പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 12 ന് കര്‍ണാടക സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ഏകദേശം 16,000 കോടി രൂപ ചെലവുവരുന്ന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. പ്രധാന റോഡ് പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും മാണ്ഡ്യയില്‍ ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും. അതിനുശേഷം, ഉച്ചകഴിഞ്ഞ് ഏകദേശം 3:15 ന് ഹബ്ബള്ളി-ധാര്‍വാഡില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
പ്രധാനമന്ത്രി മാണ്ഡ്യയില്‍
രാജ്യത്തുടനീളം ലോകോത്തരമായ ബന്ധിപ്പിക്കല്‍ ഉറപ്പാക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ തെളിവാണ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികസനം. ഈ ഉദ്യമത്തിന്റെ മുന്നോട്ടുപോകലാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്ന ബെംഗളൂരു-മൈസൂരു അതിവേഗ പാത. എന്‍.എച്ച്-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഇത് ഏകദേശം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയ്ക്കും. ഈ മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തോലകമായും ഇത് പ്രവര്‍ത്തിക്കും.
മൈസൂരു-ഖുഷാല്‍നഗര്‍ 4 വരി പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 92 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4130 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. കുശാല്‍നഗറിന്റെ ബെംഗളൂരുവുമായുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുകയും, ഏകദേശം 5 ല്‍ 2.5 മണിക്കുര്‍ എന്ന നിലയില്‍ യാത്രാ സമയം പകുതിയായി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഹബ്ബള്ളി-ധാര്‍വാഡില്‍
ഐ.ഐ.ടി ധാര്‍വാഡ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 2019 ഫെബ്രുവരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടലും പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 850 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ 4 വര്‍ഷത്തെ ബി.ടെക്, 5 വര്‍ഷത്തെ ബി.എസ്-എം.എസ് ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം, എം.ടെക്. പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ശ്രീ സിദ്ധാരൂഢ സ്വാമിജി ഹബ്ബള്ളി സ്‌റ്റേഷനില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഈ റെക്കോര്‍ഡ് അംഗീകരിച്ചു. 1507 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോം ഏകദേശം 20 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മേഖലയിലെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഹൊസപേട്ട – ഹബ്ബള്ളി-തിനൈഘട്ട് ഭാഗവും നവീകരിച്ച ഹൊസപേട്ട സ്‌റ്റേഷനും പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 530 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച വൈദ്യുതീകരണ പദ്ധതി വൈദ്യുത ട്രാക്ഷനില്‍ തടസ്സമില്ലാത്ത ട്രെയിന്‍ ഓപ്പറേഷന്‍ സ്ഥാപിക്കും. പുനര്‍വികസിപ്പിച്ച ഹൊസപേട്ട സ്‌റ്റേഷന്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ആധുനികവുമായ സൗകര്യങ്ങള്‍ ഒരുക്കും. ഹംപി സ്മാരകങ്ങള്‍ പോലെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഹബ്ബള്ളി-ധാര്‍വാഡ് സ്മാര്‍ട്ട് സിറ്റിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 520 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. ഈ പരിശ്രമങ്ങളിലൂടെ ശുചിത്വം, സുരക്ഷിതത്വവും പ്രവര്‍ത്തനക്ഷമവുമായ പൊതു ഇടങ്ങള്‍ എന്നിവ സൃഷ്ടിച്ച് ജീവിത നിലവാരം ഉയര്‍ത്തുകയും നഗരത്തെ ഒരു ഭാവി നഗര കേന്ദ്രമാക്കി മാറ്റുകയും ചെയ്യും.
ജയദേവ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ തറക്കല്ലിടല്ലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 250 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ആശുപത്രി ഈ മേഖലയിലെ ജനങ്ങള്‍ക്ക് തൃതീയ ഹൃദയ പരിരക്ഷ ലഭ്യമാക്കും. ഈ മേഖലയിലെ ജലവിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി, 1040 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ധാര്‍വാഡ് ബഹു ഗ്രാമ കുടിവെള്ള വിതരണ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 150 കോടി രൂപ ചെലവില്‍ വികിസിപ്പിക്കുന്ന തുപ്പരിഹള്ള വെള്ളപ്പൊക്ക നാശനഷ്ട നിയന്ത്രണ പദ്ധതിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനും സംരക്ഷണ ഭിത്തികളും ചിറകളും നിര്‍മ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
-ND-