Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ഡി.ബി.ഐ. ബാങ്കില്‍ നിയന്ത്രണാധികാരം ലഭിക്കുംവിധം ഓഹരികള്‍ എല്‍.ഐ.സി. ഏറ്റെടുക്കും


 

ഐ.ഡി.ബി.ഐ. ബാങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഓഹരിവിഹിതം 50 ശതമാനത്തില്‍ താഴെയാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രിഫറന്‍ഷ്യല്‍ അലോട്‌മെന്റ് വഴിയോ ഓഹരിയുടെ ഓപ്പണ്‍ ഓഫര്‍ വഴിയോ നിയന്ത്രണാധികാരം നേടാന്‍ സാധിക്കുംവിധം ഓഹരി കൈക്കലാക്കി ബാങ്കിന്റെ പ്രമോട്ടറായി മാറുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി.)ക്ക് അനുമതി നല്‍കുകയും ബാങ്കില്‍ ഗവണ്‍മെന്റിനുള്ള നിയന്ത്രണാധികാരം ഒഴിവാക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തു. 
ഫലം:
1. ഏറ്റെടുക്കല്‍ ഉപഭോക്താക്കള്‍ക്കും എല്‍.ഐസിക്കും ബാങ്കിനും വളരെയധികം ഗുണകരമായിത്തീരും. 
2. ഇരു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക നേട്ടം മുതല്‍ പ്രവര്‍ത്തനച്ചെലവും ഉപഭോക്താക്കളെ കണ്ടെത്തുന്നതിനുമുള്ള ചെലവും കുറയല്‍, പ്രവര്‍ത്തനക്ഷമതയും വഴക്കവും വര്‍ധിക്കല്‍, ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍പന നടത്താനുള്ള കൂടിയ അവസരം ലഭിക്കല്‍ എന്നിവ ഉള്‍പ്പെടെ ഗുണങ്ങള്‍ ഏറെയാണ്. 
3. എല്‍.ഐ.സിയെയും ബാങ്കിനെയും ഒപ്പം അവയുടെ, ഹൗസിങ് ഫിനാന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ കൈകാര്യംചെയ്യുന്ന അനുബന്ധസ്ഥാപനങ്ങളെയും സാമ്പത്തികമായ കരുത്താര്‍ജിക്കാന്‍ സഹായിക്കും. 
4. അതിലുപരി, ബാങ്കിങ് സേവനം വീട്ടുപടിക്കലെത്തിക്കാന്‍ ബാങ്കിന് 11 ലക്ഷം എല്‍.ഐ.സി. ഏജന്റുമാരെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇതുവഴി ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മെച്ചപ്പെടുത്താനും സാധിക്കും. 
5. ചെലവു കുറഞ്ഞ നിക്ഷേപങ്ങളും പേമെന്റ് സേവനങ്ങളില്‍നിന്നുള്ള ഫീ വരുമാനവും ഏറ്റെടുക്കുകവഴി ചെലവു കുറഞ്ഞ ഫണ്ട് നേടിയെടുക്കുന്നതിനു ബാങ്കിനു സഹായകമാകും. 
6. ബാങ്കിന്റെ 1,916 ബ്രാഞ്ചുകളുള്ള ശൃംഖലയിലൂടെ എല്‍.ഐ.സിക്ക് ബാങ്കഷ്വറന്‍സ് (അതായത്, ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ ബാങ്ക് വഴി വില്‍ക്കല്‍) സൗകര്യം ലഭിക്കുകയും ബാങ്കിന്റെ പണം കൈകാര്യം ചെയ്യുന്ന സേവനങ്ങളിലേക്കു പ്രവേശനം ലഭിക്കുകയും ചെയ്യും. 
7. ഇതിലുപരി, സാമ്പത്തിക മേഖലയുടെ എല്ലാ വിഭാഗങ്ങളിലും സാന്നിധ്യമുറപ്പിക്കുക എന്ന എല്‍.ഐ.സിയുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സഹായകമാകും. 
എല്ലാ സേവനങ്ങളും ഒരേ മേല്‍ക്കൂരയ്ക്കു കീഴില്‍ ലഭിക്കുമെന്നത് ഉപഭോക്താക്കള്‍ക്കു ഗുണകരമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന നേട്ടം എല്‍.ഐ.സിക്കും ഉണ്ട്. 
പശ്ചാത്തലം:
ഐ.ഡി.ബി.ഐ. ബാങ്കിന്റെ പരിഷ്‌കരണം ആരംഭിച്ചുകഴിഞ്ഞുവെന്നും ആ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും ആവശ്യമെങ്കില്‍ ഗവണ്‍മെന്റിന്റെ വിഹിതം 50 ശതമാനത്തില്‍നിന്നു കുറച്ചുകൊണ്ടുവരുമെന്നും 2016ല്‍ ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ.)യുടെ അനുമതി എല്‍.ഐസി. തേടിയിരുന്നു. ഐ.ആര്‍.ഡി.എ.ഐയുടെ അനുമതി ലഭിച്ചതോടെ ഐ.ഡി.ബി.ഐ. ബാങ്കിന്റെ നിയന്ത്രണധികാരം ലഭിക്കുംവിധം 51 ശതമാനം ഓഹരികള്‍ വാങ്ങാന്‍ എല്‍.ഐ.സി. താല്‍പര്യം പ്രകടിപ്പിച്ചു. ഇതു ബാങ്കിന്റെ ബോര്‍ഡ് പരിഗണിക്കുകയും ഇത്രത്തോളം ഓഹരികള്‍ എല്‍.ഐ.സി. ഏറ്റെടുക്കുന്ന പക്ഷം ഗവണ്‍മെന്റിന്റെ ഓഹരിവിഹിതം 51 ശതമാനത്തിനു താഴെയാകുമെന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ അനുമതി തേടുകയും ചെയ്തിരുന്നു.