കാലാവസ്ഥാ വ്യതിയാനത്തിനും, പരിസ്ഥിതി മേഖലയിലെ സാങ്കേതിക സഹകരണത്തിനും ഇന്ത്യയും സ്വിറ്റ്‌സര്‍ലന്റും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2019 സെപ്റ്റംബര്‍ 13ന് സ്വിറ്റ്‌സര്‍ലന്റിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രധാന ഫലം:
സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായി വന്‍തോതില്‍ ബാധിക്കുന്നു. പാരിസ്ഥിതിക വ്യതിയാനം ലഘൂകരിക്കാനുള്ള ഏതുതരം ശ്രമവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പാരിസ്ഥിതിക വിഭവങ്ങള്‍ മതിയായ അളവില്‍ ലഭ്യമാകുന്ന വിധത്തിലുള്ള പാരിസ്ഥിതിക തുല്യത സൃഷ്ടിക്കും.
നേട്ടങ്ങള്‍:
രണ്ടു രാജ്യങ്ങളിലെയും നിയമങ്ങള്‍, നിയമ വ്യവസ്ഥകള്‍ എന്നിവ കണക്കിലെടുത്ത് തുല്യത, പരസ്പര വിനിമയം, ഇരുപക്ഷത്തിനും നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അടുത്തതും, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ സഹകരണം സ്ഥാപിക്കാനും പ്രോല്‍സാഹിപ്പിക്കാനും ധാരണാപത്രം പ്രാപ്തമാക്കും. രണ്ടു രാജ്യങ്ങളും തമ്മില്‍ വിവരങ്ങളും സാങ്കേതികവിദ്യയും കൈമാറുന്നതിലെ പൊതു ഉത്തരവാദിത്തം ഇത് വര്‍ധിപ്പിക്കും. മികച്ച പരിസ്ഥിതി സംരക്ഷണം, മെച്ചപ്പെട്ട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും വന്യജീവി സംരക്ഷണത്തിലെയും മികച്ച പരിപാലനം എന്നിവയ്ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച അനുഭവ സമ്പത്തും വിനിയോഗിക്കാന്‍ ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രസക്ത ഭാഗങ്ങള്‍:
1. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജല പരിപാലനം എന്നിവയിലെ ശേഷി കെട്ടിപ്പടുക്കല്‍.
2. സുസ്ഥിര വന പരിപാലനം.
3. പര്‍വ്വത മേഖലകളുടെ സുസ്ഥിര വികസനം.
4. പാരിസ്ഥിതികമായി സുസ്ഥിരവും പ്രകൃതിദത്തവുമായ നഗര വികസനം.
5. വായു, ഭൂമി, ജലം എന്നിവയുടെ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍.
6. കുറ്റമറ്റതും നവീകരിക്കാവുന്നതുമായ ഊര്‍ജ്ജത്തില്‍ ഊന്നൽ.
7. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടങ്ങള്‍ കൈകാര്യം ചെയ്യൽ.