Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം


ഈ ബജറ്റിന് ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കും. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരു വശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് രാജ്യത്തെ ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.

ഭക്ഷ്യസംസ്‌ക്കരണം മുതല്‍ ഫൈബര്‍ ഒപ്റ്റിക്‌സ് വരെ, റോഡു മുതല്‍ ഷിപ്പിംഗ് വരെ, യുവജനങ്ങളുടെയും മുതിര്‍ന്നപരന്മാരുടെയും ആശങ്കകളും ഗ്രാമീണ ഇന്ത്യ മുതല്‍ ആയുഷ്മാന്‍ ഇന്ത്യ വരെ, ഡിജിറ്റല്‍ ഇന്ത്യ മുതല്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യവരെ മറ്റുപല മേഖലകളിലും ഇത് വ്യാപരിക്കുകയാണ്.

രാജ്യത്തെ 125 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ഈ ബജറ്റ് ഊര്‍ജ്ജസ്വലത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ വികസന പ്രക്രിയ വേഗത്തിലാക്കുമെന്ന് പ്രതീഷിക്കുന്നു. ഇത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സൗഹൃദപരവും വ്യാപാരാന്തരീക്ഷ സൗഹൃദ ബജറ്റുമാണ്്. വ്യാപാരവും ജീവിതവും ആയാസരഹിതമാക്കുകയാണ് ഈ ബജറ്റിന്റെ കേന്ദ്രബിന്ദു. ഇടത്തരക്കാര്‍ക്ക് കൂടുതല്‍ സമ്പാദ്യം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് വേണ്ടി പുതുതലമുറ അടിസ്ഥാനസൗകര്യം, പിന്നെ മികച്ച ആരോഗ്യ ഉറപ്പും-ഇതെല്ലാം ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികളാണ്.

രാജ്യത്തിന്റെ പുരോഗതിക്കായി പഴങ്ങളുടെയും പച്ചക്കറികളുടെയും റെക്കാര്‍ഡ് ഉല്‍പ്പാദനത്തിലൂടെ നമ്മുടെ കര്‍ഷകര്‍ വലിയതരത്തിലുള്ള സംഭാവനകളാണ് നല്‍കിയത്. കര്‍ഷകരുടെ അഭിവൃദ്ധിക്കും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ബജറ്റില്‍ നിരവധി നടപടികളുണ്ട്. ഗ്രാമീണ വികസനത്തിനും കാര്‍ഷികമേഖലയ്ക്കുമായി 14.5 ലക്ഷം കോടിയുടെ റെക്കാര്‍ഡ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. നമ്മുടെ 51 ലക്ഷം പുതിയ ഭവനങ്ങള്‍, മൂന്നു ലക്ഷം കിലോമീറ്റര്‍ റോഡ്, ഏകദേശം രണ്ടുകോടി ശൗചാലയങ്ങള്‍, 1.75 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ തുടങ്ങിയ പദ്ധതികള്‍ പീഡിതരും പിന്നോക്കക്കാരും ദളിതരുമായ ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ മുന്‍കൈകള്‍ പുതിയ അവസരങ്ങള്‍ പ്രത്യേകിച്ച് ഗ്രാമീണമേഖലയില്‍ സൃഷ്ടിക്കും.

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേതനത്തിന്റെ ഒന്നരയിരട്ടി വിലയായി നല്‍കുന്നതിനുള്ള തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. കര്‍ഷകര്‍ക്ക് ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള മുഴുവന്‍ ആനുകൂല്യവും ലഭിക്കുന്നത് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് ഒരു മികച്ച സംവിധാനം കൊണ്ടുവരും.’ ഓപ്പറേഷന്‍ ഗ്രീന്‍സ്’ പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ ദിശയിലേക്കുള്ള കാര്യക്ഷമമായ ഒരു സംവിധാനമാണെന്ന് തെളിയിക്കപ്പെടും. പാലുല്‍പ്പാദനമേഖലയിലെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് അമുല്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് നമ്മള്‍ കണ്ടതാണ്. നമ്മുടെ രാജ്യത്ത് വ്യവസായത്തിന്റെ വികസനത്തിന് വഴിവച്ച ക്ലസ്റ്റര്‍ അടിസ്ഥാന സമീപനവും നമുക്ക് അറിവുള്ളതാണ്. ഇതൊക്കെ മനസില്‍ വച്ചുകൊണ്ട് വിവിധ ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി കാര്‍ഷിക ക്ലസ്റ്റര്‍ സംവിധാനം രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ സ്വീകരിക്കും.

കാര്‍ഷികമേഖലയില്‍ പ്രത്യേക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ലകളെ കണ്ടെത്തിയശേഷം സംഭരണം, സംസ്‌ക്കരണം വിപണനം എന്നിവയ്ക്ക് വേണ്ടിയുള്ള പദ്ധതികളെ ഞാന്‍ അഭിനന്ദനിക്കുന്നു.

നമ്മുടെ രാജ്യത്ത് സഹകരണസ്ഥാപനങ്ങളെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയരിക്കുകയാണ്. എന്നാല്‍ സഹകരണസംഘങ്ങളെപ്പോലെയുള്ള കാര്‍ഷിക ഉല്‍പ്പാദന സംഘടനകള്‍ക്ക് (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്-എഫ്പി.ഒ) ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതുകൊണ്ട് കര്‍ഷകരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട എഫ്.പി.ഒകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. ജൈവ, സുഗന്ധദ്രവ്യ, ഔഷധകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സ്വയം സഹായസംഘകളുമായി എഫ്.പി.ഒകളെ ബന്ധിപ്പിച്ചത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. അതുപോലെ ഗോബര്‍-ധന്‍ യോജന ഗ്രാമങ്ങളെ ശുചിത്വമുള്ളതായി സൂക്ഷിക്കുന്നതിന് സഹായിക്കും.

അതോടൊപ്പം കന്നുകാലി വളര്‍ത്തുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്ത് കര്‍ഷകര്‍ കാര്‍ഷികവൃത്തിയോടൊപ്പം മറ്റ് പല ജോലികളിലും ഏര്‍പ്പെടാറുണ്ട്. ചിലര്‍ മത്സ്യകൃഷിയിലേര്‍പ്പെടും ചിലര്‍ മൃഗസംരക്ഷണത്തിലായിരിക്കും. മറ്റു ചിലര്‍ കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, തുടങ്ങിയവലിലേര്‍പ്പെടാറുണ്ട്. ഇത്തരത്തിലുള്ള അധികപ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുമുണ്ട്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മത്സ്യകൃഷിക്കും മൃഗപരിപാലനത്തിനും വായ്പ ലഭ്യമാക്കുന്നത് വളരെ ഫലപ്രദമായ നടപടിയാണ്. ഇന്ത്യയിലെ 700 ജില്ലകളിലായി ഏകദേശം 7000 ബ്ലോക്കുകളുണ്ട്. ഈ ബ്ലോക്കുകളില്‍ നവീനാശയങ്ങള്‍, കണക്ടിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 22,000 ഗ്രാമീണ വ്യാപാര കേന്ദ്രങ്ങളും ഇവയുടെ ആധുനികവല്‍ക്കരണവും നടത്തുന്നത് കര്‍ഷകരുടെ വരുമാനവും തൊഴിലവരസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇവ കാര്‍ഷികാടിസ്ഥാന ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടനയുടെ കേന്ദ്രങ്ങളുമാകും.

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയുടെ കീഴില്‍ ഇപ്പോള്‍ ഗ്രാമങ്ങളെ വിപണികളുമായി, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ആശുപത്രികളുമായും ബന്ധിപ്പിക്കുകയാണ്. ഇത് ഗ്രാമവാസികളുടെ ജീവിതം കുടുല്‍ സുഖകരമാക്കും.

ഉജ്ജ്വല്‍ യോജനയിലൂടെ ജീവിതം ലളിമാക്കുന്നതിന്റെ വിപുലീകരണം നാം കണ്ടതാണ്. ഈ പദ്ധതികള്‍ പാവപ്പെട്ട സ്ത്രീകളെ പുകയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, അവരുടെ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുമായി. ഉജ്ജ്വലയുടെ ലക്ഷ്യം 5 കോടി കുടുംബങ്ങളില്‍ നിന്ന് എട്ടുകോടിയായി ഉയര്‍ത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. ഈ പദ്ധതിയിലൂടെ വലിയ അളവില്‍ ദളിത്, ഗോത്രവര്‍ഗ്ഗ, പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്കാണ് നേട്ടമുണ്ടായത്. പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഈ ബജറ്റ് ഏകദേശം ഒരുലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

മെഡിക്കല്‍ ചികിത്സയും അതിന്റെ വലിയ ചെലവും എന്നും സമൂഹത്തിലെ പാവപ്പെട്ട ഇടത്തരം വിഭാഗങ്ങള്‍ക്ക് വലിയ ആശങ്കയുളവാക്കുന്നതാണ്. ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ‘ആയുഷ്മാന്‍ ഭാരത്’ എന്ന പുതിയ പദ്ധതി ഈ ഗൗരവമായ പ്രശ്‌നത്തെ അഭിസംബോധനചെയ്യും. രാജ്യത്തെ 10 കോടി പാവപ്പെട്ട ഇടത്തരം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. അതായത് 40-45 കോടി ജനങ്ങള്‍ക്ക് ഇത് പരിരക്ഷനല്‍കും. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ഇതുവരെയുള്ളയുള്ളതില്‍ ഗവണ്‍മെന്റ് ചെലവ് വഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പഞ്ചായത്തുകളെയും ഉള്‍ക്കൊണ്ടുകൊണ്ട് 1.5 ലക്ഷം ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നത് അഭിനന്ദനീയമായ കാര്യമാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആരോഗ്യസുരക്ഷാസേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. രാജ്യത്ത് അങ്ങോളമിങ്ങോളമായി 24 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനം ചികിത്സയ്ക്ക് മാത്രമല്ല, യുവാക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിനും സഹായകരമാകും. രാജ്യത്താകമാനം മൂന്ന് ലോക്‌സഭാ നിയോജകമണ്ഡലങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നമ്മുടേത്.

മുതിര്‍ന്ന പൗരന്മാരെ മുന്നില്‍കണ്ടുകൊണ്ട് നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഈ ബജറ്റില്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി വയോ വന്ദ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 15 ലക്ഷം രൂപയ്ക്ക് വരെ 8% പലിശ ലഭിക്കും. ബാങ്കിലേയും പോസ്റ്റ് ഓഫീസിലേയും നിക്ഷേപങ്ങളുടെ 50,000 രൂപ വരെയുള്ളയുവയുടെ പലിശയ്ക്ക് ആദായനികുതി ചുമത്തുകയുമില്ല. 50,000 രൂപ വരെയുള്ള ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനേയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിന് പുറമെ ഗുരുതരമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന ഒരുലക്ഷം രൂപവരെയ്ക്കും നികുതിയിളവുണ്ട്.

നമ്മുടെ രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അല്ലെങ്കില്‍ എം.എസ്.എം.ഇകള്‍ക്ക് ദീര്‍ഘകാലം വന്‍കിട വ്യവസായങ്ങളെക്കാള്‍ ഉയര്‍ന്ന നികുതി നല്‍കേണ്ടിവന്നിട്ടുണ്ട്. ശക്തമായ നടപടിയുടെ ഭാഗമായി ഈ ബജറ്റ് എം.എസ്.എം.ഇകളുടെ നികുതി നിരക്കില്‍ 5% കുറവുവരുത്തി. നിലവില്‍ അവര്‍ക്ക് മുമ്പ് നല്‍കിയിരുന്ന 30% നികുതിക്ക് പകരം 25% നല്‍കിയാല്‍ മതി. എം.എസ്.എം.ഇ പദ്ധതികള്‍ക്ക് ആവശ്യം വേണ്ട മൂലധനം ഉറപ്പാക്കുന്നതിനായി ബാങ്കുകളില്‍ നിന്നും എന്‍.ബി.എഫ്.സികളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തിന് ഇത് ഊര്‍ജ്ജസ്വലത പകരും.

വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ നിഷ്‌ക്രിയ ആസ്ഥി മൂലം എം.എസ്.എം.ഇകള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. മറ്റുള്ളവരുടെ തെറ്റിന് ചെറുകിട സംരംഭകര്‍ ബുദ്ധിമുട്ടാന്‍ പാടില്ല. അതുകൊണ്ട് നിഷ്‌കൃയ ആസ്തിയുടെയും തിരിച്ചടവില്ലാത്ത വായ്പയുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടികള്‍ ഗവണ്‍മെന്റ് ഉടന്‍ പ്രഖ്യാപിക്കും.

തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ സാമൂഹികസുരക്ഷയ്ക്കുമായി വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടു. ഇത് അനൗപചാരിക മേഖലയില്‍ നിന്നും ഔപചാരികമേഖലയിലേക്കുള്ള മാറ്റത്തിന് പ്രേരണനല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മൂന്നുവര്‍ഷത്തേക്ക് പുതുതായി പണിക്ക് ചേരുന്ന തൊഴിലാളികളുടെ ഇ.പി.എഫിന്റെ 12% ഗവണ്‍മെന്റ് സംഭാവന ചെയ്യും അതിന് പുറമെ പുതിയ വനിതാജീവനക്കാരുടെ ഇ.പി.എഫ് വിഹിതം 12% ല്‍ നിന്നും 8% മായി മൂന്നുവര്‍ഷത്തേക്ക് കുറയ്ക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം വര്‍ദ്ധിക്കുകയും തൊഴിലവസരങ്ങള്‍ കൂടുകയും ചെയ്തിട്ടുണ്ട്. അതേസമയം തൊഴിലുടമയുടെ സംഭാവന 12% ആയി തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. പണിയെടുക്കുന്ന വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട നടപടിയാണിത്.

നവ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ സാധാരക്കാരുടെ ജീവിതം സുഗമമാക്കുകയും വികസനത്തിന് സ്ഥിരത നല്‍കുകയും വേണം. അതിന് ഇന്ത്യയ്ക്ക് അടുത്ത തലമുറ പശ്ചാത്തല സകര്യം ആവശ്യമുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി 6ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷം കോടി രൂപ കൂടുതലാണ്. ഈ പദ്ധതികള്‍ രാജ്യത്ത് നാനാവിധത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നികുതിയിളവ് നല്‍കിയതിന് ഞാന്‍ ധനമന്ത്രിയെ അഭിനന്ദിക്കുകയാണ്.

ഓരോ ഇന്ത്യന്‍ പൗരന്റേയും സങ്കല്‍പ്പത്തിനനുസരിച്ച് ഈ ബജറ്റ് എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ലാഭകരമായ വില, പാവപ്പെട്ടവരുടെ ഉന്നമനം, അതിന് വേണ്ട ക്ഷേമപദ്ധതികള്‍, നികുതി നല്‍കുന്ന പൗരന്റെ സത്യസന്ധതയെ മാനിക്കല്‍, ശരിയായ നികുതിഘടനയിലൂടെ സംരംഭകരുടെ താല്‍പര്യം ഉള്‍ക്കൊള്ളല്‍, മുതിര്‍ന്ന പൗരന്മാര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ മാനിക്കുക എന്നിവയെല്ലാം ഈ ബജറ്റ് ചെയ്യുന്നുണ്ട്.

ജീവിതം സുഖകരമാക്കുന്നതിനും നവ ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതിനും സഹായകരമായ ഒരു ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രിക്കും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

***