കാര്ഡുകള്, ഡിജിറ്റല് മാര്ഗങ്ങള് എന്നിവ വഴിയുള്ള പണമിടപാടുകള്ക്ക് പ്രോത്സാഹനം നല്കാന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്ച്ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. നേരിട്ട് പണമായി കൈമാറുന്നത് കുറയ്ക്കുക, നികുതി വെട്ടിപ്പ് തടയുക, ഗവണ്മെന്റ് പണമടവുകള് ഡിജിറ്റല് രൂപത്തിലേക്ക് മാറ്റുക എന്നിവ ലക്ഷ്യമിട്ടാണിത്.
വിവിധമന്ത്രാലയങ്ങള്, വകുപ്പുകള്, സ്ഥാപനങ്ങള് എന്നിവ ഒരുവര്ഷത്തിനുള്ളില് നടപ്പാക്കേണ്ട ഇടക്കാല നടപടികളും രണ്ടു വര്ഷത്തിനുള്ളില് നടപ്പാക്കേണ്ട ദീര്ഘകാല പദ്ധതികളും അംഗീകരിച്ചു. നിലവില് കാര്ഡ്/ഡിജിറ്റല് മാര്ഗങ്ങള് വഴി ബില്ലുകള് അടക്കുമ്പോള് വിവിധ ഗവണ്മെന്റ് വകുപ്പുകളും സ്ഥാപനങ്ങളും ഈടാക്കുന്ന സര്ചാര്ജ്ജ്/സര്വീസ് ചാര്ജ്ജ്/കണ്വീനിയന്സ് ഫീ എന്നിവ ഗവണ്മെന്റ് പിന്വലിക്കും. നിശ്ചിത പരിധിയില് കൂടുതലുള്ള പണമടവുകള് കാര്ഡ്/ഡിജിറ്റല് രൂപത്തിലാക്കണമെന്ന് നിഷ്കര്ഷിക്കുകയും കാര്ഡുകള് വഴിയുള്ള ഇടപാടുകളിലെ മെര്ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏകീകരിക്കുകയും ചെയ്യും.