പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഐടി ഹാർഡ്വെയർ ഉത്പന്നങ്ങൾക്കുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് -പിഎൽഐ) അംഗീകാരം നൽകി. ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകൾ (പിസികൾ), സെർവറുകൾ എന്നീ ഉത്പന്നങ്ങളാണ് നിർദ്ദിഷ്ട പദ്ധതിക്ക് കീഴിൽ വരുന്ന ഐടി ഹാർഡ്വെയർ വിഭാഗങ്ങൾ.
ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഐടി ഹാർഡ്വെയർ ഉത്പന്നങ്ങളുടെ മൂല്യ ശൃംഖലയിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിനും ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ടെലികോം, നെറ്റ്വർക്കിംഗ് ഉത്പന്നങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ തുടർച്ചയായാണ് ഈ തീരുമാനവും.
മഹാമാരിയുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണുകൾക്കും നിർദ്ദിഷ്ട ഇലക്ട്രോണിക് ഘടകവസ്തുക്കൾക്കുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്ക് ആഗോള-ആഭ്യന്തര മൊബൈൽ നിർമ്മാണ കമ്പനികളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 16 കമ്പനികൾക്ക് അംഗീകാരം നൽകി.
ഐടി ഹാർഡ്വെയർ ഉത്പന്നങ്ങൾക്കുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിക്കായി വരുന്ന 4 വർഷം ഏകദേശം 7,350 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുകയും നിർദ്ദിഷ്ട ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യുന്ന യോഗ്യതയുള്ള കമ്പനികൾക്ക് വിൽപ്പനയുടെ അറ്റ വർദ്ധനയുടെ 4% മുതൽ 1% വരെ നാല് വർഷത്തേക്ക് (അടിസ്ഥാന വർഷമായ 2019-20 മുതൽ) പ്രോത്സാഹനം ലഭിക്കും.