ഐടി ഹാർഡ്‌വെയറിനായുള്ള 17,000 കോടി രൂപയുടെ ഉൽപ്പാദനബന്ധിത ആനുകൂല്യപദ്ധതി 2.0 ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണു പദ്ധതിക്ക് ഇന്ന് അംഗീകാരം നൽകിയത്.
സാഹചര്യം:
· കഴിഞ്ഞ 8 വർഷത്തിനിടയിൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 17% സംയുക്ത വാർഷിക വളർച്ചാനിരക്ക് (സിഎജിആർ) എന്ന നിലയിൽ സ്ഥിരമായ വളർച്ച കൈവരിച്ചു. ഈ വർഷം അത് ഉൽപ്പാദനത്തിൽ 105 ബില്യൺ യുഎസ് ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) എന്ന പ്രധാന മാനദണ്ഡം മറികടന്നു.
· ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ നിർമിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. മൊബൈൽ ഫോണുകളുടെ കയറ്റുമതി ഈ വർഷം 11 ബില്യൺ യുഎസ് ഡോളർ (ഏകദേശം 90,000 കോടി രൂപ) എന്ന പ്രധാന നാഴികക്കല്ലു പിന്നിട്ടു.
· ആഗോള ഇലക്ട്രോണിക്സ് നിർമാണ ആവാസവ്യവസ്ഥ ഇന്ത്യയിലേക്കു വരികയാണ്. ഇന്ത്യ പ്രധാന ഇലക്ട്രോണിക്സ് നിർമാണ രാജ്യമായി ഉയർന്നുവരുന്നു.
· മൊബൈൽ ഫോണുകൾക്കായുള്ള ഉൽപ്പാദനബന്ധിത ആനുകൂല്യപദ്ധതിയുടെ (പിഎൽഐ) വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ പദ്ധതി 2.0 ന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി.
പ്രധാന സവിശേഷതകൾ:
· ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ പദ്ധതി 2.0 ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
· 17,000 കോടി രൂപയാണു പദ്ധതിയുടെ ബജറ്റ് വിഹിതം.
· ഈ പദ്ധതിയുടെ കാലാവധി 6 വർഷം.
· 3.35 ലക്ഷം കോടി രൂപയുടെ അധിക ഉൽപ്പാദനം പ്രതീക്ഷിക്കുന്നു.
· പ്രതീക്ഷിക്കുന്ന അധിക നിക്ഷേപം 2430 കോടി രൂപ.
· നേരിട്ടുള്ള 75,000 തൊഴിലവസരങ്ങളുടെ വർധന പ്രതീക്ഷിക്കുന്നു.
പ്രാധാന്യം:
· എല്ലാ ആഗോള ഭീമന്മാരുടെയും വിശ്വസനീയമായ വിതരണശൃംഖലാപങ്കാളിയായി ഇന്ത്യ വളരുകയാണ്. വൻകിട ഐടി ഹാർഡ്‌വെയർ കമ്പനികൾ ഇന്ത്യയിൽ ഉൽപ്പാദനസൗകര്യങ്ങൾ സ്ഥാപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനകത്തു മികച്ച ആവശ്യകതയുള്ള കരുത്തുറ്റ ഐടി സേവനവ്യവസായം ഇതിനു കൂടുതൽ പിന്തുണയേകുന്നു.
പല പ്രമുഖ കമ്പനികളും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിൽനിന്ന് ഇന്ത്യക്കുള്ളിലെ ആഭ്യന്തരവിപണികളിൽ വിതരണം ചെയ്യാനും ഇന്ത്യയെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനും ആഗ്രഹിക്കുന്നു.
-ND-