2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയെ പിന്തുണയ്ക്കുന്നതിനായി 2023 ജൂൺ 14ന് ഇന്ത്യയും യുഎസ് ഏജൻസി ഫോർ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്/ഇന്ത്യ (യുഎസ്എഐഡി/ഇന്ത്യ)യും തമ്മിൽ ഒപ്പിട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
റെയില്‍വേ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അറിവുകളും ആശയവിനിമയം നടത്താനും പങ്കിടാനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ധാരണാപത്രം വേദിയൊരുക്കുന്നു. സൗകര്യങ്ങളുടെ ആധുനീകരണം, നൂതന ഊര്‍ജ പ്രതിവിധികളും സംവിധാനങ്ങളും, പ്രാദേശിക ഊര്‍ജവും വിപണി ഏകീകരണവും, സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇടപഴകലും, പരിശീലനവും സെമിനാറുകളും/ശില്‍പ്പശാലകളും, പുനരുൽപ്പാദക ഊര്‍ജം, ഊര്‍ജകാര്യക്ഷമത, അറിവ് പങ്കുവയ്ക്കുന്നതിനുള്ള മറ്റ് ഇടപെടലുകള്‍ എന്നിവയ്ക്ക് ധാരണാപത്രം സൗകര്യമൊരുക്കുന്നു.
റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലുടനീളം പുരപ്പുറ സൗരോർജം വിന്യസിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസ്എഐഡി/ഇന്ത്യ നേരത്തെ, റെയിൽവേയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്/ഇന്ത്യയുമായി ഇന്ത്യന്‍ റെയില്‍വേ ഒപ്പുവച്ച ധാരണാപത്രം ഇനിപ്പറയുന്ന ധാരണകളോടെ ഊര്‍ജ സ്വയംപര്യാപ്തത പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്:
I. രണ്ട് പങ്കാളികളും വെവ്വേറെ അംഗീകരിക്കേണ്ട വിശദാംശങ്ങളോടെ ഇനിപ്പറയുന്ന പ്രധാന പ്രവര്‍ത്തന മേഖലകളില്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നു:
II. ഈ ധാരണാപത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തിലും ഒരു പുനരവലോകനമോ പരിഷ്‌കരണമോ ഭേദഗതിയോ പങ്കാളികള്‍ക്ക് രേഖാമൂലം അഭ്യർഥിക്കാം. പങ്കെടുക്കുന്നവര്‍ അംഗീകരിച്ച ഏതൊരു പുനരവലോകനമോ പരിഷ്‌ക്കരണമോ ഭേദഗതിയോ പുതുക്കിയ ധാരണാപത്രത്തിന്റെ ഭാഗമാകും. പങ്കെടുക്കുന്നവര്‍ തീരുമാനിച്ച തീയതിയില്‍ അത്തരം പുനരവലോകനമോ പരിഷ്‌ക്കരണമോ ഭേദഗതിയോ പ്രാബല്യത്തില്‍ വരും.
III. ഈ ധാരണാപത്രം ഒപ്പിടുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ ദക്ഷിണേഷ്യ മേഖലാ ഊര്‍ജ പങ്കാളിത്തത്തിന്റെ (SAREP) അവസാനം വരെയോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അനന്തരഫലം
2030-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ (NZCE) ദൗത്യം കൈവരിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയെ പിന്തുണയ്ക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ഡീസല്‍, കല്‍ക്കരി തുടങ്ങിയ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് ഇന്ത്യന്‍ റെയില്‍വേയെ സഹായിക്കും. പുനരുൽപ്പാദക ഊര്‍ജ (RE)നിലയങ്ങളുടെ വിന്യാസം രാജ്യത്ത് പുനരുൽപ്പാദക ഊർജ സാങ്കേതികവിദ്യയ്ക്ക് ഉത്തേജനം നല്‍കും. ഇത് പ്രാദേശിക ആവാസവ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുകയും, പ്രാദേശിക ഉല്‍പ്പന്ന വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യും.
ഉള്‍പ്പെടുന്ന ചെലവ്
ഈ ധാരണാപത്രത്തിന് കീഴിലുള്ള സേവനങ്ങള്‍ക്കുള്ള സാങ്കേതിക സഹായം SAREP സംരംഭത്തിന് കീഴില്‍ USAID നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ ധാരണാപത്രം ധനസഹായബാധ്യതയോ ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധതയോ അല്ല. അത് ഏതെങ്കിലും തരത്തിൽ ബാധ്യതകളുള്ളതല്ല. ഇന്ത്യന്‍ റെയില്‍വേയുടെ സാമ്പത്തിക ബാധ്യതകളൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല.
–NS–