തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ചെങ്കല്‍പേട്ടില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മെഡിപാര്‍ക്ക് സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ ഹെച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന് 330.10 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക ഉദ്ദേശ്യ സംവിധാനം (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) വഴി സ്ഥാപിക്കുന്ന പദ്ധതിയില്‍ എച്ച്.എല്‍.എല്ലിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തിലധികമായിരിക്കും.
രാജ്യത്ത് മെഡിക്കല്‍ സാങ്കേതികവിദ്യാ രംഗത്തെ ആദ്യ നിര്‍മ്മാണ ക്ലസ്റ്ററായിരിക്കും മെഡിപാര്‍ക്ക് പദ്ധതി. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം പ്രത്യേകിച്ച്, രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ ഒരുക്കന്നതിനായി ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ തദ്ദേശിയമായി കുറഞ്ഞ നിരക്കില്‍ നിര്‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി. രാജ്യത്ത് ഇപ്പോഴും പ്രാരംഭദശയിലുള്ള മെഡിക്കല്‍ ഉപകരണ സാങ്കേതിക വിദ്യാ മേഖലയുടെ വികസനത്തിനും ഗവണ്‍മെന്റിന്റെ ”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” പ്രചാരണത്തിന് ആക്കം നല്‍കുന്നതിനും നിര്‍ദ്ദിഷ്ട മെഡിപാര്‍ക്ക് പദ്ധതി സഹായകമാകും.
ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകത്തക്ക തരത്തില്‍ ഘട്ടംഘട്ടമായിട്ടായിരിക്കും മെഡിപാര്‍ക്കിന്റെ വികസനം. ആദ്യ ഘട്ടത്തില്‍ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മൂന്നാം വര്‍ഷം മുതല്‍ പ്‌ളോട്ടുകള്‍ പാട്ടത്തിന് നല്‍കി തുടങ്ങും. രണ്ടാം ഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നോളജ് മാനേജ്‌മെന്റ് സെന്റര്‍ വികസിപ്പിക്കും. മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്ക് സുതാര്യമായ ലേല പ്രക്രിയയിലൂടെ എച്ച്.എല്‍.എല്‍. സ്ഥലം പാട്ടത്തിന് നല്‍കും. ആദ്യ ഘട്ടത്തില്‍ സബ്‌സിഡി നിരക്ക് ഏര്‍പ്പെടുത്തികൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ വരുന്ന മുറയ്ക്ക് നിരക്ക് കൂട്ടും. രാജ്യത്ത് ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതില്‍ മെഡിപാര്‍ക്ക് സുപ്രധാനമായ പങ്ക് വഹിക്കും.