Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡല്‍ഹി; 2024 ജൂലൈ 11

പ്രവാസി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. പരിപാടിക്കെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെയും വാത്സല്യത്തോടെയും സ്വീകരിച്ചു. ഓസ്ട്രിയന്‍ തൊഴില്‍, സാമ്പത്തിക ഫെഡറല്‍ മന്ത്രി ആദരണീയനായ മാര്‍ട്ടിന്‍ കോച്ചറും സമൂഹസംഗമത്തില്‍ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ പ്രവാസികളുടെ പങ്കാളിത്തം ചടങ്ങിലുണ്ടായിരുന്നു.
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള ചിന്തകള്‍ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിൽ തന്റെ രാജ്യ സന്ദര്‍ശനം അതിനെ സവിശേഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളും ബഹുസ്വര ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ ജനങ്ങള്‍ അതിന്റെ തുടർച്ചയ്ക്കായി വോട്ട് ചെയ്തതും, ചരിത്രപരമായ മൂന്നാം ടേമിനുള്ള ജനവിധി തനിക്ക് നല്‍കിയതും ചൂണ്ടിക്കാട്ടികൊണ്ട് സമീപകാലത്തുനടന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ വ്യാപ്തിയും വിജയവും എടുത്തുപറയുകയും, ചെയ്തു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിച്ച അത്ഭുതകരമായ പുരോഗതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി 2047-ഓടെ വികസിത രാജ്യം- വികസിത് ഭാരതിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യ വൈകാതെ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഹരിത വളര്‍ച്ചയിലും നൂതനാശയത്തിലുമുള്ള ഓസ്ട്രിയന്‍ വൈദഗ്ധ്യത്തില്‍ എങ്ങനെ ഇന്ത്യയ്ക്ക് പങ്കാളികളാകാം, അതിന്റെ മികച്ച വളര്‍ച്ചാ പാതയും ആഗോളതലത്തില്‍ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ ”ഒരു വിശ്വബന്ധു” ആണെന്നതും ആഗോള പുരോഗതിക്കും ക്ഷേമത്തിനും സംഭാവന നല്‍കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ പുതിയ മാതൃരാജ്യത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനൊപ്പം, മാതൃരാജ്യവുമായുള്ള സാംസ്‌കാരികവും വൈകാരികവുമായ ബന്ധം പരിപോഷിപ്പിക്കുന്നത് തുടരാനും അദ്ദേഹം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ തത്ത്വചിന്തയിലും ഭാഷാചിന്തയിലും ഓസ്ട്രിയയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആഴത്തിലുള്ള ബൗദ്ധിക താല്‍പ്പര്യവും അദ്ദേഹം പരാമര്‍ശിച്ചു.

ഏകദേശം 31,000 ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന രാജ്യമാണ് ഓസ്ട്രിയ. പ്രധാനമായും ആരോഗ്യ സംരക്ഷണത്തിലും മറ്റ് മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളും യു.എന്‍ ബഹുരാഷ്ര്ട സംഘടനകളിലും മറ്റും പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പ്രവാസികള്‍. ഏകദേശം 500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഓസ്ട്രിയയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്.

–NK–