കോവിഡ്- 19നെതിരായ പോരാട്ടത്തിന് 3100 കോടി രൂപ അനുവദിക്കാന്‍ പി.എം. കെയേഴ്സ് (പ്രധാനമന്ത്രിയുടെ പൗര സഹായവും അടിയന്തര സാഹചര്യങ്ങളിലെ ദുരിതാശ്വാസവും) ഫണ്ട് ട്രസ്റ്റ് തീരുമാനിച്ചു. 3100 കോടിയില്‍ 2000 കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും 1000 കോടി രൂപ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും 100 കോടി രൂപ പ്രതിരോധ കുത്തിവെപ്പ് വികസിപ്പിച്ചെടുക്കുന്നതിനു സഹായം നല്‍കുന്നതിനും ഉപയോഗിക്കും.
2020 മാര്‍ച്ച് 27ന് രൂപീകരിക്കപ്പെട്ട ട്രസ്റ്റ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി(അനൗദ്യോഗികം)യുടെ നേതൃത്വത്തിലുള്ളതാണ്. മറ്റ് അനൗദ്യോഗിക അംഗങ്ങള്‍ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയുമാണ്. ഈ പാക്കേജ് പ്രഖ്യാപിച്ച വേളയില്‍ പി.എം. കെയേഴ്സിലേക്കു സംഭാവന നല്കിയ എല്ലാവരെയും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
എ) 50,000 വെന്റിലേറ്ററുകള്‍
രാജ്യത്താകമാനം കോവിഡ്- 19നെ നേരിടുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 50000 ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വെന്റിലേറ്ററുകള്‍ വാങ്ങും. പി.എം. കെയേഴ്സില്നിന്നുള്ള 2000 കോടി രൂപ ഇതിനായി വിനിയോഗിക്കും. വെന്റിലേറ്ററുകള്‍ മെച്ചപ്പെട്ട കോവിഡ്- 19 ചികില്‍സ ഉറപ്പാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവണ്മെന്റ് കോവിഡ് ആശുപത്രികള്‍ക്കു നല്‍കും.
ബി) കുടിയേറ്റക്കാര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍
കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കുമായി നല്‍കിവരുന്ന ദുരിതാശ്വാസം ശക്തിപ്പെടുത്തുന്നതിനായി പി.എം. കെയേഴ്സ് ഫണ്ടില്‍നിന്ന് ആയിരം കോടി രൂപ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കും. കുടിയേറ്റക്കാര്‍ക്കു താമസ സൗകര്യം ഒരുക്കുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും വൈദ്യസഹായം ലഭ്യമാക്കുന്നതിനും യാത്രൗസൗകര്യം ഒരുക്കുന്നതിനും ജില്ലാ കലക്ടമാര്‍, മുനിസിപ്പില്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് ഉപയോഗപ്പെടുത്താനാണു തുക നല്‍കുക. 2011ലെ സെന്‍സസിന് 50 ശതമാനവും ഇതുവരെയുള്ള കോവിഡ്- 19 ബാധിതരുടെ എണ്ണത്തിന് 40 ശതമാനവും എല്ലാ സംസ്ഥാനങ്ങള്‍ക്കും മിനിമം തുക ഉറപ്പാക്കാനായി തുല്യ പ്രാധാന്യമായി 10 ശതമാനവും വെയ്റ്റേജ് കണക്കാക്കിയാണു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിഹിതം നിശ്ചയിക്കുക. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍, ജില്ലാ മജിസ്ട്രേറ്റ്, മുനിസിപ്പില്‍ കമ്മീഷണര്‍ എന്നിവര്‍ക്കു സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ വഴിയാണു പണം കൈമാറുക.
സി) പ്രതിരോധ കുത്തിവെപ്പു വികസിപ്പിക്കല്‍
കോവിഡ്- 19നെതിരായുള്ള പ്രതിരോധ കുത്തിവെപ്പ് അത്യാവശ്യമാണ്. ഇന്ത്യയിലെ അക്കാദമിക വിദഗ്ധരും സ്റ്റാര്‍ട്ടപ്പുകളും വ്യവസായ ലോകവും ഇതിനായി സജീവമായി രംഗത്തുണ്ട്. കോവിഡ്- 19നെതിരായ കുത്തിവെപ്പു വികസിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി 100 കോടി രൂപ പി.എം. കെയേഴ്സില്‍നിന്ന് അനുവദിക്കും. പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ മേല്‍നോട്ടത്തിലായിരിക്കും തുക ഉപയോഗപ്പെടുത്തുക.