Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോവിഡ് കാലത്തെ ജീവിതം


 

യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.
പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച സന്ദേശം:
‘ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കം തലകീഴായ ഒന്നായിരുന്നു. പല തടസ്സങ്ങളാണ് കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് തൊഴില്‍വൈദഗ്ധ്യമേറിയ മേഖലകളിലെ ജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. ഈ ദിവസങ്ങൡ പുതിയ ഓഫിസായി വീടു മാറി. ഇന്റര്‍നെറ്റാണു പുതിയ യോഗസ്ഥലം. ഇപ്പോള്‍, സഹപ്രവര്‍ത്തകരുമായി ചേര്‍ന്നുള്ള ഓഫിസിലെ ഇടവേളകള്‍ ചരിത്രമായി മാറി.
ഈ മാറ്റങ്ങളെ ഞാനും ഉള്‍ക്കൊണ്ടുവരികയാണ്. സഹമന്ത്രിമാരുമായോ ഉദ്യോഗസ്ഥരുമായോ ലോക നേതാക്കളുമായോ, ഏതുമാകട്ടെ, മിക്ക യോഗങ്ങളും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. താഴെത്തട്ടില്‍നിന്നുള്ള പ്രതികരണം ലഭിക്കുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തിയിരുന്നു. എന്‍.ജി.ഒകളുമായും സാമൂഹിക സംഘങ്ങളുമായും സാമുദായിക സംഘടനകളുമായും വിശദമായ ആശയവിനിമയം നടത്തിയിരുന്നു. റേഡിയോ ജോക്കികളുമായും സംവദിച്ചിരുന്നു.
ഇതിനു പുറമെ, സമൂഹത്തിലെ വിവിധ വിഭാഗങ്ങലുടെ പ്രതിനിധികളില്‍നിന്നു നിത്യവും എത്രയോ ഫോണ്‍ കോളുകൡലൂടെ പ്രതികരണം തേടി.
ഈ സമയത്തു മനുഷ്യര്‍ എങ്ങനെയാണു ജോലി തുടരുന്നതെന്നു നാം കാണുന്നുണ്ട്. വീടുകളില്‍ കഴിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഏതാനും സര്‍ഗാത്മകമായ വിഡിയോകള്‍ നമ്മുടെ ചലച്ചിത്ര താരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ഗായകര്‍ ഓണ്‍ലൈന്‍ സംഗീതമേള നടത്തി. ചെസ് കളിക്കാര്‍ ഓണ്‍ലൈനായി ചെസ് കളിക്കുക വഴി കോവിഡ്- 19നെതിരായ പോരാട്ടത്തിനു പ്രചോദനമേകുന്ന സന്ദേശം നല്‍കി. നവീന ആശയം തന്നെ!
തൊഴിലിടം ആദ്യമായി ഡിജിറ്റലായി.
ദരിദ്രരുടെ ജീവിതത്തിലാണു സാങ്കേതിക വിദ്യയുടെ പരിവര്‍ത്തനപരമായ സ്വാധീനം ഏറ്റവും കൂടുതല്‍ ചെലുത്തപ്പെടുക. ഉദ്യോഗസ്ഥ തലത്തിലെ അധികാര ശ്രേണിയെയും മധ്യവര്‍ത്തികളെയും ഇല്ലാതാക്കുന്നതും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും സാങ്കേതിക വിദ്യയാണ്.
ഞാന്‍ നിങ്ങളോട് ഒരു ഉദാഹരണം പറയാം. 2014ല്‍ അധികാരം ലഭിച്ചു ജനങ്ങളെ സേവിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഇന്ത്യക്കാരെ, വിശേഷിച്ചും ദരിദ്രരെ അവരുടെ ജന്‍ധന്‍ അക്കൗണ്ടും ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ചു ബന്ധിപ്പിക്കാന്‍ തുടങ്ങി. ഇതു ദശാബ്ദങ്ങളായി തുടരുന്ന അഴിമതി ഇല്ലാതാക്കാന്‍ സഹായകമായി എന്നു മാത്രമല്ല, ഒരു ക്ലിക്കിലൂടെ പണം ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഗവണ്‍മെന്റിനു സാധ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഈ ക്ലിക്ക് വഴി ഒഴിവാക്കാന്‍ സാധിച്ചത് അധികാര ശ്രേണിയുടെ വിവിധ തട്ടുകള്‍ ഫലയുകളില്‍ ഇടപെടുന്നതും അതു നിമിത്തം ഉണ്ടാകുന്ന ആഴ്ചകള്‍ നീളുന്ന കാലവിളംബവുമാണ്.
ഒരുപക്ഷേ, ഇന്ത്യക്കായിരിക്കും ഇക്കാര്യത്തില്‍ ഏറ്റവും വലിയ അടിസ്ഥാന സൗകര്യം ലോകത്തില്‍ ഉള്ളത്. ഈ അടിസ്ഥാനസൗകര്യം വഴി ദരിദ്രരിലേക്കും ആവശ്യക്കാരിലേക്കും വേഗത്തില്‍ നേരിട്ടു പണം എത്തിക്കാന്‍ സാധിക്കുന്നതു കോവിഡ്- 19 കാലത്തു കോടിക്കണക്കിനു കുടുംബങ്ങള്‍ക്കാണു ഗുണകരമാകുന്നത്.
മറ്റൊന്നു വിദ്യാഭ്യാസ മേഖലയാണ്. ഈ മേഖലയില്‍ നൂതനാശയങ്ങളോടുകൂടിയ തൊഴില്‍വൈദഗ്ധ്യമുള്ള മികച്ച വ്യക്തികള്‍ ഏറെയുണ്ട്. ഈ മേഖലയില്‍ സാങ്കേതിക വിദ്യക്കു കൂടുതല്‍ ഇടം നല്‍കുന്നതു നേട്ടം പകരും. അധ്യാപകര്‍ക്കു സഹായം നല്‍കാനും ഇ-പഠനം പ്രോല്‍സാഹിപ്പിക്കാനുമായി ദിക്ഷ പോര്‍ട്ടല്‍ പോലുള്ള പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കി. വിദ്യാഭ്യാസ ലഭ്യതയും തുല്യതയും മികവും വര്‍ധിപ്പിക്കുന്നതിനായി ‘സ്വയം’ ആരംഭിച്ചു. വിവിധ ഭാഷകളില്‍ ലഭ്യമായ ഇ-പാഠശാല വിവിധ ഇ-പുസ്തകങ്ങളും പഠനസാമഗ്രികളും ലഭ്യമാക്കാന്‍ സഹായകമാണ്.
ഇന്നു ലോകം പുതിയ ബിസിനസ് മാതൃകകള്‍ തേടുകയാണ്.
പുതിയ തൊഴില്‍സംസ്‌കാരം ലഭ്യമാക്കുന്നതിനു നായകത്വം വഹിക്കാന്‍ നൂതനാശയങ്ങളോട് അതിയായ താല്‍പര്യം പുലര്‍ത്തുന്ന യുവത്വമാര്‍ന്ന രാജ്യമായ ഇന്ത്യക്കു സാധിക്കും.
ഈ പുതിയ ബിസിനസ്സിനെയും തൊഴില്‍സംസ്‌കാരത്തെയും താഴെ പറയുന്ന സ്വരാക്ഷരങ്ങളിലൂടെ പുനര്‍നിര്‍വചിക്കാന്‍ ഞാന്‍ വിഭാവനം ചെയ്യുന്നു.
ഇംഗ്ലീഷ് ഭാഷയില്‍ സ്വരാക്ഷരങ്ങളെന്നപോലെ, കോവിഡിനു ശേഷമുള്ള കാലത്ത് ഈ ആശയങ്ങള്‍ ബിസിനസ് മാതൃകകള്‍ക്ക് അനിവാര്യമായിത്തീരും.

അനുരൂപമാക്കല്‍:
എളുപ്പത്തില്‍ അനുരൂപമാക്കി മാറ്റാന്‍ സാധിക്കുന്ന ബിസിനസുകളെയും ജീവിതശൈലീ മാതൃകകളെയും കുറിച്ചു ചിന്തിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.
അപ്രകാരം ചെയ്യുക എന്നതിലൂടെ അര്‍ഥമാക്കുന്നത് പ്രതിസന്ധിഘട്ടത്തില്‍പോലും നമ്മുടെ ഓഫിസുകളും ബിസിനസുകളും വാണിജ്യവും അതിവേഗം മുന്നോട്ടുനീങ്ങുന്നു എന്നാണ്. ജീവഹാനി സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ സാധിക്കുകയും ചെയ്യുന്നു.
അനുരൂപമാക്കി മാറ്റലിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ഡിജിറ്റല്‍ ഇടപാടുകളെ സ്വീകരിക്കല്‍. ചെറുതും വലുതുമായ കടക്കാര്‍ പൊതുവെയും പ്രതിസന്ധിനാളുകളില്‍ വിശേഷിച്ചും വ്യാപാരം സജീവമായി നിലനിര്‍ത്തുന്നതിനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തണം. ഡിജിറ്റല്‍ ഇടപാടുകളുടെ പ്രതീക്ഷ പകരുംവിധമുള്ള വളര്‍ച്ചയ്ക്ക് ഇന്ത്യ സാക്ഷ്യംവഹിച്ചുവരികയാണ്.
മറ്റൊരു ഉദാഹരണം ടെലിമെഡിസിനാണ്. ക്ലിനിക്കുകളിലോ ആശുപത്രികളിലോ പോകാതെ കണ്‍സള്‍ട്ടേഷന്‍ നടക്കുന്നതു നാം കാണുകയാണ്. ടെലിമെഡിസിനു കൂടുതല്‍ സഹായമേകാന്‍ സാധിക്കുന്ന ബിസിനസ് മാതൃകകളെ കുറിച്ചു നമുക്കു ചിന്തിക്കാന്‍ സാധിക്കുമോ?
കാര്യക്ഷമത:
ഒരുപക്ഷേ, കാര്യക്ഷമത എന്നതിനു നാം കല്‍പിച്ചുപോന്നിരുന്ന അര്‍ഥം പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട സമയമാണിത്. ഓഫിസില്‍ എത്ര സമയം ചെലവിട്ടു എന്നതുവെച്ചു മാത്രമാകരുത് കാര്യക്ഷമതയെ അളക്കുന്നത്.
പുറംകാഴ്ചയെയോ പരിശ്രമത്തെയോ അപേക്ഷിച്ച് ഉല്‍പാദനക്ഷമതയും കാര്യക്ഷമതയും പ്രധാനമായി മാറുന്ന മാതൃകകളെ കുറിച്ചായിരിക്കണം നാം ചിന്തിക്കുന്നത്. നിശ്ചിത കാലയളവിനിടെ ഒരു പ്രവൃത്തി ചെയ്തു പൂര്‍ത്തിയാക്കുന്നതിനായിരിക്കണം ഊന്നല്‍.
ഉള്‍ച്ചേര്‍ക്കല്‍:
ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ദരിദ്രര്‍ക്കും അതുപോലെ തന്നെ ഭൂമിക്കും പ്രാധാന്യം കല്‍പിക്കുന്ന ബിസിനസ് മാതൃകകള്‍ നമുക്കു വികസിപ്പിച്ചെടുക്കാം.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ നാം ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതിരുന്നാല്‍ എത്ര പെട്ടെന്നു പുഷ്ടിപ്പെടാന്‍ സാധിക്കുമെന്നു കാണിച്ചുതരുന്നതിലൂടെ പ്രകൃതിമാതാവ് തന്റെ പ്രൗഢി നമുക്കു പ്രകടമാക്കിത്തന്നു. നാം നടത്തുന്ന പ്രവര്‍ത്തനം ഭൂമിക്കുമേല്‍ ഏല്‍പിക്കുന്ന ആഘാതം കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതു ശോഭനമായ ഭാവിയുടെ സൂചനയാണ്. കുറച്ചു വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ വലിയ തോതില്‍ പരിഹാരം കണ്ടെത്തേണ്ടുന്നതിന്റെ ആവശ്യകത കോവിഡ്- 19 നമ്മെ ബോധ്യപ്പെടുത്തി. മാനവികതയുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ മാര്‍ഗദീപമായി നിലകൊള്ളാന്‍ നമുക്കു സാധിക്കും.
നമ്മുടെ കര്‍ഷകര്‍ക്ക് അറിവുമായും യന്ത്രങ്ങളുമായും വിപണിയുമായും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സാധിക്കുന്ന നവീനാശയങ്ങള്‍ക്കായി നാം ശ്രമിക്കണം. ഇതോടെ, ഏതു സാഹചര്യത്തിലും നമ്മുടെ പൗരന്‍മാര്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാകും.
അവസരം:
ഓരോ പ്രതിസന്ധിയും അവസരങ്ങള്‍ പ്രദാനംചെയ്യുന്നു. കോവിഡ്-19ഉം വ്യത്യസ്തമല്ല. പുതിയ അവസരങ്ങളും വളര്‍ച്ചാസാധ്യതയുള്ള മേഖലകളും ഏതൊക്കെയാണെന്നു നമുക്കു വിലയിരുത്താം.
കോവിഡിനു ശേഷമുള്ള ലോകത്തില്‍ ഓടിയെത്താന്‍ ശ്രമിക്കുന്നതിനു പകരം ഇന്ത്യ മുന്നില്‍ നില്‍ക്കുന്ന സ്ഥിതി ഉണ്ടാവണം. അതു സാധ്യമാക്കുന്നതില്‍ നമ്മുടെ ജനങ്ങള്‍ക്കും നൈപുണ്യത്തിനും കഴിവിനും എന്തു ചെയ്യാന്‍ സാധിക്കുമെന്നു നമുക്കു ചിന്തിക്കാം.
പ്രാപഞ്ചികത്വം:
വംശമോ മതമോ നിറമോ ജാതിയോ ഭാഷയോ അതിര്‍ത്തികളോ നോക്കിയല്ല കോവിഡ്- 19 ആഞ്ഞടിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പ്രതികരണവും പെരുമാറ്റവും ഇതിനുശേഷം ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കി ആയിരിക്കണം. ഇക്കാര്യത്തില്‍ നാം ഒരുമിച്ചാണ്.
രാജ്യങ്ങളോ സമൂഹങ്ങളോ പരസ്പരം അവഗണിച്ച ചരിത്ര നിമിഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ നാം പൊതു വെല്ലുവിളിയെ നേരിടുകയാണ്. ഭാവി ഒരുമയെയും പുനര്‍നിര്‍മാണത്തെയും സംബന്ധിച്ചുള്ളതാണ്.
ഇന്ത്യയില്‍നിന്ന് ഇനി ഉയരുന്ന ആശയങ്ങള്‍ ആഗോള തലത്തില്‍ പ്രസക്തിയുള്ളതും ഉപയോഗപ്പെടുത്താവുന്നതും ആയിരിക്കണം. അവ കേവലം ഇന്ത്യക്കല്ല, മനുഷ്യരാശിക്കാകെ സൃഷ്ടിപരമായ മാറ്റം സാധ്യമാക്കുന്നതായിരിക്കണം.
ചരക്കുനീക്കമെന്ന മേഖല നേരത്തേ ഭൗതിക അടിസ്ഥാന സൗകര്യങ്ങളായ റോഡുകളുടെയും സംഭരണ കേന്ദ്രങ്ങളുടെയും തുറമുഖങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു സമീപിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഈ ദിവസങ്ങളില്‍ ഈ മേഖലയിലെ വിദഗ്ധര്‍ ആഗോള വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നത് തങ്ങളുടെ വീടുകളില്‍ ഇരുന്നുകൊണ്ടാണ്.
ഭൗതികതയും അവാസ്തവികതയും തമ്മിലുള്ള ശരിയായ ചേരുവ നിലനില്‍ക്കുന്ന ഇന്ത്യക്ക് കോവിഡ്-19നു ശേഷമുള്ള ലോകത്ത് സങ്കീര്‍ണമായ ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലയുടെ ആഗോള കേന്ദ്ര നാഡിയായി വര്‍ത്തിക്കാന്‍ സാധിക്കും. നമുക്കു സാഹചര്യത്തിനൊത്തുയര്‍ന്ന് അവസരം നേടിയെടുക്കാം.
ഇതിനായി ചിന്തിക്കാനും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.
ബി.വൈ.ഒ.ഡിയില്‍നിന്ന് ഡബ്ല്യു.എഫ്.എച്ചിലേക്കുള്ള മാറ്റം തന്നിലെ ഉദ്യോഗസ്ഥനെയും വ്യക്തിയെയും തുലനം ചെയ്യുന്നതില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്തായാലും ശാരീരികക്ഷമതയ്ക്കും വ്യായാമത്തിനും സമയം നീക്കിവെക്കുക. ശാരീരികവും മാനസികവുമായ സൗഖ്യം മെച്ചപ്പെടുത്താന്‍ യോഗ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.
ഇന്ത്യയിലെ പരമ്പരാഗത ഔഷധ സമ്പ്രദായം ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനു പ്രശസ്തമാണ്. ആരോഗ്യത്തോടെ നിലകൊള്ളുന്നതിനു പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗരേഖ ആയുഷ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതു കാണുക.
അവസാനമായും ഏറ്റവും പ്രധാനമായും പറയാനുള്ളത് ആരോഗ്യസേതു മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. കോവിഡ്- 19 പടരുന്നതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ അത്യന്താധുനിക ആപ്പാണ് ഇത്. കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്താന്‍ ഇതു കൂടുതല്‍ ഫലപ്രദമാകും.
നിങ്ങളെ ഓരോരുത്തരെയും കേള്‍ക്കാനായി കാത്തിരിക്കുന്നു.’