Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാര്‍ഷിക മേഖലയില്‍ 2022 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

കാര്‍ഷിക മേഖലയില്‍ 2022 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിലെ പ്രധാനമന്ത്രിയുടെ പ്രസംഗം


നമസ്‌കാരം!

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികളെ, വ്യവസായ-വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള എല്ലാ സഹപ്രവര്‍ത്തകരെ, കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ കര്‍ഷക സഹോദരങ്ങളെ, മഹതികളെ, മഹാന്മാരെ!
മൂന്ന് വര്‍ഷം മുമ്പ് ഇതേദിവസമാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത് എന്നത് സന്തോഷകരമായ യാദൃശ്ചികതയാണ്. ഇന്ന് ഈ പദ്ധതി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് വലിയ പിന്തുണയായി മാറിയിരിക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്ക് ഏകദേശം 1.45 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയിലും ചുറുചുറുക്ക് നമുക്ക് അനുഭവിക്കാന്‍ കഴിയും. 10-12 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു ക്ലിക്കില്‍ നേരിട്ട് പണം കൈമാറുക എന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്.

സുഹൃത്തുക്കളെ,

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, വിത്ത് നല്‍കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമുള്ള നിരവധി പുതിയ സംവിധാനങ്ങള്‍ നാം വികസിപ്പിക്കുകയും പഴയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ആറ് വര്‍ഷം കൊണ്ട് കാര്‍ഷിക ബജറ്റ് പലമടങ്ങ് വര്‍ദ്ധിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കാര്‍ഷിക വായ്പയും 2.5 മടങ്ങ് വര്‍ദ്ധിച്ചു. കൊറോണയുടെ പ്രയാസകരമായ സമയത്തുപോലും പ്രത്യേക യജ്ഞം നടത്തി നാം മൂന്ന് കോടി ചെറുകിട കര്‍ഷകരെ കെ.സി.സി (കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്) യുടെ സൗകര്യവുമായി ബന്ധിപ്പിച്ചു. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷകരിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചു. വളർന്നു വരുന്ന  സൂക്ഷ്മ ജലസേചന ശൃംഖലയുടെ പ്രയോജനം ചെറുകിട കര്‍ഷകർക്കും  ലഭ്യമാകുന്നു.

സുഹൃത്തുക്കളെ,

ഈ പരിശ്രമങ്ങളുടെ ഫലമായി, എല്ലാ വര്‍ഷവും കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം സൃഷ്ടിക്കുകയും കുറഞ്ഞ താങ്ങുവിലയില്‍  സംഭരണത്തിന്റെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ജൈവ ഉല്‍പന്നങ്ങളുടെ വിപണി ഇപ്പോള്‍ 11,000 കോടി രൂപ വിലമതിക്കുന്നതാണ്. അതിന്റെ കയറ്റുമതിയും ആറുവര്‍ഷം കൊണ്ട് 2,000 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയായി വളര്‍ന്നു.

സുഹൃത്തുക്കളെ,

ഈ വര്‍ഷത്തെ കാര്‍ഷിക ബജറ്റ് മുന്‍വര്‍ഷങ്ങളിലെ ശ്രമങ്ങള്‍ തുടരുകയും അവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൃഷിയെ ആധുനികവും കാര്യക്ഷമമവും ആക്കുന്നതിന് ഏഴ് പ്രധാന മാര്‍ഗ്ഗങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആദ്യമായി- ഗംഗാ നദിയുടെ ഇരുകരകളിലും 5 കിലോമീറ്റര്‍ ചുറ്റളവില്‍  പ്രകൃതിദത്ത കൃഷി ദൗത്യമാതൃകയില്‍  പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഔഷധസസ്യങ്ങള്‍ക്കും പഴങ്ങള്‍ക്കും പൂക്കള്‍ക്കുമാണ് ഊന്നല്‍ നല്‍കുന്നത്.

രണ്ടാമതായി- കൃഷിയ്ക്കും തോട്ടകൃഷിക്കും കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ നല്‍കും.

മൂന്നാമതായി- ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനായി, ഈ വര്‍ഷത്തെ ബജറ്റ് മിഷന്‍ ഓയില്‍ പാമിനെയും എണ്ണക്കുരുകളെയും ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു.

നാലാമത്തെ ലക്ഷ്യം പ്രധാനമന്ത്രി ഗതിശക്തി പദ്ധതിക്ക് കീഴില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗതാഗതത്തിന് പുതിയ ലോജിസ്റ്റിക് (ചരക്കുനീക്ക) ക്രമീകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് .
ബജറ്റില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന അഞ്ചാമത്തെ പരിഹാരം, കാര്‍ഷിക-മാലിന്യ സംസ്‌കരണം കൂടുതല്‍ സംഘടിപ്പിക്കുകയും മാലിന്യത്തില്‍ നിന്ന് ഊര്‍ജജം പോലെയുള്ള നടപടികളിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് .

ആറാമത്തെ പരിഹാരമെന്നത്, രാജ്യത്തെ 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകള്‍ക്ക് സാധാരണ ബാങ്കുകളുടെ സൗകര്യം ലഭിക്കുമെന്നതാണ് , അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഒരു പ്രശ്‌നവും അഭിമുഖീകരിക്കേണ്ടി വരില്ല.

ഏഴാമത്തേത്, കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സിലബസിലെ നൈപുണ്യവികസനവും മാനവ വിഭവശേഷി വികസനവും ഇന്നത്തെ ആധുനിക കാലത്തിനനുസരിച്ച് മാറ്റും.

സുഹൃത്തുക്കളെ,

ഇന്ന് ആരോഗ്യ അവബോധം ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധവും വര്‍ദ്ധിച്ചുവരികയാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതിന്റെ വിപണിയും വളരുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. പ്രകൃതി കൃഷിയുടെയും ജൈവകൃഷിയുടെയും സഹായത്തോടെ നമുക്ക് ഈ വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കാം. പ്രകൃതി കൃഷിയുടെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നമ്മുടെ കൃഷി വിജ്ഞാന കേന്ദ്രങ്ങളേയും കാര്‍ഷിക സര്‍വ്വകലാശാലകളേയും പൂര്‍ണ്ണ ശക്തിയോടെ നമുക്ക് അണിനിരത്തണം. നമ്മുടെ ഓരോ കെ.വി.കെ (കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍) കള്‍ക്കും ഓരോ ഗ്രാമം ദത്തെടുക്കാം. നമ്മുടെ ഓരോ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കും അടുത്ത വര്‍ഷത്തിനുള്ളില്‍ 100 അല്ലെങ്കില്‍ 500 കര്‍ഷകരെ പ്രകൃതി കൃഷിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടാം.

സുഹൃത്തുക്കളെ,
ഇക്കാലത്ത്, നമ്മുടെ ഇടത്തരം, ഉയര്‍ന്ന ഇടത്തരം കുടുംബങ്ങളില്‍ മറ്റൊരു പ്രവണത ദൃശ്യമാണ്. പല പുതിയ കാര്യങ്ങളും അവരുടെ തീന്‍മേശയില്‍ എത്തുന്നതായി കാണാറുണ്ട്. നിരവധി പ്രോട്ടീന്‍, കാല്‍സ്യം ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ അവരുടെ തീന്‍മേശകളിലുണ്ട്. വിദേശത്ത് നിന്നുള്ളവയാണ് അത്തരത്തിലുള്ള പല ഉല്‍പ്പന്നങ്ങളും അവ ഇന്ത്യന്‍ അഭിരുചിക്കനുസരിച്ചുള്ളവ പോലുമല്ല. നമ്മുടെ കര്‍ഷകരുടെ വിളകളായി ഈ ഉല്‍പ്പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്, എന്നാല്‍ അവ ശരിയായ രീതിയില്‍ അവതരിപ്പിക്കാനും വിപണനം ചെയ്യാനും നമുക്ക് കഴിയുന്നില്ല. അതുകൊണ്ട്, അതില്‍ പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) എന്നതിന് മുന്‍ഗണന നല്‍കാനും നാം  ശ്രമിക്കണം.

അത്തരം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഭക്ഷണത്തിലും വിളകളിലും ധാരാളമായി കാണപ്പെടുന്നു, അത് നമ്മുടെ അഭിരുചിക്കനുസരിച്ചുള്ളവ കൂടിയാണ്. എന്നാല്‍ നമുക്ക് ഇവിടെ വേണ്ടത്ര അവബോധം ഇല്ല എന്നതാണ് പ്രശ്‌നം, പലര്‍ക്കും അതിനെ കുറിച്ച് അറിയുകപോലുമില്ല. ഇന്ത്യന്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊറോണ കാലത്ത് സുഗന്ധവ്യഞ്ജനങ്ങളോടും മഞ്ഞളിനോടുമുള്ള ആകര്‍ഷണം വളരെയധികം വളര്‍ന്നത് നാം കണ്ടു. 2023 അന്താരാഷ്ട്ര മില്ലറ്റ് (തിന)വര്‍ഷമാണ്. ഇന്ത്യയുടെ തിനവിളകളെ ബ്രാന്‍ഡ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ കോര്‍പ്പറേറ്റ് ലോകം മുന്നോട്ട് വരണം. വിദേശത്തുള്ള നമ്മുടെ ദൗത്യങ്ങള്‍ അതത് രാജ്യങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും നമ്മുടെ തിനകളുടെയും നാടന്‍ ധാന്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും അവ എത്ര രുചികരമാണെന്നും അവിടെയുള്ള ആളുകള്‍ക്കും ഇറക്കുമതിക്കാര്‍ക്കും വിശദീകരിച്ച് നല്‍ക്കണം. നമുക്ക് നമ്മുടെ ദൗത്യങ്ങളെ ഉപയോഗിക്കാനും ഇറക്കുമതിക്കാരും കയറ്റുമതിക്കാരുമായി തിനകളെ സംബന്ധിച്ച് സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കാനും കഴിയും. ഇന്ത്യയിലെ തിനയുടെ ഉയര്‍ന്ന പോഷകമൂല്യം നമുക്ക് ഊന്നിപ്പറയാനും കഴിയും.

സുഹൃത്തുക്കളെ,

നമ്മുടെ ഗവണ്‍മെന്റ് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ക്ക് (മണ്ണിന്റെ ആരോഗ്യം സംബന്ധിച്ച കാര്‍ഡ്) കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പാത്തോളജി (രോഗനിര്‍ണ്ണയ) ലാബ് ഇല്ലാതിരുന്ന ഒരു കാലത്ത് ആരും പതോളജി ടെസ്റ്റ് നടത്താറില്ലായിരുന്നു, എന്നാല്‍ ഇപ്പോള്‍ എന്തെങ്കിലും അസുഖം വന്നാല്‍ ആദ്യമായി പതോളജി ടെസ്റ്റ് (രോഗനിര്‍ണ്ണയ പരിശോധന) നടത്തുന്നതിനായി പതോളജി ലാബില്‍ പോകണം. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ നിക്ഷേപകര്‍ക്കും സ്വകാര്യ പതോളജി ലാബുകളില്‍ ചെയ്യുന്നത് പോലെ മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി നമ്മുടെ കര്‍ഷകര്‍ക്ക് വഴികാട്ടികളാകാന്‍ കഴിയുമോ? മണ്ണിന്റെ ആരോഗ്യം തുടര്‍ച്ചയായി പരിശോധിക്കണം. നമ്മുടെ കര്‍ഷകര്‍ക്കിടയില്‍ ഈ ശീലം വളര്‍ത്തിയെടുത്താല്‍ ചെറുകിട കര്‍ഷകര്‍ പോലും തീര്‍ച്ചയായും വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന നടത്തും. അത്തരത്തില്‍ മണ്ണ് പരിശോധനാ ലാബുകളുടെ ഒരു സമ്പൂര്‍ണ്ണ ശൃംഖലയും സൃഷ്ടിക്കാന്‍ കഴിയും. പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. ഈ രംഗത്ത് ഒരു വലിയ വ്യാപ്തി ഉണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനായി മുന്നോട്ട് വരണമെന്നും ഞാന്‍ കരുതുന്നു.

കര്‍ഷകര്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിക്കുന്നതിനായി ഈ അവബോധം നാം കര്‍ഷകരില്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അങ്ങനെയാകുമ്പോള്‍ വിവിധ വിളകള്‍ക്ക് വേണ്ട രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം സംബന്ധിച്ച് ശാസ്ത്രീയ അറിവും അവര്‍ക്ക് ലഭിക്കും. നമ്മുടെ യുവ ശാസ്ത്രജ്ഞര്‍ നാനോ വളം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നതിനെക്കുറിച്ചും നിങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇതൊരു നിലവിലെ രീതിയില്‍ നിന്ന് വലിയമാറ്റം ഉണ്ടാക്കാന്‍ പോകുകയാണ്. നമ്മുടെ കോര്‍പ്പറേറ്റ് ലോകത്തിന് ഈ മേഖലയിലും ധാരാളം സാദ്ധ്യതകളുണ്ട്.

സുഹൃത്തുക്കളെ,

നിക്ഷേപ ചെലവ് കുറയ്ക്കുന്നതിനും കൂടുതല്‍ വിളവ് ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാര്‍ഗ്ഗം കൂടിയാണ് സൂക്ഷ്മ ജലസേചനം, അത് പരിസ്ഥിതിക്ക് ഒരു സേവനം കൂടിയാണ്. ജലം സംരക്ഷിക്കുക എന്നത് ഇന്ന് മനുഷ്യരാശിയുടെ ഒരു പ്രധാന ഉത്തരവാദിത്തമാണ്. ‘ഓരോ തുളളിക്കും കൂടുതല്‍ വിള (പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്) പദ്ധതിയ്ക്ക് ഗവണ്‍മെന്റ് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്, ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ രംഗത്ത് വ്യാപാര ലോകത്തിനും ധാരാളം സാദ്ധ്യതകളുണ്ട്. കെന്‍-ബെത്വ ബന്ധിത പദ്ധതിയുടെ ഫലമായി ബുന്ദേല്‍ഖണ്ഡില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം. പതിറ്റാണ്ടുകളായി രാജ്യത്ത് മുടങ്ങിക്കിടക്കുന്ന കാര്‍ഷിക ജലസേചന പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കണം.

സുഹൃത്തുക്കളെ,

അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഭക്ഷ്യ എണ്ണയുടെ ഉല്‍പ്പാദനത്തില്‍ 50 ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയിലിന് കീഴില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിന് വളരെയധികം സാദ്ധ്യതകളുണ്ട്, എണ്ണക്കുരു മേഖലയിലും നാം വലിയ രീതിയില്‍ മുന്നോട്ട് പോകേണ്ടതുണ്ട്.

നമ്മുടെ കാര്‍ഷിക-നിക്ഷേപകരും വിള രീതികള്‍ക്കായി വിള വൈവിദ്ധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മുന്നോട്ട് വരണം. ഇന്ത്യയില്‍ ആവശ്യമായ യന്ത്രങ്ങളെക്കുറിച്ച് ഇറക്കുമതിക്കാര്‍ക്ക് അറിയാം. ഇവിടെ ആവശ്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവക്കറിയാം. അതുപോലെ, നമുക്ക് ഇവിടെയുള്ള വിളകളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരിക്കണം. രാജ്യത്ത് ഉയര്‍ന്ന ആവശ്യകതയുള്ള എണ്ണക്കുരുങ്ങളുടെയും പയര്‍വര്‍ഗ്ഗങ്ങളുടെയും ഉദാഹരണം എടുക്കുക. നമ്മുടെ കോര്‍പ്പറേറ്റ് ലോകം ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. നിങ്ങള്‍ക്ക് ഉറപ്പുള്ള വിപണി പോലെയാണ് ഇത്. അതിന്റെ ഇറക്കുമതിയുടെ ആവശ്യകത എന്താണ്? നിങ്ങളുടെ വാങ്ങല്‍ ആവശ്യകതകളെക്കുറിച്ച് നിങ്ങള്‍ക്ക് കര്‍ഷകരോട് മുന്‍കൂട്ടി പറയാന്‍ കഴിയും. ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംവിധാനം നിലവില്‍ വന്നതിനാല്‍, ഇന്‍ഷുറന്‍സ് മൂലവും നിങ്ങള്‍ക്ക് സുരക്ഷിതത്വം ലഭിക്കുന്നു. ഇന്ത്യയുടെ ഭക്ഷ്യ ആവശ്യകതകളെക്കുറിച്ച് ഒരു പഠനം ഉണ്ടാകുകയും, ഇന്ത്യയില്‍ ആവശ്യമുള്ളവ ഉല്‍പ്പാദിപ്പിക്കുന്നതിന് നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കൃഷിയേയും കൃഷിയുമായി ബന്ധപ്പെട്ട വ്യാപാരത്തേയും നിര്‍മ്മിത ബുദ്ധി പൂര്‍ണ്ണമായും മാറ്റാന്‍ പോകുകയാണ്. രാജ്യത്തെ കാര്‍ഷികമേഖലയില്‍ കിസാന്‍ ഡ്രോണുകളുടെ കൂടുതല്‍ ഉപയോഗം ഈ മാറ്റത്തിന്റെ ഭാഗമാണ്. അഗ്രി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മാത്രമേ ഡ്രോണ്‍ സാങ്കേതികവിദ്യ വര്‍ദ്ധിച്ചരീതിയില്‍ ലഭ്യമാകൂ. കഴിഞ്ഞ മൂന്ന്-നാല് വര്‍ഷത്തിനിടെ രാജ്യത്ത് 700-ലധികം അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു.

സുഹൃത്തുക്കളെ,

വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. സംസ്‌കരിച്ച ഭക്ഷണത്തിന്റെ വ്യാപ്തി വിപുലീകരിക്കാനും നമ്മുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലാകാനും കേന്ദ്ര ഗവണ്‍മെന്റ് നിരന്തര ശ്രമത്തിലാണ്. കിസാന്‍ സമ്പത്ത് യോജനയ്‌ക്കൊപ്പം പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത പദ്ധതി) പദ്ധതിയും ഇക്കാര്യത്തില്‍ പ്രധാനമാണ്. മൂല്യശൃംഖലയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്. അതിനാല്‍, ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക കാര്‍ഷിക പശ്ചാത്തലസൗകര്യ ഫണ്ട് സൃഷ്ടിച്ചിട്ടുമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, യു.എ.ഇ, ഗള്‍ഫ് രാജ്യങ്ങള്‍, അബുദാബി എന്നിവയുമായി ഇന്ത്യ നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഭക്ഷ്യ സംസ്‌കരണത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി സുപ്രധാന തീരുമാനങ്ങളും ഈ കരാറുകളില്‍ എടുത്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

പറളി അഥവാ കാര്‍ഷിക അവശിഷ്ടങ്ങളുടെ പരിപാലനവും തുല്യപ്രധാന്യമുള്ളതാണ്. ഇക്കാര്യത്തിലും, ഈ വര്‍ഷത്തെ ബജറ്റില്‍ പുതിയ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, ഇത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും കര്‍ഷകര്‍ക്ക് വരുമാനം ഉണ്ടാക്കുന്നതിനും സഹായിക്കും. കാര്‍ഷിക ലോകത്തെ ഒരു മാലിന്യവും അലക്ഷ്യമായി കളയാതിരിക്കാനും എല്ലാ മാലിന്യങ്ങളും അതിന്റെ മികച്ചതാക്കി മാറ്റണമെന്നതും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരായവരും ഉറപ്പാക്കണം. നാം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുകയും പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുകയും വേണം.
കൊയ്ത്ത് കഴിഞ്ഞശേഷമുള്ള പുല്‍ക്കുറ്റികളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ക്ക് എളുപ്പമായിരിക്കും. അത് ചര്‍ച്ച ചെയ്യണം. വിളവെടുപ്പിനു ശേഷമുള്ള മാലിന്യം നമ്മുടെ കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ്. ഈ മാലിന്യത്തെ മികച്ചതാക്കി നാം മാറ്റുന്നതോടെ കര്‍ഷകരും നമ്മുടെ സജീവ പങ്കാളികളാകും. അതുകൊണ്ട്, ലോജിസ്റ്റിക്‌സിന്റെയും സംഭരണത്തിന്റെയും സംവിധാനങ്ങള്‍ വിപുലീകരിക്കുക യും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, എന്നാല്‍ നമ്മുടെ സ്വകാര്യമേഖലയും ഈ മേഖലയില്‍ അതിന്റെ സംഭാവന വര്‍ദ്ധിപ്പിക്കണം. മുന്‍ഗണനാ വായ്പ നല്‍കല്‍, ലക്ഷ്യങ്ങള്‍ നിശ്ചയിക്കല്‍, അവയുടെ നിരീക്ഷണം എന്നിവ യില്‍ നമ്മുടെ ബാങ്കിംഗ് മേഖല മുന്നോട്ട് വരണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബാങ്കുകള്‍ ഫണ്ട് നല്‍കിയാല്‍ ചെറുകിട സ്വകാര്യ വ്യവസായികള്‍ക്ക് വലിയതോതില്‍ ഈ മേഖലയിലേക്ക് കടന്നുവരാനാകും. കാര്‍ഷികമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കമ്പനികളോട് ഇതിന് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു.

സുഹൃത്തുക്കളെ,

കൃഷിയിലെ നൂതനാശയങ്ങളും പാക്കേജിംഗും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ള രണ്ട് മേഖലകളാണ്. ഭോഗപരത ഇന്ന് ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല്‍ പാക്കേജിംഗിനും ബ്രാന്‍ഡിംഗിനും വലിയ പ്രാധാന്യമുണ്ട്. നമ്മുടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും അഗ്രി സ്റ്റാര്‍ട്ടപ്പുകളും ഫ്രൂട്ട് പാക്കേജിംഗില്‍ വന്‍തോതില്‍ മുന്നോട്ട് വരണം.കാര്‍ഷിക മാലിന്യങ്ങള്‍ ഉപയോഗിച്ച് എങ്ങനെ മികച്ച പാക്കേജിംഗ് നടത്താമെന്നതും അവര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ അവര്‍ കര്‍ഷകരെ സഹായിക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം.

ഭക്ഷ്യ സംസ്‌കരണത്തിലും എഥനോളിലും ഇന്ത്യക്ക് വലിയ നിക്ഷേപ സാദ്ധ്യതകളുണ്ട്. 20% എഥനോള്‍ മിശ്രണമാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതിനാല്‍ അതിന് ഉറപ്പായ വിപണിയുണ്ട്. 2014-ന് മുമ്പ് 1-2 ശതമാനം എഥനോള്‍ മിശ്രണമാണ് നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8 ശതമാനത്തോളമായി. എഥനോള്‍ മിശ്രണം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് നിരവധി പ്രോത്സാഹന ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യവസായ സ്ഥാപനങ്ങള്‍ ഈ രംഗത്ത് മുന്നോട്ട് വരണം.
പ്രകൃതിദത്ത പഴച്ചാറുകൾ  മറ്റൊരു പ്രശ്‌നമാണ്, അവയുടെ പാക്കേജിംഗിന് വലിയ പ്രാധാന്യമുണ്ട്. ഉല്‍പ്പന്നം ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പാക്കേജിംഗില്‍ അദ്ധ്വാനിക്കേണ്ടത് ആനിവാര്യമാണ്. എന്തെന്നാല്‍ നമുക്ക് പലതരം പഴങ്ങളും പ്രകൃതിദത്ത രസങ്ങളും ഉണ്ട്. മറ്റ് രാജ്യങ്ങളെ പകര്‍ത്തുന്നതിന് പകരം, നമ്മള്‍ പ്രാദേശിക പ്രകൃതിദത്ത പഴച്ചാറുകളെ പ്രോത്സാഹിപ്പിക്കുകയും ജനപ്രിയമാക്കുകയുമാണ് ചെയ്യേണ്ടത്.

സുഹൃത്തുക്കളെ,

സഹകരണ മേഖലയാണ് മറ്റൊരു പ്രശ്‌നം. ഇന്ത്യയുടെ സഹകരണ മേഖല വളരെ പഴക്കമുള്ളതും ഊര്‍ജ്ജസ്വലവുമാണ്. പഞ്ചസാര മില്ലുകള്‍, വളം ഫാക്ടറികള്‍, ഡയറികള്‍ (പാലുല്‍പ്പാദനം), വായ്പാ ക്രമീകരണങ്ങള്‍, ഭക്ഷ്യധാന്യങ്ങളുടെ വാങ്ങല്‍ തുടങ്ങിയ ഏതുമേഖലയുമായിക്കോട്ടെ സഹകരണ മേഖലയുടെ പങ്കാളിത്തം വളരെ വലുതാണ്. നമ്മുടെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഒരു പുതിയ മന്ത്രാലയവും രൂപീകരിച്ചിട്ടുണ്ട്, കര്‍ഷകരെ കഴിയുന്നത്ര സഹായിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. ഊര്‍ജ്ജസ്വലമായ ഒരു ബിസിനസ്സ് സ്ഥാപനം സൃഷ്ടിക്കാന്‍ നമ്മുടെ സഹകരണ മേഖലയ്ക്ക് ധാരാളം സാദ്ധ്യതകളുണ്ട്. സഹകരണ സ്ഥാപനങ്ങളെ വിജയകരമായ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റാന്‍ നിങ്ങള്‍ ലക്ഷ്യമിടണം.

സുഹൃത്തുക്കളെ,

അഗ്രിസ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്കും (കാര്‍ഷിക ഉല്‍പ്പാദന സംഘടനകള്‍, എഫ്.പി.ഒകള്‍) പരമാവധി സാമ്പത്തിക സഹായം നല്‍കാന്‍ ഞാന്‍ നമ്മുടെ മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൃഷിച്ചെലവ് കുറയ്ക്കുന്നതില്‍ നിങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ഉദാഹരണത്തിന്, നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് കൃഷിക്ക് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ചെറുകിട കര്‍ഷകര്‍ ഇത്തരം ഉപകരണങ്ങള്‍ എവിടെ നിന്ന് വാങ്ങും? അവര്‍ക്ക് കര്‍ഷകത്തൊഴിലാളികളെയും കിട്ടുന്നില്ല. ഇക്കാര്യത്തില്‍ ഒരു പുതിയ രീതിയിലുള്ള പൂളിംഗ് (പൊതുഫണ്ടില്‍ നിക്ഷേപിക്കല്‍) നമുക്ക് ആലോചിക്കാമോ?

കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ സഹായിക്കുന്ന അത്തരം സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന അത്തരം സംവിധാനങ്ങള്‍ക്കായി നമ്മുടെ കോര്‍പ്പറേറ്റ് ലോകം മുന്നോട്ട് വരണം. കര്‍ഷകരെ അന്നദാതാക്കളോടൊപ്പം ഊര്‍ജദാതാക്കളുമാക്കുന്നതിനുള്ള വലിയ സംഘടിതപ്രവര്‍ത്ത നമാണ് നമ്മുടെ ഗവണ്‍മെന്റ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ വിതരണം ചെയ്യുന്നുണ്ട്. നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ പാടങ്ങളില്‍ നിന്ന് പരമാവധി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നമ്മള്‍ ശക്തമാക്കേണ്ടതുണ്ട്.

അതുപോലെ, പാടത്തിന്റെ അതിര്‍ത്തിയിലുള്ള ‘മേധ് പര്‍ പേഡ്’ എന്ന മരങ്ങളെ സംബന്ധിച്ചാണ്. ഇന്ന് നമ്മള്‍ തടി ഇറക്കുമതി ചെയ്യുന്നു. തടി ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്താന്‍ നമ്മുടെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍, 10-20 വര്‍ഷത്തിനുശേഷം അത് അവര്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗമായി മാറും. അതിന് ആവശ്യമായ നിയമപരമായ മാറ്റങ്ങള്‍ ഗവണ്‍മെന്റും വരുത്തും.

സുഹൃത്തുക്കളെ,

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കൃഷിച്ചെലവ് കുറയ്ക്കുക, വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍. നമ്മുടെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ശക്തി പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് നമ്മള്‍ അടുത്ത തലമുറയിലെ കൃഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരമ്പരാഗത രീതികളില്‍ നിന്ന് പുറത്തുവരാനും ആഗ്രഹിക്കുകയാണ്. ബജറ്റിലെ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ നമുക്ക് എങ്ങനെ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് സെമിനാര്‍ ചര്‍ച്ചചെയ്യണം.

പുതിയ ബജറ്റ് നടപ്പാക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങണം. നമുക്ക് മാര്‍ച്ച് മാസം മുഴുവന്‍ ഉണ്ട്. ബജറ്റ് പാര്‍ലമെന്റിന് മുമ്പില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. സമയം പാഴാക്കാതെ, ജൂണ്‍-ജൂലൈ മാസങ്ങളില്‍ കര്‍ഷകര്‍ക്ക് കൃഷിയുടെ പുതുവര്‍ഷം ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ മാര്‍ച്ചില്‍ തന്നെ എല്ലാ തയ്യാറെടുപ്പുകളും നടത്തണം. നമ്മുടെ കോര്‍പ്പറേറ്റ്, സാമ്പത്തിക ലോകങ്ങളും സ്റ്റാര്‍ട്ടപ്പുകളും സാങ്കേതിക ലോകത്ത് നിന്നുള്ളവരും മുന്നോട്ട് വരണം. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്, അതുകൊണ്ട്, നമ്മള്‍ ഒന്നും ഇറക്കുമതി ചെയ്യരുത്, രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് എല്ലാം വികസിപ്പിക്കണം.

നമ്മുടെ കര്‍ഷകരെയും കാര്‍ഷിക സര്‍വ്വകലാശാലകളെയും നമ്മുടെ കാര്‍ഷിക വിദ്യാര്‍ത്ഥികളെയും ഒരു വേദിയില്‍ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, വെറും അക്കങ്ങളുടെ കളിയല്ലാതെ കൃഷിയിലും ഗ്രാമജീവിതത്തിലും മാറ്റം വരുത്താനുള്ള ഒരു വലിയ ഉപകരണമായി ബജറ്റിന് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മാറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, ഈ സെമിനാറും വെബിനാറും പ്രവര്‍ത്തനക്ഷമമായ പോയിന്റുകള്‍ക്കൊപ്പം വളരെ ഉല്‍പ്പാദനക്ഷമമാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ മാത്രമേ നമുക്ക് ഫലം കൊണ്ടുവരാന്‍ കഴിയൂ. എല്ലാ വകുപ്പുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും മാത്രമല്ല, കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ ഒരു വഴി കണ്ടെത്താനും നമുക്ക് ഒരുമിച്ച് വേഗത്തില്‍ മുന്നോട്ട് പോകാനാകുമെന്നും എനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍ കൂടി ഞാന്‍ എല്ലാവര്‍ക്കും വളരെയധികം നന്ദി രേഖപ്പെടുത്തുന്നു, നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

— ND —