കേന്ദ്ര വ്യവസായ സംരക്ഷണ സേന(സി.ഐ.എസ്.എഫ്.)യുടെ ഗ്രൂപ്പ് എ എക്‌സിക്യൂട്ടീവ് കേഡര്‍ പരിഷ്‌ക്കരണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സി.ഐ.എസ്.എഫിന്റെ മുതിര്‍ന്ന ഡ്യൂട്ടി പോസ്റ്റുകളിലെ സൂപ്പര്‍വൈസറി തസ്തികകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കമാന്‍ഡന്റ് മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വരെയുള്ള വിവിധ റാങ്കുകളിലായി 25 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണു പരിഷ്‌കാരം.
പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഗ്രൂപ്പ് എ തസ്തികകള്‍ 1252 ല്‍ നിന്ന് 1277 ആയി ഉയരും. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ രണ്ടു തസ്തികകളും ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഏഴു തസ്തികകളും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെയും കമാന്‍ഡന്റിന്റെയും എട്ടു വീതം തസ്തികകളും സൃഷ്ടിക്കപ്പെടും.
ഫലം:
ഗ്രൂപ്പ് എ പോസ്റ്റുകള്‍ സൃഷ്ടിക്കപ്പടുന്നതിലൂടെ സി.ഐ.എസ്.എഫിന്റെ പ്രവര്‍ത്തനക്ഷമതയും ശേഷിയും വര്‍ധിക്കും.
പശ്ചാത്തലം:
1968 ലെ സി.ഐ.എസ്.എഫ്. നിയമത്തിലൂടെയാണ് സി.ഐ.എസ്.എഫ്. രൂപീകൃതമായത്. 1983 ലെ ഭേദഗതിയിലൂടെയാണ് കേന്ദ്രത്തിന്റെ സായുധ സേനയായി സി.ഐ.എസ്.എഫ്. മാറിയത്. പൊതുമേഖലാ സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് സേനയിലൂടെ ആദ്യകാലത്തു ലക്ഷ്യംവെച്ചിരുന്നത്. സ്വകാര്യമേഖലാ സംരംഭങ്ങള്‍ക്കുകൂടി സുരക്ഷ നല്‍കാനും കേന്ദ്രഗവണ്‍മെന്റ് ചുമതലപ്പെടുത്തുന്ന മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിനും ഉള്ള വ്യവസ്ഥകളോടെ 1989ലും 1999ലും 2009ലും നിയമഭേദഗതി വരുത്തി.
മൂന്നു ബറ്റാലിയനുകള്‍ മാത്രമായിരുന്നു സി.ഐ.എസ്.എഫിന് 1969ല്‍ ഉണ്ടായിരുന്നത്. മറ്റു സി.എ.പി.എഫുകളുടേതു പോലുള്ള ബറ്റാലിയന്‍ രീതിയല്ല സി.ഐ.എസ്.എഫിനുള്ളത്. നിലവില്‍ 59 വിമാനത്താവളങ്ങള്‍ക്ക് ഉള്‍പ്പെടെ 336 വ്യവസായ സ്ഥാപനങ്ങള്‍ക്കു സേന സുരക്ഷ നല്‍കിവരുന്നു. 1969ല്‍ അംഗസംഖ്യ 3,192 മാത്രമായിരുന്നെങ്കില്‍ 2017 ജൂണ്‍ 30 ആകുമ്പോഴേക്കും ആള്‍ബലം 1,49,088 ആയി ഉയര്‍ന്നു. സി.ഐ.എസ്.എഫിന്റെ കേന്ദ്രം ന്യൂഡല്‍ഹിയിലാണ്. എക്‌സ്-കാഡര്‍ തസ്തികയിലുള്ള ഡി.ജിയാണു സേനയെ നയിക്കുന്നത്.