ്ങള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബോറിസ് ജോണ്‍സണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി 2020 മാര്‍ച്ച് 12നും സൗദി അറേബ്യയിലെ കിരീടാവകാശിയായ രാജകുമാരന്‍ ബഹുമാനപ്പെട്ട മുഹമ്മദ് ബിന്‍ സുല്‍ത്താനുമായി 2020 മാര്‍ച്ച് 17നും പ്രധാനമന്ത്രി ടെലഫോണില്‍ സംസാരിച്ചിരുന്നു.

ഒറ്റപ്പെട്ടുപോയ പൗരന്‍മാര്‍ക്കൊപ്പം

ചൈന, ഇറ്റലി, ഇറാന്‍, ലോകത്തിലെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ ഇന്ത്യയിലെത്താന്‍ ബുദ്ധിമുട്ടനുഭവിച്ച 2000 പൗരന്‍മാരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ രക്ഷിച്ചു.