കപ്പാസിറ്റി ബില്‍ഡിങ്, ബെഞ്ച്മാര്‍ക്കിങ്, ഇന്‍ഫ്രസ്ട്രക്ചര്‍ എന്‍ജിനീയറിങ്ങിലെ ഉഭയകക്ഷി കൈമാറ്റം എന്നീ മേഖലകളില്‍ ഇന്ത്യയും ഭൂട്ടാനുമായി ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്കി.
ഇന്ത്യയും ഭൂട്ടാനുമായി ഏറെക്കാലത്തെ നയതന്ത്രപരവും സാമ്പത്തികവും സാസ്കാരികവുമായ ബന്ധമുണ്ട്. 2007 ഫെബ്രുവരിയില്‍ ഒപ്പുവെച്ച ഇന്ത്യ-ഭൂട്ടാന് സൗഹൃദക്കരാര്‍ പരസ്പരബന്ധത്തെ ഊഷ്മളമാക്കുന്നു. 2014 ജൂണില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനം പരസ്പരബന്ധം കൂടുതല്‍ സുദൃഢമാക്കിത്തീര്ത്തു. ഇരുഭാഗത്തെയും ദേശതാല്പര്യത്തിനു യോജിച്ചവിധത്തില്‍ സഹകരണവും ഏകോപനവും ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ധാരണയിലെത്തിയിരുന്നു.
ഇന്ത്യ-ഭൂട്ടാന് സൗഹൃദക്കരാറിന്റെ 2, 7, 8 വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പിടുന്നത്. വിദ്യാഭ്യാസ, ശാസ്ത്രീയ, സാങ്കേതിക ഗവേഷണത്തിനും പരിസ്ഥിതിസംരക്ഷണത്തിനും ധാരണാപത്രം സഹായകമാകും. 2003 ഓഗസ്റ്റില്‍ രൂപീകരിച്ച ഇന്ത്യ-ഭൂട്ടാന് ഫൗണ്ടേഷന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്കൂടിയാണിത്.
ഇരു രാജ്യങ്ങളും തമ്മില്‍ ജലവൈദ്യുതിയുടെ കാര്യത്തില്‍ മികച്ച രീതിയിലുള്ള സഹകരണമുണ്ട്.
ധാരണാപത്രത്തിലൂടെ ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മലയോര റോഡ് നിര്‍മിക്കുന്നതില്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റി(സി.പി.ഡബ്ല്യു.ഡി.)നു നേട്ടമുണ്ടാകും. സി.പി.ഡബ്ല്യു.ഡിക്കു ഭൂട്ടാനില്‍ ഏതാനും റോഡ് നിര്‍മാണ കരാര്‍ ലഭിക്കാനും സാധ്യതയുണ്ട്.