എല്ലാ കേന്ദ്ര വകുപ്പു സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ എട്ടു സെക്രട്ടറിതല സംഘങ്ങള്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തുടര്‍നടപടിയെന്നോണം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ലഘു അവതരണം ക്യാബിനറ്റ് സെക്രട്ടറി നിര്‍വഹിച്ചു. എട്ടു സംഘങ്ങളില്‍ രണ്ടെണ്ണങ്ങളിലെ ചുമതലപ്പെട്ടവര്‍ തങ്ങളുടെ സംഘം മുന്നോട്ടുവെച്ചിരുന്ന ശുപാര്‍ശകള്‍ നടപ്പാക്കപ്പെട്ടതിലെ പുരോഗതി അവതരിപ്പിച്ചു.
സെക്രട്ടറിമാരുടെ പത്തു പുതിയ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ സംഘങ്ങള്‍ ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് നവംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നേരത്തേ രൂപീകരിച്ച സംഘങ്ങള്‍ പ്രത്യേക വിഷയങ്ങളെക്കുറിച്ചാണു പഠിച്ചതെങ്കില്‍ പുതിയ സംഘങ്ങള്‍ കൃഷി, ഊര്‍ജം, ഗതാഗതം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചായിരിക്കും പഠിക്കുക.
ഓരോ വിഷയവും കൈകാര്യം ചെയ്യുന്നതിനായി ജനുവരിയില്‍ രൂപീകരിച്ച സെക്രട്ടറിതല സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. പഠനവിധേയമാക്കുന്ന മേഖലയില്‍ ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ യുവ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ജനസംഖ്യയെക്കുറിച്ചു പരാമര്‍ശിക്കവേ, 80 കോടി വരുന്ന ഇന്ത്യന്‍ യുവജനതയുടെ കരുത്ത് ഉപയോഗപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കി വേണം ശുപാര്‍ശകള്‍ സമര്‍പ്പിക്കാനെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഭാരതീയരുടെ മോഹങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ ഉതകുന്ന നയങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള വിവേകവും അനുഭവജ്ഞാനവും ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിതല സംഘത്തിന് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ശക്തമായ ചുവടുകള്‍ വെക്കാന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി അവരോട് അഭ്യര്‍ഥിച്ചു.
Held productive & enriching interactions on policy issues with Secretaries to the GoI. https://t.co/nclDhHrKTH
— Narendra Modi (@narendramodi) October 27, 2016