Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോളജുകളിലേയും സര്‍വകലാശാലകളിലെയും കേന്ദ്രഗവണ്‍മെന്റ് ഫണ്ട് നല്‍കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യാപകരുടെ ശമ്പള പരിഷ്‌ക്കാരത്തിന് അംഗീകാരം


യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷ(യു.ജി.സി)ന്റെ കീഴില്‍ വരുന്ന ഉന്നതപഠന കേന്ദ്രങ്ങളുടെയും കേന്ദ്രഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും ശമ്പളം പരിഷ്‌ക്കരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇത്തരം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്ള 8 ലക്ഷത്തോളം വരുന്ന അദ്ധ്യാപകരുടെയും അദ്ധ്യാപകര്‍ക്ക് തുല്യമായ മറ്റ് അക്കാദമിക ജീവനക്കാരുടെയും ശമ്പളമാണ് ഈ തീരുമാനത്തിലൂടെ പരിഷ്‌ക്കരിക്കപ്പെടുക. ഏഴാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഈ നടപടി.

യു.ജി.സി/എം.എച്ച്.ആര്‍.ഡി ഫണ്ട് നല്‍കുന്ന 106 സര്‍വകലാശാലകള്‍/കോളജുകള്‍, സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള 329 സര്‍വകലാശാലകളിലേയും ഗവമെന്റുകളുടെയും സംസ്ഥാന പൊതു സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും കീഴിലുള്ളതുമായ 12,912 കോളജുകളിലേയും ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ക്കും അതിന് തുല്യമായ അക്കാദമിക ജീവനക്കാരുമായ 7.58 ലക്ഷം ജീവനക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും.

ഇതിന് പുറമെ കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടികള്‍, ഐ.ഐ.സികള്‍, ഐ.ഐ.എമ്മുകള്‍, ഐ.ഐ.എസ്.ഇ.ആര്‍കള്‍, ഐ.ഐ.ഐ.ടികള്‍,

എന്‍.ഐ.ടി.ഐ.ഇകള്‍ എന്നിവയുള്‍പ്പെടെയുള്ള 119 സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ഇതില്‍ ഉള്‍പ്പെടും.

2016 ജനുവരി ഒന്നിന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തിനുണ്ടാകുന്ന വാര്‍ഷിക സാമ്പത്തിക ബാദ്ധ്യത 9,800 കോടി രൂപയായിരിക്കും.
ഈ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതിലൂടെ ആറാം ശമ്പളപരിഷ്‌ക്കരണകമ്മിഷന്‍ ശിപാര്‍ശ നടപ്പാക്കിയപ്പോള്‍ അദ്ധ്യാപകര്‍ക്ക് ലഭിച്ചിരുന്ന തുടക്ക ശമ്പളത്തില്‍ 10,400 രൂപയുടെ മുതല്‍ 49,800 രൂപയുടെ വരെ വര്‍ദ്ധനയുണ്ടാകും. ഈ പരിഷ്‌ക്കരണം നടപ്പാകുന്നതോടെ തുടക്ക ശമ്പളത്തില്‍ 22% മുതല്‍ 28% വരെ വര്‍ദ്ധനയുണ്ടാകും.

സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ ശമ്പളപരിഷ്‌ക്കരണം അംഗീകരിക്കണം. ശമ്പളപരിഷ്‌ക്കരണത്തിലൂടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുണ്ടാകുന്ന അധികബാദ്ധ്യത കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും.

ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാനുള്ള ഈ തീരുമാനം ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും മികച്ച പ്രതിഭകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.