Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വാര്‍ഷിക സമ്മേളനം 2021 ല്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വാര്‍ഷിക സമ്മേളനം 2021 ല്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം


നമസ്‌കാരം,

 ഇന്ത്യയുടെ പുരോഗതിക്ക് നേതൃത്വം നല്‍കുന്ന എല്ലാ വ്യവസായ പ്രമുഖര്‍ക്കും സിഐഐയിലെ എല്ലാ അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍! ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍, സിഐഐ പ്രസിഡന്റ് ശ്രീ ടി വി നരേന്ദ്രന്‍, വ്യവസായ പ്രമുഖര്‍, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, വിവിധ രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതിമാര്‍, മഹതികളേ മാന്യരേ,

 ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗം വളരെ പ്രധാനമാണ്. ഇത്രയും വലിയ പ്രതിസന്ധിക്ക് നടുവില്‍ കേന്ദ്ര ഗവണ്‍മെന്റും വ്യവസായവും തമ്മിലുള്ള പങ്കാളിത്തം വളരുന്നത് നമുക്ക് കാണാന്‍ കഴിയും. മാസ്‌കുകള്‍, പിപിഇ, വെന്റിലേറ്ററുകള്‍ മുതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വരെ രാജ്യത്തിന് ആവശ്യമായവ എല്ലാ സമയത്തും വ്യവസായ മേഖല സംഭാവന ചെയ്തിട്ടുണ്ട്. വ്യവസായങ്ങളുടെയും സംഘടനകളുടെയും എല്ലാ സുഹൃത്തുക്കളും ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു പ്രധാന ഭാഗമാണ്.  നിങ്ങളുടെ പരിശ്രമത്തിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ വീണ്ടും ശക്തി പ്രാപിക്കുന്നു. ഇപ്പോള്‍, പുതിയ അവസരങ്ങളെക്കുറിച്ച് ഏതെങ്കിലുമൊരു സിഇഒയില്‍ നിന്ന് പ്രസ്താവനയോ റിപ്പോര്‍ട്ടോ ഇല്ലാത്ത ഒരു ദിവസമില്ല.  ഐടി മേഖലയിലെ റെക്കോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും നമ്മള്‍ കണ്ടു. രാജ്യത്തെ ഡിജിറ്റല്‍വല്‍കരണത്തിന്റെയും ആവശ്യം വളരുന്നതിന്റെയും ഫലമാണിത്.  ഇപ്പോള്‍ ഈ പുതിയ അവസരങ്ങള്‍ ഉപയോഗിച്ച് ഇരട്ടി വേഗതയില്‍ നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ നമ്മള്‍ ശ്രമിക്കണം.

 സുഹൃത്തുക്കളേ,

 സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ എഴുപത്തിയഞ്ചാം  സ്വാതന്ത്ര്യദിനത്തിനിടയിലാണ് സിഐഐയുടെ ഈ യോഗം നടക്കുന്നത്.  ഇന്ത്യന്‍ വ്യവസായത്തിന് പുതിയ തീരുമാനങ്ങളും ലക്ഷ്യങ്ങളും നിശ്ചയിക്കാനുള്ള വലിയ അവസരമാണിത്. ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന്റെ വിജയത്തില്‍ വലിയ ഉത്തരവാദിത്തം ഇന്ത്യയിലെ വ്യവസായങ്ങളില്‍ നിക്ഷിപ്തമാണ്. ഗവണ്‍മെന്റ് നിങ്ങള്‍ക്കും നിങ്ങളുടെ എല്ലാ പരിശ്രമങ്ങള്‍ക്കുമൊപ്പം ഉണ്ടെന്നു ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും അതിന്റെ കഴിവുകളില്‍ രൂപപ്പെട്ട ആത്മവിശ്വാസത്തിനും വേണ്ടി ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അന്തരീക്ഷം ഇന്ത്യയിലെ വ്യവസായങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തണം.  ഗവണ്‍മെന്റിന്റെ ചിന്തയിലായാലും സമീപനത്തിലായാലും ഗവണ്‍മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലായാലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കാനും കാണാനും  കഴിയും.  ഇന്നു പുതിയ ഇന്ത്യ പുതിയ ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറാണ്.  ഒരുകാലത്ത് വിദേശ നിക്ഷേപത്തില്‍ ആശങ്കയുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ എല്ലാത്തരം നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നു. ഒരു കാലത്ത് നിക്ഷേപകര്‍ക്കിടയില്‍ നിരാശയുണ്ടാക്കുന്ന നികുതി നയങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യയ്ക്ക് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ കോര്‍പ്പറേറ്റ് നികുതിയും മുഖം നോക്കാല്ലാത്ത നികുതി സംവിധാനവും ഉണ്ട്.

 നിയമങ്ങളിലും പ്രമാണങ്ങളിലും ആളുകളെ കുടുക്കുന്ന ഉദ്യോഗസ്ഥമേധാവികളിലൂടെ ലോകം തിരിച്ചറിഞ്ഞ ഇന്ത്യ, ഇന്നിപ്പോള്‍ അനായാസ വ്യവസായത്തിന്റെ റാങ്കുകളില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണ്.  വര്‍ഷങ്ങളായി, തൊഴിലാളികളും വ്യവസായങ്ങളും നൂറുകണക്കിന് നിയമങ്ങളുടെ വലയില്‍ കുടുങ്ങിപ്പോയിരുന്നു; ഇന്ന് ഡസന്‍ കണക്കിന് തൊഴില്‍ നിയമങ്ങള്‍ 4 ലേബര്‍ കോഡുകള്‍ക്ക് കീഴില്‍ സ്വാംശീകരിച്ചിട്ടുണ്ട്.  ഒരു കാലത്ത് കൃഷിയെ ഉപജീവന മാര്‍ഗ്ഗമായി മാത്രം പരിഗണിച്ചിരുന്നിടത്ത്;  ചരിത്രപരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലെ കര്‍ഷകരെ രാജ്യത്തിന്റെയും വിദേശത്തിന്റെയും വിപണികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഫലമായി ഇന്ത്യയ്ക്ക്  നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ റിക്കോർഡ്  കൈവരിക്കാനായി.   രാജ്യത്തെ വിദേശനാണയ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്.

 സുഹൃത്തുക്കളേ,

 പുതിയ ഇന്ത്യയുടെ ചിന്താ പ്രക്രിയ എന്താണെന്നതിന്റെ ഒരു ഉദാഹരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിദേശമായത് എന്താണോ നല്ലത് എന്ന് നമ്മള്‍ ചിന്തിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മന:ശ്ശാസ്ത്രത്തിന്റെ ഫലമെന്താണെന്ന് നിങ്ങളെപ്പോലുള്ള വ്യവസായ വിദഗദ്ധര്‍ നന്നായി മനസ്സിലാക്കുന്നുണ്ടോ? വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം നാം നിര്‍മ്മിച്ച നമ്മുടെ സ്വന്തം ബ്രാന്‍ഡുകള്‍ പോലും വിദേശ പേരുകളില്‍ മാത്രം പ്രോത്സാഹിപ്പിച്ചു. ഇന്ന് സ്ഥിതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യവാസികളുടെ വികാരം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളോടൊപ്പമാണ്.  കമ്പനി ഇന്ത്യക്കാരനാകണമെന്നില്ല, എന്നാല്‍ ഇന്ന് ഓരോ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യം മനസ്സ് ഉറപ്പിച്ചു; വ്യവസായത്തിന്റെ നയവും തന്ത്രവും അതിനനുസരിച്ചായിരിക്കണം. ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കും.

 ഇന്ത്യയിലെ ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആത്മവിശ്വാസമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകം. ഈ ആത്മവിശ്വാസം എല്ലാ മേഖലയിലും നമുക്ക് കാണാന്‍ കഴിയും. ഈയിടെ ഒളിമ്പിക്‌സില്‍ നിങ്ങള്‍ അത് അനുഭവിച്ചു. ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ കളിക്കളത്തിലിങ്ങുമ്പോള്‍ മടിക്കില്ല. കഠിനാധ്വാനം ചെയ്യാനും വെല്ലുവിളികള്‍ എടുക്കാനും ഫലങ്ങള്‍ കൊണ്ടുവരാനും അവര്‍ ആഗ്രഹിക്കുന്നു.  ‘അതെ, ഞങ്ങള്‍ ഈ സ്ഥലത്തു നിന്നുള്ളവരാണ്’ എന്നത് ഇന്നത്തെ നമ്മുടെ യുവാക്കളുടെ വികാരമാണ്. ഇന്നത്തെ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളിലും ഇതേ ആത്മവിശ്വാസമുണ്ട്.  ഇന്ന് യൂണികോണുകളും പുതിയ ഇന്ത്യയുടെ സ്വത്വമായി മാറുകയാണ്.  7-8 വര്‍ഷം മുമ്പ് ഇന്ത്യയില്‍ 3-4 യൂണികോണുകള്‍ ഉണ്ടായിരുന്നില്ല.  ഇന്ത്യയില്‍ ഇന്ന് ഏകദേശം 60 യൂണികോണുകളുണ്ട്.  ഇതില്‍ 21 യൂണികോണുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മാത്രം ഉയര്‍ന്നുവന്നവയാണ്. ഈ യൂണികോണുകള്‍ വ്യത്യസ്ത മേഖലകളില്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.  ആരോഗ്യ-സാങ്കേതിക, സാമൂഹിക വാണിജ്യ മേഖലകളില്‍ യൂണികോണുകളുടെ ആവിര്‍ഭാവം എല്ലാ തലത്തിലും ഇന്ത്യയില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. വ്യവസായങ്ങളില്‍ വെല്ലുവിളി ഏറ്റെടുക്കുകയും സ്വന്തം കഴിവിനെ ആശ്രയിക്കുകയും ചെയ്യുന്ന പ്രവണത തുടര്‍ച്ചയായി വളരുകയാണ്.  ഈ പകര്‍ച്ചവ്യാധി സമയത്ത് പോലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകളുടെ അഭിലാഷങ്ങള്‍ ഉയര്‍ന്നതാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപകരില്‍ നിന്ന് റെക്കോര്‍ഡ് പ്രതികരണവും ലഭിച്ചിട്ടുണ്ട്.

 സ്റ്റാര്‍ട്ടപ്പുകളുടെ റെക്കോര്‍ഡ് ലിസ്റ്റിംഗ് ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ വിപണിക്കും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്.  ഇന്ത്യയ്ക്ക് അസാധാരണമായ അവസരങ്ങളും വളര്‍ച്ചയ്ക്ക് വിപുലമായ സാധ്യതകളും ലഭ്യമാണെന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്.

 സുഹൃത്തുക്കളേ,

 ഇന്ന് സാങ്കേതികവിദ്യയെക്കുറിച്ചുള്ള രാജ്യത്തെ ആവേശം ദ്രുതഗതിയിലുള്ള പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അവതരിപ്പിച്ച പരിഷ്‌കാരങ്ങള്‍ എളുപ്പമുള്ള തീരുമാനങ്ങളല്ല, ലളിതമായ മാറ്റങ്ങളുമല്ല.  ഈ പരിഷ്‌കാരങ്ങളുടെയെല്ലാം ആവശ്യം പതിറ്റാണ്ടുകളായി ഉണ്ടായിരുന്നു, എല്ലാവരും അവരുടെ ആവശ്യകത അടിവരയിടുന്നു.  ധാരാളം ചര്‍ച്ചകള്‍ ഉണ്ടാകും, പക്ഷേ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്നതിനാല്‍ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ എങ്ങനെയാണ് ഒരേ തീരുമാനങ്ങള്‍ പൂര്‍ണ്ണ ദൃഢനിശ്ചയത്തോടെ എടുത്തതെന്നും നിങ്ങള്‍ കണ്ടു. പകര്‍ച്ചവ്യാധി സമയത്ത് പോലും, പരിഷ്‌കരണ പ്രക്രിയ തുടര്‍ന്നു.  ഈ തീരുമാനങ്ങളില്‍ രാജ്യം എങ്ങനെ നിലകൊണ്ടു എന്നതിന് നിങ്ങള്‍ സാക്ഷിയാണ്. വാണിജ്യ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരസ്യമായി പ്രോത്സാഹിപ്പിക്കുന്നു, പ്രതിരോധ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശവും ആണവോര്‍ജ്ജ മേഖലയും തുറന്നു. ഇന്ന്, തന്ത്രപ്രധാനമല്ലാത്തതും തന്ത്രപ്രധാനവുമായ മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് അവസരങ്ങള്‍ നല്‍കുന്നു; ഗവണ്‍മെന്റ് അതിന്റെ നിയന്ത്രണം കുറയ്ക്കുന്നു.  ഈ പ്രയാസകരമായ തീരുമാനങ്ങളെല്ലാം ഇന്ന് സാധ്യമാകുന്നത് രാജ്യം അതിന്റെ സ്വകാര്യ മേഖലയെയും നിങ്ങളെയുമെല്ലാം വിശ്വസിക്കുന്നതുകൊണ്ടാണ്.  ഈ മേഖലകളില്‍ ഞങ്ങളുടെ (സ്വകാര്യ) കമ്പനികള്‍ സജീവമാകുമ്പോള്‍, അവരുടെ സാധ്യതകള്‍ വികസിക്കും.  നമ്മുടെ യുവാക്കള്‍ക്ക് പരമാവധി അവസരങ്ങള്‍ ലഭിക്കുകയും പുതുമകളുടെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്യും.

 സുഹൃത്തുക്കളേ,

 നമ്മുടെ വ്യവസായത്തിലുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഫലമാണ് ഇന്ന് വ്യവസായം നടത്താനുള്ള എളുപ്പവും ജീവിക്കാനുള്ള എളുപ്പവും മെച്ചപ്പെടുന്നത്. കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഒരു മികച്ച ഉദാഹരണമാണ്.  ഇന്ന് നമ്മുടെ സംരംഭകര്‍ക്ക് ഒരിക്കലും തലവേദനയല്ലാത്ത നിരവധി വ്യവസ്ഥകള്‍ നിയമവിരുദ്ധമാക്കപ്പെടുന്നു. അതുപോലെ, എംഎസ്എംഇ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചു. അത് നിര്‍ബന്ധിത പരിമിതികളില്‍ നിന്ന് മുക്തമാക്കും. സംസ്ഥാനതല പരിഷ്‌കാരങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.  സംസ്ഥാനങ്ങളെയും പങ്കാളികളാക്കുകയും അവര്‍ക്ക് അധിക ചെലവുകള്‍ നല്‍കുകയും ചെയ്യുന്നു.  ഇന്ത്യയില്‍ നിര്‍മിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും കയറ്റുമതിയും വേഗത്തിലാക്കാന്‍ രാജ്യം ഫലപ്രദമായ ഉല്‍പ്പാദനാധിഷ്ഠിത ആനൂകൂല്യങ്ങള്‍ (പിഎല്‍ഐ) നടപ്പാക്കാന്‍ തുടങ്ങി. ഈ പരിഷ്‌കാരങ്ങളെല്ലാം ഇന്ന് സംഭവിക്കുന്നത് ഗവണ്‍െന്റിനു യാതൊരു കടുംപിടുത്തവുമില്ലാത്തതിനാലാണ്;  പരിഷ്‌കാരങ്ങള്‍ ഞങ്ങള്‍ക്ക് ബോധ്യമുള്ള വിഷയമാണ്.  ഇന്നും നമ്മുടെ പരിഷ്‌കാരങ്ങളുടെ വേഗത അതേപടി തുടരുന്നു.  ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍, അത്തരം നിരവധി ബില്ലുകള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. അത് ഈ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.  ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍ ചെറുകിട ബിസിനസുകള്‍ക്ക് വായ്പകള്‍ നേടാന്‍ സഹായിക്കും.  നിക്ഷേപ ഇന്‍ഷുറന്‍സും വായ്പാ ഉറപ്പ് കോര്‍പ്പറേഷന്‍ ഭേദഗതി ബില്ലും ചെറുകിട നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. അടുത്തകാലത്തായി, മുന്‍കാല നികുതികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചുകൊണ്ട് കഴിഞ്ഞകാല തെറ്റുകള്‍ ഞങ്ങള്‍ തിരുത്തി. വ്യവസായമേഖല ഈ തീരുമാനത്തെ അഭിനന്ദിച്ച രീതിയില്‍ നിന്നുതന്നെ, ഇത് വ്യവസായമേഖലയും ഗവണ്‍മെന്റും തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 സുഹൃത്തുക്കളേ,

 രാജ്യത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഏറ്റവും വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായ ഒരു ഗവണ്‍മെന്റ് രാജ്യത്ത് ഉണ്ട്. ജിഎസ്ടി ഇത്രയും വര്‍ഷങ്ങളായി കുടുങ്ങിക്കിടന്നത് മുന്‍കാല ഗവണ്‍മെന്റുകളില്‍ ഉള്ളവര്‍ക്ക് രാഷ്ട്രീയ വെല്ലിവിളി എടുക്കാന്‍ ധൈര്യം സംഭരിക്കാനാകാത്തത് കൊണ്ടാണെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ഞങ്ങള്‍ ജിഎസ്ടി നടപ്പിലാക്കി. മാത്രമല്ല, റെക്കോര്‍ഡ് ജിഎസ്ടി ശേഖരണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.  അത്തരം നിരവധി ഉദാഹരണങ്ങള്‍ എനിക്ക് എണ്ണിപ്പറയാന്‍ കഴിയും. ഇന്ന് നിങ്ങളുടെ മുന്‍പില്‍ ഒരു ഗവണ്‍മെന്റ് ഉണ്ട്, അത് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി എല്ലാ അതിരുകളും മാറ്റിവയ്ക്കുന്നു.  ഇന്ന് ഒരു ഗവണ്‍മെന്റ് ഉണ്ട്, അത് ഇന്ത്യന്‍ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

 സുഹൃത്തുക്കളേ,

ഒരു ചക്രത്തില്‍ മാത്രം കാറിന് ഓടാന്‍ കഴിയില്ല എന്ന തരത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ പഴഞ്ചൊല്ലു പറഞ്ഞിട്ടുണ്ട്. എല്ലാ ചക്രങ്ങളും ശരിയായി പ്രവര്‍ത്തിക്കണം. അതിനാല്‍, വ്യവസായത്തിന് വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള സ്വാഭാവിക പ്രവണത വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.  ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിന് പുതിയതും ബുദ്ധിമുട്ടുള്ളതുമായ വഴികള്‍ നാം തിരഞ്ഞെടുക്കേണ്ടി വരും.  നിക്ഷേപത്തിന്റെയും തൊഴിലിന്റെയും വേഗത വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളില്‍ രാജ്യത്തിന് ഉയര്‍ന്ന പ്രതീക്ഷകളുണ്ട്.  പൊതുമേഖലയുടെ കാല്‍പ്പാടുകള്‍ യുക്തിസഹമാക്കാനും ചെറുതാക്കാനും പുതിയ പൊതുമേഖലാ സംരംഭകത്വ നയത്തിലൂടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നു.  വ്യവസായമേഖല അതിന്റെ ഭാഗത്തുനിന്ന് പരമാവധി ഉത്സാഹവും ഊര്‍ജ്ജവും പ്രകടിപ്പിക്കണം.

 ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാജ്യം വലിയൊരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്.  സ്‌കൂളുകള്‍, വൈദഗ്ധ്യം, ഗവേഷണം തുടങ്ങി ഒരു പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് ഇതിലുണ്ട്. വ്യവസായമേഖലയ്ക്കും അതില്‍ സജീവമായ പങ്കുണ്ട്. ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് നാം വളരെ ഗൗരവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.  ആത്മനിര്‍ഭര്‍ ഭാരതത്തിനായുള്ള ഗവേഷണ -വികസന ബഹുത്വത്തിനു കീഴില്‍ നാം നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് ഗവണ്‍മെന്റിന്റെ പരിശ്രമത്തിലൂടെ മാത്രം സാധ്യമാകില്ല. ഇതിന് വലിയ വ്യവസായ പങ്കാളിത്തം ആവശ്യമാണ്. ബ്രാന്‍ഡ് ഇന്ത്യ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം; രാജ്യത്തിന് അഭിവൃദ്ധിയും ബഹുമാനവും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതിനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എന്നെ  ഇപ്പോഴും ലഭ്യമാണ്. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തില്‍ നിരവധി തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെല്ലാവരും പ്രചോദിതരാകുകയും പുതിയ നിശ്ചയദാര്‍ഢ്യവും പുതിയ ഊര്‍ജ്ജവുമായി മുന്നോട്ട് വരുകയും ചെയ്യണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍!  നന്ദി.