Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊല്‍ക്കത്തയില്‍ നവീകരിച്ച നാലു പൈതൃക സൗധങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


 

കൊല്‍ക്കത്തയില്‍ നവീകരിക്കപ്പെട്ട നാലു പൈതൃക സൗധങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഓള്‍ഡ് കറന്‍സി ബില്‍ഡിങ്, ബെല്‍വെദേര്‍ ഹൗസ്, മെറ്റ്കഫെ ഹൗസ്, വിക്‌റ്റോറിയ മെമ്മോറിയല്‍ ഹാള്‍ എന്നിവയാണവ. ഇന്ത്യയുടെ കലയും സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പുനരവതരിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും ഇതിനായുള്ള ദേശീയതല പ്രചരണം ആരംഭിക്കുന്നതിനും തുടക്കമിടുന്ന പ്രത്യേക ദിവസമാണ് ഇതെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തിനായുള്ള പൈതൃക വിനോദ സഞ്ചാര കേന്ദ്രം:
പൈതൃക സംസ്‌കാരവും അതുമായി ബന്ധപ്പെട്ട നിര്‍മിതികളും സംരക്ഷിക്കാന്‍ ഇന്ത്യ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്ന് ശ്രീ. മോദി പറഞ്ഞു. ഈ താല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഗവണ്‍മെന്റ് ലോക പൈതൃക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. 
രാജ്യാന്തര നിലവാരമുള്ള അഞ്ചു സവിശേഷമായ മ്യൂസിയങ്ങള്‍ രാജ്യത്തു സ്ഥാപിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മ്യൂസിയങ്ങളില്‍ ഒന്നായ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലൂടെ ഇതിനു തുടക്കമിടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
വിഭവങ്ങള്‍ കണ്ടെത്തുന്നതിനും ഈ സവിശേഷ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ നടത്തുന്നതിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് കണ്‍സര്‍വേഷനു രൂപംനല്‍കുന്നതിനെ കുറിച്ചു ഗവണ്‍മെന്റ് ആലോചിച്ചുവരികയാണെന്നു ശ്രീ. മോദി അറിയിച്ചു. 
കൊല്‍ക്കത്തയിലെ നാലു സവിശേഷ ഗ്യാലറികളായ ഓള്‍ഡ് കറന്‍സി ബില്‍ഡിങ്, ബെല്‍വെദേര്‍ ഹൗസ്, വിക്ടോറിയ മെമ്മോറിയല്‍, മെറ്റ്കഫെ ഹൗസ് എന്നിവയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതായി അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ബെല്‍വദേര്‍ ഹൗസിനെ ലോകത്തിലെ ശ്രദ്ധേയമായ മ്യൂസിയങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയിലുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നാണയശാലയില്‍ ‘കോയിനേജ് ആന്‍ഡ് കൊമേഴ്‌സി’ന്റെ മ്യൂസിയം രൂപീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു കേന്ദ്ര ഗവണ്‍മെന്റ് എന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി.

വിപ്ലവ ഭാരതം
‘വിക്ടോറിയ മെമ്മോറിയലിലെ അഞ്ചു ഗാലറികളില്‍ മൂന്നെണ്ണം ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതു നല്ല കാര്യമല്ല. അവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണു നാം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രദര്‍പ്പിക്കാനും അല്‍പം സ്ഥലം കണ്ടെത്തണമെന്നു ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. അതിനെ ‘വിപ്ലവ ഭാരതം’ എന്നു വിൡക്കണമെന്നാണ് എനിക്കു തോന്നുന്നത്. സുഭാഷ് ചന്ദ്രബോസ്, അരവിന്ദ ഘോഷ്, റാഷ് ബിഹാരി ബോസ്, ഖുദിരാം ബോസ്, ബാഘ ജതിന്‍, ബിനോയ്, ബാദല്‍, ദിനേഷ് തുടങ്ങിയ നേതാക്കളെക്കുറിച്ചുള്ള പ്രദര്‍ശനം ഉള്‍പ്പെടുത്താം.’, പ്രധാനമന്ത്രി പറഞ്ഞു. 
സുഭാഷ് ചന്ദ്രബോസിനോടുള്ള ഇന്ത്യയുടെ ദശാബ്ദങ്ങളായുള്ള വികാരം മുന്‍നിര്‍ത്തി ഡെല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ മ്യൂസിയം ഒരുക്കിയിട്ടുണ്ടെന്നും ആന്‍ഡമെന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ സമൂഹത്തിലെ ഒരു ദ്വീപിന് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ടെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. 

ബംഗാളിലെ ഐതിഹാസിക നേതാക്കള്‍ക്കു ശ്രദ്ധാഞ്ജലി
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ പശ്ചിമ ബംഗാളിലെ ഐതിഹാസിക നേതാക്കള്‍ക്കു പുതിയ കാലത്തു യഥാവിധി ആദരാഞ്ജലി അര്‍പ്പിക്കപ്പെടണമെന്നു പ്രധാനമന്ത്രി പറഞ്ഞു. 
‘ഇപ്പോള്‍ നമ്മള്‍ ശ്രീ. ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ 200ാമതു ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ശ്രദ്ധേയനായ സാമൂഹിക പരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ രാജാ റാം മോഹന്‍ റോയിയുടെ 250ാമതു ജന്മവാര്‍ഷികവും ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനും യുവാക്കളുടെയും സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ക്കപ്പെടേണ്ടതാണ്. എന്നിരിക്കെ, രാജാ റാം മോഹന്‍ റോയിയുടെ 250ാം ജന്മവാര്‍ഷികം ആഡംബര പൂര്‍വം ആഘോഷിക്കപ്പെടണം.’

ഇന്ത്യാചരിത്രം പരിക്ഷിക്കല്‍

ഇന്ത്യയുടെ പൈതൃകവും ചരിത്രവും ഒപ്പം മഹാന്‍മാരായ നേതാക്കളെയും പരിരക്ഷിക്കേണ്ടതു രാഷ്ട്രനിര്‍മാണത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 
‘ബ്രിട്ടീഷ് ഭരണകാലത്തു രചിക്കപ്പെട്ട ഇന്ത്യാചരിത്രത്തില്‍ പ്രധാന ഘടകങ്ങള്‍ പലതും ഉള്‍പ്പെടുത്തപ്പെട്ടില്ല എന്നതു വളരെയധികം ദുഃഖകരമാണ്. 1903ല്‍ ഗുരുദേവ് രവീന്ദ്രനാഥ ടഗോര്‍ എഴുതിയത് ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഇപ്രകാരമാണ്: നാം പരീക്ഷയ്ക്കായി പഠിക്കുന്നതും ഓര്‍ത്തുവെക്കുന്നതുമല്ല ഇന്ത്യയുടെ ചരിത്രം. പുറത്തുള്ളവര്‍ നമ്മെ കീഴടക്കാന്‍ എങ്ങനെ ശ്രമിച്ചു എന്നും നമ്മുടെ കുട്ടികള്‍ അവരുടെ പിതാക്കന്‍മാരെ വധിക്കാന്‍ എങ്ങനെ ശ്രമിച്ചു എന്നും സിംഹാസനത്തിനായി സഹോദരങ്ങള്‍ തമ്മില്‍ എങ്ങനെ പോരാടി എന്നും മാത്രമേ അതില്‍ പ്രതിപാദിക്കുന്നുള്ളൂ. ഇത്തരത്തിലുള്ള ചരിത്രം ഇന്ത്യന്‍ പൗരന്‍മാരും ജനങ്ങളും എങ്ങനെ ജീവിക്കുന്നു എന്നു പറയുന്നില്ല. ഇത്തരം ചരിത്ര രചനയില്‍ ജനങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കപ്പെടുന്നില്ല.’
കൊടുങ്കാറ്റ് എത്രയോ ശക്തമാവട്ടെ, അതിനെ അഭിമുഖീകരിക്കുന്ന ജനങ്ങള്‍ എങ്ങനെ നേരിട്ടു എന്നതാണു പ്രധാനമെന്നു ഗുരുദേവന്‍ പറഞ്ഞിട്ടുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 
‘സുഹൃത്തുക്കളേ, അത്തരം ചരിത്രകാരന്‍മാര്‍ കൊടുങ്കാറ്റിനെ പുറത്തുനിന്നു കാണുക മാത്രമാണു ചെയ്തതെന്നാണ് ഗുരുദേവന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. കൊടുങ്കാറ്റിനെ നേരിടുന്നവരുടെ വീടുകളിലേക്കു കടന്നുചെല്ലാന്‍ അവര്‍ തയ്യാറായില്ല. പുറത്തുനിന്നു കാണുന്നവര്‍ക്ക് അത്തരമൊരു സാഹചര്യത്തെ ജനങ്ങള്‍ എങ്ങനെ നേരിട്ടു എന്നു മനസ്സിലാക്കാനായില്ല.’
‘ഈ ചരിത്രകാരന്‍മാര്‍ രാജ്യത്തെ സംബന്ധിച്ച പല കാര്യങ്ങളും ഉള്‍പ്പെടുത്തിയില്ല’, അദ്ദേഹം പറഞ്ഞു. 
‘അസ്ഥിരതയുടെയും യുദ്ധത്തിന്റെയും ആ കാലത്തു നമ്മുടെ രാഷ്ട്രബോധം ഉയര്‍ത്തിപ്പിടിച്ചവരും നമ്മുടെ മഹത്തായ പാരമ്പര്യം അടുത്ത തലമുറകളിലേക്കു പകര്‍ന്നു നല്‍കിയവരുമുണ്ട്. അത് സന്യാസിമാരാണ്. അതു കൈമാറപ്പെട്ടത് കലയിലൂടെയും സാഹിത്യത്തിലൂടെയും സംഗീതത്തിലൂടെയുമാണ്.’

ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രോല്‍സാഹിപ്പിക്കല്‍
‘ഇന്ത്യയുടെ ഓരോ ഭാഗത്തും വിവിധ തരം കലയും സംഗീതവുമായി ബന്ധപ്പെട്ട വിവിധ പാരമ്പര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ നമുക്കു സാധിക്കും. അതുപോലെ, ഇന്ത്യയുടെ വിവിധ മേഖലകളില്‍ ബുദ്ധീജിവികളും സന്ന്യാസിമാരും ചെലുത്തിയ സ്വാധീനം കാണാം. ഈ വ്യക്തികളും അവരുടെ ആശയങ്ങളും വിവിധ തരം കലകളും സാഹിത്യവും ചരിത്രത്തിന്റെ കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മഹാന്‍മാര്‍ ഇന്ത്യയിലെ പ്രമുഖ സാമൂഹിക നവോത്ഥാനങ്ങള്‍ പലതിനും നേതൃത്വം നല്‍കിയവരാണ്. അവര്‍ കാട്ടിത്തന്ന പാത നമ്മെ ഇന്നും ഉത്തേജിപ്പിക്കുന്നു.’
‘ഒട്ടേറെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഗാനങ്ങളാലും ചിന്തകളാലും സമ്പുഷ്ടമാക്കപ്പെട്ടതാണ് ഭക്തിപ്രസ്ഥാനം. സന്ത് കബീര്‍, തുളസീദാസ് തുടങ്ങിയ പലരും സമൂഹത്തെ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചു.’
‘മിഷിഗണ്‍ സര്‍വകലാശാലയില്‍ നടന്ന സംവാദത്തിനിടെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍ക്കണം. ഈ നൂറ്റാണ്ട് നിങ്ങളുടേതായിരിക്കാം; എന്നാല്‍ 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ നാം കഠിനപ്രയത്‌നം നടത്തണം.