Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാണ്ട്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കാണ്ട്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കാണ്ട്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഗുജറാത്തിലെ ഗാന്ധിധാമില്‍ കാണ്ട്‌ല പോര്‍ട്ട് ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ഡോ. ബാബാസാഹേബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിനും 14, 16 ജനറല്‍ കാര്‍ഗോ ബെര്‍ത്തുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു.

കച്ച് സാള്‍ട്ട് ജംക്ഷനില്‍ ഇന്റര്‍ചേഞ്ച്-കം-ആര്‍.ഒ.ബി. നിര്‍മിക്കുന്നതിനും രണ്ടു മൊബൈല്‍ തുറമുഖ ക്രെയിനുകള്‍ സ്ഥാപിക്കുന്നതിനും കാണ്ട്‌ല തുറമുഖത്തില്‍ വളം കൈകാര്യം ചെയ്യുന്നതു യന്ത്രവല്‍ക്കരിക്കാനുമുള്ള കരാര്‍രേഖകള്‍ അദ്ദേഹം കൈമാറി.

ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, സാഗരമാല പദ്ധതിയും തുറമുഖ കേന്ദ്രീകൃത വികസനവും ഗുജറാത്ത് സംസ്ഥാനത്തിനു ഗുണകരമാകുമെന്നും ഇതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സമ്പന്നമായ നാവിക പാരമ്പര്യത്തെക്കുറിച്ചു സൂചിപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ രൂപാനി, അതിന്റെ പിന്‍തുടര്‍ച്ച ഇപ്പോഴുമുണ്ടെന്നു ചൂണ്ടിക്കാട്ടി.
ഹെലിപ്പാഡ് മുതല്‍ ഉദ്ഘാടനച്ചടങ്ങു നടക്കുന്ന വേദി വരെ നല്‍കിയ ഊഷ്മള സ്വാഗതത്തിനു പ്രധാനമന്ത്രി ജനങ്ങളോടു നന്ദി പറഞ്ഞു.

കച്ച് നിവാസികള്‍ക്കു ജലത്തിന്റെ മൂല്യത്തെക്കുറിച്ചു ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കച്ച് മേഖലയുടെ സമ്പന്നവും തിളക്കമാര്‍ന്നതുമായ ചരിത്രത്തെയും സംസ്‌കാരത്തെയുംകുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ആഗോള വ്യാപാരത്തില്‍ സ്ഥാനം നേടിയെടുക്കണമെങ്കില്‍ ഇന്ത്യ തുറമുഖ മേഖലയില്‍ ഏറ്റവും നൂതനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അടിസ്ഥാന സൗകര്യവും പ്രവര്‍ത്തനക്ഷമതയും ചേര്‍ന്നുപോകുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ തുറമുഖ മേഖലയ്ക്കു നിലനില്‍പുള്ളൂ എന്നും കണ്ട്‌ല തുറമുഖം ഏഷ്യയിലെ തന്നെ ഏറ്റവും നല്ല തുറമുഖങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പങ്കാളിത്തത്തോടെ ഇറാനില്‍ വികസിപ്പിച്ചുവരുന്ന ഛബഹര്‍ തുറമുഖം കണ്ട്‌ല തുറമുഖത്തിന്റെ വളര്‍ച്ചയ്ക്കു സഹായകമാകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു തറക്കല്ലിടപ്പെട്ട ഡോ. ബാബാസാഹേബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

രാഷ്ട്രം 75ാം വാര്‍ഷികത്തിലേക്കു കടക്കുകയാണെന്നും അടുത്ത അഞ്ചു വര്‍ഷം തങ്ങള്‍ക്കു സാധിക്കുന്നതെല്ലാം രാഷ്ട്രത്തിന്റെ നന്മയ്ക്കായി ചെയ്യാന്‍ ജനങ്ങള്‍ ദൃഢനിശ്ചയം കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

രാജ്യം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, കാണ്ട്‌ല തുറമുഖത്തിന്റെ പേര് ‘ദീനദയാല്‍ പോര്‍ട്ട് ട്രസ്റ്റ്, കാണ്ട്‌ല’ എന്നാക്കണമെന്ന് അഭിപ്രായപ്പെട്ടു.