Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര ഗവണ്‍മെന്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഏക് നയി സുബഹ്’ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

കേന്ദ്ര ഗവണ്‍മെന്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഏക് നയി സുബഹ്’ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


എന്റെ എല്ലാ സഹപൗരന്മാര്‍ക്കും നമസ്‌കാരം

രണ്ടു വര്‍ഷം മുമ്പ് ഈ രാഷ്ട്രം വ്യക്തമായ ജനവിധിയിലൂടെ ഞങ്ങള്‍ക്ക് പുതിയ ഒരു ഉത്തരവാദിത്വം ഏല്പിച്ചു തരികയുണ്ടായി. തെരഞ്ഞെടുത്ത ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്കുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിനാല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ നന്മകളും കുറവുകളും വെളിച്ചത്ത് കൊണ്ടുവന്ന് വിശകലന വിധേയമാക്കണം. പിന്നിട്ട രണ്ടു വര്‍ഷങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ ഇതുവരെ എത്രമാത്രം പുരോഗതി കൈവരിക്കാന്‍ സാധിച്ചു? ഇതുവരെ സഞ്ചരിച്ച ദിശ ശരിയായിരുന്നോ തെറ്റായിരുന്നോ? ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞോ? ഈ വിശകലനം പൗരന്മാരുടെ ഹൃദയത്തിലും ഗവണ്‍മെന്റിലും ഒരു പോലെ പുതിയ ആത്മവിശ്വാസം നിറയ്ക്കുന്നു. ഇക്കഴിഞ്ഞ 15 ദിവസം ഈ ഗവണ്‍മെന്റിന്റെ ഓരോ ചലനങ്ങളും രാജ്യമെമ്പാടും കഴുക കണ്ണോടെ സൂക്ഷ്മമായി അവലോകനം ചെയ്യപ്പെടുകയായിരുന്നു. അതിന്റെ ഓരോ നീക്കവും അതീവ ശ്രദ്ധയോടെ പരിശോധിക്കപ്പെടുന്നുണ്ടായിരുന്നു. ഇന്ന് എന്റെ രാജ്യത്തെ ജനങ്ങളുടെ മുമ്പില്‍ അതീവ ചാരിതാര്‍ത്ഥ്യതതോടെയാണ് ഞാന്‍ നില്ക്കുന്നത്. എന്റെ ജനത്തിന്റെ പ്രതീക്ഷയും വിശ്വാസവും നേടിയെടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞങ്ങളുടെ ഏതു പ്രവര്‍ത്തനവും അടുത്ത് നിന്ന് വീക്ഷിച്ചാല്‍ അതു മനസിലാകും. ദൈവത്തിന്റെ പ്രതിനിധിയായ പൊതു ജന(ജന്‍ത ജനാര്‍ദന്‍)ത്തിന്റെ ആശീര്‍വാദം പൂര്‍വാധികം ഉന്മേഷത്തോടെ ജോലി ചെയ്യാനുള്ള ആവേശം ഞങ്ങളില്‍ പതിന്മടങ്ങായി വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ ഗവണ്‍മെന്റിനെ വെറുതെ വിമര്‍ശിക്കുന്നവരെകുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഗവണ്‍മെന്റിനെ വിമര്‍ശിക്കുക എന്നത് ഇന്ന് ജനാധിപത്യത്തിലെ ഒരു സാധാരണ സംഭവമാണ്. എന്തായാലും കഴിഞ്ഞ 15 ദിവസം കൊണ്ട് രാജ്യം രണ്ടു കാര്യങ്ങള്‍ വ്യക്തമായി നിരീക്ഷിച്ചു. ഒരു വശത്ത് വികസനവും(വികസന വാദം) മറുവശത്ത് എതിര്‍പ്പും(വിരോധവാദം). ഇതില്‍ ഏതാണ് സത്യം. പൊതുജനം സത്യം മനസിലാക്കട്ടെ. മുന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവുമായി താരതമ്യപ്പെടുത്തിയാണ് പൊതുവെ പുതിയ ഗവണ്‍മെന്റിനെ വിലയിരുത്തുക. മുമ്പ് എന്താണ് നടന്നത്, ഇപ്പോള്‍ എന്താണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ചെയ്തികളുടെ നേര്‍ക്ക് നാം പൂര്‍ണമായും കണ്ണടക്കുകയും ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ നടപടികളെ വിമര്‍ശിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്താന്‍ നമുക്ക് സാധ്യമായി എന്നു വരില്ല. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതു സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിച്ചതിന്റെ പ്രശസ്തി ഇന്ന് എന്റെ ഗവണ്‍മെന്റിന് ആണ്. പക്ഷെ അതിന്റെ പ്രസക്തി പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞ കാല സാഹചര്യങ്ങളും സുപ്രീം കോടതി നടത്തിയ ഇടപെടലുകളും തുടര്‍ന്നു തിളച്ചുമറിഞ്ഞ പ്രതിസന്ധിയും ഊര്‍ജ്ജനിലയങ്ങളില്‍ അനുഭവപ്പെട്ട കല്‍ക്കരി കടുത്ത ക്ഷാമവും എല്ലാം കണക്കിലെടുക്കണം. പ്രക്ഷുബ്ധമായ ഈ സാഹചര്യമാണ് കഴിഞ്ഞ ഗവണ്‍മെന്റിനെ കല്‍ക്കരി വിവാദത്തില്‍ കുടുക്കിയത്.

രണ്ടു വര്‍ഷം മുമ്പു വരെ നമ്മുടെ മാധ്യമങ്ങള്‍, പത്രങ്ങളും ചാനലുകളും എല്ലാം ഓരോ ദിവസവും എന്നോണം വിവാദങ്ങള്‍ പുറത്തുകൊണ്ടു വരികയായിരുന്നു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന മുറയ്ക്ക് ഇവ ദിവസവും മാധ്യമ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് കല്‍ക്കരി പാടങ്ങളുടെ ലേലം വളരെ സുതാര്യമായി പൂര്‍ത്തിയാക്കിയിരിക്കുന്നു എന്ന് എനിക്കു പറയാന്‍ സാധിക്കും. ആര്‍ക്കും അതിനു നേര്‍ക്ക് വിരല്‍ ചൂണ്ടാനാവില്ല. കോടാനുകോടി രൂപയാണ് ഇതിലൂടെ ഇന്ന് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഖജനാവിലേയ്ക്ക് വരാന്‍ പോകുന്നത്. അതു മാത്രവുമല്ല, ഈ തുക കല്‍ക്കരി ഖനി മേഖലയില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ വിതരണം ചെയ്യുന്നതിനും നടപടികളായി കഴിഞ്ഞു. ഇതെക്കുറിച്ച് ഞാന്‍ ഇങ്ങനെ വിസ്തരിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പറയും: ഓ മോഡിജിയാണ് ഇതെല്ലാം ചെയ്തത് എന്ന്.

രാജ്യത്തിന്റെ ആത്മാവിനെ മുഴുവന്‍ അഴിമതിയുടെ ചിതലുകള്‍ തിന്നുകഴിഞ്ഞു എന്നു പറഞ്ഞാല്‍ ആര്‍ക്കും അതിനോട് വിയോജിക്കാനാവില്ല. ഈ രാജ്യത്തിന്റെ സ്വപ്‌നങ്ങളെ മുഴുവന്‍ അഴിമതി തിന്നു കളഞ്ഞു, ചിതലുകളെ പോലെ. ഈ ചിതലുകളെ നമുക്ക് ഉന്മൂലനം ചെയ്യേണ്ടതുണ്ട്.

അഴിമതി എന്ന ഈ വന്‍ വിപത്തിനെ നിയന്ത്രണ വിധേയമാക്കാന്‍, സാധാരണ ജനങ്ങളുടെ മാനസികാവസ്ഥയെ തീക്ഷ്ണമായി ഉലച്ച ഈ തിന്മയുടെ ആഴം വ്യക്തമാക്കാന്‍ ഞാന്‍ ഒന്നൊന്നായി ചില നടപടികള്‍ അതീവ സൂക്ഷ്മതയോടെ സ്വീകരിച്ചുവരികയാണ്. ഈ പ്രശ്‌നം ആഴത്തില്‍ പഠിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ നടുങ്ങും. നമ്മുടെ രാജ്യം ഇതുവരെ എങ്ങിനെയാണ് പൊയ്്‌ക്കൊണ്ടിരുന്നത് എന്ന് ചിന്തിച്ച് നിങ്ങള്‍ ശരിക്കും അമ്പരന്നു പോകും. ഈ ഭൂമിയില്‍ ഇനിയും ജനിച്ചിട്ടില്ലാത്ത മകള്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഗവണ്‍മെന്റ് രേഖകള്‍ പ്രകാരം വിധവയാകുകയും നാളുകളായി വിധവാ പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്യുന്നു. ഇതുവരെ അവള്‍ പൊതു സമൂഹത്തില്‍ വന്നിട്ടില്ല.

എന്നാല്‍ നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയില്‍ എല്‍പിജിയുടെ സബ്‌സിഡി ആധാര്‍ കാര്‍ഡ് നമ്പരും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു. ഫലം കണ്ട് ഞങ്ങള്‍ സ്തബ്ധരായി പോയി. അത് അറിഞ്ഞാല്‍ നിങ്ങളും അമ്പരന്നു പോകും. ലക്ഷക്കണക്കിന് ആളുകളാണ് വ്യാജ പേരുകളില്‍ എല്‍പിജി സബ്‌സിഡി കൈപ്പറ്റിയിരുന്നത്. ആ ചോര്‍ച്ച ഞങ്ങള്‍ അടച്ചു. എന്റെ രാജ്യത്തെ പാവങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന 15000 കോടി രൂപ അങ്ങനെ ഞാന്‍ കാത്തു രക്ഷിച്ചു. ഒരു റെയ്ഡില്‍ വെറും 50 കോടി പിടികൂടിയാല്‍ അത് നമ്മുടെ രാജ്യത്തെ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയാകും. എന്നാല്‍ വളരെ കഠിനാധ്വാനം ചെയ്ത്, പദ്ധതികള്‍ ആസൂത്രണം ചെയ്ത് നമ്മുടെ രാഷ്ട്രത്തിന്റെ 1500 കോടി ഞങ്ങള്‍ മോചിപ്പിച്ചെടുത്തു. ഈ നടപടിക്ക് എന്റെ രാജ്യത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം ഇപ്രകാരമായിരിക്കും – മോദിജി നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.

ബിപിഎല്‍ സബ്‌സിഡികളുടെയും സൗജന്യ നിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും വിതരണം ചെയ്യുന്നതിന്റെയും അവസ്ഥ അറിഞ്ഞാല്‍ നിങ്ങള്‍ തീര്‍ച്ചയായും വിസ്മയിച്ചു പോകും. എത്ര സുഗമമായി ഈ പദ്ധതി നടക്കുന്ന എന്ന് അറിയാന്‍ ഞങ്ങള്‍ ഒരു സര്‍വെ നടത്തുകയുണ്ടായി. തന്റെ റേഷന്‍ കാര്‍ഡ് വഴി പാവപ്പെട്ട ഒരാള്‍ക്ക് അയാളുടെ പാത്രത്തില്‍ ഒന്നോ രണ്ടോ മൂന്നോ രൂപയ്ക്ക് അരി കിട്ടുന്നു. ആ ഭക്ഷ്യധാന്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഖജനാവില്‍ നിന്ന് കിലോഗ്രാമിന് 27 രൂപ നിരക്കില്‍ ചെലവഴിക്കുന്നുണ്ട് എന്ന് അയാള്‍ അറിയുന്നേയില്ല. അന്വേഷണം ഇപ്പോഴും നടക്കുന്നു. എന്നിട്ടും അതിന്റെ ഫലങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കുന്നില്ല. ഇതുവരെ 1.62 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി റദ്ദാക്കി കഴിഞ്ഞു. ഇത് വ്യക്തമാക്കുന്നത് ഇതുവരെ ഈ സബ്‌സിഡി പണം മറ്റ് ആരുടെയോ പോക്കറ്റുകളില്‍ എത്തുകയായിരുന്നു എന്നതല്ലേ. അതായത് ഇപ്പോഴും ചില തലങ്ങളില്‍ അഴിമതി നിലനില്ക്കുന്നു എന്നാണ്.
ഈയിടെ ഹരിയാന ഗവണ്‍മെന്റ് ആധാര്‍ യോജന, ജന്‍ ധന്‍ യോജന എന്നിവയെ മൊബൈലുമായി ബന്ധിപ്പിക്കുകയുണ്ടായി. എനിക്ക് അറിയാന്‍ സാധിച്ചത് ഹരിയാന പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് പോലും ആറു ലക്ഷം വ്യാജ മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നു എന്നാണ്. ഒന്ന് ആലോചിച്ചു നോക്കൂ. എങ്ങോട്ടാണ് ഈ മണ്ണെണ്ണ മുഴുവന്‍ കൊണ്ടു പോകുന്നത്. ഒരു സംശയവും വേണ്ട, പാവങ്ങള്‍ക്ക് വെളിച്ചം കാണാനും പാചകം ചെയ്യാനുമായി ഗവണ്‍മെന്റ് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നതിനു പകരം അതു മുഴുവന്‍ ഡീസലുമായി കലര്‍ത്തി വിറ്റ് അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാന്‍. അല്ലെങ്കില്‍ രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലേയ്ക്ക്. ഒന്ന് ഓര്‍ത്തു നോക്കൂ, 1.62 കോടി വ്യാജ റേഷന്‍ കാര്‍ഡുകള്‍, ആറു ലക്ഷം വ്യാജ മണ്ണെണ്ണ പെര്‍മിറ്റുകള്‍!!

ഒരു സംസ്ഥാനത്ത് അടുത്ത കാലത്ത് നേടാന്‍ സാധിച്ചത് 540 കോടി രൂപയാണ്. എന്തിനു വേണ്ടിയാണ് അത് വിതരണം ചെയ്തത്.? അത് ചെലവായിക്കൊണ്ടിരുന്നത് വ്യാജ അധ്യാപകരുടെ പേരിലാണ്, അവരുടെ ശമ്പളത്തിനു വേണ്ടി, കുട്ടികളുടെ യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി. അധ്യാപകര്‍ വ്യാജന്മാരാണെങ്കില്‍, തീര്‍ച്ചയായി സ്‌കൂളും വ്യാജമായിരിക്കും. ഈ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഞങ്ങള്‍ നടത്തിവരുന്ന അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങളാണ്. ഇതുകൊണ്ട് എന്തു നേടി? വിസ്തരിച്ചു പറഞ്ഞാല്‍, അഴിമതിക്കെതിരെയുള്ള ഞങ്ങളുടെ വ്യാപകമായ പ്രചാരണത്തിന്റെ ഫലമായി ഏകദേശം 36000 കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ സാധിച്ചു. ഇത് കേവലം ഒരു വര്‍ഷത്തേയ്ക്കുള്ള നേട്ടമല്ല. വരുന്ന എല്ലാ വര്‍ഷവും ഈ തുക നാം ലാഭിക്കും. ഇത് ഒരു തുടക്കം മാത്രം. ഒരു പുതിയ പ്രഭാതം.
നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നേരത്തെ 200, 250, 300 രൂപയൊക്കെ വിലയുണ്ടായിരുന്ന എല്‍ഇഡി ബള്‍ബുകള്‍ ഇപ്പോള്‍ 60,70,80 രൂപയ്ക്ക് ലഭിക്കുന്നു. ഇന്ന് നമ്മള്‍ രണ്ടു ലക്ഷം കോടി മുതല്‍ മുടക്കി ഒരു ഊര്‍ജ്ജ നിലയം സ്ഥാപിക്കുന്ന വിവരം പ്രഖ്യാപിച്ചാല്‍ അത് അപ്പോള്‍ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തും. സാമ്പത്തിക മാധ്യമങ്ങള്‍ അപ്പോള്‍ തന്നെ വലിയ തലക്കെട്ട് നിരത്തും, മോദി സര്‍ക്കാര്‍ 1-2 ലക്ഷം കോടി രൂപ മുടക്കി ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ നവീകരണത്തിന് ഒരുങ്ങുന്നു എന്നോ മറ്റോ. മറ്റ് പത്രങ്ങള്‍ എഴുതും, മോദി വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, ചെലവിനെ കുറിച്ച് ചിന്തിക്കാതെ. പിന്നെ അവര്‍ അന്വേഷണം തുടങ്ങും എന്നാലും എവിടെ നിന്നാവും മോദി ഇത്രവലിയ തുക കൊണ്ടുവരിക? എന്നാല്‍ 500 നഗരങ്ങളില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ മോദി വിജയിച്ചാല്‍ 20,000 മെഗാവാട്ട് വൈദ്യുതിയാണ് ലാഭിക്കാന്‍ പോകുന്നത്. അതില്‍നിന്നാണ് ഒരു ലക്ഷം കോടി കണ്ടെത്തി ഊര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുക എന്ന കാര്യംചര്‍ച്ച ചെയ്യപ്പെടില്ല. പക്ഷെ, എല്‍ഇഡി ബള്‍ബിന്റെ വില 60-70 ആയി താഴും. ഇത് വാര്‍ത്തയാണോ. അതിലെന്താ ഇത്ര പ്രത്യേകത. നാം ഇപ്പോള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ജോലികള്‍, ഒന്നിനു പുറകെ മറ്റൊന്നായി വിവിധ പദ്ധതികളിലൂടെ രാജ്യത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. നിങ്ങള്‍ കണ്ടിരിക്കും, തെരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ നേതാക്കള്‍ ചര്‍ച്ച ചെയ്തതു മുഴുവന്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന എല്‍പിജി സിലണ്ടറുകളുടെ എണ്ണം 9-ല്‍ നിന്ന് 12 ആയി ഉയര്‍ത്തും എന്നതായിരുന്നു. അത് വോട്ട് ലക്ഷ്യം വച്ചുള്ള നീക്കമായിരുന്നു. എംപിമാര്‍ക്ക് 25 എല്‍പിജി കൂപ്പണുകള്‍ ഉണ്ടായിരുന്ന ആ ദിനങ്ങളെ ഒന്ന് ഓര്‍ത്തു നോക്കൂ. എംപിയുടെ സ്വന്തം ആളുകള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ആ കൂപ്പണുകള്‍ വിതരണം ചെയ്തു പോന്നത്.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അഹമ്മദാബാദിലെ ഒരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍, ആ എയര്‍പോര്‍ട്ടിലൂടെ യാത്രചെയ്യുന്ന ഓരോ എംപിയോടും ഒരു എല്‍പിജി കൂപ്പണ്‍ ലഭിക്കുന്നതിന് വളരെ വിനയപൂര്‍വം അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആയിടെ മാറി താമസം ആരംഭിച്ച മകനു വേണ്ടിയായിരുന്നു ഇത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് ഒരു എംപി പോലും ഒരു കൂപ്പണ്‍ നല്കിയില്ല. ആ ദിനങ്ങള്‍ നാം മറന്നു കൂടാ. അന്ന് ആളുകള്‍ക്ക് ഒരു എല്‍പിജി കണക്ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത് വളരെ പണ്ടൊന്നുമല്ല, അഞ്ചു പത്തു വര്‍ഷം മുമ്പ് മാത്രം നടന്ന കാര്യങ്ങളാണ്. ഇപ്പോള്‍ എന്താണ് അവസ്ഥ. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ രാജ്യത്തെ സാമ്പത്തികമായി മുന്നില്‍ നില്ക്കുന്ന പൗരന്മാരോട് എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ആ മനസറിഞ്ഞ അഭ്യര്‍ത്ഥന മാനിച്ച് രാജ്യത്തെ 1.13 കോടിയോളം പൗരന്മാര്‍ എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കുകയും ചെയ്തു. അവര്‍ അത് ചെയ്തത് രാജ്യത്തെ ലക്ഷക്കണക്കിന് പാവപ്പെട്ട അമ്മമാരും സഹോദരിമാരും വിറക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന് അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ്. എന്റെ രാജ്യത്തെ ആ 1.13 കോടി പൗരന്മാരെയും ഞാന്‍ ഹൃദയംഗമമായി അഭിവാദ്യം ചെയ്യുന്നു.

പറയൂ, ഇത് ഒരു വലിയ മാറ്റമല്ലേ. എന്റെ രാജ്യത്തെ പൗരന്മാരുടെ കാഴ്ച്ചപ്പാടില്‍ വന്ന മാറ്റമല്ലേ ഇത്. എന്റെ ഇന്ത്യയില്‍ സംഭവിച്ച ഒരു മാറ്റമല്ലേ ഇത്. രാജ്യത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് ഇതിലും മികച്ച വേറെ എന്ത് ഉദാഹരണമാണ് വേണ്ടത്?

ഇവര്‍ ഉപേക്ഷിച്ച എല്‍പിജി സബ്‌സിഡി വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്ന രാജ്യത്തെ പാവപ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നേരിട്ട് നല്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. 400 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ പുകയാണ് ഓരോ ദിവസവും ഈ അമ്മമാര്‍ വിറകടുപ്പില്‍ നിന്ന് ശ്വസിക്കുന്നത്. നമ്മുടെ ഈ പാവപ്പെട്ട അമ്മമാരും സഹോദരിമാരും സഹിക്കുന്ന ക്ലേശങ്ങളെ കുറിച്ച് ആരെങ്കിലും ഉത്ക്കണ്ഠപ്പെടുന്നുണ്ടോ? ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം മൂന്നു കോടി അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമാണ് എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ പോകുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഈ ഇന്ത്യയില്‍ ഇത്ര ചെറിയ സമയപരിധിക്കുള്ളില്‍ ഇത്ര വലിയ വേറെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ താഴ്ന്ന വരുമാനക്കാരായ അഞ്ചു കോടി അമ്മമാര്‍ക്കു കൂടി എല്‍പിജി വിതരണം ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം.

ഏതെങ്കിലും കാരണത്താല്‍ നമ്മുടെ രാജ്യത്തെ കൃഷിക്കാരുടെ വിളവ് നശിക്കാനിടയായാല്‍, നാം അതിന് പഴി പറയുക വിത്ത് മോശമായിരുന്നു, അതല്ലെങ്കില്‍ മഴ ചതിച്ചു എന്നൊക്കെയാണ്. ഭൂമിമാതാവിനെ നിഷ്‌കരുണം ചൂഷണം ചെയ്ത നമ്മുടെ ക്രൂരപ്രവൃത്തിയെ ഒരിക്കലും നാം കുറ്റപ്പെടുത്താറില്ല. ഭൂമി മാതാവിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, നമ്മള്‍ ഒരു വലിയ ദൗത്യം ആരംഭിച്ചിരിക്കുകയാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്്് അഥവ മണ്ണിന്റെ ആരോഗ്യ കാര്‍ഡ്. ഇതു വഴി കൃഷിക്കാരന് മണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ മനസിലാക്കാനാവും. മണ്ണിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാന്‍ സാധിക്കും, ഓരോ കൃഷിയിടത്തിനും യോജിച്ച വിളകള്‍, കീടനാശിനികള്‍, വളങ്ങള്‍ ഇവയൊക്കെ നിശ്ചയിക്കാന്‍ സാധിക്കും. ഒരു മനുഷ്യന് രക്തത്തിന്റെ, മൂത്രത്തിന്റെ പഞ്ചസാരയുടെ പരിശോധനാ ഫലം ലഭിക്കുന്നതു പോലെ മണ്ണിന്റെ ഗുണം പരിശോധിക്കുന്ന സംവിധാനം നമ്മുടെ ഗവണ്‍മെന്റ് ആരംഭിച്ചിരിക്കുന്നു.ഇതു സംബന്ധിച്ച് രാജ്യത്തെ കൃഷിക്കാരെ നമ്മള്‍ വ്യാപകമായി ബോധവത്ക്കരിച്ചു. ഇതേ തുടര്‍ന്ന് രാജ്യത്തെ ആയിരക്കണക്കിന് കൃഷിക്കാര്‍ അവരുടെ കൃഷി രീതികളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഞാന്‍ പറഞ്ഞു വരുന്നത് വ്യാപകമായ പദ്ധതികളിലൂടെ നാം രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ്. എന്റെ കാഴ്ച്ചപ്പാടില്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ മൂലധനവും ആദ്യ നിബന്ധനയും ഗവണ്‍മെന്റ് പൗരന്മാരെ വിശ്വസിക്കുക എന്നതാണ്. ഇതുവരെയുള്ള ഗവണ്‍മെന്റുകള്‍ അവിശ്വാസത്തിന്റെ അരികു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ ഞാന്‍ അവരോട് ചോദിച്ചു – എന്തുകൊണ്ടാണ് വ്യവസായികള്‍ എല്ലാം കള്ളന്മാരാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നത്? ഈ രാജ്യത്തെ ഇങ്ങനെ കൊണ്ടുപോയാല്‍ മതിയോ? ഈ നടപടിയും നമ്മുടെ ഇത്തരത്തിലുള്ള ചിന്തകളും മുഴുവന്‍ തെറ്റാണ്. അവിടെ നിന്നാണ് നാം നമ്മുടെ കാഴ്ച്ചപ്പാട് മാറ്റി തുടങ്ങിയത്.

പണ്ടൊക്കെ ഏതെങ്കിലും ഒരു ജോലിക്ക് അപേക്ഷ നല്കുന്ന നമ്മുടെ രാജ്യത്തെ പാവം ബിരുദധാരി അവന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സിറോക്‌സ് പകര്‍പ്പുമായി എംഎല്‍എയുടെയോ, എംപിയുടെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ വീട്ടുപടിക്കല്‍ വരി നില്ക്കണമായിരുന്നു, സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍. അപേക്ഷകന്റെ മുഖത്തു പോലും നോക്കാതെ ആ നേതാക്കളും ഉദ്യോഗസ്ഥരും അവന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കു താഴെ അവരുടെ ഒപ്പും സീലും പതിക്കുന്നു. ആ രീതി നമ്മള്‍ അവസാനിപ്പിച്ചു. ഇനിമുതല്‍ ഉദ്യോഗാര്‍ത്ഥിക്ക് അവന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താം. ആവശ്യമുള്ളവര്‍ക്ക് അസലുമായി പകര്‍പ്പുകള്‍ ഒത്തു നോക്കാം.

ഗവണ്‍മെന്റിന് അവരുടെ പൗരന്മാരില്‍ വിശ്വാസമാണ്. കാരണം ഈ രാജ്യത്ത് അവര്‍ക്കും ചില അവകാശങ്ങളുണ്ട്. ഒരിക്കല്‍ നാം അത് ചെയ്താല്‍ വേഗത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. റെയില്‍വെയുടെ ചില പാതകളില്‍ ചില തിയതികളില്‍ ഒറ്റ ടിക്കറ്റ് ചെക്കര്‍ പോലും ഉണ്ടാവരുത് എന്ന് സുരേഷ് പ്രഭുജിയോട് പ്രഖ്യാപിക്കാന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. പരസ്പര ധാരണയില്‍ ചുവപ്പു നാട അഴിക്കാന്‍ നാം ചില നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ പങ്ക് പൊതുസമൂഹത്തിനാണ്. അതിനാല്‍ നമ്മുടെ പൊതു ജനങ്ങളെ ശാക്തീകരിക്കാനുള്ള ചില നിര്‍ണായക തീരുമാനങ്ങള്‍ നാം സ്വീകരിക്കുന്നു.
അടുത്ത കാലത്ത് നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്കായി ചരിത്രപരമായ ഒരു തീരുമാനം നാം സ്വീകരിക്കുകയുണ്ടായി. നമ്മുടെ രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങ്് തൊഴില്‍ മേഖലയാണ്. എഴുത്ത് പരീക്ഷ വലിയ പരിക്കു കൂടാതെ പാസാകുന്ന ഒരു ഉദ്യോഗാര്‍ത്ഥിക്ക് മുഖാമുഖത്തിനുള്ള അറിയിപ്പു ലഭിക്കുന്നു. അതോടെ അവന്റെ മനസില്‍ തൊഴില്‍ സ്വപ്‌നങ്ങള്‍ നിറഞ്ഞു തുടങ്ങും. പക്ഷെ അവന്‍ ഉത്ക്കണഠപ്പെടുന്നത് മുഖാമുഖത്തില്‍ അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളെ കുറിച്ചോ, അന്നു ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചോ അല്ല, എവിടെ നിന്ന് ആരെയാണ് ശിപാര്‍ശയ്ക്ക് കണ്ടുപിടിക്കുക എന്നതിനെ കുറിച്ചാണ്. അങ്ങനെ ഒടുവില്‍ അവന്‍ ഒരു ഇടനിലക്കാരനെ കണ്ടെത്തുന്നു. ജോലി ഉറപ്പിക്കാന്‍ അയാള്‍ അവനില്‍ നിന്ന് കനത്ത ഒരു തുക ഈടാക്കുന്നു. ഇത്തരത്തില്‍ ഗവണ്‍മെന്റ് മേഖലയിലെ എല്ലാ ജോലികളിലും അഴിമതിയുടെ കൊള്ള നടക്കുന്നു. ഇക്കാരണത്താലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ക്ലാസ് -3, ക്ലാസ് -4 ജീവനക്കാര്‍ക്ക് ഇന്റര്‍വ്യൂ വേണ്ട എന്ന് നമ്മള്‍ തീരുമാനിച്ചത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ യോഗ്യതാ പട്ടിക തയാറാക്കി അതില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. മാനദണ്ഡത്തിന്റെ കാര്യത്തില്‍ ചെറിയ പിഴവുകള്‍ സംഭവിച്ചേക്കാം. എന്നാലും അഴിമതി അവസാനിക്കുമല്ലോ എന്നത് വലിയ കാര്യമാണ്.
എന്റെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ പുന പരിശോധിച്ചാല്‍ ദൂര്‍ദര്‍ശന് ആഴ്ച്ചകള്‍ നീളുന്ന എന്റെ പ്രസംഗം മുന്‍കൂട്ടി നിശ്ചയിക്കേണ്ടി വരും. പക്ഷെ നേട്ടങ്ങള്‍ വിവരിക്കാനല്ല ഞാന്‍ ഇവിടെ നില്ക്കുന്നത്. അതിനുമുപരി, രണ്ടു വര്‍ഷം മുമ്പ് ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം, പ്രതീക്ഷ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്കാനാണ്. ദുശ്ചിന്തയോടെ ഒരു തീരുമാനം പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന് ഈ രാജ്യത്തുള്ള എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ മാര്‍ഗത്തില്‍ കണ്ട ഒരു ശില പോലും മറിക്കപ്പെടാത്തതില്ല. പൊതു താല്പര്യത്തിനു മുന്‍തൂക്കം നല്കിയാണ് ഞങ്ങള്‍ എല്ലാ തീരുമാനങ്ങളും സ്വീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളുമായി തോളോട് തോള്‍ ചേര്‍ന്നാണ്, ടീം ഇന്ത്യ എന്ന കാഴ്ച്ചപ്പാടോടെയാണ് വികസന യാത്ര നാം ആരംഭിച്ചത്. ഒരു കാര്യം തീര്‍ച്ചയാണ്. രാജ്യത്തെ പാവങ്ങളുടെ ഓഹരിയും സ്വത്തും അപഹരിച്ചവര്‍ക്ക് ഇനിയുള്ള കാലം കഷ്ടപ്പാടിന്റേതാണ്. ബലാത്കാരമായി അവര്‍ പിടിച്ചെടുത്ത ധനം ഈ രാജ്യത്തെ പാവപ്പെട്ടവരുടെതാണ്. അതിനാല്‍ അത് അനര്‍ഹരുടെ കരങ്ങളില്‍ എത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞാന്‍ ഇപ്പോള്‍ ഒരു വലിയ ദൗത്യത്തിലാണ്. ആരെല്ലാം തെറ്റ് ചെയ്തിട്ടുണ്ടോ അവരെല്ലാം കഷ്ടപ്പെടും. പക്ഷെ ഞങ്ങള്‍ രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും. നമ്മുടെ രാജ്യത്തെ പാവപ്പെട്ട പൗരന്മാരുടെ ആശീര്‍വാദം മാത്രമാണ് ഞങ്ങള്‍ക്കു വേണ്ടത്. ഇവിടെ വരാനും നിങ്ങളുമായി എന്റെ വികാരങ്ങള്‍ പങ്കുവയ്ക്കാനും അവസരം ലഭ്യമാക്കിയതിന് ഒരിക്കല്‍ കൂടി ഞാന്‍ നന്ദി പറയുന്നു.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.