Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു, കൊല്‍ക്കത്ത തുറമുഖത്തിന്റെ ബഹുതല വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ആന്‍തം തുറമുഖം ഉദ്ഘാടനം ചെയ്തു. കടല്‍ത്തീരം വികസനത്തിന്റെ കവാടങ്ങളെന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി കല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിനു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരു നല്‍കി. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള 501 കോടി രൂപയുടെ ചെക്ക് കൈമാറി. കൗശല്‍ വികാസ് കേന്ദ്രയും സുന്ദര്‍ബന്‍സിലെ ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള പ്രിതിലത ഛത്ര ആവാസും ഉദ്ഘാടനം ചെയ്തു


കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റി(കെ.ഒ.പി.ടി.)ന്റെ 150ാം വാര്‍ഷിക സ്മാരകമായി തുറമുഖ ജെട്ടികളുടെ സ്ഥാനത്തുള്ള ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
രാജ്യത്തിന്റെ ജലശക്തിയുടെ ചരിത്രപരമായ പ്രതീകമായ കെ.ഒ.പി.ടിയുടെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതു അംഗീകാരമായി കരുതുന്നതായി ശ്രീ. മോദി പറഞ്ഞു.

‘ഇന്ത്യ വിദേശ ഭരണത്തില്‍നിന്നു സ്വാതന്ത്ര്യം നേടുന്നത് ഉള്‍പ്പെടെ പല ചരിത്ര സംഭവങ്ങള്‍ക്കും ഈ തുറമുഖം സാക്ഷിയാണ്. സത്യഗ്രഹം മുതല്‍ സ്വച്ഛഗ്രഹ വരെ രാജ്യം മാറ്റത്തിനു വിധേയമാകുന്നതിന് ഈ തുറമുഖം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരക്കുകടത്തുകാരെ മാത്രമല്ല ഈ തുറമുഖം കണ്ടിട്ടുള്ളത്. രാജ്യത്തിലും ലോകത്തിലും സ്വയം അടയാളപ്പെടുത്തിയ വിജ്ഞാന വാഹകരെയും കൂടി കണ്ടിട്ടുണ്ട്. ഇന്ത്യയുടെ വ്യാവസായിക, ആത്മീയ, സ്വാശ്രയ സ്വപ്‌നങ്ങളെ ഈ തുറമുഖം ഒരര്‍ഥത്തില്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങില്‍വെച്ച് ആന്‍തം തുറമുഖം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുജറാത്തിലെ ലോത്തല്‍ തുറമുഖം മുതല്‍ കൊല്‍ക്കത്ത തുറമുഖം വരെ നീളുന്ന ഇന്ത്യയുടെ നീണ്ട കടല്‍ത്തീരത്തു നടക്കുന്നതു കേവലം വ്യാപാരമല്ലെന്നും ലോകത്താകമാനം സംസ്‌കാരം വ്യാപിപ്പിക്കുന്ന കേന്ദ്രം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ തീരപ്രദേശങ്ങള്‍ വികസന കവാടങ്ങളാണെന്നു ഗവണ്‍മെന്റ് കരുതുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണു തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനുമായി സാഗര്‍മാല പദ്ധതിക്കു തുടക്കമിട്ടത്. ഇതില്‍ ആറു ലക്ഷം കോടി രൂപ മൂല്യംവരുന്ന 3600ലേറെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്നു ലക്ഷം കോടിയിലേറെ രൂപ മൂല്യം വരുന്ന 200 പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 125 എണ്ണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നദീജലപാതകൡലൂടെ കൊല്‍ക്കത്ത തുറമുഖത്തെ കിഴക്കന്‍ ഇന്ത്യയിലെ വ്യാവസായിക കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരം ഇതുനിമിത്തം എളുപ്പമായി’, പ്രധാനമന്ത്രി പറഞ്ഞു.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖ ട്രസ്റ്റ്

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിനു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരു നല്‍കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ബംഗാളിന്റെ പുത്രനായ ഡോ. മുഖര്‍ജിയാണ് രാരജ്യത്തിന്റെ വ്യവസായ വല്‍ക്കരണത്തിനു തറക്കല്ലിട്ടത്. ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് ഫാക്ടറി, ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറി, സിന്ധ്രി വളം നിര്‍മാണശാല, ദാമോദര്‍ വാലി കോര്‍പറേഷന്‍ തുടങ്ങിയ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ബാബാ സാഹേബ് അംബേദ്കറെയും ഓര്‍ക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യക്കു ഡോ. മുഖര്‍ജിയും ഡോ. അംബേദ്കറും ചേര്‍ന്നു പുതിയ ദിശാബോധം പകര്‍ന്നു’, പ്രധാനമന്ത്രി പറഞ്ഞു.

കെ.ഒ.പി.ടി. പെന്‍ഷന്‍കാരുടെ ക്ഷേമം

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ വിരമിച്ചതും സര്‍വീസില്‍ ഉള്ളതുമായ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലെ കമ്മി നികത്തുന്നതിനുള്ള ആദ്യ ഗഡുവായി 501 കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രി കൈമാറി.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിലെ പെന്‍ഷന്‍കാരും യഥാക്രമം 105ഉം നൂറും വയസ്സ് പ്രായമുള്ളതുമായ ശ്രീ. നാഗിന ഭഗത്, ശ്രീ. നരേഷ് ചന്ദ്ര ചക്രവര്‍ത്തി എന്നിവരെ പ്രധാനമന്ത്രി അനുമോദിച്ചു.

കൗശല്‍ വികാസ് കേന്ദ്രയും സുന്ദര്‍ബന്‍സിലെ ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള പ്രിതിലത ഛത്ര ആവാസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പശ്ചിമ ബംഗാളിന്റെ വികസനത്തിനായി എല്ലാ ശ്രമങ്ങളും കേന്ദ്ര ഗവണ്‍മെന്റ് നടത്തിവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ദരിദ്രരുടെയും അവഗണിക്കപ്പെടുന്നവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും ക്ഷേമത്തിനു പ്രത്യേകം ഊന്നല്‍ നല്‍കിവരുന്നു. ആയുഷ്മാന്‍ ഭാരത് യോജന, പി.എം. കിസാന്‍ സമ്മാന്‍ നിധി എന്നിവയ്ക്കു പശ്ചിമ ബംഗാള്‍ സംസ്ഥാന ഗവണ്‍മെന്റ് അംഗീകാരം നല്‍കുന്നതോടെ ഈ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കു ലഭിച്ചുതുടങ്ങുമെന്നു ശ്രീ. മോദി വെളിപ്പെടുത്തി.

മെച്ചപ്പെടുത്തിയ നേതാജി സുഭാഷ് ഡ്രൈ ഡോക്കില്‍ കൊച്ചിന്‍ കൊല്‍ക്കത്ത കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ചരക്കുനീക്കം സുഗമമാക്കാനും സമയനഷ്ടം കുറയ്ക്കാനും സഹായകമായ കെ.ഒ.പി.ടിയുടെ കൊല്‍ക്കത്ത ഡോക്ക് സിസ്റ്റത്തിന്റെ നവീകരിക്കപ്പെട്ട റയില്‍വേ അടിസ്ഥാനസൗകര്യത്തിന്റെ സമര്‍പ്പണവും ഫുള്‍ റേക്ക് കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

കെ.ഒ.പി.ടിയുടെ ഹാല്‍ദിയ ഡോക്ക് കോംപ്ലക്‌സിലെ ബെര്‍ത്ത് നമ്പര്‍ മൂന്നിന്റെ യന്ത്രവല്‍ക്കരണവും നിര്‍ദിഷ്ട നദീമുഖ വികസന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.